തിരികെ റൂമിലേയ്ക്കു കയറിയ ഞാൻ കൂട്ടിലടച്ച വെരുകിന്റെമാതിരി അങ്ങറ്റമിങ്ങറ്റം നടക്കാൻതുടങ്ങി…
…താഴെയവളെല്ലാം പറഞ്ഞിട്ടുണ്ടാവോ..?? ഇപ്പൊ ലെറ്ററെടുത്തു കാട്ടീട്ടുണ്ടാവോ..?? ഇപ്പോളെല്ലാരുങ്കൂടിങ്ങോട്ടേയ്ക്കു വരുവോ..??
എന്നൊക്കെയുള്ള ചിന്ത മനസ്സിലുദിച്ചപ്പോൾ ഒന്നും വേണ്ടിയിരുന്നില്ലയെന്നു തോന്നിപ്പോയി…
“”…സിത്തു മേലെയുണ്ടോ ആന്റീ..??”””_ കുറച്ചുകഴിഞ്ഞ് സ്റ്റെയറിന്റെ താഴെനിന്നും മീനാക്ഷിയുടെ ചോദ്യമുയർന്നപ്പോൾ ഉണ്ടെന്നുള്ള അമ്മയുടെ മറുപടികേട്ടതും ഞാൻ കട്ടിലിൽനിന്നും എഴുന്നേറ്റോടി മേശയിൽനിന്നൊരു നോട്ട്ബുക്ക് വലിച്ചെടുത്തു…
അവള് സ്റ്റെയറു കയറിവരുന്ന കാലൊച്ചയറിഞ്ഞതും ഞാൻ ബുക്കുമെടുത്ത് കസേരയിലേയ്ക്കിരുപ്പുറപ്പിച്ചു…
“”…ഹലോ… ഞാനകത്തേയ്ക്കു വന്നോട്ടേ..??”””_ ചെറുചിരിയോടെ വാതിൽക്കൽനിന്നെത്തി നോക്കിക്കൊണ്ട് മീനാക്ഷിചോദിച്ചതും ഞാൻ മുഖംകുനിച്ചു നോട്ട്ബുക്കിലെ അക്ഷരങ്ങളിലേയ്ക്കു കണ്ണുകളെ പൂഴ്ത്തി…
ആദ്യത്തെയാ ഞെട്ടൽ മീനാക്ഷിയുടെ മുഖത്തെ ചിരിയോടെ മാഞ്ഞെങ്കിലും പായസം കുടിയ്ക്കാഞ്ഞതിലുള്ള ദേഷ്യമെന്റെയുള്ളിലുണ്ടായിരുന്നു…
അതുകൊണ്ടുതന്നെ ഒന്നു പാളിനോക്കിയശേഷം ഞാൻ മുഖം കുനിച്ചിരുന്നു…
“”… ആഹാ.! നല്ല ദേഷ്യത്തിലാണല്ലോ… എന്തോപറ്റി… അമ്മ വഴക്കുപറഞ്ഞോ..??”””_ അവളൊരീണത്തിൽ ചോദിച്ചു കൊണ്ടകത്തേയ്ക്കു വന്നതും ഞാൻ ദേഷ്യത്തിൽ ബുക്കുമെടുത്ത് കസേരയോടെ തിരിഞ്ഞിരുന്നു…
“”…അതേ… കൊറേ നേരായ്ട്ട് എനിക്കിച്ചിരി പായിസങ്കുടിയ്ക്കാനൊരു കൊതി… കൊറച്ചു പായിസോണ്ടാവോ തരാൻ..??”””_ അവൾ ചുണ്ടുകളെകടിച്ചുപിടിച്ചു ചിരിയടക്കാൻ ശ്രമിയ്ക്കുമ്പോൾ ഞാൻ കണ്ണുകൾ തുറിച്ചവളെയൊന്നു നോക്കി…
എന്റെ നോട്ടംകണ്ടതും അവൾവീണ്ടും തന്റെ ചോദ്യമാവർത്തിച്ചു… അതും ചിരിയോടെ, എന്നെ കളിയാക്കാമ്മേണ്ടിത്തന്നെ… അതെനിക്കങ്ങോട്ടു പിടിച്ചില്ല…
“”…പോടീ പട്ടീ..!!”””_ ഞാനെന്റെ സർവദേഷ്യവും പുറത്തുകാണിച്ചു ചീറിയതും,
“”…പട്ടീന്നോ..?? ആരെയാടാ നീ പട്ടീന്നു വിളിച്ചേ..??”””_ ന്നും ചോദിച്ചവൾ എന്റെനേരേ വന്നു…
അതുകണ്ടതും ഞാൻ മുഖംകുനിച്ചിരുന്നു…
“”…ആഹാ.! സിത്തൂട്ടനെന്നോടു പെണക്കാ..?? അയ്യയ്യേ… മോശം മോശം..!!”””_ എന്റെയപ്പോഴത്തെ മുഖഭാവംകണ്ടതും പെട്ടെന്നൊന്നടങ്ങിയ മീനാക്ഷി, മൂക്കിൽ വിരലുവെച്ചുകൊണ്ടൊരു പ്രത്യേകതാളത്തിൽ നിന്നെന്നെനോക്കി വീണ്ടും കളിയാക്കിയതും എന്റെ മുഴുവൻദേഷ്യവും ഒറ്റയടിയ്ക്കു പുറത്തുവന്നു…
കസേരയിൽനിന്നും പാഞ്ഞിറങ്ങി, നേരേയോടിച്ചെന്ന് മീനാക്ഷിയെ അരക്കെട്ടിൽ കൈചുറ്റി കെട്ടിപ്പിടിച്ചത് സെക്കന്റുകൾക്കുള്ളിൽ കഴിഞ്ഞു…
എന്താണ് സംഭവിക്കുന്നതെന്ന് മീനാക്ഷി മനസ്സിലാക്കുംമുന്നേ അമ്മയോടും ചെറിയമ്മയോടും കീത്തുവേച്ചിയോടുമൊക്കെ അടിയുണ്ടാക്കുമ്പോൾ പ്രയോഗിയ്ക്കുന്നയെന്റെ രഹസ്യവജ്രായുധം ഞാനവൾക്കുമേൽ പ്രയോഗിച്ചു കഴിഞ്ഞിരുന്നു…
ചെറുതായിട്ടൊന്നഡ്ജസ്റ്റു ചെയ്തുനിന്നവൾടെ വയറ്റിൽതന്നെയൊരൊറ്റ കടി…
ക്ഷണത്തിൽ മീനാക്ഷിയുടെ വായിൽനിന്നുതിർന്ന നിലവിളി റൂമിൽനിന്നും പുറത്തുപോയില്ലെങ്കിലും അതു മൂന്നു ചുവരുകൾക്കുള്ളിൽ കിടന്നലയടിച്ചു…
എന്നിരുന്നാലും ഇനിയൊരിക്കലും മറക്കാനാവാത്തവിധമാ വയറിലെന്റെ മുപ്പത്തിരണ്ട് പല്ലും ചേർന്നെന്നുറപ്പായതിന് ശേഷമാണ് ഞാനവളെ വിട്ടത്…
എന്നെ തള്ളിമാറ്റാനവൾ നോക്കുന്തോറുമെന്റെ പല്ലുകൾ കൂടുതലാ വയറിലെ മാംസത്തിലേക്ക് തുളച്ചുകയറിയിരുന്നു…
അവളുടെ നിലവിളിയാകട്ടെ എന്നെയവൾ കരയിച്ചതിനുള്ള പ്രായശ്ചിത്തമ്പോലെയാണെനിയ്ക്ക് തോന്നിയത്…
അതുകൊണ്ടുതന്നെ അവളോടുള്ളയെന്റെ ദേഷ്യം തീരുന്നതുവരെ ഞാനാക്കടി വിട്ടതുമില്ല…
പിന്നെ കടി വിട്ടപ്പോഴേയ്ക്കും വേദനകൊണ്ടവശയായ മീനാക്ഷി വയറിൽ കൈപ്പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേയ്ക്കിരുന്നുപോയി…
അവളുടെ കരച്ചിലും വേദനകൊണ്ടുള്ള തിരുമ്മലുമൊക്കെ കണ്ടിട്ടും എനിയ്ക്കൊട്ടും സഹതാപം തോന്നിയില്ല…
