എന്റെ പ്രണയാനുഭവങ്ങൾ – 1 Like

അപ്പോഴേക്കും കറണ്ട് പോയി. പിന്നെ ഒട്ടും വൈകിച്ചില്ല… പെട്ടെന്ന് വിട്ടു. അഞ്ചുമിനിറ്റ് കൊണ്ട് ദിവ്യയുടെ വീടിൻ്റെ അടുത്തെത്തി. ഗേറ്റ് പൂട്ടിയിട്ടില്ല. അല്പം തുറന്നിട്ടുണ്ട്. ഞാൻ ശബ്ദമൊന്നും ഉണ്ടാക്കാതെ മെല്ലെ ഉള്ളിലേക്ക് ചെന്നു. കാർ ഇല്ലന്നുള്ളത് തന്നെ അങ്കിൾ ഇല്ല എന്നതിൻ്റെ തെളിവാണ്. ഉള്ളിൽ കടന്നതും അവിടെ പടിയിൽ ഇരിപ്പുണ്ട് ദിവ്യ. നല്ല ഇരുട്ടാണ്. മുറിക്കുള്ളിൽ ഒരു മെഴുകു തിരി കത്തുന്നുണ്ട്. അതല്ലാതെ മറ്റൊന്നും ഇല്ല. വെള്ള നിറത്തിലുള്ള ഒരു പാവാടയും അതിൻ്റെ മുകളിലായി ഒരു ഇരുണ്ട നിറത്തിലുള്ള ഷർട്ടും ആയിരുന്നു അവളുടെ വേഷം. അതിലും ഒരു ഭംഗി തന്നെ ആയിരുന്നു അവളെ കാണാൻ.

അടുത്തേക്ക് ചെന്നിട്ടു മിൽക്കി ബാറും കത്തും അവൾക്കു കൊടുത്തു. എന്ത് മിണ്ടണം എന്നൊന്നും അറിയില്ല രണ്ടാൾക്കും.

“ഇനിയെങ്കിലും എന്നെ വിശ്വസിക്കണം. ഞാൻ തന്നെയാണ് എഴുതിയത്.” എങ്ങനെയോ ഞാൻ അത് പറഞ്ഞൊപ്പിച്ചു.

അവൾ അത് വാങ്ങി വച്ചു.

“ഇപ്പോഴും തീരുമാനം ഒന്നും ആയില്ലേ?” ഞാൻ ഒന്ന് സ്വരം താഴ്ത്തി ചോദിച്ചു.

“ചേട്ടായി… എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല. പക്ഷെ എനിക്ക് ഉറപ്പു വേണം… ചേട്ടായി ഇതൊന്നും സമയം കളയാനായി ചെയ്യുന്നതല്ലന്നു… എന്നിൽ എന്ത് കണ്ടിട്ടാണ് ഇഷ്ടപെട്ടതെന്നു എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല. അതുകൊണ്ടു തന്നെ പേടിയാണെനിക്ക്.” അവൾ ഒരുപാടു ഇതേക്കുറിച്ചു ആലോചിച്ചിരിക്കുന്നു എന്ന് എനിക്ക് മനസിലായി.

ഞാൻ അവളുടെ മുന്നിൽ താഴത്തെ പടിയിൽ ഇരുന്നു.

“നിന്നെ എൻ്റെ ഉള്ളിൽ ഒരുപാട് കാലം കൊണ്ട് നടന്നു താലോലിച്ചിട്ടാണ് നിന്നോട് നേരിട്ട് ഞാൻ ഇതേ കുറിച്ച് പറയുന്നത്. ഈ തോന്നലൊക്കെ തനിയെ അങ്ങ് അടങ്ങും എന്ന് കരുതി ആദ്യം. പക്ഷെ നിന്നോടുള്ള ഇഷ്ടം ദിനംപ്രതി വര്ധിക്കുന്നതല്ലാതെ ഒരിറ്റു കുറഞ്ഞിട്ടില്ല. ഇത്രത്തോളം എനിക്കൊരാളെ ഇഷ്ടപ്പെടാൻ പറ്റുമെന്നൊക്കെ എനിക്കപ്പോഴാ മനസിലായെ. അതും ഈ പെണ്ണിനെ മാത്രമാണ് ഇങ്ങനെ ഭ്രാന്തമായി സ്നേഹിക്കുന്നത്.” ഞാൻ അത് പറഞ്ഞു കൊണ്ട് അവളുടെ കാൽപ്പാദത്തിൽ കൈ വച്ചു.

അവൾ ഒന്ന് ഞെട്ടി. പക്ഷെ അവളുടെ ഇടത്തെ കാൽപാദം ഞാൻ കൈയ്യിൽ എടുത്തു. തലകുനിച്ചു അവളുടെ കാൽപ്പാദത്തിൽ ഒരു ഉമ്മ കൊടുത്തു.

അവൾ പെട്ടെന്ന് കാലു വലിച്ചു കൊണ്ട് ചോദിച്ചു.. “എന്താ ചേട്ടായി ഈ കാണിക്കുന്നേ….?”

“ഈ കാൽപാദം പോലും ഞാൻ ആരാധിക്കുന്നു പെണ്ണെ…” ഞാൻ ആ മങ്ങിയ വെളിച്ചത്തിലൂടെ അവളുടെ കണ്ണുകളെ നോക്കി പറഞ്ഞു. ആ കണ്ണുകളിൽ കൂടുതൽ തിളക്കം ഞാൻ കണ്ടു. ആഴമുള്ള കണ്ണുകൾ ആണവൾക്കു. അതിൽ നോക്കി ഇരുന്നാൽ സമയം പോകുന്നത് അറിയാൻ കഴിയില്ല.

അൽപനേരം അങ്ങനെ അവളുടെ അടുത്ത് ചേർന്നിരുന്നു. അവൾക്കു കൽക്കണ്ടത്തിൻ്റെ മണമാണെന്നു എനിക്ക് തോന്നി. അവളുടെ കാൽപാദം പോലും ശരിക്കും മൃദുലമായിരുന്നു.

“അപ്പൊ ശരിക്കും എന്നെ ഇഷ്ടമാണല്ലോ അല്ലെ?” ഞാൻ വീണ്ടും വിശ്വാസമില്ലാത്ത പോലെ ചോദിച്ചു.

“എനിക്കിഷ്ടമാണെന്നു ഞാൻ പറഞ്ഞല്ലോ. പിന്നെന്താ ഇനി സംശയം?” ദിവ്യ ചോദിച്ചു.

“നാളെ ഞാൻ വീണ്ടും ചോദിക്കും കേട്ടോ. ഇതൊന്നും സ്വപ്നമല്ലെന്നു ഉറപ്പു വരുത്താനാണ്.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇനിയും അവിടെ ഇരുന്നാൽ കറണ്ട് വരും. പിന്നെ പുറത്തിറങ്ങാൻ പാടാവും. അയല്പക്കത്തുള്ളവർ കാണും. എല്ലാരും പരിചയക്കാരാണ്.

“അപ്പൊ ഞാൻ ഇറങ്ങട്ടെടാ. ഫോൺ വിളിക്കാം ഞാൻ.” അതും പറഞ്ഞു ഞാൻ എഴുന്നേറ്റു ഗേറ്റിനടുത്തേക്കു നടന്നു. അടുത്തെത്തിയതും അവൾ തൊട്ടു പുറകെ തന്നെ ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ അവൾ പുറകിൽ നിന്നും എന്നെ കെട്ടി പിടിച്ചു. “എന്നെ പറ്റിക്കരുത് ചേട്ടായി…” അവൾ അല്പം ശബ്ദം ഇടറികൊണ്ട് പറഞ്ഞു.

ഒന്ന് ഞെട്ടിയെങ്കിലും ആ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഉള്ളിൽ. ഞാൻ അവളുടെ രണ്ടു കൈകളിലും പിടിച്ചു എൻ്റെ മുന്നിലേക്ക് നിർത്തി. എൻ്റെ കഴുത്തുവരെയാണ് അവളുടെ പൊക്കം. എന്നിലേക്ക്‌ ചേർത്ത് നിർത്തി കെട്ടി പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു “മോൾക്കങ്ങനെ ഒരു തോന്നൽ പോലും ഒരിക്കലും മനസ്സിൽ വരരുത്. നമുക്ക് നമ്മുടെ മുന്നിൽ ഒരുപാട് സമയം ഉണ്ട്. പക്ഷെ അതൊക്കെ പെട്ടെന്ന് തീരും. പക്ഷെ എന്തൊക്കെ തന്നെയാണേലും നിൻ്റെ കൂടെ തന്നെ എന്നും ഞാൻ ഉണ്ടാവും മോളെ… “

Leave a Reply

Your email address will not be published. Required fields are marked *