*********
“ബൈക്ക് ഒക്കെ എടുത്തു കൊടുത്ത്, ഇവൻ ഒക്കെ എങ്ങനെയുള്ളവനാണെന്ന് ആർക്കറിയാം” ഇന്ദിരാമ്മ കട്ടിലിൽ കിടന്നു കൊണ്ട് പറഞ്ഞു.പണിക്കർ കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നു “ഇവൻ ഇപ്പൊ ഈ ബൈക്കും കൊണ്ട് പോയാലും പ്രശ്നമില്ലെടി, ഇവൻ കാരണം ഇന്ന് നമുക്കുണ്ടായ ലാഭം കോടികൾ വരും അറിയാമോ?” പണിക്കർ ഒരു ഗ്ലാസിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു
“ഇവൻ കൊണ്ട് വന്ന കവർ ഞാൻ ഒരു പ്യൂണിന്റെ കയ്യിൽ ഓഫീസറുടെ കയ്യിലേക്ക് കൊടുത്തു വിട്ടു, ഞാൻ നോക്കി നിക്കുമ്പഴുണ്ടല്ലോ അയാൾ അതും കൊണ്ട് പുറത്തേക്ക് ഒരു പോക്ക്, ആ നാരായണപിള്ളയുടെ ചതി ആയിരുന്നു അത്. മഹേഷ് ആ ആൾക്കൂട്ടത്തിന്റെ എടേൽക്കൂടെ ചെന്ന് മൂത്രപുരയുടെ അവിടുന്നാ ആ പ്യൂണിനെപ്പിടിച്ചു കവർ മേടിച്ചത്. അവനെങ്ങാനും അത് കീറിക്കളഞ്ഞിരുന്നെങ്കിൽ ലേലം നമ്മുടെ കൈ വിട്ടു പോയേനെ”
“ആ പ്യൂണിനിട്ടു ഒരെണ്ണം കൊടുക്കാൻ പറ്റിയില്ല, ആ പോട്ടെ ആ പാവം പത്തു രൂപാ കിട്ടുമെന്നോർത്ത് ചെയ്തതായിരിക്കും” പണിക്കർ ലൈറ്റ് കെടുത്തിക്കൊണ്ട് പറഞ്ഞു. ഇരുട്ടത്ത് അയാളുടെ ശരീരത്തിൽ എന്തോ തിളങ്ങുന്നതായി ഇന്ദിരാമ്മയ്ക്ക് തോന്നി. അവർ അതിൽ തൊട്ടു നോക്കി.
പണിക്കരുടെ കഴുത്തിൽ കിടന്ന മാലയിൽ ക്യൂബ് ആകൃതിയിൽ രണ്ട് ലോക്കറ്റുകൾ.ഗ്ലാസ്സ് പോലെ അകം കാണാവുന്നവയായിരുന്നു അവ. അതിനുള്ളിൽ നീല നിറത്തിൽ എന്തോ പുക പോലെ, ആ പുക ചെറുതായി ചലിക്കുന്നുണ്ടായിരുന്നു.
“എന്താ ഇത് നിങ്ങടെ മാലയിൽ?” ഇന്ദിരാമ്മ ചോദിച്ചു.”അതൊന്നുമില്ല, പുതിയൊരു ഫാഷൻ ലോക്കറ്റാ”പണിക്കർ ലോക്കറ്റ് കൈ കൊണ്ട് മറച്ചു.”പിന്നേ വാളി പിള്ളേരുടെ ലോക്കറ്റ് ഒക്കെയല്ലേ ഇപ്പോ ഫാഷൻ” ഇന്ദിരാമ്മ തിരിഞ്ഞു കിടന്നു.
*******
വീടിന് മുൻപിലെ റോഡിന്റെ എതിർവശം ചില തെങ്ങുകൾ മാത്രമുള്ള പറമ്പാണ്. അവിടെ മഞ്ഞ കാട്ടുപൂക്കൾ പൂത്തു നിൽക്കുന്നു. രാവിലെ പല്ല് തേച്ചു കൊണ്ട് മഹേഷ് റോഡിലൂടെ നടന്നു. വിജനമായ വഴി, രാധയുടെയും രാധികയുടെയും വീട് ഏതാവും അയാൾ ചിന്തിച്ചു. വളവു തിരിഞ്ഞു കുറച്ചു നടന്നപ്പോൾ ചില വീടുകൾ അൽപമകലെ കണ്ടു. റബ്ബർ വെട്ടുകാരൻ രവി വഴിയിലൂടെ വരുന്നുണ്ടായിരുന്നു,
പണിക്കരുടെ റബർ മരങ്ങളും അയാളാണ് വെട്ടുന്നത്, വെളുപ്പിനെ നാല് മണിക്ക് വന്ന് അയാൾ പണി തീർത്തു പോകും.”എന്തൊക്കെയുണ്ട് വിശേഷം?” മഹേഷ് കുശലം ചോദിച്ചു “ഓ ഒന്നുമില്ല, റബർ വെട്ടൊക്കെ മടുപ്പാ, കൂപ്പിൽ തടി വെട്ടാൻ ഞാനും കൂടി വന്നാലോന്ന് ആലോചിക്കുവാ” രവി പറഞ്ഞു.”എന്നാൽ പോര് നമുക്ക് പോയി പൊളിക്കാം, സാറിനോട് വന്നു പറഞ്ഞാൽ മതി”മഹേഷ് പറഞ്ഞു.
രവിയുടെ കൂടെ മഹേഷ് തിരിച്ചു നടന്നു വീട്ടിലെത്തി. ഫോൺ കൊണ്ട് പോയിരുന്നില്ല, ഏതോ നമ്പറിൽ നിന്ന് മിസ്സ്ഡ് കാൾ വന്നു കിടക്കുന്നു, പരിചയമുള്ള നമ്പർ അല്ല. തിരിച്ചു വിളിക്കണോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആ നമ്പറിൽ നിന്ന് വീണ്ടും വിളി വന്നു.”ഹലോ, ഇത് മഹേഷ് എന്നയാളുടെ നമ്പർ ആണോ?”
“അതേ ആരാണ്?”
“ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ്, താങ്കൾ രാവിലെ പത്ത് മണിക്ക് ഇവിടുടെ വരെയൊന്ന് വരണം”
എന്താ കാര്യം എന്ന് മഹേഷ് ചോദിച്ചില്ല, ചോദിച്ചിട്ട് കാര്യമുണ്ടാകില്ല എന്നയാൾക്ക് അറിയാമായിരുന്നു.”ഓക്കേ ഞാൻ വരാം സാർ” കാൾ കട്ടായി.മഹേഷ് അപ്പോൾത്തന്നെ പണിക്കരെ വിളിച്ചു.”മഹേഷ് പത്ത് മണിയാകുമ്പോൾ സ്റ്റേഷനിലേക്ക് ചെല്ല്, ഞാൻ അങ്ങോട്ട് എത്തിക്കോളാം” കാര്യം അറിഞ്ഞപ്പോൾ പണിക്കർ പറഞ്ഞു. മഹേഷ് കുളിച്ച് ഒരു മുണ്ടും ഷർട്ടും ധരിച്ചു.
ഒൻപതു മണിയായിരുന്നു അപ്പോൾ.ബൈക്ക് എടുത്ത് ഇറങ്ങി.കവലയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പോലീസ് സ്റ്റേഷൻ എവിടെയാണെന്നറിയില്ല. ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ അഖിലും അനന്തുവും സംഘവും സ്കൂൾ യൂണിഫോമിൽ വരുന്നത് കണ്ടു, അവരോട് വഴി ചോദിച്ചു.”പുതിയ എസ് ഐ വന്നിട്ടുണ്ടെന്നാ കേട്ടത്” അനന്തു അറിയാത്ത വാർത്തകളില്ല,
