ഇരുട്ടിലെ ആത്മാവ് – 1

ആരാണ് ഈ റെജി ?
അത് ഞാൻ പറയണമെന്നില്ലല്ലോ…. !! അതേ…. ! നിങ്ങൾ ഉദ്ദേശിച്ചത് തന്നെ….!!

“റെജിയേട്ടൻ”…….
എന്റെ എല്ലാമെല്ലാമാണ്. എന്നാൽ എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു അംഗം,

എന്റെ അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട…… അച്ഛന്റെ,…. അമ്മയുടെ, ഇളയഛന്റെ….. മ്ച്ച്…. ആ എനിക്ക് ശരിക്കും അറിയില്ല…… പഴമക്കാർ പറയാറില്ലേ “എവിടെയൊക്കെയോ തൊട്ടത്തിന്റെയും, പിടിച്ചതിന്റെയും ബന്ധം ” എന്ന് പറഞ്ഞത് പോലെ …. ങാ അത് തന്നെ……

എല്ലാറ്റിലും ഉപരി എന്റെ കളിക്കൂട്ടുകാരൻ,… സ്നേഹിതൻ, കാമുകൻ….. നിങ്ങൾക്ക് എന്ത് വേണെങ്കിലും വിശേഷിപ്പിക്കാം.
എന്റെ ബാല്യം പത്തനംതിട്ടയിലെ തറവാട്ടിലായിരുന്നു.

അന്ന് കൂട്ട് കുടുംബമായി ആ വീട്ടിൽ ഞങ്ങൾ താമസിക്കുമ്പോൾ, ഈ റെജിയേട്ടൻ വേറെ വീട്ടിലാണ് താമസമെങ്കിലും, എന്നെ കാണാൻ ദിവസവും ഓടിവരും.

ട്രൗസർ ഇട്ടു നടക്കുന്ന കാലം തൊട്ടേ, മനസുകൾ തമ്മിലുള്ള അടുപ്പമാണ് ഞങ്ങളുടേത്.

ആ അടുപ്പം കാലാന്താരങ്ങളിൽ ഇഷ്ട്ടമായി….. ഇഷ്ടം മൂത്ത്‌ പ്രേമമായി,… ഇപ്പം, ആ പ്രേമം പടർന്നു പന്തലിച്ച്, സ്വപ്നങ്ങളുടെ പൂപ്പന്തലായി…..

കുട്ടിക്കാലത്തേ പുള്ളിക്കാരന് ഞാൻ എന്നുവച്ചാൽ ജീവനാണ്…. രണ്ടു പേരുടെയും വീട്ടിൽ എല്ലാവർക്കും അറിയാം ഞങ്ങളുടെ പ്രേമം. ഞങ്ങൾ തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസമാണ്.
ആ ഗ്രാമത്തിന്റെ നിഷ്കളങ്കതയെ ആസ്വദിച്ചും, കൊച്ചു കൊച്ചു ഇടവഴികളിലൂടെ നടന്നും, തെളിനീർ ഉറവകൾ വരുന്ന തോടുകളും, പുഞ്ച വയൽ വരമ്പത്തു കൂടി ഒക്കെ കടന്ന്, നമ്മൾ എല്ലാവരും ഒന്നിച്ചു സ്കൂളിലേക്ക് നടന്നു പോകാറുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു ഞങ്ങൾക്ക്,

സ്കൂളിനടുത്തെത്തുമ്പോൾ കാണുന്ന പെട്ടിക്കടയിൽ നിന്ന് പത്ത് പൈസയുടെ പുളിയച്ചാർ വാങ്ങി കൂട്ടുകാർ തമ്മിൽ പങ്കിട്ടു നുണയുന്നതും, പത്ത് പൈസയുടെ നാരങ്ങ മിട്ടായി വാങ്ങി കടിച്ചു പൊട്ടിച്ച് പങ്കിട്ടുമൊക്കെ, ആ നിഷ്കളങ്ക സ്നേഹം ആസ്വദസിച്ചും ,… കഴിഞ്ഞ നാളുകൾ……

കൂട്ടം കൂടി ചേട്ടന്മാരും, കൂട്ടുകാരുമൊത്ത്, പച്ച മാങ്ങയും, പറങ്കിയണ്ടിയും കല്ലെറിഞ്ഞു വീഴ്ത്തിയും വീതം വച്ചുമൊക്കെ കഴിഞ്ഞും, കൊഴിഞ്ഞും പോയ, ഞങ്ങളുടെ കുട്ടിക്കാലം അതി മനോഹരമായിരുന്നു…

ഓണവും, വിഷുവും, നാട്ടിലെ ഉത്സവങ്ങളും, ഒപ്പം അവധികാലങ്ങളും ഒക്കെ തിമിർത്താടിയ ബാല്യം…..

ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത ആ സുവർണ്ണ കാലഘട്ടം, ആ ബാല്യവും കൗമാരവും എല്ലാമോർക്കുമ്പോൾ തോന്നും ആ കുട്ടിക്കാലം തന്നെ ആയിരുന്നു നല്ലതെന്ന്……

ആ മനോഹരമായ ദിനങ്ങളെ മനസ്സിൽ പച്ചയായി അവശേഷിപ്പിക്കുന്ന ഒരു നൊസ്റ്റാൾജിക് ഫീൽ ഇപ്പോഴും അവിടങ്ങളിൽ വല്ലപ്പോഴും പോകുബോൾ തോന്നാറുണ്ട്.

എല്ലാവരും കൂടി മണ്ണപ്പം ചുട്ട് കളിച്ചിരുന്ന ആ ബാല്യത്തിലും, എല്ലാവരും ചേർന്നിരുന്ന് കടങ്കഥകൾ പറഞ്ഞു കളിക്കുമ്പോഴും, ബാല്യത്തിൽ നിന്നും യവ്വനത്തിലേക്ക് കടന്നപ്പോൾ അൽപ്പം സ്റ്റാൻഡേർഡ് ആയി കളിതമാശകൾ പറഞ്ഞിരിക്കുമ്പോഴു, റെജിയേട്ടൻ ഒപ്പമുണ്ടായിരുന്നു,…

എല്ലാറ്റിനും ഞങ്ങൾ കൂട്ടായിരുന്നു. അത് വളർന്നു പന്തലിച്ച്, പ്രേമമായി മൊടിട്ട കാലത്തും ഞങ്ങൾ ആ ദേശത്ത് തന്നെയായിരുന്നു. അതിന് ശേഷമാണ് ഞങ്ങൾ വീട് മാറി തൃശൂർക്ക് പോയത്‌.
അൽപ്പം അകലെയായത് കൊണ്ട് ഞങ്ങൾക്കു പരസ്പരം കാണാൻ പറ്റാതെയായി. പക്ഷെ വല്ലപ്പോഴും തമ്മിൽ കാണുമായിരുന്നു, എന്നതൊഴിച്ചാൽ, ആ വിരഹത്തിനു എന്ത് പേരിട്ടു വിളിക്കുമെന്ന് എനിക്കറിയില്ല…..

ഇന്നത്തെ പോലെ മൊബൈൽ ഫോണുകളുടെ കാലഘട്ടം ആയിരുന്നില്ല എന്നത് കൊണ്ട്, അന്ന് വല്ലപ്പോഴും എഴുത്തുകളിലൂടെ വിശേഷം കൈമാറുക എന്നതിലുപരി, എന്റെ വീട്ടിൽ ലാൻഡ് ഫോൺ കിട്ടുന്നത് വരെ, സെൻട്രൽ ഗവർമെന്റ് ന്റെ തപാൽ പെട്ടിയെയും, അത് കൊണ്ടുവരുന്ന പോസ്റ്റുമാനെയും ധ്യാനിച്ച് കഴിഞ്ഞിരുന്ന നാളുകൾ എത്രയോ…….

വല്ലപ്പോഴും എഴുതുന്ന എഴുതുകളിലും…..
അതിന്നു ശേഷം, വല്ലപ്പോഴും ചെയ്യുന്ന ഫോണിൽ പോലും വേറെ വിധത്തിൽ ഒരു വാചകമോ, വാക്കോ, കാണാറില്ല…. പ്രേമമാണോ എന്ന് ചോദിച്ചാൽ “അതേ”…

വ്യക്തിപരമായി പുള്ളിയെ കുറിച്ച് പറഞ്ഞാൽ… നല്ല അധ്വാന ശീലം, എക്സ്ട്രാ ഡീസന്റ് പെരുമാറ്റം,
നല്ല വിദ്യാഭ്യാസം, MA.B Ed ഒക്കെ കഴിഞ്ഞു.

ഒരു അധ്യാപകന്റെ ജോലിക്കു വേണ്ടി കുറെ അലഞ്ഞു നടന്നെങ്കിലും, അതിന് ഭീമമായ സംഖ്യ കൈക്കൂലിയായി കൊടുക്കണമെന്നത് കൊണ്ട് തന്നെ പുള്ളി പിന്മാറിയതാണ്. കൈക്കൂലി കൊടുത്തിട്ട് തനിക്ക് ഒരു ജോലി വേണമെന്നില്ല,. എന്നാണ് പുള്ളിക്കാരന്റെ ന്യായം …

എന്റെ വീട്ടുകാരുടെ കാഴ്ചപ്പാടിൽ പോരായ്മകളുടെ കൂട്ടത്തിൽ, പുള്ളിക്ക് ഇത്തിരി നിറക്കുറവുണ്ട്…… എനിക്ക് അങ്ങിനെ തോന്നിയിട്ടില്ല കേട്ടോ,… എങ്കിലും സൌന്ദര്യത്തിനു കുറവില്ല താനും…….

ഞാൻ കണ്ടിട്ട്, ആ മനസ്സിനാണ് സൌന്ദര്യം ഉള്ളത്….. അല്ലാതെ കറുപ്പിനും വെളുപ്പിനുമൊക്കെ ആത്മാർത്ഥ പ്രേമത്തിന് മുന്നിൽ എന്താണ് സ്ഥാനം……

എങ്കിലും എന്റെ വീട്ടുകാർ ഇതുവരെ സമ്മതം മൂളിയിട്ടില്ല….. കാരണം പുള്ളിക്ക് എന്റെ വീട്ടുകാർ ഉദ്ദേശിച്ചപോലെ, നല്ല ഒരു ജോലി ആയിട്ടില്ല. എന്നത്‌ ഒഴിച്ചാൽ പറയത്തക്ക പോരായ്മകൾ ഒന്നും തന്നെ ഇല്ല.

ആണെങ്കിലും പുള്ളി ഒരു പ്രകൃതി സ്നേഹിയാണ്.
കൃഷിയാണ് ഏറ്റവും ഇഷ്ട്ടം, ഒരുകാരണവശാലും വെറുതെ ഇരിക്കാറില്ല,
സ്വന്തമായി നാലഞ്ച് ഏക്കർ ഭൂമിയുണ്ട്,
സ്വന്തമായി റൂട്ടിലോടുന്ന ഒരു ടുറിസ്റ്റ് ടാക്സിയുണ്ട്,
ഒരു ടൂവീലർ ഉണ്ട്.
കൃഷിയിൽ കൂടി തെറ്റില്ലാത്ത വരുമാനമുണ്ട്……
ഇതൊന്നും കൂടാതെ ഒരു പഴയ “ചടാക്ക് ” ഗുഡ്‌സ് ഓട്ടോ വണ്ടി കൂടിയുണ്ട്…… ആരോടും പറയണ്ട അത് പുള്ളിക്കാരന്റെ വളരെ “ഫേവറേറ്റ്” സംഭവമാണ്……
കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു സാധനം… അത്രതന്നെ…..
അത് അങ്ങേരുടെ കാമുകിയാണെന്നാണ് കൂട്ടുകാർ പറയുന്നത്……

ആണെങ്കിലും ഞങ്ങളുടെ വീട്ടുകാരുടെ ഒരു സമ്മതം കിട്ടണം, ഞങ്ങൾ അതിന്റെ കാത്തിരിപ്പിലാണ്‌. എനിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാമെന്നാണ് പുള്ളിയുടെ വാഗ്‌ദാനം….

പക്ഷെ, എന്റെ അച്ഛന്റെ പിടിവാശി കാരണമാണ്, ഇത് ഇങ്ങനെയും നീണ്ടു പോയത്‌. പ്രത്യക്ഷത്തിൽ പറയാൻ അവർക്ക് ഈയൊരു “തൊഴിൽ രഹിതൻ” എന്ന കാരണമുണ്ടെങ്കിലും, റ്റ്അതൊന്നുമല്ല കാരണം എന്ന് എനിക്കറിയാം. എന്റെ അച്ഛനും, പുള്ളീടെ അച്ഛനുമായി, പണ്ട് കാലത്ത് ഒരു വഴക്കുണ്ടായിരുന്നു. അതിനിടയിൽ പുള്ളീടച്ഛൻ എന്റെ അച്ഛനോട് എന്തോ ഇത്തിരി മോശമായ രീതിയിൽ സംസാരിച്ചു…… എന്നാണറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *