ഏദേൻസിലെ പൂപാറ്റകൾ – 7 2

“ശ്രുതി ഉറങ്ങിയില്ലേ…” മറ്റേതോ ചിന്തയിൽ വിരാജിക്കുകയായിരുന്ന ശ്രുതി പെട്ടെന്ന് ലിസിയിൽ നിന്നും വന്ന ചോദ്യം കേട്ട് ഞെട്ടി.

ജനലിലൂടെ വരുന്ന വെളിച്ചത്തിൽ ചുമരിൽ തീർത്ത നിഴലുകളിൽ വിരലുകൾ കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്ന അവളുടെ കരങ്ങൾ നിശ്ചലമായി ചുമരിൽ തന്നെ തങ്ങി നിന്നു. പിന്നീട് പതിയെ കിടക്കയിലേക്ക് അവ താണു.

“ശ്രുതി…” ലിസി പിന്നെയും വിളിച്ചു. ശ്രുതി മിണ്ടിയില്ല.

“ശ്രുതി….” ലിസി അവളെ കുലുക്കി കൊണ്ട് വിളിച്ചു.

“മ്മ്.. അവളൊന്ന് മൂളി…

“എന്തെ ഉറങ്ങിയില്ലേ..?”

“ഇ.. ഇല്ല..”

“എന്തെ… ഉറങ്ങാത്തെ..?”

“ഒന്നുല്ല… രാവിലെ ഉറങ്ങിയിട്ട് ഇപ്പൊ ഉറക്കം വരുന്നില്ല…” അല്പനേരത്തെ മൗനത്തിന് ശേഷം ശ്രുതി മറുപടി കൊടുത്തു.

“മ്മ്.. ഉറക്കം വരുന്നില്ലേൽ വാ… നമുക്ക് ബാൽക്കെണിയിൽ പോയി കുറച്ച് നേരമിരിക്കാം…” ലിസി കിടക്കയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ശ്രുതി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ലിസിയുടെ കൂടെ എഴുന്നേറ്റ് ചെന്നു.

ഹാളിൽ ചെന്നപ്പോൾ അനൂപും ജോയിയും കിടക്കുന്നുണ്ടായിരുന്നു. ജോയിയുടെ കൂർക്കം വലി ഒരു പഴയ മോട്ടർ ശബ്ദത്തിൽ ഉയർന്നും താഴ്ന്നും കേൾക്കാം. അത് കേട്ടപ്പോൾ ശ്രുതിക്ക് ചിരി വന്നു.
“ചിരിച്ച് അവരെ ഉണർത്തണ്ട….” ലിസി പതിയെ പറഞ്ഞു.
ശ്രുതി ലിസിയുടെ പിറകെ ബാൽകെണിയിലേക്ക് കയറി. ബാൽകെണിയിലേക്ക് കയറിയതും ലിസി ഹാളിലേക്കുള്ള വാതിൽ ചാരി.

പുറത്ത് പകലിലെയത്ര ചൂടില്ലെങ്കിലും ഇടക്കടിക്കുന്ന കാറ്റിൽ ചൂടും തണുപ്പും കലർന്ന ഒരു സുഖമുണ്ടെന്ന് ശ്രുതിക്ക് തോന്നി. നിശബ്ദമായ അന്തരീക്ഷത്തിൽ ദൂരെ കടലിരമ്പുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇരുട്ടുവീണ് കിടക്കുന്ന പുറത്തെ കാഴ്ച്ചകളിൽ ഇടക്കിടെ കത്തി നിൽക്കുന്ന മഞ്ഞ നിയോൺ ലൈറ്റുകൾ കാണാം.

ബാൽക്കെണിയിൽ ഒരു ടീപോയിക്ക് ഇരു വശത്തായി രണ്ടു സോഫകൾ ഇട്ടിരിക്കുന്നു. വലിയ ചെടിചട്ടികളിൽ പുല്ല് പോലത്തെ ചെടികൾ വളർന്നു നിൽക്കുന്നുണ്ട്. കാറ്റിന്റെ കൊഞ്ചലിൽ അവ തലയട്ടുന്നുമുണ്ട്. ശ്രുതിയും ലിസിയും സോഫകളിൽ ഇരുന്നു.

“ശ്രുതിയുടെ വീട്ടിൽ ആരൊക്കെയുണ്ട്..?” അവർക്കിടയിലെ നിശബ്ദത മുറിക്കാനെന്നോണം ലിസി ചോദിച്ചു.

“അച്ഛൻ, ‘അമ്മ, ഏട്ടൻ , ഏട്ടന്റെ വൈഫ്, അനിയത്തി..” ശ്രുതി പതിയെ പറഞ്ഞു.

“മ്മ്… കല്യാണം കഴിഞ്ഞിട്ടില്ലലേ..?”

“മ്മ്… ഇല്ലാ..”

“അനൂപിന്റെ ഓഫീസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് എത്ര വർഷമായി..?”

“ഒരു ഒന്നര വര്ഷം ആയിക്കാണും..”

“മ്മ് എത്ര കാലായി ഈ ഇടപാട് തുടങ്ങീട്ട്..?” ലിസി ഒരു ചെറു ചിരിയോടെ ചോദിച്ചു.

“എ.. എന്താ..” ശ്രുതി സംശയത്തോടെ ലിസിയെ നോക്കി.

“അല്ലാ…. അനൂപുമായി ഈ അവിഹിതം തുടങ്ങീട്ട് എത്രകാലമായെന്ന്..” ലിസി ചിരിച്ചു കൊണ്ട് തന്നെ ചോദിച്ചു.
അത് കേട്ട് ശ്രുതി പരുങ്ങി. എന്ത് മറുപടി പറയണമെന്നറിയാതെ അവൾ തലതാഴ്ത്തിയിരുന്നു.

“ഹ ഹഹ നീ പേടിക്കണ്ട എന്റെ ശ്രുതീ….. ഇന്നത്തെ കാലത്ത് മാനസികമായി പൊരുത്തപ്പെടാൻ കഴിയുന്ന എല്ലാ ബന്ധങ്ങളും ഹിതം തന്നെയാണ്. കല്യാണം കഴിഞ്ഞ ചില ഭാര്യഭർത്താക്കന്മാരുടെ പരസ്‌പരമുള്ള ശീതയുദ്ധങ്ങൾ കാണുമ്പൊ, അതല്ലേ അവിഹിതബന്ധം എന്ന് ചിലപ്പോ എനിക്ക് തോന്നാറുണ്ട്..” ലിസിയുടെ ആഴമുള്ള ആ സംസാരം ശ്രുതിയെ സമാധാനിപ്പിക്കാൻ പോന്നതാണെങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല..

“പറ… എത്രകാലായി..തുടങ്ങീട്ട്..” ലിസി വീണ്ടും ചോദിച്ചു.

“അത്… ചേച്ചി.. ഞ…ഞാൻ…” ശ്രുതി വാക്കുകൾ കിട്ടാതെ കുഴങ്ങി, കിട്ടിയ വാക്കുകൾ കൊണ്ട് വിക്കി കൊണ്ടിരുന്നു.

“ശ്രുതിക്ക് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ടാട്ടോ..” ലിസിയുടെ വാക്കുകൾ വീണ്ടും അവളെ ധർമ്മസങ്കടത്തിലാക്കി.
തന്റെ ജീവിതത്തിലെ ആദ്യത്തെ രഹസ്യം. താൻ ആരുമായും പങ്കുവെക്കില്ലെന്ന് മനസ്സാൽ ഉറപ്പിച്ചിരുന്ന ആ മനോഹര നിമിഷങ്ങൾ. തനിക്ക് ഇനി ജീവിതകാലം മുഴുവൻ ഉർജ്ജസ്വലതയോടെ ജീവിക്കാനുള്ള പ്രജോദനം ലഭിച്ച ആ ഊർജത്തിന്റെ പൊരുൾ അന്വേഷിച്ച് ഒരാൾ വന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *