ആഴങ്ങളിൽ – 4 15അടിപൊളി 

ചാക്കോയും ഇന്ദിരാമ്മയും അകത്തു കടന്നു, കാര്യങ്ങൾ പറഞ്ഞ് എഴുതിക്കൊണ്ട് വന്ന പരാതി കൊടുത്തു.”ഈ സോമശേഖരപ്പണിക്കർക്ക് ശത്രുക്കളായിട്ട് ആരെങ്കിലും?” കാര്യങ്ങൾ കേട്ട ഐശ്വര്യ ചോദിച്ചു “അത് ചില ആളുകളൊക്കെയുണ്ട് മാഡം, കഴിഞ്ഞ ഉത്സവത്തിന് പണിക്കർ സാറിനെ തല്ലിയ ഒരു കേസ് ഈ സ്റ്റേഷനിൽ തന്നെയുണ്ട്, പ്രതികൾ ആരാണെന്ന് ഇത് വരെ അറിയില്ല” ചാക്കോ പറഞ്ഞു.

“നാരായണ പിള്ള, പിന്നെ അയാളുടെ ശിങ്കിടികൾ ചന്ദ്രൻ പിള്ളയും വാസുവും ഒക്കെ” ഇന്ദിരാമ്മ പെട്ടെന്ന് പറഞ്ഞു “കഴിഞ്ഞ ദിവസം തടി ലേലം പിടിച്ചതുമായി ബന്ധപ്പെട്ട് അവർക്ക് ദേഷ്യമുണ്ട് മാഡം” അവർ പറഞ്ഞു. “ഓക്കേ, ഞാൻ ആദ്യം ഇവിടെ വന്നപ്പോൾ ചില അബദ്ധങ്ങൾ പറ്റി, പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്, നിങ്ങളുടെ ഒരു ഡ്രൈവർ ഉണ്ടായിരുന്നല്ലോ അയാൾ എവിടെ?” ഐശ്വര്യ ചോദിച്ചു.

“ഇവിടെയുണ്ട് മാഡം ഇങ്ങോട്ട് വരാൻ മടിയായിട്ട് കവലയിൽ നിക്കുവാ” ചാക്കോ പറഞ്ഞു.”അയാളെ എനിക്കൊന്ന് കാണണം, ശരി പണിക്കരുടെ ഫോൺ നമ്പർ കൂടി തന്നേക്കു ഞാൻ അന്വേഷിക്കാം” എസ് ഐ യുടെ ഈ ഉറപ്പ് തത്കാലം ഇന്ദിരാമ്മയ്ക്ക് ആശ്വാസം നൽകി. അവരെ വീട്ടിലെത്തിച്ചിട്ട് ചാക്കോയും മഹേഷും പുറത്തേക്കിറങ്ങി “എനിക്ക് ഒരു സ്ഥലം അറിയാം, നീ ഇത് ആരോടും പറയരുത്, നമുക്ക് അവിടെ വരെയൊന്നു പോയി നോക്കാം” ചാക്കോ പറഞ്ഞു കൊണ്ട് കാറിൽ കയറി.

അവർ കവലയിൽ നിന്ന് കുറച്ച് ദൂരം സഞ്ചരിച്ചു, ഇടത്തേക്ക് കണ്ട മൺപാതയിലേക്ക് ചാക്കോ കാർ തിരിച്ചു. മൺപാതയിലൂടെ കുറച്ച് ദൂരം പോയപ്പോൾ ഇടത് വശത്തു റോഡിൽ നിന്ന് മാറി പാർക്ക് ചെയ്തിരിക്കുന്ന പണിക്കരുടെ കാർ കണ്ടു.

“ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം” ചാക്കോ വലത് വശത്തു കണ്ട ചെറിയ ഇടവഴിയിലൂടെ കയറിപ്പോയി. കാറിൽ കാക്കകൾ കാഷ്ഠിച്ചും മറ്റും വൃത്തികേടായിരുന്നു. ഇനി ഇത് മുഴുവൻ കഴുകേണ്ടി വരുമല്ലോ എന്നാലോചിച്ചു കൊണ്ട് മഹേഷ്‌ അവിടെ നിന്നു.

******

“ടോ പണിക്കരെ, താൻ ഈ പേപ്പറിൽ ഒരു ഒപ്പ് ഒരേ ഒരു ഒപ്പിട്ടാൽ തനിക്കും എനിക്കും വീട്ടിൽ പോകാം” ചന്ദ്രൻ പിള്ള ഒരു കടലാസ് പൊക്കിപ്പിടിച്ചു പണിക്കരുടെ മുൻപിൽ നിന്നു. “താൻ ഇത് വരെ ലേലത്തിന് മുടക്കിയ മുഴുവൻ കാശും പിള്ള മുതലാളി തനിക്ക് തരും, പിന്നെന്താ പ്രശ്നം? ഒരു നഷ്ട്ടോമില്ല” അയാൾ തുടർന്നു.

ചന്ദ്രൻപിള്ള മദ്യ ലഹരിയിൽ ആയിരുന്നു.”ഇയാൾക്ക് കാര്യങ്ങൾ പറഞ്ഞിട്ട് മനസിലാകുന്നില്ലേ പിള്ളേ?, ഞാൻ ഇടപെടണോ?” വാസു വാതിൽ തുറന്ന് കടന്നു വന്നു.അയാൾ പറഞ്ഞു “ഇന്നലെ മുതൽ ഇത് വരെ നമ്മൾ ഇയാളെ വേദനിപ്പിച്ചിട്ടില്ല, പക്ഷെ ഇനി അതങ്ങനെ തന്നെയാവണം എന്നില്ല”. നാരായണ പിള്ളയുടെ കൂപ്പിലെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു അവർ.

പണിക്കരെ ഇവിടെ കൊണ്ട് വരുമ്പോൾ പെട്ടെന്ന് കാര്യങ്ങൾ സമ്മതിക്കും എന്ന ധാരണയിലായിരുന്നു അവർ. പക്ഷെ ഒരു ദിവസം കഴിഞ്ഞിട്ടും പണിക്കർ കുലുങ്ങിയില്ല.കസേരയിലിരുന്ന പണിക്കർ വാസുവിനെ നോക്കിപ്പറഞ്ഞു “നീ വേദനിപ്പിച്ചു നോക്കെടാ, എന്റെ ദേഹം വേദനിച്ചാൽ പിന്നെ നീ ജീവനോടെ ഉണ്ടാകില്ല,

പിന്നെ ചന്ദ്രൻ പിള്ളേ ഞാൻ മുടക്കിയ ലക്ഷങ്ങൾ എനിക്ക് തിരിച്ചു തരുമ്പോൾ നാരായണന് എത്രയാ ലാഭം? കോടികൾ!! അത് ഞാൻ വിട്ടു കൊടുക്കണം അല്ലേ?” അയാൾ ഒരു പുച്ഛച്ചിരി ചിരിച്ചു. വാസു അയാളോട് അടുത്തു, ആദ്യ അടി എങ്ങനെ വേണം എന്ന് ആലോചിച്ചു നിൽക്കെ കതകിൽ മുട്ട് കേട്ടു.

ചന്ദ്രൻ പിള്ള പോയി കതക് തുറന്നു. വാസു ഒരു ബലത്തിനായി കൂടെ കൂട്ടിയ ഗുണ്ടയാണ്, കത്തി സോമൻ, “അണ്ണാ പോലീസ്” അയാൾ പറഞ്ഞു.”ങ്‌ഹേ” വാസു അവിടെകിടന്ന ഒരു പഴന്തുണി എടുത്ത് പണിക്കരുടെ വായിൽ തിരുകി, അയാളുടെ കൈ രണ്ടും പുറകിൽ ചേർത്ത് കെട്ടി.അതേ സമയം താഴത്തെ നിലയിൽ എസ് ഐ ഐശ്വര്യ എത്തിക്കഴിഞ്ഞിരുന്നു.

നാരായണ പിള്ള അവിടെ ചോറുണ്ടു കൊണ്ടിരിക്കുന്നു.”മാഡം വരണം, ഇരിക്കണം” അയാൾ ക്ഷണിച്ചു. ഐശ്വര്യ ചുറ്റും നോക്കി ഒരു മേശയും രണ്ടു കസേരയും മാത്രമുള്ള മുറി. മറ്റാരും അവിടെയില്ല. വിജനമായ വഴിയിലൂടെ ഒറ്റയ്ക്ക് ജീപ്പിൽ വരുമ്പോൾ അത് മണ്ടത്തരം ആയോ എന്നൊരു സംശയം തോന്നിയിരുന്നു. ഐശ്വര്യ ഒരു കസേരയിലിരുന്നു.

Updated: January 14, 2025 — 2:47 pm

Leave a Reply

Your email address will not be published. Required fields are marked *