ഫോൺ വെച്ച ശേഷവും ഇക്ക പറഞ്ഞ വാക്കുകള്‍ മനസ്സിൽ തന്നെ കിടന്ന് ശബ്ദിച്ചു.. 2 ദിവസം പിന്നെ കോളേജിൽ പോയില്ലെന്കിലും ഇക്ക യുടെ വാക്കുകൾ മനസ്സിൽ അലയടിച്ചു..ശരിയാ,ഞാൻ എന്തിനാ അവരെ പേടിക്കുന്നത്, അവർ അല്ലെ തെറ്റ് ചെയതത്. എനിക്ക് പോണം ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഞാൻ അമ്മായിയെ വിളിച്ചു.
അമ്മായീ, എനിക്ക് കോളേജിൽ പോണം. അവർക്കെതിരെ കംപ്ലൈന്റും കൊടുക്കണം. നിങ്ങൾ വരോ എന്റെ കൂടെ?
പിന്നെ ഞാൻ അല്ലാതെ ആരാടീ നിന്റെ കൂടെ വരിക. നമുക്ക് നാളെ പോകാം. ഇന്ന് ഇനി സ്കൂളിൽ നിന്നിറങ്ങി വരുമ്പോള്‍ തന്നെ കുറെ സമയം ആകും ഇപ്പോൾ ആട്ടോ നീ മിടുക്കി ആയത്. ഇങ്ങനെ വേണം പെണ്‍കുട്ടികളായാൽ..
അങ്ങനെ പിറ്റേ ദിവസം പോകാൻ വേണ്ടി ബാഗ് ഒക്കെ ഒരുക്കുക ആയിരുന്നു ഞാൻ. അപ്പോൾ ആണ് ഉമ്മ താഴെ നിന്ന് വിളിക്കുന്നത് .
അൻഷീ. .മോളെ.. ഇതാ നിന്നെ കാണാന്‍ നിന്റെ കോളേജിലെ ഫ്രണ്ട്സ് വന്നിട്ടുണ്ട്.
അയ്യോ, ഇതാരാ ഇങ്ങോട്ട് വന്നത്, സ്റ്റെഫിയും അഞ്ചുവും ഒക്കെ കുറെ വിളിച്ചിരുന്നു. ഞാൻ ഫോൺ എടുത്തിട്ടില്ലായിരുന്നു. എന്നെ കിട്ടാത്തത് കൊണ്ട് ഇനി അഡ്രസ്സും തപ്പി എടുത്ത് ഇങ്ങോട്ട് പോന്നോ?ഇങ്ങനെ ഒക്കെ ഓര്‍ത്തു ഞാൻ ചെന്നു. അവിടെ വന്നിരിക്കുന്ന ആളുകളെ കണ്ടു ഞാൻ ഞെട്ടി. അന്ന് എന്നെ റാഗ് ചെയ്ത ചേച്ചിമാരിൽ 4-5 പേർ. അന്ന് കാര്യമായി ഉപദ്രവിച്ച നീതു, ഷബാന തുടങ്ങിയവർ ഒക്കെ ഉണ്ട്.. ഇവർ എന്തിനുള്ള പുറപ്പാടിലാണ് എന്തിനാ ഇങ്ങോട്ട് പോന്നത്, ഇനി എന്നെ ബ്ലാക്ക് മൈല്‍ ചെയ്യാൻ വല്ലോം ആകുമോ, ഉമ്മാക്ക് ഇത് വരെ സംഭവം പൂര്‍ണമായും അറിയില്ല ആ വീഡിയോ ഒക്കെ കണ്ടാൽ മതി, എന്റെ പാവം ഉമ്മ ആകെ തകർന്ന് പോവും, ഇത്തരം ചിന്തകൾ ഒക്കെ എന്റെ മനസ്സിലൂടെ കടന്ന് പോയി, 2 ദിവസം കൊണ്ട് ഞാൻ സംഭരിച്ച ധൈര്യം ഒക്കെ ചോര്‍ന്നുപോയ പോലെ…
‘നിങ്ങളൊക്കെ ഓളുടെ ക്ലാസ്സിൽ തന്നെ ആണോ?
അല്ലിത്താ. ഒരെ ഹോസ്റ്റലിലാ..
ആഹ്, അവളെ ആരോ വഴക്ക് പറഞ്ഞെന്നോ മറ്റോ പറഞ്ഞ് ഇനി കോളേജിൽ പോകൂല എന്ന് വാശി പിടിച്ചു നില്‍ക്കുകയാണ് ഓള്. നിങ്ങളൊന്ന് പറഞ്ഞ് മനസ്സിലാക്ക്. നിങ്ങൾ സംസാരിച്ച് ഇരിക്കീ ഞാൻ ചായ എടുക്കാട്ടോ.
അൻഷിദ എന്താ കോളേജിൽ വരാത്തത്?
ഉമ്മ പോയപ്പോള്‍ അവർ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല. ഇനി എന്താ ഇവരുടെ ഉദ്ദേശം എന്നായിരുന്നു എന്റെ മനസ്സിൽ.
ഞങ്ങൾ കാരണം ആണോ?
ഹ്മ്മ്.
ഞങ്ങൾ അതിനു സോറി പറയാനാ വന്നത്. താൻ അതൊക്കെ തമാശയായി എടുക്കും എന്നാ കരുതിയത്..
‘അതാണോ നിങ്ങളുടെ തമാശ ‘ എനിക്ക് നല്ല ദേഷ്യം വന്നു.
ഞാൻ അവിടെ നിന്ന് കരയുമ്പോള്‍ ഞാൻ തമാശ ആസ്വദിച്ചു ചിരിക്കുക ആണെന്ന് ആകും അല്ലെ നിങ്ങള്‍ക്ക് തോന്നിയത്
നീതു എന്റെ അടുത്ത് വന്ന് എന്റെ കൈ പിടിച്ചു..
സത്യം ആയും ഞങ്ങൾ കരുതിയത് താൻ ഭയങ്കര സ്മാർട്ട് ആണ് എന്നാണ്, പിന്നെ കുറച്ച് റാഗ് ചെയ്യുമ്പോ മിക്ക പേരും കരയും അത്രയേ ഞങ്ങൾ എടുത്തുള്ളൂ..പിന്നെ നിന്നോട് കുറച്ച് കുശുമ്പും ഉണ്ടായിരുന്നു…അതിന്റെ പേരില്‍ താൻ പഠിപ്പ് നിര്‍ത്തും എന്നൊന്നും കരുതിയില്ല. നാളെ മുതൽ കോളേജിൽ വരണം കേട്ടോ.
ഞാൻ വന്നിട്ട് വേണമായിരുക്കുമല്ലേ നിങ്ങള്‍ക്ക് അന്നെടുത്ത ഫോട്ടോയും വീഡിയോകളും ഒക്കെ എല്ലാവർക്കും കാണിക്കാൻ അല്ലെ
അയ്യോ അതൊക്കെ അന്ന് തന്നെ ഡിലീറ്റ് ചെയതു..വേണേ താൻ നോക്കിക്കോ.
ശരിയായിരുന്നു ഞാൻ അവരുടെ ഫോണില്‍ നോക്കിയപ്പോൾ ഫോട്ടോ ഒന്നും ഇല്ല. അവർ എന്നെ ഉപദ്രവിക്കാൻ വന്നതല്ല എന്നെനിക്കു മനസ്സിലായി. ഞാനും അവരും ഓരോന്ന് സംസാരിച്ച് ഇരുന്നു
അപ്പോളേക്കും ഉമ്മ ചായയും കടിയും ഒക്കെ ഒരുക്കി എല്ലാവരെയും വിളിച്ചു.
ടേബിളിൽ ഇരുന്ന പലഹാരം ഒക്കെ കണ്ടു അവർ അന്തം വിട്ട് പോയി.
അയ്യോ ഇതൊക്കെ എങ്ങനെയാ ഇത്ര പെട്ടെന്ന് ഉണ്ടാക്കുന്നത്?
അത് ഉമ്മ എപ്പോളും വിരുന്നുകാരെ പ്രതീക്ഷിച്ചു ഭക്ഷണം റെഡി ആകി വെക്കും. ആരേലും വന്നിട്ട് സൽക്കരിക്കാൻ പറ്റിയില്ലെങ്കില്‍ ഉമ്മാക്ക് ടെൻഷൻ ആണ്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
