ഒരേയൊരാൾ – 2

“ടീ, സാരി രാജി ഉടുപ്പിച്ച് തരും. അവൾക്ക് നന്നായിട്ട് ഉടുക്കാനറിയാവുന്നതല്ലേ.”

“അവളുടുപ്പിച്ചാലൊന്നും ശരിയാകില്ല.”

“അതൊന്നും കൊഴപ്പില്ല. രാജി നന്നായിട്ട് ചെയ്ത് തരും. ഇല്ലേടി?”

“ആ അമ്മേ. എനിക്ക് കൊഴപ്പൊന്നൂല്ല. ഞാന്‍ ഉടുപ്പിച്ചോളാം.”

ജ്യോതിക്ക് പക്ഷേ അപ്പോഴും തൃപ്തിയായില്ല. എന്ത് ചെയ്യാം? മറ്റ് മാർഗങ്ങളൊന്നും ഇല്ലല്ലോ. അങ്ങനെ പിറ്റേന്ന് അമ്മ പോയി. പിണക്കത്തിന്റെ കടന്നൽ കുത്തിയ മുഖവും കൊണ്ട് ജ്യോതി അമ്മയോട് യാത്ര പറഞ്ഞു. സാരമില്ലമ്മേ, രണ്ടാളേം ഞാന്‍ നോക്കിക്കോളാമെന്ന് രാജി ഒരു കുട്ടിക്കാർന്നോത്തിയായി ഉറപ്പുകൊടുത്തു.

ഓണാഘോഷദിവസം. കാലത്തെ ഒരുക്കത്തിലാണ് രണ്ടുപേരും. ജ്യോതി കുളിച്ചുകൊണ്ടിരിക്കുന്നു. രാജി നേരത്തെ കുളിച്ചിറങ്ങി.

“ടീ, നീ വേഗമെറങ്ങ്യേ. നിന്നെ റെഡിയാക്കീട്ട് വേണം എനിക്ക് റെഡിയാവാൻ” രാജി ബാത്ത് റൂമിലേക്ക് നോക്കി പറഞ്ഞു.

“ആ…കഴിഞ്ഞു. ദേ വരാ..” ജ്യോതി ബാത്ത് റൂമിന്റെ ഉള്ളില്‍ നിന്ന് കാറി. 2 മിനിറ്റ് കഴിഞ്ഞപ്പോള്‍ അവൾ ഇറങ്ങി വന്നു. അടിപ്പാവാടയും ബ്ലൗസുമിട്ട് ഒരല്പം നാണത്തോടെയാണ് ജ്യോതി ഇറങ്ങിയത്. അല്പം കൊഴുപ്പ് തൂങ്ങിക്കിടക്കുന്ന വയറിനെ കുറിച്ച് അവൾ conscious ആയിരുന്നു. അതുകൊണ്ട് വയറിൽ കയറ്റി ബ്ലൗസിന് തൊട്ടുതാഴെയാണ് അവൾ അടിപ്പാവാട ഉടുത്തിരുന്നത്. മുറിയിലെ നെടുനീളൻ കണ്ണാടിയിൽ അവൾ തന്റെ പ്രതിബിംബം നോക്കി നിന്നു. കടും നീല നിറത്തിലുള്ള ബ്ലൗസ്സാണ്. അതേ നിറമാണ് സാരിയും.

കടലിന്റെ നീല. തിളങ്ങുന്ന നീല. പെട്ടെന്ന് രാജി റൂമിലേക്ക് കടന്ന് വന്നു. നിമിഷങ്ങൾക്ക് എന്തോ സംഭവിക്കുന്നത് പോലെ തോന്നി ജ്യോതിക്ക്. ഒരു പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും ഇറങ്ങി വന്നതു പോലെയുണ്ടായിരുന്നു രാജി. ചോരയോളം ചുവന്ന സാരിയും ബ്ലൗസും. അഴിച്ചിട്ട മുടി ഇപ്പോഴും ഈറനാണ്. അവളുടെ ഇടം കയ്യിലേക്ക് സാരിത്തലപ്പ് അലസമായ് ഊർന്നുകിടന്നിരുന്നു.

“ആ… എറങ്ങ്യാ… വേഗം വാ…” രാജി ധൃതിയില്‍ ജ്യോതിയുടെ കൈ പിടിച്ച് തന്റെ നേരെ നിർത്തി. പെട്ടെന്ന് തന്നെ അടിപ്പാവാടയുടെ വള്ളി അഴിച്ച് പൊക്കിളിന് താഴേക്ക് ഇറക്കിക്കെട്ടി. ജ്യോതിയുടെ കൈകൾ അറിയാതെ തന്റെ വയറിനെ പൊത്തിപ്പിടിച്ചു. രാജി തന്നെ ആ കൈകള്‍ പിടിച്ചുമാറ്റി. സാരി എടുത്ത് അവളുടെ അരയില്‍ ചുറ്റി. അവൾ സാരി ഞൊറിഞ്ഞെടുക്കുന്നത് കാണാന്‍ ഒരു ചന്തമുണ്ടായിരുന്നു.

ജ്യോതി അത് സാകൂതം നോക്കിനിന്നു. ഞൊറിതീർത്തതും അവൾ ഇടം കൈ കൊണ്ട് അരയിലെ സാരിച്ചുറ്റിൽ പിടിച്ചു. ജ്യോതിയില്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഇക്കിളി ഉണർന്നു. വലം കൈ കൊണ്ട് ഞൊറി ഒടിച്ച് പൊക്കിളിന് കീഴേക്ക് കയറ്റി. രാജിയുടെ വിരലുകൾ അടിവയറ്റിൽ സ്പർശിച്ചപ്പോൾ തന്റെ ഉള്ളൊന്ന് വിറച്ചത് ജ്യോതിയറിഞ്ഞു. രാജിയുടെ വിരലുകൾ ആ അരച്ചുറ്റിനിടയിലുടെ കുറച്ചു നേരം കൂടി ഓടിനടന്നു.

“വയറ് ചാടീട്ട്ണ്ടല്ലോ” രാജി ഇടക്ക് പറഞ്ഞു. അതിന് ജ്യോതി ഒന്നു മൂളുക മാത്രമാണ് ചെയ്തത്.

“തലയെന്താ ചെയ്യുന്നേ? ഞൊറിഞ്ഞ് കുത്തുന്നോ? അതോ ഇങ്ങനെ ഫ്രീയായിട്ടിടണോ?” തന്റെ സാരിത്തലപ്പ് കാണിച്ച് രാജി ചോദിച്ചു.

“ഞൊറിഞ്ഞ് കുത്താം”

“ഓക്കേ.”

എവിടെയൊക്കെയോ സൂചികൾ കയറി. എവിടെയൊക്കെയോ ഇടക്കിടക്ക് രാജിയുടെ വിരലുകൾ സ്പർശിക്കുകയും ചെയ്തു. രാജിയുടെ ബ്ലൗസിനേക്കാൾ അല്പം കൂടി കഴുത്ത് ഇറക്കി വെട്ടിയതാണ് ജ്യോതിയുടേത്. അവളുടെ മുലച്ചാലിലേക്ക് സ്വർണ്ണത്തിന്റെ നൂലുമാലയിലെ ലോക്കറ്റ് ഇറങ്ങി പോകുന്നത് രാജി കണ്ടു.

“നിനക്ക് കുറച്ച് വണ്ണമുള്ളോണ്ട് സാരി നന്നായി ചേരും” സാരിത്തലപ്പ് തോളത്തേക്ക് ഒതുക്കിവയ്ക്കുമ്പോൾ രാജി പറഞ്ഞു.

“നിനക്കും സാരി നല്ല ചേർച്ചയുണ്ട്.” പൊതിച്ച നാളികേരം ചെമ്പട്ടിൽ കിഴികെട്ടിയ പോലെയുള്ള രാജിയുടെ കുഞ്ഞുമുലകളിൽ നോക്കിയാണ് ജ്യോതി അത് പറഞ്ഞത്. രാജി അത് കണ്ടുവോ ആവോ…

സാരിയുടുപ്പിച്ച് കഴിഞ്ഞ് രാജി മാറി നിന്ന് ജ്യോതിയെ കണ്ണാടിക്കു മുന്നിലേക്ക് നിർത്തി. ‘കൊള്ളാം… നല്ല രസമുണ്ട്’ ജ്യോതി മനസ്സിലോർത്തു.

അവരവർ സ്വന്തം മുഖത്തെ മിനുക്കുപണികളിലേക്ക് കടന്നു. എല്ലാം കഴിഞ്ഞപ്പോള്‍ രാജി ഇത്തിരി കളഭം ചാലിച്ച് കൊണ്ടുവന്ന് കുറി വരച്ചു. വലത്തെ മോതിരവിരൽ കൊണ്ട് നടുനെറ്റിയിൽ ഒരു കുഞ്ഞു കുറി. ആ കുറിയിൽ ജ്യോതി നോക്കി നിൽക്കുന്നത് കണ്ടപ്പോള്‍ രാജി ചോദിച്ചു,

“നിനക്ക് വേണോ?”

ജ്യോതി ഒന്നും പറഞ്ഞില്ല. രാജി പക്ഷെ ഒരല്പം കളഭം തൊട്ടെടുത്ത് ജ്യോതിയുടെ നെറ്റിയിലും തൊട്ടു കൊടുത്തു. കരിമഷിയിട്ട കണ്ണുകൾ ഒരു നിമിഷം ഉടക്കി. പിന്നെ ഇടറിമാറി.

ഒരുങ്ങിക്കെട്ടി ബസ്സില്‍ പോയാല്‍ മുഷിയുമെന്നതിനാൽ കോളേജിലേക്ക് പോകുവാൻ അടുത്തൊരു വീട്ടിലുള്ള രാജിയുടെ കൂട്ടുകാരിയുടെ സ്കൂട്ടർ തരപ്പെടുത്തി വച്ചിരുന്നു. രാജിയാണ് സ്കൂട്ടർ ഓടിച്ചത്. ജ്യോതി പുറകിൽ ഒരു വശത്തേക്ക് കാലുകളിട്ടിരുന്നു. കാറ്റിൽ പറക്കുന്ന രാജിയുടെ അഴിച്ചിട്ട മുടിയിഴകൾ ജ്യോതിയുടെ വലതുകവിളിൽ തഴുകിക്കൊണ്ടിരുന്നു.

തന്റെ വലതു കൈ എവിടെ വെക്കണമെന്ന സംശയത്തിലായിരുന്നു ജ്യോതി അന്നേരം. രാജിയുടെ തോളത്ത് വെക്കണോ? അതോ തുടയിലോ? അതുമല്ലെങ്കിൽ വയറ്റിൽ ചുറ്റിപ്പിടിക്കണോ? ഒരു പിടിത്തവുമില്ല. പെട്ടെന്ന് ഒരു ഗട്ടറിൽ ചാടിയതും ജ്യോതി സീറ്റിലൊന്ന് തെന്നി.

“പിടിച്ചിരിക്കെടീ…” രാജി ശകാരിച്ചു.

ജ്യോതി പെട്ടെന്ന് കയ്യെടുത്ത് തോളിൽ പിടിച്ചു. രാജിയുടെ വലുതുതോളിൽ ബ്രാ സ്ട്രാപ്പിന്റെ കനപ്പ് അവൾക്ക് അനുഭവപ്പെട്ടു. തള്ളവിരലുകൊണ്ട് അതില്‍ ഒന്ന് തഴുകി നോക്കുകയും ചെയ്തു. അങ്ങനെയിരിക്കെ കോളേജിലെത്തി. എന്നത്തെയും പോലെ അവർ രണ്ടും രണ്ട് വഴിക്ക് നീങ്ങി.

“കറങ്ങാനൊന്നും പോയേക്കരുത്. ഒരുമിച്ച് വീട്ടില്‍ പോകാനുള്ളതാണ്” പിരിയുന്നതിന് മുന്നേ രാജി ഓർമ്മിപ്പിച്ചു.

“ആം..”

ജ്യോതി ഓടിച്ചെന്ന് കൂട്ടുകാരികളോടൊപ്പം കൂടി. പിന്നെ പൂക്കൾ ഒരുക്കി പൂക്കളം തീർക്കുന്ന തിരക്കുകളായി. അത് കഴിഞ്ഞ് ഓണക്കളികൾ… വടംവലി, ഉറിയടി, ലെമൺ സ്പൂൺ റേസ്, റൊട്ടികടി, സുന്ദരിക്ക് പൊട്ടുകുത്തൽ… സർവ്വസാധാരണമായ ആഘോഷങ്ങൾ. ഇടക്കിടെ പാട്ടുകൾ വച്ച് ഡാന്‍സ് കളിച്ചു. അതിനിടയിലെപ്പോഴോ അമ്പിള്ളേര് ആരോ പാർട്ടി പോപ്പർ വാങ്ങി ഇവരുടെ മേലേക്ക് പൊട്ടിച്ചു. ആഘോഷം, ആർമാദം,

പിന്നെ ആരവങ്ങൾ. ഉച്ചയ്ക്ക് സദ്യയുടെ സമയമായപ്പോഴാണ് എല്ലാവരും ഒന്നടങ്ങിയത്. ഡി ബ്ലോക്കിന്റെ വരാന്തയില്‍ കൂട്ടുകാരികളോടൊത്ത് ചുമ്മാ കത്തിയടിച്ചിരിക്കുമ്പോഴാണ് ദേഹം മുഴുവന്‍ പോപ്പറിന്റെ ചെറുകഷ്ണങ്ങൾ പറ്റിക്കിടക്കുന്നത് ജ്യോതി കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *