“എനിക്കതൊന്നും അറിയില്ലടോ… ഉള്ളിൽ തോന്നിയതെല്ലാം ഞാൻ ആ പേപ്പറിൽ എഴുതിയിട്ടുണ്ട്. അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല. എന്നെ തിരികെ ഇഷ്ടപ്പെടണം എന്നൊന്നും ഞാൻ വാശി പിടിക്കില്ല. എന്നെ കണ്ടിഷ്ടപ്പെടാൻ ഇത്തിരി ബുദ്ധിമുട്ടും ആരായാലും. ആ അപകർഷതാബോധത്തേക്കാളൊക്കെ വലുതാണ് തന്നോട് തോന്നിയ ഇഷ്ടം. അത് മാത്രം കാരണമാണ് ഞാൻ അതൊക്കെ തന്നെ അറിയിക്കണം എന്ന് കരുതിയത്. കാര്യമാക്കണ്ടാട്ടൊ. പക്ഷെ ഇതൊക്കെ പഠിത്തം കഴിഞ്ഞേ തോന്നാവു എന്നൊന്നും എൻ്റെ മനസിന് അറിയില്ല. തോന്നിയതൊന്നും മാറാത്തതും ഇല്ല. ഇല്ലെങ്കിൽ ഒരു കൊല്ലം മുന്നേ തന്നെ മാറണമായിരുന്നു. എന്തായാലും താങ്ക്യൂ….” അത്രയും പറഞ്ഞു അപ്ലനേരം ഒരു മിണ്ടാട്ടവും ഇല്ലാതായപ്പോൾ ഞാൻ തന്ന ഫോൺ കട്ട് ചെയ്തു.
ഫോൺ വച്ച് ഒരു മിനിറ്റ് കഴിഞ്ഞതും തിരിച്ചു ഫോൺ ശബ്ദിച്ചു.
“ഹാലോ…” ഞാൻ ചോദിച്ചതും അവിടുന്ന് ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം…
“ഇത് ഞാനാ… ദിവ്യ… എന്തിനാ ഫോൺ വെച്ചേ?” ദിവ്യയുടെ പരിഭവത്തോടെയുള്ള ഒരു ചോദ്യം.
“ഞാൻ കരുതി ഇയ്യാൾക്ക് ഇതൊന്നും ഇഷ്ടമായില്ലന്നു. എന്തിനാ വെറുതെ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നെ? അതാ പിന്നെ അങ്ങ് കട്ട് ആക്കിയേ..” ഞാൻ പറഞ്ഞു.
“ഞാൻ ഇങ്ങനൊന്നും ആരോടും സംസാരിച്ചിട്ടില്ല. അതിൻ്റെ ബുദ്ധിമുട്ടുണ്ടെനിക്ക്. പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ ചേട്ടായിയോട്?” അവൾ ചോദിച്ചു.
ഞാൻ: “എന്താടോ… താൻ ചോദിച്ചോന്നെ….”
ദിവ്യ: “ഈ കത്ത് ശരിക്കും ചേട്ടായി തന്നതാൻ എഴുതിയതാണോ?”
ഞാൻ: “അതെ എന്താ ചോദിച്ചേ? സ്പെല്ലിങ് വല്ലോം തെറ്റുണ്ടോടാ?”
ദിവ്യ: “ഏയ്… അതൊന്നുമില്ല… പക്ഷെ ചേട്ടായിക്ക് ഇങ്ങനൊക്കെ മനസുതുറന്നു എഴുതാൻ പറ്റുമെന്നൊന്നും ഞാൻ വിചാരിച്ചില്ല. മാത്രമല്ല ചേട്ടായിയുടെ ശബ്ദം ഭയങ്കര രസമാ കേൾക്കാൻ. രൂപവും ശബ്ദവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് കേട്ടോ.” ചെറുതായി ചിരിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞത്.
ഞാൻ: “എന്തെങ്കിലും എന്നിൽ കൊള്ളാമല്ലോ. അത് താൻ പറഞ്ഞു കേട്ടതിൽ സന്തോഷമേ ഉള്ളു.”
ദിവ്യ: “എനിക്കൊന്നു നേരിട്ട് കാണാൻ പറ്റുവോ?”
ഞാൻ: “ഇനി തല്ലാനോ മറ്റോ പ്ലാൻ ഉണ്ടോ കൊച്ചിന്?”
ദിവ്യ: “അയ്യോ അല്ല… ചുമ്മാ ചോദിച്ചന്നെ ഉള്ളു…”
ഞാൻ: “എപ്പോഴാ കാണേണ്ടേ.. അത് പറ… താൻ ചോദിച്ച ആദ്യത്തെ കാര്യമല്ലേ… എപ്പോ വേണേലും കാണാം..”
ദിവ്യ: “വൈകുന്നേരം അനിയത്തിയെ ഡോക്ടറിൻ്റെ അടുത്ത് കൊണ്ട് പോകുന്നുണ്ട് അച്ഛനും അമ്മയും. എട്ട് മണിക്കാണ് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ്. അപ്പൊ അവരെല്ലാം ഏഴ് മണിയാകുമ്പോ പോകും. ഈ ആഴ്ച ഏഴരക്കല്ലേ പവർ കട്ട്? അന്നേരം ഗേറ്റിൻ്റെ അടുത്ത് വരാമോ? അവരൊക്കെ തിരിച്ചെത്തുമ്പോഴേക്കും എട്ടെട്ടരയാവും. എന്തെ?”
ഞാൻ: “പിന്നെന്താ. ഏറ്റു. വേറെ എന്തേലും???”
ദിവ്യ: “എനിക്ക് ഇതുപോലെ ഒരു ചെറിയ കത്ത് കൂടെ എഴുതി കൊണ്ടുവരാമോ?”
ഞാൻ: “ഓഹോ അപ്പൊ ഇപ്പോഴും സംശയം തന്നെയാണല്ലേ. കൊണ്ട് വരാലോ. എന്തായാലും ഇപ്പൊ സമയം ആറരയായി. ഈ ഒരു മണിക്കൂർ കൊണ്ടെന്തായാലും മറ്റൊരാളുടെ സഹായത്താൽ എഴുതിക്കാൻ പറ്റില്ല. അപ്പൊ പിന്നെ ഞാൻ കൊണ്ട് തരുന്ന കത്ത് വായിച്ചാൽ വിശ്വാസമാകുമല്ലോ?”
ഒരു കള്ളച്ചിരി മാത്രമായിരുന്നു അതിനുള്ള മറുപടി.
“അപ്പൊ ശരി… ഒരു മണിക്കൂറിനുള്ളിൽ ഗേറ്റിനു അടുത്ത് വച്ച് കാണാം.” അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
നേരെ എൻ്റെ മുറിയിൽ എത്തി കത്തെഴുതി. തിരിച്ചു വിളിച്ചു സംസാരിച്ചതിനുള്ള നന്ദിയും കൂടെ ചേർത്ത് എഴുതി.
പെട്ടെന്ന് ഒന്നുടെ പോയി കുളിച്ചിട്ടു ഒരു കാഖി നിറമുള്ള ഷോർട്സും ഒരു വെള്ള ഷർട്ടും ഇട്ടു എഴുതിയ കത്തും പോക്കറ്റിൽ ഇട്ടുകൊണ്ട് പുറത്തേക്കു വന്നു. പുറത്തേക്കു വന്നതും മമ്മിയുടെ ചോദ്യം… “എങ്ങോട്ടേക്കാട ഈ അസ്സമായതു…?”
“ഒന്ന് നടക്കാനിറങ്ങിയതാ മമ്മി… നല്ല ഗ്യാസ് ഉള്ള പോലെ… ഒന്ന് നടന്നേച്ചും വരാം. കറണ്ട് പോയ പിന്നെ ചൂടല്ലേ. ആ സമയം നടന്നു തീർക്കലോ.” അങ്ങനെ പറഞ്ഞു ഞാൻ ചെരിപ്പും എടുത്തിട്ട് ഒന്ന് പുറത്തേക്കിറങ്ങി. സമയം ഏഴേകാൽ ആയതേ ഉള്ളു. അതുകൊണ്ടു തന്നെ ചുമ്മാ ഒന്ന് അടുത്ത കട വരെ നടന്നു. അവിടുന്ന് ഒരു മിൽക്കി ബാറും വാങ്ങി.
