ചീകി ഒതുക്കാതെ അലസമായ ചുരുണ്ട് നരച്ച തലമുടി. മുഖത്ത് അങ്ങിങ്ങായി ലക്ഷ്യബോധമില്ലാതെ പലവഴിക്ക് നീണ്ടുകിടക്കുന്ന പാതി നരച്ച താടി. അയാൾക്ക് സിഗരറ്റ് വലിയുമായുള്ള ആത്മബന്ധം ചുണ്ടിലെ കറുപ്പായും പല്ലിലെ കറയായും തെളിഞ്ഞു കാണാം. കൈലി മുണ്ടും വെള്ള ഇന്നർ ബനിയനും വേഷം.
അതുവരെ ടിവിയിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള ദേവാനന്ദൻ എന്ന ലജൻഡറി സംവിധായകനെ ആദ്യമായി നേരിട്ടു കണ്ട വെപ്രാളത്തിൽ പരുങ്ങി നിൽക്കവെ അയാൾ കനത്ത ശബ്ദത്തിൽ ചോദിച്ചു.
“ആരാ??”ചെയ്തു കൊണ്ടിരുന്ന ജോലി തടസ്സപ്പെട്ടതിൻ്റെ നീരസം അയാളുടെ മുഖത്ത് കാണാമായിരുന്നു.
“സാർ, ഞാൻ ഗോപിക. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി പറഞ്ഞിട്ടു സാറിനെ കാണാൻ വന്നതാ..”
ഗോപിക വെച്ച് നീട്ടിയ സിഗരറ്റ് കൈ നീട്ടി വാങ്ങി അയാൾ ഗോപികയെ ഒന്നു അടിമുടി നോക്കി. ശേഷം പുറത്തേക്ക് ഇറങ്ങി വന്ന് താഴത്തെ ചായക്കടയിലേക്ക് നോക്കി നീട്ടി വിളിച്ചു.
“ഭാസ്കരേട്ടാ, മുകളിലേക്ക് രണ്ട് ചായ.”അയാൾ വീണ്ടും മുറിയിലേക്കു കയറി.
“കേറി വാ.”
അയാൾ ഗോപികയെ അകത്തേയ്ക്ക് വിളിച്ചു. മുറിയിലേക്ക് കടന്നതും മുറിയിൽ തളം കെട്ടി നിന്ന സിഗരറ്റ് പുക അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി. അതിൻ്റെ ഗന്ധം അവളെ ചെറുതായി അസ്വസ്ഥമാക്കി.
അതൊരു ഒറ്റ മുറിയായിരുന്നു. പലയിടത്തായി സിഗററ്റ് കുറ്റികൾ വീണു കിടക്കുന്നു. മുറിയിൽ പല ഭാഗത്തായി ചുരുട്ടി എറിഞ്ഞ വെള്ള കടലാസുകളിൽ അയാൾ എഴുതി ഉപേക്ഷിച്ച വാക്കുകളും കഥകളും കഥാപാത്രങ്ങളും ചിതറിക്കിടക്കുന്നു. ആ മുറിയൊന്ന് അടിച്ച് വാരിയിട്ട് മാസങ്ങളായിക്കാണണം. ഒരു തിരക്കഥാകൃത്തിൻ്റെ മനസ്സുപോലെ അലങ്കോലമായി കിടക്കുന്ന മുറി. ഒരു കട്ടിലും മേശയും അതിനടുത്ത് രണ്ടു കസേരയും മാത്രമാണ് ആകെ മുറിയിൽ ഉണ്ടായിരുന്നത്.
വൃത്തിഹീനമായി കാണപ്പെട്ട മുറിയിലെ മേശപ്പുറത്ത് മാത്രം പുസ്തകങ്ങൾ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു. അതിനടുത്തായി ഒരു പേനയും വെള്ളക്കടലാസ്കെട്ടും കാണാം. ഒരുപക്ഷേ അടുത്ത സ്റ്റേറ്റ് അവാർഡും മറ്റു പുരസ്കാരങ്ങളും വാരിക്കൂട്ടാൻ പോവുന്ന സൃഷ്ടിയായിരിക്കണം ആ കടലാസിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്.
“അപ്പോ ഇയാളാണ് ബെന്നി പറഞ്ഞ പെൺകുട്ടി.”ഇരുമ്പു കസേരയിൽ കൂട്ടിയിട്ട തുണികൾ കൈ കൊണ്ട് വാരി എടുത്ത് കിടക്കയിലേക്ക് ഇട്ട ശേഷം കസേര നീട്ടി അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
“അതെ സാർ, ഞാൻ ഗോപിക,”അവൾ സ്വയം പരിചയപ്പെടുത്തി.
“ഗോപിക മാരീഡ് ആണോ?”
“അയ്യോ സർ, എനിക്ക് 20 വയസ് ആയതെ ഉള്ളൂ.”
“വീട്?”
“ഇവിടെ തമ്മനം ജംഗ്ഷന് അടുത്താണ്.”
“ബെന്നിയെ എങ്ങനാ പരിചയം?”
“മോഡലിംഗ് ഫീൽഡിൽ രണ്ട് വർഷമായി ഉണ്ട്. അങ്ങനെ ഉള്ള പരിചയം ആണ്.”
“ഉച്ചയ്ക്ക് ശേഷം വരാൻ ആയിരുന്നല്ലോ പറഞ്ഞത്. എനിക്കിവിടെ കുറച്ച് വർക് തീർക്കാൻ ഉണ്ടായിരുന്നു.”അയാൾ മേശപ്പുറത്തെ കടലാസു കെട്ടിലേക്ക് ഒന്നു കണ്ണോടിച്ചു.
“അയ്യോ സർ, ഞാനിപ്പോ വന്നത്ത് ബുദ്ധിമുട്ടായി അല്ലേ?”
“ഏയ് ഇല്ല. ഗോപിക വരുന്നതിനു മുന്നേ ഈ മുറി വൃത്തിയാക്കണമെന്ന് കരുതിയതാ, നടന്നില്ല.”
“സാറിൻ്റെ പുതിയ സിനിമയിലേക്ക് പുതുമുഖ നടിയെ അവശ്യം ഉണ്ടെന്ന് അറിഞ്ഞപ്പോ ബെന്നി പറഞ്ഞു സാറിനെ ഒന്നു വന്നു നേരിട്ടു കാണാൻ.”
“പുതിയ സിനിമയിലേക്ക് ഒരു പുതുമുഖ നടിയെ നോക്കുന്നുണ്ട് എന്നത് സത്യം തന്നെ, പക്ഷേ..!”പറഞ്ഞു മുഴുവനാക്കാതെ അയാൾ കയ്യിലെ സിഗററ്റ് കുറ്റി താഴെയിട്ട് പുതിയ പാക്കിൽ നിന്നും മറ്റൊരു സിഗരറ്റ് എടുത്ത് കത്തിച്ച് ജനൽ വഴി പുറത്തേക്ക് നോക്കി ആസ്വദിച്ച് വലിച്ചു.
അയാൾ എന്തോ ആലോചിക്കുകയായിരുന്നു എന്ന് അവൾക്കു തോന്നി. കുറച്ചു നേരം എന്തോ ആലോചിച്ച ശേഷം അയാൾ ചോദിച്ചു.
“മുൻപ് അഭിനയിച്ചിട്ടുണ്ടോ?”
“ഒന്നു രണ്ടു പരസ്യങ്ങളിൽ മോഡലായി അഭിനയിച്ചിട്ടുണ്ട്.”
“ഗോപികയുടെ ഫോട്ടോ ബെന്നി എന്നെ കാണിച്ചപ്പോൾ ഒറ്റ നോട്ടത്തിൽ എൻ്റെ പുതിയ സിനിമക്ക് അനുയോജ്യമായ പെൺകുട്ടി ആണെന്ന് തോന്നിയതു കൊണ്ടാണ് ഞാൻ വരാൻ പറഞ്ഞത്.”
