ഏദേൻസിലെ പൂപാറ്റകൾ – 7

ശ്രുതി സോഫയിൽ നിന്നും എഴുന്നേറ്റു. തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കുമെന്ന് കരുതാത്ത രണ്ടാമത്തെ കുൽസിതമെങ്കിലും കൗതുകമുള്ള പ്രവർത്തി. ചെറിയൊരു ഭയമുണ്ടെങ്കിലും ലിസിയുടെ ധൈര്യത്തിലാണ് മുതിരുന്നത്.

ലിസി സിഗരറ്റ് ശ്രുതിയിലേക്ക് നീട്ടി. സിഗരറ്റ് പിടിക്കാനാറിയില്ലെങ്കിലും കണ്ടിട്ടുള്ള പരിചയത്തിൽ തീ കയ്യിൽ കൊള്ളാതെ അവൾ രണ്ടു വിരലുകൾക്കുള്ളിൽ പിടിച്ചു. ബാൽക്കണിയിലെ കൈപിടിയിലേക്ക് ചാരി ലിസിയെ നോക്കി കൊണ്ട് സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു. പതിയെ ഉള്ളിലേക്ക് വലിച്ചു. വായിൽ പുക നിറയുന്നത് അവളറിഞ്ഞു. വായിൽ നിറഞ്ഞ പുക പുറത്തേക്ക് ഊതി വിട്ടു. അവ പല രൂപങ്ങളായി ഇരുട്ടിലേക്ക് ലയിച്ചില്ലാതെയായി.

ആദ്യമായി പുക വലിച്ചതിന്റെ കൗതുകത്തിൽ ശ്രുതി ലിസിയെ നോക്കി. ലിസി അവളെ നോക്കി ചിരിക്കുകയാണ്. ശ്രുതി എന്തെ എന്നർത്ഥത്തിൽ കണ്ണുരുട്ടി.

“ഇങ്ങനെ അല്ലാടി പെണ്ണെ സ്‌മോക്ക് ചെയ്യുന്നത്, ഇങ്ങിനെ വലിച്ചാൽ സിഗരറ്റ് തിരുന്നു എന്നല്ലാതെ കാര്യമൊന്നുമില്ല…”

“പിന്നെങ്ങനാ…” താൻ ആദ്യമായി ഒരു അഭിമാനകരമായ കാര്യം ചെയ്തിട്ട് അതിനെ ഇത്ര നിസാരമായി തള്ളി പറയുന്നത് കേട്ട് ചൊടിച്ച് കൊണ്ട് ശ്രുതി ചോദിച്ചു.

“ഇങ് കൊണ്ടോ ഞാൻ കാണിച്ച് തരാം..” ലിസി ശ്രുതിയിൽ നിന്നും സിഗരറ്റ് വാങ്ങി.

“ഡി നോക്ക്… ആദ്യം കവിളിലേക്ക് പുക എടുക്കുക…” എന്നും പറഞ്ഞു ലിസി സിഗരറ്റ് ചുണ്ടിൽ വെച്ച് വലിച്ചു.

“എന്നിട്ട് ഇത് പോലെ ഉള്ളിലേക്ക് ഒന്നും കൂടെ വലിക്കണം..” കവിളിലെ പുക ഒന്നും കൂടെ ഉള്ളിലേക്ക് വലിച്ച് കാണിച്ചതിന് ശേഷം ലിസി പറഞ്ഞു. ശ്രുതി വീണ്ടും ലിസിയിൽ നിന്നും സിഗരറ്റ് വാങ്ങി പുക കവിളിലെടുത്തു.

“ഇനി ഇരുത്തി ഉള്ളിലേക്ക് വാലിക്ക്..” ലിസി പറഞ്ഞു. ശ്രുതി ഉള്ളിലേക്ക് വലിച്ചു.

“ക്ക്ച്ച് ക്ക്ച്ച് ക്ക്ച്ച് ക്ക്ച്ച് ” ശ്വാസകോശത്തിലേക്ക് പുക ചെന്നപോയേക്കും ശ്രുതി ചുമക്കാൻ തുടങ്ങി. നിയന്ത്രിക്കാൻ കഴിയാത്ത ചുമ കാരണം കയ്യിലിരുന്ന സിഗരറ്റ് താഴേക്ക് തെറിച്ചു. നെഞ്ച് തിരുമ്മി കൊണ്ട് അവൾ സോഫയിലേക്കിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ശാന്തമായെങ്കിലും അവളുടെ കണ്ണും മുഖവും ചുമന്നിരുന്നു.
“എങ്ങനെയുണ്ട്…?” ലിസി ചിരിച്ചുകൊണ്ട് ചോദിച്ചു.

“എന്റമ്മോ സ്വാർഗവും നരകവും ഒരുമിച്ച് കണ്ടു, നിങ്ങളൊക്കെ എങ്ങനാ ഇത് വലിക്കുന്നത്…?”

“ഹ ഹ ഹ … അത് ആദ്യം വലിക്കുന്ന എല്ലാര്ക്കും ഇങ്ങനെയാ… ഞാനും ചുമച്ചിട്ടുണ്ട് ഒരുപാട്… പിന്നെ മാറും..”

“മ്മ്… എനിക്ക് വേണ്ടാ..”

“എന്ന കിടക്കാം…” ലിസി ചോദിച്ചു.

“ചേച്ചിക്ക് ഉറക്കം വരുന്നില്ലേൽ കുറച്ച് നേരം കൂടെ ഇരിക്കാം..” ശ്രുതി അപേക്ഷയുടെ മുഖവുമായി പറഞ്ഞു.

“ഒക്കെ… ”

ശ്രുതി വീണ്ടും കൈവരികൾക്ക് അടുത്ത് പോയി നിന്ന് ഇരുട്ടിലേക്ക് നോക്കി. ആകാശത്ത് ഒന്ന് രണ്ടു നക്ഷത്രങ്ങൾ മിന്നുന്നുണ്ട്. കാറ്റിനിപ്പോൾ നേരിയ തണുപ്പ് തോന്നുന്നു.

“എന്തെ…? ഇരുട്ടിലേക്ക് ഇങ്ങനെ നോക്കുന്നത്..?” ലിസി ശ്രുതിക്ക് അടുത്ത് ചെന്ന് നിന്ന് കൊണ്ട് ചോദിച്ചു.

“ഹേയ്.. ഒന്നുല്ല.. ഓരോന്ന് ഇങ്ങനെ ആലോചിച്ച് നിന്നതാ..” ശ്രുതി ലിസിയിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.

“എന്താ ഇത്ര ആലോചിക്കാൻ…?”

“ഞാൻ ഈ ചെന്നൈ നഗരത്തിൽ ഇങ്ങനെ വന്നു നിൽക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല…. ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു…. വിവാഹം, ഒരു നല്ല ഭർത്താവ്, മക്കൾ, സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുമ്പം… അങ്ങിനെ ഒട്ടേറെ മോഹങ്ങൾ. ആ മോഹങ്ങളത്രയും ഒരു ദിവസം വീട്ടിൽ വന്ന പണിക്കർ മുളയിലേ നുള്ളിക്കളഞ്ഞു…” ഒരു ദീർഘ ശ്വാസത്തോടെ ശ്രുതി പറഞ്ഞു നിർത്തി.

ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം ശ്രുതിയുടെ മുഖത്ത് നിന്നും ലിസിക്ക് വായിച്ചെടുക്കാൻ പറ്റി. അവൾ ആ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ ഇരുട്ടിലേക്ക് നോക്കി വീണ്ടും പറയാൻ തുടങ്ങി. പക്ഷെ, അതൊന്നും തന്നോടല്ലെന്ന് ലിസിക്ക് തോന്നി. അവളുടെ വേദനകളും വിഷമങ്ങളും അദൃശ്യനായ ആരോ സാകുതം കേൾക്കുന്നുണ്ടെന്ന ഭാവമായിരുന്നു ശ്രുതിയിൽ.

“…പിന്നീട് അങ്ങോട്ട് വീട്ടിൽ നിന്നും തഴയപ്പെട്ട ഒരാവസ്ഥയായിരുന്നു. ഞാനാ വീട്ടിലുള്ള ആളാണെന്ന ഒരു പരിഗണനയുമില്ലായിരുന്നു… എന്നെ കാണുമ്പോയൊക്കെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വിഷമാണോ ദേഷ്യാണോ എന്നറിയാത്ത ഒരു ഭാവം… വീട്ടിൽ വരുന്ന ബന്ധുക്കളൊക്കെ എന്നെ നോക്കി സങ്കടപ്പെട്ടു… അങ്ങനെ അവിടെ നിക്കാൻ പറ്റാതായിട്ടാണ് ഞാൻ നിയമം പഠിക്കണം എന്നും പറഞ്ഞു ഹോസ്റ്റലിലേക്ക് മാറിയത്… ഹോസ്റ്റലിന്ന് വീട്ടിലേക്ക് പോകാൻ തന്നെ മടുപ്പായിരുന്നു… ”

ശ്രുതിയുടെ വാക്കുകൾ ഹൃദയത്തിന്റെ ഉള്ളറകൾ ഭേദിച്ചാണ് വരുന്നത് എന്ന് ലിസിക്ക് തോന്നി. അത്രയ്ക്ക് ഉറച്ചതും മനസ്സിനെ തൊടുന്നതുമായിരുന്നു.
“… പിന്നെ അങ്ങോട്ട് എനിക്ക് വാശിയായിരുന്നു… പഠിച്ച് എവിടേലും എത്തണം… സ്വന്തമായി ജീവിക്കണം… എന്നെ നോക്കി സങ്കടപെടുന്നവരോ… ഞാനൊരു ബാധ്യതയാക്കപ്പെട്ടവരോ ഇല്ലാത്ത എവിടേലും പോയി സ്വസ്ഥമായി ജീവിക്കണം… എന്നൊക്കെ.. ആദ്യം കിട്ടിയ ജോലിയിൽ തന്നെ കയറി… അനുപേട്ടന്റെ കൂടെ… ദാ… ആ ജീവിതം ഇവിടെ എത്തി നിൽക്കുന്നു… ” ശ്രുതി ഒരു ചെറു ചിരിയിൽ ചാലിച്ച് അവളുടെ ദീർഘമായ വാക്കുകൾ അവസാനിപ്പിച്ച് ലിസിയെ നോക്കി.

ലിസിയും അവളെ നോക്കി ചിരിച്ചു. ശ്രുതിയുടെ പിറകിലൂടെ ചെന്ന് അവളുടെ തോളിൽ കൈവെച്ച് കൊണ്ട് ലിസി അവളെ സമാധാനിപ്പിക്കാനെന്നോണം തലോടി.

“എന്റെ ശ്രുതി… ജീവിതം എന്ന് പറയുന്നത് എല്ലാവർക്കും ഇങ്ങനെ ഒക്കെ തന്നെയാ… നമുക്ക് പുറമെ നിന്ന് നോക്കുമ്പോൾ ഭയങ്കര ആർഭാടമായിട്ടും സന്തോഷമായിട്ടുമൊക്കെ തോന്നും… പക്ഷെ, എല്ലാവരുടെ ഉള്ളിലും കാണും അവരുടേതായ വിഷമങ്ങൾ… ഞങ്ങളുടെ കാര്യം തന്നെ നോക്ക്… ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു.. പറക്കമുറ്റാത്ത കുട്ടികളെ ഈ ഭൂമിയുടെ പരപ്പിൽ ഒറ്റക്കാക്കി അവരങ് പോയി… പിന്നെ എങ്ങിനെയാണ് ഇവിടെ വരെ എത്തിയതെന്ന് ആലോചിക്കുമ്പോൾ തന്നെ അത്ഭുതമാണ്… പിടിച്ച് നീക്കാനുള്ള ഓട്ടമായിരുന്നു… സഹതപിക്കാൻ നമുക്ക് ചുറ്റും ഒരുപാട് പേര് കാണും… പക്ഷെ അവരുടെ സഹതാപത്തിൽ കുടുങ്ങി പോയാൽ… നമ്മൾ എന്നും വേദന തിന്ന് ജീവിക്കേണ്ടി വരും….” ലിസി പറഞ്ഞു നിർത്തി.

ലിസിയുടെ മുഖത്തേക്ക് നോക്കിയാ ശ്രുതിക്ക് ആ മുഖം ഒരു ബുദ്ധമഹർഷിയുടെ ചൈതന്യമുള്ളത് പോലെ തോന്നി. ആ വാക്കുകൾ അവളെ ദുഖമുക്തിയിലെത്തിച്ചു. മനസ്സിൽ കാലങ്ങളായി തൂങ്ങി കിടന്ന ഭാരം തെല്ലു കുറഞ്ഞത് പോലെ. എന്ത് ഉൾപ്രേരണയാണ് കിട്ടിയതെന്നറിയില്ല, ശ്രുതി ലിസിയെ കെട്ടിപിടിച്ചു. അവളുടെ കവിളിൽ ഉമ്മവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *