ഒരേയൊരാൾ – 4

“രണ്ടാളും വാ…”

രാജി ഇരുവർക്കും മുന്നില്‍ നടന്നു. ഫൈസ തലകുമ്പിട്ട് നടക്കുകയാണ്. ചെളിവെള്ളത്തിനൊപ്പം ചില മണൽത്തരികൾ കാൽവിരലുകൾക്കിടയിൽ കയറി ജ്യോതിയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. റോഡിന്റെ ഒരു വശത്തുള്ള ചായക്കടയിലേക്കാണ് രാജി അവരെ കൂട്ടിക്കൊണ്ട് പോയത്. രാജി മൂന്ന് ചായ പറഞ്ഞ് മൂന്നുപേരും കൂടി ഒരു മൂലയില്‍ സ്ഥാനം പിടിച്ചു.

“എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ടാളും അത് വേഗം സംസാരിച്ച് തീർക്കാൻ നോക്ക്യേ”

രാജി പറഞ്ഞു.

“എനിക്കങ്ങനെ പ്രശ്നമൊന്നൂല്ല ചേച്ചി”

ഫൈസ പറഞ്ഞു.

“എന്നോടല്ല ഫൈസ. ഇവളോട് പറ”

ഫൈസ ജ്യോതിയുടെ മുഖത്തേക്ക് നോക്കി. ജ്യോതിയും ആ കണ്ണുകളില്‍ നോക്കിയിരുന്നു.

“അന്നങ്ങനെ പറ്റിപ്പോയി ജ്യോതി. ഞാന്‍ വേണംന്ന് വച്ച് ചെയ്തതല്ല. നാട്ടിലോ വീട്ടിലോ ഒക്കെ അറിഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഞാന്‍ അങ്ങനെ ഒരു പെണ്ണാണെന്ന് ആരെങ്കിലും പറഞ്ഞാലോ…? എനിക്ക് ചിന്തിക്കാന്‍ വയ്യ. ഇതിന് മുമ്പ് എനിക്കങ്ങനെ ഉണ്ടായിട്ടില്ല. എന്നാലും അന്നങ്ങനെ സംഭവിച്ചു. എനിക്കാകെ പേടിയായി. ഞാനിനി അങ്ങനെ ആണെങ്കിലോ? എനിക്കങ്ങനെ ആവണ്ട. അതാ ഞാന്‍ വേഗം കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചത്”.

ഫൈസ പറഞ്ഞു.

” ഏഹ്! ”

ജ്യോതി ആശ്ചര്യപ്പെട്ടു.

ഫൈസ തുടര്‍ന്നു.

” സത്യാടീ… ഞാനെപ്പഴും കല്ല്യാണം കഴിക്കണം കഴിക്കണം എന്നൊക്കെ ചുമ്മാ ഒരു തമാശക്ക് പറഞ്ഞിരുന്നതാണ്. എനിക്ക് ഇത്ര പെട്ടെന്ന് കല്ല്യാണം കഴിക്കാന്‍ താത്പര്യമൊന്നും ഉണ്ടായിട്ടില്ല. നിങ്ങൾടെയൊക്കെ കൂടെ കുറേ നാൾ കൂടെ അടിച്ചുപൊളിച്ച് ജീവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. വീട്ടില്‍ ഒരുപാട് ആലോചനകൾ വന്നിരുന്നു.

അന്നൊക്കെ ഞാനതെല്ലാം കഷ്ടപ്പെട്ട് മുടക്കുകയായിരുന്നു. പിന്നെ ഇപ്പൊ, എനിക്ക് എന്റെ മനസ് എന്റെ കയ്യില്‍ നിൽക്കില്ലാന്ന് തോന്നിയപ്പോ… കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതുകൊണ്ട് ഇത്തവണ വന്ന ആലോചനയ്ക്ക് ഞാന്‍ സമ്മതം പറഞ്ഞു. ഉപ്പാക്കും ഉമ്മാക്കുമൊക്കെ ഭയങ്കര അത്ഭുതമായിരുന്നു.

അവരുടെ സന്തോഷം കാണണമായിരുന്നു(ഫൈസ ഒന്ന് ചിരിച്ചു). ആ സന്തോഷം മതിയെനിക്ക്. അന്ന നടന്നതെല്ലാം പുറത്തറിഞ്ഞാൽ അതെല്ലാം പോകും. നിന്റെ വായിൽ നിന്ന് അത് പുറത്തു പോകരുത് ജ്യോതി. ദയവുചെയ്ത് ചേച്ചിയും ഇതൊന്നും ആരോടും പറയരുത്. ”

ജ്യോതിക്ക് ഒന്ന് കരയണമെന്ന് തോന്നി. താന്‍ കാരണം തന്റെ കൂട്ടുകാരിയുടെ ജീവിതം മാറിമറിഞ്ഞു എന്ന തിരിച്ചറിവ് അവളുടെ മനസ്സില്‍ നഖങ്ങളാഴ്ത്തുന്നുണ്ടായിരുന്നു. എങ്ങനെയോ ധൈര്യം സംഭരിച്ച് ജ്യോതി പറഞ്ഞു,

” എനിക്ക് നിന്നോട് പ്രശ്നമൊന്നൂല്ല ഫൈസ. നീയെന്റെ ഫ്രണ്ടല്ലേ… നിനക്ക് ദോഷം വരുന്നതൊന്നും ഞാന്‍ ചെയ്യില്ല. ആരോടും ഞാന്‍ ഒന്നും പറയില്ല. ആരും ഒന്നുമറിയണ്ട”.

രാജി ഒന്നും മിണ്ടാതെ ഇവരുടെ സംസാരം കേട്ടിരുന്നു. മൂന്നുപേരും അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ ജ്യോതിയുടെയും ഫൈസയുടെയും ചായ പകുതിയിലധികവും ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നു. കടയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്നേ ഫൈസ പറഞ്ഞു,

” ജ്യോതി, ഞാന്‍ പഠിത്തം നിർത്താണ്. കല്ല്യാണം കഴിഞ്ഞാല്‍ ഞാന്‍ ഷെഫീഖിന്റെ കൂടെ ഖത്തറിലേക്ക് പോവും. അവരോടൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. നീയിപ്പൊ അറിയിക്കണ്ട. അവരോടെല്ലാം ഞാന്‍ പിന്നെ പറഞ്ഞോളാം”.

ഫൈസയുടെ കണ്ണുകൾ അന്നേരം നിറഞ്ഞിരുന്നു. പിടിക്കുന്ന നെഞ്ചുമായി നിൽക്കുന്ന ജ്യോതിക്ക് ഒന്ന് മൂളുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. പിന്നെ യാത്ര പറയാന്‍ നിൽക്കാതെ അവർ നടന്നകന്നു. അന്നേരം അടുത്ത മഴയ്ക്ക് ആകാശത്ത് പന്തലൊരുങ്ങിയിരുന്നു.

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. രാജി കുട നിവർത്തി. ജ്യോതി പക്ഷെ മഴയെ അവഗണിച്ചു കൊണ്ട് നടത്തം തുടര്‍ന്നു. രാജി കുടയും കൊണ്ട് ഓടി അവളുടെ ഒപ്പമെത്തി. ഒരു കൈ അവളുടെ തോളത്തിട്ട് കുടയും ചൂടി ഇരുവരും നടന്നു. ഇത്രയും നേരമായിട്ടും ജ്യോതി ഒന്നും മിണ്ടാത്തത് രാജിയെ ആശങ്കപ്പെടുത്തുന്നുണ്ടായിരുന്നു. ഫൈസയെ കണ്ടുപിരിഞ്ഞപ്പോൾ തുടങ്ങിയ മൗനമാണ്.

ഇടക്കിടെ രാജി ഒളികണ്ണിട്ട് നോക്കി. അപ്പോഴെല്ലാം ജ്യോതിയുടെ കൺതടങ്ങൾ തുടുത്ത് കിടന്നിരുന്നു. ആ കണ്ണുകളില്‍ ചുവന്ന ഞരമ്പിന്റെ വരകൾ… തൊണ്ടയില്‍ അടക്കിപ്പിടിച്ച ഒരു കരച്ചിലിന്റെ അനക്കം… രാജിയും മൗനം പാലിച്ചു. വീടുതുറന്ന് അകത്ത് കയറിയതും ജ്യോതി ബാത്ത്റൂമിലേക്ക് കയറി. വസ്ത്രമഴിക്കാതെ തന്നെ അവൾ ഷവർ തുറന്ന് അതിനടിയിൽ നിന്നു. കുറ്റബോധം കണ്ണുനീർത്തുള്ളികളായി പുറത്തേക്കൊഴുകി…

അവൾ ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. ആ കരച്ചിലിന്റെ ശബ്ദം കേട്ട് ഭയന്ന രാജി ബാത്ത്റൂമിലേക്ക് ഓടിക്കയറി. ഷവറിന് കീഴില്‍ ജലധാരയിൽ എല്ലാം കൈവിട്ടവളെപ്പോലെ ജ്യോതി കുറയുന്നതാണ് രാജി കണ്ടത്. അവൾ ഓടിച്ചെന്ന് അനിയത്തിയെ പിടിച്ചു. ജ്യോതി കരഞ്ഞുകൊണ്ട് രാജിയുടെ നെഞ്ചിലേക്ക് ചെരിഞ്ഞു.

“കരയല്ലേ കുഞ്ഞാ… ഇത്രേം വിഷമിക്കാൻ ഒന്നും ഉണ്ടായില്ലാല്ലോ…”

ജ്യോതിക്ക് പക്ഷേ കരച്ചില്‍ നിർത്താനായില്ല. അവൾ രാജിയുടെ തോളത്ത് തലവെച്ച് കരഞ്ഞുകൊണ്ടേയിരുന്നു. രാജി കയ്യെത്തിച്ച് ഷവർ അടച്ചു. അപ്പോഴേയ്ക്കും ജ്യോതി തളർന്ന് ഊർന്നിറങ്ങിപ്പോയി. അവളെ താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും രാജിക്ക് അതിനായില്ല. അവളും ജ്യോതിയോടൊപ്പം ബാത്ത്റൂമിന്റെ തറയില്‍ ഇരുന്നുപോയി. അപ്പോഴും രാജി ജ്യോതിയെ വിട്ടില്ല… അവളെ തന്റെ നെഞ്ചോട് ചേർത്ത് തലയിലുഴിഞ്ഞ്, ചുവരില്‍ ചാരിയിരുന്ന് രാജി പറഞ്ഞു,

“ഇങ്ങനെ കരഞ്ഞാൽ നീ വല്ല അസുഖവും വരുത്തും. ഒന്ന് സമാധാനപ്പെട്…”

“ഞാന്‍ കാരണല്ലേ ചേച്ചി ഫൈസ ഇപ്പൊ ഇങ്ങനൊക്കെ… അല്ലെങ്കില്‍ അവൾ ഇപ്പൊ കല്ല്യാണം കഴിക്കില്ലല്ലോ… പഠിപ്പ് നിർത്തില്ലല്ലോ…”

ജ്യോതി ഏങ്ങലടിച്ചു.

ഒന്ന് ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം, നുണയാണെന്നറിഞ്ഞിട്ടും രാജി പറഞ്ഞു,

” അങ്ങനൊന്നൂല്ല. അവൾക്ക് കല്ല്യാണം കഴിക്കണംന്ന് തോന്നി, അവൾ കഴിക്കുന്നു. അല്ലെങ്കില്‍ തന്നെ അവളുടെ വീട്ടില്‍ ആലോചന നടക്കുന്നുണ്ടായിരുന്നൂന്നല്ലേ അവൾ പറഞ്ഞത്. പിന്നെന്തിനാ നീ ഇതെല്ലാമെടുത്ത് തലയില്‍ വെക്കുന്നത്?”

“അതൊന്നുമല്ല. അവൾക്ക് പേടിയാണ്. ഞാനുള്ളിടത്ത് നിന്നാൽ… നടന്നതെങ്ങാനും ആരെങ്കിലും അറിഞ്ഞാല്‍… ആ പേടികൊണ്ട് മാത്രാണ് അവൾ എത്രയും പെട്ടന്ന് ഇവിടംവിടാൻ നോക്കുന്നത്. ഞാന്‍ കാരണം അവളുടെ ജീവിതം പോയില്ലേ….എല്ലാം ഞാന്‍ കാരണാ… എന്റെ കഴപ്പ് കാരണാ… ”

” ഇല്ല കുഞ്ഞാ… അവളുടെ ജീവിതം പോയിട്ടൊന്നൂല്ല. അവൾ ഇനിയും ജീവിക്കും. അവൾ സുഖവും സന്തോഷവുമായിട്ട് ജീവിക്കാന്‍ നമുക്ക് പ്രാർത്ഥിക്കാനല്ലേ പറ്റൂ… ബാക്കിയെല്ലാം അവരവരുടെ വിധി പോലെയല്ലേ നടക്കൂ. പിന്നെ നമുക്ക് ആകെ ചെയ്യാവുന്നത് സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ, എല്ലാ സ്നേഹവും കൊടുത്ത് നിന്റെ കൂട്ടുകാരിയെ പുതിയ ജീവിതത്തിലേക്ക് യാത്രയയക്കാമെന്നുള്ളത് മാത്രമാണ്. നിനക്കൊരു പരിഭവവുമില്ലെന്നും നീ എന്നും അവളുടെ കൂട്ടുകാരി ആയിരിക്കുമെന്നും അവൾക്ക് ഉറപ്പുകൊടുക്കാൻ അതല്ലേ ചെയ്യേണ്ടത്…? “

Leave a Reply

Your email address will not be published. Required fields are marked *