എനിക്കായ് – 6

“അയ്യേ വീണ്ടും കരയെ. പെണ്ണുങ്ങളേക്കാൾ കഷ്ടം ഈ ചെക്കന്റെ കാര്യം”

അതും പറഞ്ഞു അവൾ എന്റെ തല അവളുടെ നെഞ്ചോട് ചേർത്തു.. എന്റെ തലയിലൂടെ തലോടിക്കൊണ്ട് അവൾ പറഞ്ഞു

“അച്ഛനെ മിസ്സ്‌ ചെയ്യുന്നു അല്ലെ. അമ്മയെ?”

ഞാൻ പെട്ടെന്ന് തല അകറ്റി അവളെ നോക്കി.

“എനിക്കറിയാം. എല്ലാം. പേടിക്കണ്ട. എനിക്ക് മാത്രേ അറിയൂ”

ഒരു നിമിഷം നിറുത്തി അവൾ എന്റെ കണ്ണിൽ നോക്കി. പക്ഷെ അവളുടെ കണ്ണുകൾക്ക് ഒരു കാന്തിക ശക്തി ഉണ്ടായിരുന്നു. അത് താങ്ങാനാവാതെ ഞാൻ മുഖം കുനിച്ചു. അവൾ എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കണ്ണിൽ തന്നെ നോക്കി പറഞ്ഞു

“ഏഴു വർഷമായി ഞാൻ ഇവിടെ അതായത് നിന്നെക്കാൾ ഏഴു വയസ്സ് മൂത്തതാ. നിന്റെ അമ്മയാണെന്ന് കരുതിക്കോ ചെക്കാ”

അവൾ എന്റെ തല പിടിച്ചു എന്റെ നെറ്റിയിൽ ചുംബിച്ചു.

ഒരു സ്ത്രീയിൽ നിന്ന് കിട്ടുന്ന ആദ്യ ചുംബനം. അമ്മ പോലും ഉമ്മ വച്ചതായി എനിക്കോർമ്മ ഇല്ല. അല്ലെങ്കിലും അച്ഛൻ ആയിരുന്നു തനിക്കെല്ലാം. ഇപ്പോൾ ആലോചിക്കുമ്പോൾ അമ്മയുടെ അച്ഛനുമൊത്തുള്ള ജീവിതം ഒരു പ്രഹേളിക പോലെ തോന്നുന്നു.

എനിക്ക് കരച്ചിൽ വന്നു. സന്ദർഭം ഒന്നുമാലോചിക്കാതെ ഞാൻ പൊട്ടി പൊട്ടി കരഞ്ഞു. ഒരു നിമിഷം എന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ച ശേഷം അവൾ പോയി.
“ദേ ആ ചെക്കൻ നിന്ന് കരയണു. അയിനെ കൊണ്ടുപോയെൻ”

പെട്ടെന്ന് പാർവതി വന്നു എന്നെ ആശ്വസിപ്പിച്ചു. എന്നെ ഹാളിലേക്കു കൊണ്ടുപോയി.

“ഇനി എപ്പോളാ ബാഗൊക്കെ കൊണ്ട് വരുന്നേ ഇങ്ങോട്ട്”

സഖാവ് ജിതേഷ് എന്ന് പരിചയപ്പേടുത്തിയ ആൾ ചോദിച്ചു.

“ആ ചെക്കൻ വർണില്ലാന്ന്. എവിടേലും പോയി കെടക്കട്രെ”

“ഞാൻ വരുന്നുണ്ട് ഇവിടേക്ക്”

ഞാൻ പതിയെ പറഞ്ഞു.

അപ്പോളും പാർവതി എന്റെ തോളിലൂടെ കൈ ഇട്ടു പിടിച്ചിരുന്നു..

“നീയെന്താ അവനേം കെട്ടിപിടിച്ചു നടക്ക്ണെ. ഇള്ളകുട്ടിയാ ചെക്കൻ”

പെട്ടെന്ന് പാർവതി വിട്ടുമാറി.

“ഡാ നീ എല്ലാരേം പരിചയപെട്ടു കഴിഞ്ഞോടാ”

“മം കഴിഞ്ഞു”

“എല്ലാരേം?”

“മം”

“ന്നാ എന്റെ പേരെന്താടാ”

അപ്പോളാണ് ഞാൻ അതാലോചിച്ചത്. എന്നെ ഇവിടെ വരെ കൊണ്ടുവന്നു അമ്മയെപ്പോലെ കാണാൻ പറഞ്ഞ ആളെ മാത്രം പരിചയപെട്ടില്ല.

“ചേച്ചിടെ പേരെന്താ?”

“തല ഉയർത്തി ആണുങ്ങളെപ്പോലെ നേരെ നിന്ന് ചോദിക്കേടാ”

ഞാൻ തല ഉയർത്തി നോക്കിയപ്പോൾ ആൾ പറഞ്ഞു.

“ഞാൻ കണ്മണി. ചേച്ചി അല്ല സഖാവ് കണ്മണി. സഖാവ് മുരളിയുടെ മകനെ സഖാവ് അഭിജിത്. അല്ലേൽ വേണ്ട. നാവിൽ കൊള്ളില്ല. സഖാവ് അഭി അങ്ങനെ ഞാൻ വിളിക്കു”

എന്റെ കവിളിൽ തട്ടി കണ്മണി തുടർന്നു.

“കണ്ടല്ലോ എന്നെ. ഒരാളും നേരെ നോക്കില്ല. നീയിങ്ങനെ പേടിച്ചു തൂറി നടന്നു എന്റെ വില കളയണ്ട. കേട്ടല്ലോ. ഇനി ഈ ക്യാമ്പസിൽ ഒരാളും നിന്നേം തൊടില്ല. ധൈര്യായിട്ട് പോയി സാധനങ്ങളൊക്കെ കൊണ്ട് വാടാ”

എന്റെ കൂടെ പോരാൻ സഖാവ് വിഷ്ണുവും ഇറങ്ങി.

“ഓ ഇള്ളചെക്കന് കൂട്ടിനാളില്ലെൽ ട്രൗസറിൽ മുള്ളും”

പെട്ടെന്ന് വിഷ്ണു പിൻവലിഞ്ഞു.

“ഓ പൊക്കോ. ഇനി അയ്നു മൊടക്കം വർത്തണ്ട”

തിരിച്ചു റൂമിലേക്ക് നടക്കുമ്പോൾ സഖാവ് വിഷ്ണു സംസാരിച്ചു തുടങ്ങി.

“കൺമണിയുടെ സ്വഭാവം കണ്ടു സങ്കടപെടണ്ടട്ടോ. ഈ ഷോ ഓഫ് ഉണ്ടെന്നേ ഒള്ളു. ഏറ്റവും സ്‌നേഹം അവള്ക്കാ. നമുക്കൊക്കെ വേണ്ടി വേണേൽ ചാവും പെണ്ണ്. ഇത്രേം ആല്മാർത്ഥമായി സ്നേഹിക്കുന്ന വേറെ ആളെ ജീവിതത്തിൽ കാണാൻ കിട്ടില്ല”

വിഷ്ണു അത് പറഞ്ഞില്ലേൽ തന്നെ റൂമിൽ വച്ച് അവൾ നൽകിയ സ്നേഹം കൊണ്ട് തന്നെ കണ്മണി എനിക്കാരോക്കെയോ പോലെ ആയിരുന്നു. അല്ലെങ്കിലും സ്നേഹം കിട്ടുന്ന എവിടേക്കും ഒഴുകാൻ തയാറുള്ള പുഴയുടെ പോലെ ആയിരുന്നു എന്റ മനസ്സ്.
ഹോസ്റ്റലിൽ കയറി സാധനങ്ങളെടുത്തു തിരിച്ചു വീട്ടിൽ ചെന്നു കയറിയപ്പോൾ എന്നെ കാണിച്ച റൂമിൽ എന്റെ ബെഡ് റെഡി ആയിരുന്നു. കിടക്കുമ്പോൾ എന്നെ അതിശയപ്പെടുത്തി മറ്റു ബെഡുകളിൽ കണ്മണിയും പാർവതിയും കിടന്നു.

“നീ പേടിക്കണ്ട്രാ മറ്റേ റൂമിൽ സ്ഥലമില്യ. അതാ. അവടന്ന് ആരേലും പോയ അങ്ങോട്ട്‌ മാറാം”

രണ്ട് പെണ്ണുങ്ങൾക്കും എന്നെ ഒട്ടും പേടി ഇല്ലല്ലോ എന്നതിശയിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു.

….

കോളേജിൽ പോയി തുടങ്ങിയപ്പോൾ സീനിയേഴ്സ് എന്നിൽ നിന്നു ഒരു അകലം പാലിക്കുന്നത് മനസിലാകുന്നുണ്ടായിരുന്നു. അതുകൊണ്ട്തന്നെ ഒരു കൂട്ടം പെൺപിള്ളേരും ആൺകുട്ടികളും പെട്ടന്ന് ഫ്രണ്ട്സ് ആയി. പക്ഷെ ആദ്യദിനം തന്നെ ക്ലാസ് ടീച്ചർ അടുത്ത് വിളിച്ചു

“പ്ലസ്‌ടു റാങ്ക്കാരനാണല്ലേ. എന്നിട്ടാണോ ആ കൂട്ടിൽ പെട്ടത്. എങ്ങനെ ആണ് അവരുമായി പരിജയം”

“അത് എന്റെ അച്ഛൻ.. അച്ഛനെ അവരൊക്കെ അറിയുന്നതാ”

“അച്ഛൻ?”

“മരിച്ചുപോയി. മുരളീധരൻ എന്നാ പേര്”

“ഏതു. രക്തസാക്ഷി ആയ സഖാവ് മുരളി?”

“അതേ മാം”

“ഒക്കെ എങ്കിൽ ഞാനൊന്നും പറയുന്നില്ല. നന്നായി പഠിക്കണം. ഇതുവരെ ഉള്ള നിലവാരം കളയാതെ നോക്ക്”

“ശരി മാം”

ആദ്യദിനം വേഗം തന്നെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. ഡോറിൽ തട്ടി ഒരു നിമിഷം കഴിഞ്ഞു കതക് തുറന്നു. കണ്മണി മാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളു.

“സഖാവ് പോയില്ലേ?”

“ടാ ചേച്ചി എന്നു വിളിച്ചുടെ നിനക്ക്”

“അന്ന് സഖാവേ എന്നു വിളിക്കാൻ പറഞ്ഞിട്ട്”

“അത് അവരൊക്കെ ഉള്ളപ്പോ. ആരുമില്ലാത്തപ്പോ ചേച്ചി. മനസ്സിലായോ”

“ഓ മനസിലായെ”

ഞങ്ങൾ സംസാരിച്ചിരുന്നപ്പോൾ ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന ചെറിയ ആശയകുഴപ്പത്തിന്റെ മഞ്ഞും ഉരുകാൻ തുടങ്ങി. കണ്മണി ഒരു ആദിവാസി സ്ത്രീ ആണെന്നും അനാഥ ആയതിനാൽ വേറെ എങ്ങും പോകാൻ താല്പര്യം ഇല്ലാതെ എല്ലാ വർഷവും കണ്ടിന്യൂ ചെയ്യുകയും ആണെന്ന് ഇടക്ക് പറഞ്ഞു.

ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. പാർവതി ഇടക്ക് വീട്ടിൽപോയി അവിടെനിന്നും വരുമ്പോൾ ഞാനും കണ്മണിയും തനിച്ചാകും റൂമിൽ. പാർവതിയും സഖാവ് ജിതേഷും തമ്മിൽ പ്രണയത്തിലാണ് എന്നു ഇതിനിടയിൽ മനസിലായി. സഖാവ് വിഷ്ണുവിന് കണ്മണിയോട് ഒരിഷ്ടം ഉണ്ടെന്നും തോന്നി. പക്ഷെ അതെനിക്ക് ദഹിക്കുന്നുണ്ടായിരുന്നില്ല. അറിയാത്ത എന്തോ ഒരിഷ്ടം എനിക്ക് അവളോട് തോന്നി തുടങ്ങിയിരുന്നു.
ഒരു വ്യാഴാഴ്ച ആരുമില്ലാത്തപ്പോൾ കണ്മണി എന്നോട് വന്നു ചോദിച്ചു.

“വീക്കെൻഡ് എന്താ നിന്റെ പരിപാടി”

“ഒരു പ്ലാനും ഇല്ല. എന്താ ചേച്ചി”

“മൂന്നാലു കിലോമീറ്റർ മല കേറാൻ കഴിയോ”

വീട്ടിൽ ഇരുന്നു ബോറടിക്കണ്ട എന്ന ചിന്തയിൽ ഞാൻ അപ്പോൾ തന്നെ പറഞ്ഞു

“ഞാൻ ഇപ്പോൾ തന്നെ റെഡി.”

“എന്ന നാളെ കോളേജ് കഴിഞ്ഞു വേഗം പോരെ. അല്ലേൽ ഇരുട്ടും മുൻപെത്തില്ല. രണ്ട് ദിവസത്തേക്ക് ഉള്ള സാധനങ്ങൾ പാക് ചെയ്തു വച്ചോ.”

കണ്മണി തന്നെ ഞങ്ങൾ രണ്ടുപേരും കൂടെ ഏതോ ഒരു മുരുകനെ കാണാൻ പോവുമെന്ന് എല്ലാവരോടും പറഞ്ഞു. സഖാവ് വിഷ്ണുവിന്റെ മുഖം മാത്രം മങ്ങിയത് ഞാൻ കണ്ടു. എന്തായാലും സന്തോഷത്തോടെ അന്ന് കിടന്നു ഉറങ്ങി. പിറ്റേന്ന് ഉച്ചക്ക് തന്നെ ഞാൻ കോളേജിൽ നിന്ന് കട്ട്‌ ചെയ്തു വീട്ടിലെത്തി. സമരങ്ങൾക്കല്ലാതെ കണ്മണി കോളേജിൽ പോകില്ലെന്ന് എനിക്കറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *