കുറച്ചു പതുക്കെ.. ഇത് ഹോസ്പിറ്റൽ ആണ്….. അതും പറഞ്ഞുകൊണ്ട് അല്പം ദേഷ്യത്തിൽ ഐശ്വര്യ ചേച്ചി കയ്യിലെ ട്രേ ടേബിളിനു മുകളിൽ വച്ചു.. പിന്നെങ്ങോട് മൂന്ന് തവണ വൈരാഗ്യം തീർക്കും പോലെ എന്നെ കുത്തി.
ഇങ്ങനെ കിടപ്പായി പോയി അല്ലെങ്കിൽ ഇവളെ എടുത്ത് കിണറ്റിൽ ഇടാമായിരുന്നു.. ഞാൻ പല്ലു കടിച്ചു.. കാരണം നല്ല വേദനയുണ്ട് ഇഞ്ചക്ഷൻ എടുക്കുമ്പോൾ.
പിന്നെ പിന്നെ അപ്പുവും ഞങ്ങളോടൊപ്പം ചേർന്നു ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ച് പെട്ടെന്ന് ഞാൻ അപ്പുവിനോട് ചോദിച്ചു.
എൻറെ പ്രൊഡ്യൂസർക്ക് എങ്ങനുണ്ട്….. ഏകദേശം ഒരു ഐഡിയ കിട്ടിയെങ്കിലും ഇടയ്ക്കിടെ തന്തയുടെ ദുരവസ്ഥ കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം.
ഒരിക്കലും എഴുന്നേറ്റു നടക്കാൻ പറ്റില്ലെന്നാണ് ഇന്ന് ഡോക്ടർ പറഞ്ഞത്.. കാരണം നടു റബർ ആയത്രേ.. പിന്നെ കയ്യും കാലും ഒക്കെ അനങ്ങും പക്ഷേ ഒരുപാട് സമയം എടുക്കും.. പിന്നെ നാവിന് കുഴപ്പമൊന്നുമില്ല.. അതിപ്പോ ഇവിടത്തെ ഡോക്ടർമാരും സിസ്റ്റർമാരും അനുഭവിക്കുന്നുണ്ട്……. അവസാനം പറഞ്ഞു നിർത്തുമ്പോൾ അപ്പു ഒന്ന് ചിരിച്ചു.
അല്ലിയോട് പറഞ്ഞു ആരെയെങ്കിലും സ്വാധീനിച്ച് വല്ല മരുന്നും കുത്തിവെച്ച് നാവും കൂടി അങ്ങ് തളർത്തി കളഞ്ഞാലോ… ഞാൻ ആ വഴിക്ക് ചിന്തിച്ചു കൊണ്ടിരിക്കെ.
നിൻറെ അച്ഛനല്ലേടാ.. നിനക്കെന്താ ഒരു വിഷമവും ഇല്ലാത്തത്….. വിശാഖ് ഒരു വല്ലായ്മ യോടെ എന്നെ നോക്കി ചോദിച്ചു.. കാര്യം നാലുവർഷമായി ആത്മാർത്ഥ സുഹൃത്തുക്കളാണെങ്കിലും ഞാൻ കാര്യമായി അച്ഛനെ പറ്റി ഒന്നും ഇവന്മാരോട് പറഞ്ഞിട്ടില്ല.
ജന്മം തന്നതുകൊണ്ട് ഒരാൾ അച്ഛനാവുമോടാ…… ഞാൻ അവനെ നോക്കി ചോദിച്ചു കൊണ്ട് ഒരു കാര്യവുമില്ലാതെ സീലിങ്ങിലേക്ക് കണ്ണുനട്ടു.. അങ്ങനെയാണല്ലോ ഒരു ഡ്രാമാറ്റിക് സിറ്റുവേഷനിൽ ഒരു ചോദ്യവും ചോദിച്ച് അങ്ങനെ കിടക്കണം.. വെറും പട്ടിഷോ.
അപ്പു കുലുങ്ങിച്ചിരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. ഇവനെ പാടത്ത് ചെളിയിൽ മുക്കണം എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ ഒന്ന് മെല്ലെ വിശാഖിനെ നോക്കിയപ്പോൾ അവൻ ആകെ കിളി പോയി എന്നെത്തന്നെ നോക്കിയിരിക്കുകയാണ്.
പെട്ടെന്ന് മുറിയുടെ വാതിൽ ആരോ തള്ളി തുറന്നു.. കയറിവന്ന ആളെ കണ്ടു ഞാൻ ഒന്നു കിടുങ്ങി.. സ്റ്റെഫി.
കാശി…… എന്നെ ആകമാനം ഒന്നു നോക്കിയശേഷം ഒരു ആശ്വാസത്തോടെ നെഞ്ചത്ത് കൈവച്ച് എന്നെ നോക്കി അവൾ വിളിച്ചു.
ഭഗവാനേ ഇവളും അറിഞ്ഞു.. എൻറെ ചങ്കിടിപ്പ് കൂടി.. അല്ലിയുടെ മുഖം എൻറെ മനസ്സിൽ തെളിഞ്ഞു.
എങ്ങനുണ്ട്….. സ്റ്റെഫി എന്റെ അടുത്ത് ഇരുന്ന് വിശാഖിനെ തള്ളിമാറ്റി അവിടേക്ക് ഇരുന്നുകൊണ്ട് എന്റെ മുഖത്തുകൂടി തഴുകി ഒരു വിതുമ്പലോടെ ചോദിച്ചു.
എനിക്ക് ഒന്നുമില്ല മിസ്സ്….. ഞാൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.
ഞാനാകെ പേടിച്ചുപോയി കാശി.. എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.. നിനക്ക് ആക്സിഡൻറ് പറ്റി എന്ന് ഇവന്മാരാണ് വിളിച്ചുപറഞ്ഞത്.. അറിഞ്ഞപ്പോൾ തൊട്ട് ഇവിടെ എത്തുന്നതുവരെ മനുഷ്യൻറെ ജീവൻ പോയി…….. സ്റ്റെഫി എന്നെ നോക്കി നിറഞ്ഞുവരുന്ന കണ്ണുകൾ കഷ്ടപ്പെട്ട് തടഞ്ഞുനിർത്തിക്കൊണ്ട് പറഞ്ഞു.
എനിക്ക് ഒന്നുമില്ല.. കൊടുങ്കാറ്റിൽ ഉണ്ടായവൻ ചാറ്റൽ മഴ കണ്ട് പേടിക്കേണ്ട ആവശ്യമുണ്ടോ….. ഞാൻ സ്റ്റഫിയെ നോക്കി ഒരു ഉളുപ്പുമില്ലാതെ തള്ളി.
അതിന് അവൾ എന്നെ ഒരു കള്ള ഗൗരവത്തോടെ കൂർപ്പിച്ചു നോക്കി.. ബാക്കി മൂന്ന് അവന്മാരും വാപൊത്തി ചിരിക്കുന്നുണ്ടായിരുന്നു.. സാഹചര്യം ഒന്ന് അയഞ്ഞതിന്റെ ആശ്വാസം എന്നിലും നിറഞ്ഞു.. പിന്നെ അപ്പുവിനെ പരിചയപ്പെടുത്തി കൊടുത്ത ശേഷം ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു.
ഇടയ്ക്ക് അവന്മാര് ചായ കുടിച്ചിട്ട് വരാം എന്നും പറഞ്ഞ് അപ്പുവിനെ നിർബന്ധിച്ച് അവരോടൊപ്പം കൊണ്ടുപോയി.. ഞാനും സ്റ്റെഫിയും മാത്രമായി മുറിയിൽ.
അവന്മാര് ഇറങ്ങിയ നിമിഷം സ്റ്റഫിയുടെ നോട്ടത്തിന്റെ വിധം മാറിയത് ഞാൻ ശ്രദ്ധിച്ചു.. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു ഭാവം.
നാശത്തിലേക്കാണ് നിൻറെ പോക്ക് എന്ന് എൻറെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്നുണ്ടായിരുന്നു.
