ഒരേയൊരാൾ – 4

“എന്താ?”

“ഇവിടിരിക്കാൻ!”

ജ്യോതി ഒരു കസേര വലിച്ചിട്ട് ഇരുന്നു. രാജി ഒരു പിടി ബിരിയാണി എടുത്ത് ജ്യോതിക്ക് നേരെ നീട്ടി. ജ്യോതി സംശയത്തോടെ രാജിയെ നോക്കി. അത് കണ്ട രാജി പറഞ്ഞു,

“വാ തുറക്ക്. ഒന്നും കഴിക്കാണ്ട് കിടക്കണ്ട .”

അമ്പരപ്പോടെ ജ്യോതി ഒന്നുകൂടി കള്ളം പറഞ്ഞു,

“ഞാന്‍ കഴിച്ചിട്ടാ വന്നേ…”

നീട്ടിയ പിടി വിരലുകളടക്കം ജ്യോതിയുടെ വായിലേക്ക് രാജി കുത്തിക്കയറ്റി. കൈവലിച്ചപ്പോൾ രണ്ട് വറ്റ് രാജിയുടെ മടിയില്‍ വീണു. ഒട്ടും പ്രതീക്ഷിക്കാതിരുന്ന ജ്യോതി ആകെ വിരണ്ടുപോയി.

” എന്നോട് കള്ളം പറഞ്ഞാലുണ്ടല്ലോ…!”

രാജി ദേഷ്യപ്പെട്ടു. ആ ദേഷ്യത്തില്‍ തന്നെ ഒരു ഉരുള ജ്യോതിക്ക് നീട്ടി. എന്നിട്ട് പറഞ്ഞു,

“മര്യാദക്ക് കഴിച്ചോ നീ. എനിക്കറിയാം നീ ഒന്നും കഴിച്ചിട്ടില്ലാന്ന്….”

ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല. പതിയെ ചുണ്ടുവിടർത്തി രാജിയുടെ വിരലുകളെ വരവേറ്റു. ഉരുള കൊടുത്ത് പിന്നോട്ട് വലിയുന്ന രാജിയുടെ വിരൽത്തുമ്പിനേയും ജ്യോതിയുടെ ചുണ്ടുകളേയും ഒരു തുപ്പൽനൂല് ചേർത്തുനിർത്താൻ നോക്കി. പിന്നെ നിസ്സാരമായി പൊട്ടിത്തകർന്നു. രാത്രിയുടെ നിശബ്‌ദതയിൽ ഇരുവരും ഒന്നും മിണ്ടിയില്ല. രാജി അനുജത്തിയെ ഊട്ടിക്കൊണ്ടിരുന്നു. ജ്യോതിയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. അതൊന്ന് തുടച്ചെടുത്ത്, രാജി തന്ന ചോറുമണികൾ വായിലിട്ട് ചവച്ച്, അവളെ നോക്കി അത്രയേറെ സ്നേഹത്തോടെ പുഞ്ചിരിക്കുമ്പോൾ ജ്യോതി മനസ്സിലോർത്തു,

‘രാജിയുള്ളതുകൊണ്ട് മാത്രം എനിക്കിപ്പോള്‍ പകലുകളേക്കാൾ രാത്രിയോടാണിഷ്ടം…’

ബിരിയാണി കഴിഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ രാജി എഴുന്നേറ്റ് പോയി പാത്രം കഴുകി. ജ്യോതി വായ കഴുകി വന്ന് തീൻമേശയിൽ ചാരി രാജിക്ക് വേണ്ടി കാത്തിരുന്നു. അടുക്കളയില്‍ നിന്ന് വന്ന രാജി ജ്യോതിയെ കണ്ടിട്ട് ചോദിച്ചു,

“ഹാ… കിടന്നില്ലേ?”

“നീ വന്നിട്ട്….”

“മ്..”

രാജി അവളുടെ കൈപിടിച്ച് മുറിയിലേക്ക് നടന്നു. ഈ ജീവിതം മുഴുവന്‍ ഇങ്ങനെ രാജിയുടെ കൈ പിടിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ജ്യോതി ആശിച്ചു. മുറിയില്‍ കടന്ന് വാതിലടച്ച് കിടക്കവിരി തട്ടിക്കുടഞ്ഞ് വിരിക്കുമ്പോള്‍ രാജി ഇടക്ക് ജ്യോതിയെ നോക്കുന്നുണ്ടായിരുന്നു.

“ഇങ്ങനത്തെ ഡ്രെസ്സിടുമ്പൊ നിനക്കൊരു ഷെഡ്ഡീം ബ്രെയ്സീറും ഇട്ടൂടെ? ഒരു പെറ്റിക്കോട്ടെങ്കിലും? അച്ഛനൊക്കെയുള്ളതല്ലേ… ഇങ്ങനെ എല്ലാം കാണിച്ച് നടക്കരുത്.”

രാജി കുറച്ച് കടുപ്പിച്ചാണ് പറഞത്.

അപ്പോഴാണ് ജ്യോതി തന്റെ ശരീരത്തിലേക്ക് നോക്കിയത്. നേരത്തേ വന്ന് കയറിയ വിഷമത്തിൽ പറ്റിയതാണ്. ശ്രദ്ധിച്ചില്ല. ഈ ഉടുപ്പ് ഇത്രയും നിഴലടിക്കുമെന്ന് ഓർത്തുമില്ല. അച്ഛനോ അമ്മയോ കണ്ടിരുന്നെങ്കിൽ ഇപ്പൊ ജ്യോതിയുടെ കാര്യം തീരുമാനമായേനേ. പറ്റിയ അബദ്ധം മനസ്സിലായെങ്കിലും ജ്യോതി ഒന്നും പറഞ്ഞില്ല.

“വാ… വന്ന് കിടക്ക്…”

ജ്യോതി ചെന്ന് തന്റെ കട്ടിലില്‍ കിടന്നു. രാജി കുനിഞ്ഞു നിന്ന് ജ്യോതിയുടെ നെറുകയില്‍ ഒന്നുഴിഞ്ഞു. എന്നിട്ട് നെറ്റിയില്‍ ഒരുമ്മ വച്ചു.

“ഇനി ഉറങ്ങിക്കോ. സമാധാനമായി ഉറങ്ങ്…”

അങ്ങനെ കുമ്പിട്ട് നിൽക്കുമ്പോൾ രാജിയുടെ കഴുത്തിലെ സ്വർണ്ണമാലയുടെ ലോക്കറ്റ് ജ്യോതിയുടെ താടിയിലും ചുണ്ടിലും ഓടി നടന്നു. തലയൊന്നുയർത്തി അവളുടെ അധരങ്ങൾ രുചിക്കണമെന്ന് ജ്യോതിയുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. പക്ഷേ ധൈര്യം പോര. അവൾ ഒരു ദീര്‍ഘനിശ്വാസമെടുത്തു. രാജി മൂരി നിവർന്ന് തന്റെ കട്ടിലില്‍ പോയി കിടന്നു.

ഈ ഒരു രാത്രി കൂടി കഴിഞ്ഞാല്‍ നാളെ ഫൈസ പോകും. എന്നന്നേക്കുമായി നാളെ ഫൈസയെ നഷ്ടമാകും. ഓർക്കാൻ വയ്യ. ഉള്ള് നീറുന്നു. അവളോട് നാളെ എങ്ങനെയാണ് യാത്ര പറയുക എന്ന് ജ്യോതിക്ക് നിശ്ചയമില്ലായിരുന്നു. പക്ഷേ പറയണം. അവൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറയണം. തനിക്കും ഇഷ്ടമായിരുന്നെന്ന് പറയണം. അന്നത്തെ ചുംബനവും സ്പർശനവും താനും ആഗ്രഹിച്ചിരുന്നുവെന്ന് പറയണം. അവളുടെ ചുണ്ടുകളുടെ തുടുപ്പും നനവും ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയണം. പിന്നെ സ്വന്തം ചേച്ചി രാജിയെ താന്‍ അഗാധമായി, അനിയന്ത്രിതമായി പ്രണയിക്കുന്നു എന്ന് പറയണം…

‘വേണ്ട…. അത് മാത്രം പറയണ്ട… ഞാനും ഈശ്വരനുമല്ലാതെ രാജിയോടുള്ള എന്റെ പ്രണയം വേറെ ആരുമറിയണ്ട…!’

ജ്യോതി മനസ്സില്‍ കുറിച്ചു.

അവളുടെ ഉറക്കത്തിന് വേണ്ടി പുറത്ത് നിലാവ് കാത്തുനിന്നു. പിന്നെയെപ്പൊഴോ മഞ്ഞിന്റെ കെട്ടഴിഞ്ഞുതൂവി….

കല്ല്യാണവീട്ടിലേക്ക് ജ്യോതി എത്തുമ്പോൾ നേരം വൈകിയിരുന്നു. ഉറക്കം എഴുന്നേൽക്കാൻ വൈകി. ഓടിപ്പിടിച്ച് പെണ്ണുങ്ങൾക്കിടയിലൂടെ തിക്കിത്തിരക്കി മുകളിലുള്ള ഫൈസയുടെ മുറിയിലെത്തിയപ്പോൾ അവിടെ കൂട്ടുകാരികളെല്ലാമുണ്ട്. എല്ലാവരും ഫൈസയെ ഒരുക്കുന്ന തിരക്കിലാണ്. ഏതോ അറബിക്കഥകളിൽ കേട്ടിട്ടുള്ള രാജകുമാരിയേപ്പോലെയുണ്ടായിരുന്നു ഫൈസയെ ആ വേഷത്തിൽ കാണാന്‍. സ്വർണ്ണനിറമായിരുന്നു അവളുടെ തട്ടവും സാരിയുമെല്ലാം. ഓണാഘോഷത്തിനും അവളുടെ തട്ടത്തിന് സ്വർണ്ണനിറമായിരുന്നെന്ന് ജ്യോതി ഓർത്തു.

പക്ഷേ ഇന്നത്തേതിന് എന്തോ വ്യത്യാസമുണ്ട്…. കുറേക്കൂടി പളപളപ്പുള്ള കാണാന്‍ ഭംഗിയുള്ള തട്ടമാണിത്. സാധാരണപോലെ അവൾ മുഖം ചുറ്റിയല്ല കെട്ടിയിരിക്കുന്നത്. ശിരസ്സിലുറപ്പിച്ച തട്ടത്തിന് മുകളിലൂടെ സ്വർണ്ണച്ചുട്ടി വീണുകിടന്നു. അവളുടെ തുടുത്ത കവിളുകൾ കാണാം. പക്ഷേ അവയ്ക്ക് അവളുടെ ശരിയായ നിറമായിരുന്നില്ല. കട്ടിക്കിട്ട മേക്കപ്പ് കാരണം ഫൈസയുടെ മഞ്ഞിച്ച വെളുപ്പുനിറം ഒരു സാധാരണ വെളുപ്പായിരിക്കുന്നു. ബ്ലൗസിൽ നിന്ന് ഒരല്പം വയർ പുറത്തേക്ക് തള്ളിനിൽക്കുന്നു, ഒരു വാഴപ്പിണ്ടി വിലങ്ങനെ വച്ചതു പോലെ. നീട്ടിയെഴുതിയ കണ്ണുകളിൽ എന്നുമുള്ള വശ്യതയുണ്ട്… ആ കാവിക്കൃഷ്ണമണികൾ… അത് ജ്യോതിയേയാണ് നോക്കുന്നത്… ജ്യോതി ആ നോട്ടത്തില്‍ അല്പനേരം കുരുങ്ങിനിന്നു.

“ആ… നീ വന്നോ….”

ലീന ജ്യോതിയെ കണ്ട് ചോദിച്ചു.

“കുറച്ച് വൈകി… സോറി…”

ജ്യോതിക്ക് ഫൈസയോട് ഒന്ന് തനിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നു. ഈ ബഹളത്തിനിടക്ക് അതിന് എങ്ങനെ അവസരമുണ്ടാക്കാമെന്ന ചിന്തയിലായിരുന്നു അവൾ. പെട്ടെന്നാണ് സൗമ്യ ജ്യോതിയോടായി പറയുന്നത്,

” നീയീ ലിപ്സ്റ്റിക്ക് ഇവൾക്കൊന്ന് ഇട്ടുകൊടുത്തേ. ഞങ്ങളിപ്പൊ വരാം… ”

സൗമ്യ നീട്ടിയ ലിപ്സ്റ്റിക്ക് ജ്യോതി വാങ്ങി. കൂട്ടുകാരികളെല്ലാവരും താഴേക്ക് പോയി. മുല്ലപ്പൂവൊരുക്കലും വണ്ടി അലങ്കരിക്കലും മധുരവും മധുരവെള്ളമൊരുക്കലുമെല്ലാമായി താഴെ പിടിപ്പത് പണിയുണ്ടായിരുന്നു. അതിനായി എല്ലാവരും കൂടി പോയപ്പോള്‍ മുറിയിൽ ജ്യോതിയും ഫൈസയും മാത്രമായി. ഇത്രനേരം കലപില കേട്ടുകൊണ്ടിരുന്ന മുറിയിൽ പെട്ടന്നാണ് നിശബ്‌ദത തിങ്ങിനിറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *