എന്റെ നിലാപക്ഷി – 5 16അടിപൊളി 

“അപ്പോൾ ഇനി സർ അങ്ങനെ ഒന്നിനും പോകില്ലെന്നാണോ?”

“അതെനിക്ക് ഉറപ്പ് പറയാനൊന്നും കഴിയില്ല.. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ.”

അനുപമ ജീനയുടെ ലാഘവത്തോടെയുള്ള മറുപടി കണ്ട് അവളെ മനസിലാകാതെ തുറിച്ച് നോക്കി.

“അപ്പോൾ പിന്നെന്തിനാ സാർ സിഗരറ്റ് വലിക്കുന്നത് നീ നിർത്തിച്ചത്, അതും സാറിന് ഇഷ്ട്ടമായിരുന്ന കാര്യമായിരുന്നല്ലോ.”

“അതെനിക്ക് ഇഷ്ട്ടമാല്ലാഞ്ഞത് കൊണ്ട് നിർത്തിച്ചു.”

“അപ്പോൾ സാറ് ആ ഒരു കാര്യത്തിന് പോകുന്നത് നിനക്ക് ഇഷ്ട്ടമാണെന്നാണോ?”

പെട്ടെന്ന് അനുപമയിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ അതിന് എന്ത് ഉത്തരം നൽകണമെന്ന് ജീനക്ക് അറിയില്ലായിരുന്നു.

അവൾ സ്വയം മനസ്സിനോട് അങ്ങനെ ഒരു ചോദ്യം ചോദിച്ച് നോക്കിയപ്പോൾ താൻ കൂടെ ഉള്ളപ്പോൾ ശ്രീഹരി അങ്ങനെ പോകില്ലായിരിക്കും എന്നൊരു ഉത്തരം മാത്രമാണ് അവൾക്ക് കിട്ടിയത്.

.

.

രാത്രി ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ശ്രീഹരി ജീനയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ മുഖത്തെ വിഷാദ ഭാവമെല്ലാം മാറിയിരിക്കുന്നു. എപ്പോൾ ഒരുപാട് സംസാരിക്കാറും ഉണ്ട്. പഴയ ജീനയിലേക്ക് അവൾ തിരിച്ചെത്തിയെന്ന് തന്നെ പറയാം.

പിന്നെ ഉള്ളൊരു വ്യത്യാസം കോളേജിൽ പഠിച്ചിരുന്ന ജീനയിൽ നിന്നും കുറച്ചധികം സ്വാതന്ത്രത്തോടെ ആണ് അവളിപ്പോൾ ശ്രീഹരിയോട് പെരുമാറിയിരുന്നത്. അതിൽ അവന് ഒരു പരിഭ്രമവും ഇല്ലായിരുന്നു. കാരണം അവൾക്ക് ശ്രീഹരി അല്ലതെ എപ്പോൾ മറ്റാരും ഇല്ലെന്ന് അവന് നല്ലപോലെ അറിയാം.

ശ്രീഹരി തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നത് ജീന ശ്രദ്ധിച്ചു. അവൾ മുഖം കൊണ്ട് ആഗ്യത്തിലൂടെ എന്താ എന്ന് അവനോട് ചോദിച്ചു.

“നമുക്കിനിയും ഡോക്ടറിനെ കാണാൻ പോകേണ്ടതായിട്ടുണ്ടോ?”

“ഞാൻ അത് ഇച്ചായനോട് പറയാനിരിക്കയായിരുന്നു. എനിക്കിപ്പോൾ കുഴപ്പമൊന്നും ഇല്ല.. നല്ലപോലെ ഉറങ്ങാൻ പറ്റുന്നുണ്ട് വേണ്ടാത്ത ചിന്തകളും ഇല്ല.”

“ഓക്കേ.. എങ്കിൽ നമുക്കിനി പോകണ്ട..”

ജീനയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്ന കണ്ടപ്പോൾ തമാശയായി ശ്രീഹരി പറഞ്ഞു.

“ഇനിയും പഴയ പോലെ വല്ലോം ആയാൽ നിനക്ക് ആ ഹോസ്പിറ്റലിൽ ഒരു റൂം തന്നെ ബുക്ക് ചെയ്ത് കളയും.”

അത് കേട്ട ജീന ഒരു ചിരിയോടെ പറഞ്ഞു.

“എങ്കിൽ ആ റൂമിൽ ഒരു ബെഡ് കൂടി ഇച്ചായനായിട്ട് ബുക്ക് ചെയ്തോളണം. എന്നെ ഇനി എങ്ങും കൊണ്ട് കളഞ്ഞിട്ട് പോകില്ലെന്ന് ഉറപ്പ് തന്നിട്ടാണ് ഞാൻ കൂടെ വന്നത്.”

ചിരിയിലൂടെ അവൾ പറഞ്ഞ ആ മറുപടിക്കിടയിൽ ഒരു വേദന ഒളിച്ചിരുന്നതായി അവന് തോന്നി. അവന്റെ മുഖം പെട്ടെന്ന് മ്ലാനമായി.

അവന്റെ മുഖത്തെ ഭാവ മാറ്റം കണ്ടപ്പോഴാണ് താൻ പറഞ്ഞതിനുള്ളിൽ ഒരിക്കൽ ഇച്ചായൻ കളഞ്ഞിട്ട് പോയതാണല്ലോ എന്നൊരു അർദ്ധം ഉണ്ടെന്ന് അവൾ ഓർത്തത്.

അവൾ പെട്ടെന്ന് വിഷയം മാറ്റാനായി ചോദിച്ചു.

“നാളെ ഞായറാഴ്ചയായിട്ട് എന്താ പരിപാടി?”

“അനു കുറച്ചു ഫയൽസ് നോക്കാൻ തന്നിട്ടുണ്ട്.. അതൊക്കെ നോക്കി തീർക്കണം.”

“അനു ഇനി രണ്ടു ദിവസം കൂടിയേ ഓഫീസിൽ വരുള്ളല്ലേ?”

അവൻ അതെ എന്ന അർത്ഥത്തിൽ മൂളി.

“നമുക്ക് രണ്ടുപേർക്കും എന്തായാലും അനുവിന്റെ കല്യാണത്തിന് പോകണം.”

ജീന കല്യാണത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീഹരി അവളോട് പറഞ്ഞു.

“നിനക്കും അനുവിനും ഒരേ പ്രായമല്ലേ.. നിന്റെ കല്യാണത്തിനെ കുറിച്ചും നമുക്ക് ആലോചിക്കണ്ടേ?”

അത് കേട്ടപ്പോൾ പ്രസന്നമായിരുന്ന ജീനയുടെ മുഖം പെട്ടെന്ന് മങ്ങി.

അവൾ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു.

“ഇച്ചായൻ കഴിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പ്ലേറ്റ് എടുക്കട്ടെ?”

ജീനയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച്കൊണ്ട് അവൻ തന്റെ മുന്നിലിരുന്ന ഒഴിഞ്ഞ പ്ലേറ്റ് അവളുടെ നേരെ നീക്കി വച്ചു. ജീന പ്ലേറ്റുമെടുത്തു കൊണ്ട് അടുക്കളയിലേക്ക് നടന്നു.

കൈ കഴുകി മുറിയിലേക്ക് നടക്കുമ്പോഴും കല്യാണത്തെ കുറിച്ച് പറഞ്ഞപ്പോഴുള്ള ജീനയുടെ പ്രതികരണം തന്നെ ആയിരുന്നു അവന്റെ മനസ്സിൽ. അവൾ ഒരു കല്യാണത്തിന് സമ്മതിക്കില്ല എന്ന് അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *