വീടിന്റെ മുറ്റത്തായി ഒരു സുന്ദരി പെൺകൊച്ചു നിന്ന് മുറ്റം അടിക്കുന്നു, വണ്ടി വന്ന് നിന്നപ്പോൾ കൈയിൽ ഇരിക്കുന്ന ചൂൽ അവൾക്കു പുറകിയായി മറച്ചു പിടിച്ചു… വെള്ള പാവാടയും ബ്ലൗസ്സും അതിനു മേലെ കൂടെയൊരു ചുവന്ന ഹാൽഫ് സാരിയുമാണ് അവളുടെ വേഷം, കാലിൽ ആണേൽ റബ്ബർ ചെരുപ്പും, അച്ഛന്റെ വീട്ടിൽ പലരുടെയും മനസ്സ് കറുത്തിട്ടാണെങ്കിലും എല്ലാവർക്കും നല്ല തൊലി നിറമാണെന്ന് അമ്മ പറയാറുള്ളത് ഞാൻ ഓർത്തു…
ഈ പെണ്ണിനും എന്തൊരു നിറം ആണ്, ഹാൽഫ് സാരിയുടെ തുമ്പ് അരക്ക് ചുറ്റും വട്ടം എടുത്തു കുറ്റി നിൽക്കുന്ന അവളെ നോക്കി ഇരുന്ന എന്റെ തോളിൽ അരികിലിരുന്ന സ്ത്രീ കൊട്ടിയപ്പോൾ ആണ് എനിക്ക് സ്ഥലകാല ബോധം വന്നത്. ഞാൻ കാറിന്റെ ഡോർ തുറന്നപ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു… ഞാൻ പുറത്തിറങ്ങി കാറിന്റെ പുറകിൽ നിന്നും എന്റെ പെട്ടി എടുത്ത് കൈയിൽ പിടിച്ചു, വണ്ടിയിൽ നിന്നും ഇറങ്ങിയ അച്ഛൻ എന്നോട് പുറകെ വരാൻ കൈ കാട്ടി മുന്നോട്ടു നടന്നു…
‘’ഇതെന്താ മുരളിയേട്ടാ ഇത്ര വൈകിയേ…“
തിണ്ണ പടിയിൽ നിന്ന് ഒരു സ്ത്രീ അച്ഛന് നേരെ വെള്ളം നിറച്ച ഒരു കിണ്ടി നീട്ടി ചോദിച്ചു…
“ദൂരം ചില്ലറയാണോ ശോഭനേ… വണ്ടി ഓടി തീരണ്ടേ…”
കൈയിൽ നിന്നും കിണ്ടി വാങ്ങുന്നതിനിടയിൽ അച്ഛൻ പറഞ്ഞു…
“അല്ലേലും ഇവൾക്കു കൊച്ചിയെവിടെയാ എന്ന് വെല്ലോം അറിയാവോ വല്യളിയാ… പയ്യന്നൂർ കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് കൊച്ചി ആണെന്നാ ഇവളുടെ വിചാരം…”
എനിക്കു പുറകിലായി വന്ന ബാലൻ കൊച്ചച്ചൻ പറഞ്ഞപ്പോൾ ആ സ്ത്രീയുടെ മുഖം ഇരുണ്ടു… അപ്പോൾ ഈ സ്ത്രീ ആണ് ശോഭന ചിറ്റ, കാഴ്ച്ചക്ക് ശോഭനം ആണെങ്കിലും ഈ ചിറ്റ ഒരു ചീറ്റ പുലി ആണെന്ന് അമ്മ പറഞ്ഞ് എനിക്കറിയാമായിരുന്നു… നീല ബ്ലൗസ്സും വെള്ള സാരിയും ആണ് വേഷം,
നെറ്റിയിൽ വട്ടത്തിൽ ഒരു ചുമ്മപ്പു പൊട്ടും കാതിൽ സ്വർണ്ണത്തിന്റെ നാത്തു കമ്മലും… അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പക്ഷെ ഞാൻ അത് ശ്രദ്ധിക്കാത്തത് പോലെ നോട്ടം മാറ്റി, ഒരിക്കൽ പോലും ഓർമ്മ വെച്ചതിൽ പിന്നെ കണ്ടിട്ടില്ലാത്ത ഇവരോട് എന്നിക്കു അമ്മയുടെ കഥകളിൽ നിന്നും ഉടലെടുത്ത വെറുപ്പ് ആയിരുന്നു…
“മുരളിയേട്ടന്റെ ഛായയാലെ ശ്രീക്കു… അത് ഏതായാലും നന്നായി..”
ശോഭന ചിറ്റ ഒരു ചിരിയോടെ പറഞ്ഞപ്പോൾ ആ വാചകത്തിന്റെ മുൾ മൊന എന്റെ ഹൃദയത്തിൽ കൊണ്ടു… ഇതൊക്കെ എത്രനാൾ എന്റെ അമ്മ സഹിച്ചു കാണും എന്ന് ഞാൻ ഓർത്തു… അച്ഛൻ എന്റെ കൈയിൽ നൽകിയ കിണ്ടിയിൽ നിന്നും കാലുകൾ കഴുക്കി ഞാൻ ആ പടി ചവുട്ടി കയറി, വെറും 2 വയസ്സ് പ്രായം ഉള്ളപ്പോൾ അമ്മയുടെ എളിയിൽ ഇരുന്നു ഇറങ്ങിയ ചിറ്റില്ലത്തിന്റെ പടി നീണ്ട 18 വർഷത്തിന് ശേഷം ഞാൻ വീണ്ടും കയറുന്നു…
ഇതൊക്കെ അമ്മ കാണുന്നുണ്ടാവുമോ എന്ന് ഞാൻ ഓർത്തു, അങ്ങനെയെങ്കിൽ എന്നെക്കാൾ അസ്വസ്ഥത അമ്മക്ക് ആവും ഇപ്പോൾ… വീടിന്റെ വരാന്തക്കു ചുറ്റും തടികൊണ്ട് പണിത ചാരു ബെഞ്ചുകൾ ഉണ്ടായിരുന്നു, അതിന്റെ ഒരറ്റതായി ഒരു കൊച്ചു പെൺകുട്ടി ഇരുന്നു പുസ്തകം വായിക്കുന്നു,
എന്റെ മുഖത്തേക്ക് അവൾ ഒന്ന് നോക്കി മറുപടിയായി ഞാൻ ഒരു ചിരി തിരിച്ചു നൽകി, അവൾ മുൻ വാതിലിലേക്ക് നോക്കി ചാടി എഴുനേറ്റു, അത് കണ്ട് ഞാനും മുൻ വാതിലിലേക്ക് നോക്കി… കട്ടിള പടിയിൽ ഊന്നി ഒരു ചെറിയ രൂപം പ്രിത്യക്ഷപെട്ടു, അവർക്കു പരിചയപ്പെടുത്തൽ ഒന്നും ആവിശ്യമില്ല… ചിറ്റില്ലത്തിലെ ചുടല യക്ഷി, എന്റെ അച്ഛമ്മ….
വെളുത്ത ബ്ലൗസ്സും വെള്ളയിൽ സ്വർണ്ണ കസവുള്ള മുണ്ടും ആണ് വേഷം, നരച്ചു വെളുത്ത മുടി ചുരുട്ടി തലയിൽ കെട്ടി വെച്ചിരിക്കുന്നു, മൂക്കിൽ സ്വർണ്ണത്തിന്റെ മൂക്കുത്തി, കാതുകളിലെ കമ്മലിന്റെ ഭാരം കാരണം ചെവി ഒരൽപ്പം താഴെക്കു തൂങ്ങിയിട്ടുണ്ട്, കഴുത്തിൽ വല്യൊരു സ്വർണ്ണമാല… വലുതെന്നു പറഞ്ഞാൽ എന്റെ ചെറു വിരലിന്റെ വണ്ണം വരും അതിനെന്നു തോന്നി, അതിന്റെ ഭാരം കൊണ്ടാണോ അച്ഛമ്മ ഒരൽപ്പം മുൻപ്പോട്ടു വളഞ്ഞു പോയത് എന്ന് എനിക്കു തോന്നി…
