അച്ഛമ്മ കൈ നീട്ടി വിളിച്ചപ്പോൾ അടുത്തേക്ക് ചെല്ലാൻ അച്ഛൻ എന്റെ തൊളിൽ തട്ടി ആംഗ്യം കാണിച്ചു…
ഞാൻ അടുത്ത് ചെന്നപ്പോൾ എന്റെ കവിളിൽ കൈവെച്ചു അച്ഛമ്മ പറഞ്ഞു,
“ഇവനെ അല്ലേ ഇത്രയും നാൾ നമ്മളെ ഒന്നും കാണിക്കാതെ അവൾ ഒളിപ്പിച്ചു വെച്ചു വളർത്തിയത്, ഞാൻ ഒന്ന് കണ്ണ് നിറച്ചു കാണട്ടെ എന്റെ കുട്ടിയെ…”
എന്റെ മനസ്സിൽ കിളവിയെ ഒറ്റ തൊഴിക്കു ഫുട്ബോൾ പോലെ അടിച്ചു മച്ചും പുറത്തു കേറ്റാനുള്ള കോപം ഉണ്ടായിരുന്നു എന്നാലും അതൊന്നും പുറത്തു കാണിക്കാതെ ഞാൻ നിന്നു…
“ഇനി കൊച്ചുമോൻ കൂടെ തന്നെ ഉണ്ടെല്ലോ, അമ്മക്ക് കണ്ണ് നിറച്ചു കാണാൻ…”
അച്ഛമ്മയുടെ പുറകെ വന്ന സ്ത്രീയാണ് അത് പറഞ്ഞത്, ഈ സ്ത്രീ ആയിരിക്കും സന്ധ്യ വല്ല്യമ്മ എന്ന കഥാപാത്രം എന്ന് എനിക്കു തോന്നി, അച്ഛന്റെ മൂത്ത പെങ്ങൾ ആണ് കക്ഷി… അമ്മ ഇവരെ നരകംകലക്കി എന്നായിരുന്നു വിളിച്ചിരുന്നത്, സന്ധ്യ വല്ല്യമ്മയുടെയും മുടിയെല്ലാം തന്നെ നരച്ചിരുന്നു…
“അമ്മു… കൊച്ചേ നീ ചെറിയച്ഛനെ കൊണ്ടുപോയി മുകളിൽ മുരളിയുടെ മുറിയുടെ അടുത്തുള്ള മുറി കാണിച്ചു കൊടുക്ക്…“
സന്ധ്യ വല്ല്യമ്മ ബെഞ്ചിൽ ഇരുന്നു പഠിക്കുന്ന കൊച്ചിനെ നോക്കി പറഞ്ഞു…
”അമ്മമ്മേ… ഞാൻ പടിക്കുന്നത് കണ്ടില്ലേ, മീനാക്ഷി ചേച്ചിയോട് പറയുമോ മുറി കാണിച്ചു കൊടുക്കാൻ….“
അവൾ അത് പറഞ്ഞു നീരസം പ്രകടിപ്പിചെങ്കിലും വല്ല്യമ്മയുടെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ എഴുന്നേറ്റു അകത്തേക്ക് നീങ്ങി… ഞാനും അച്ഛമ്മയുടെയും, വല്ല്യമ്മയുടെയും അരികിലൂടെ ആ പടിവാതില്ലിനുള്ളിൽ കടന്നു… ചെറിയൊരു നട പാതക്കു ഇരു വശവും കെട്ടി ഉയർത്തിയ വലിയ രണ്ടു ഇരുപ്പടം, ഇടത്തു വശത്തുള്ള ഇരുപടത്തിൽ ഒരു പായും അതിൽ ഒരു വീണയും കണ്ടു…
ഞാൻ മുന്നോട്ടു ആ കൊച്ചു കുട്ടിയുടെ പുറകെ നീങ്ങി, മുന്നിലായി ഒരു നാലുകെട്ടും അതിൽ കാൽമുട്ടോളം ഉയരത്തിൽ വെള്ളവും ഉണ്ട്… ഒന്ന് രണ്ട് ആമ്പൽ മൊട്ടുകൾ അതിൽ വിടരാറായി നിൽപ്പുണ്ട്, നാലുകെട്ടിന്റെ അതിരിലൂടെ നടന്ന് ഞങ്ങൾ മുന്നിൽ കണ്ട ഒരു വാതിലിനു ഉള്ളിൽ ചെന്നു… അതൊരു ചെറിയ മുറിയായിരുന്നു അതിന്റെ ഒരു വശത്തു ഒരു മേശയിൽ പഴയൊരു ലാൻഡ് ഫോണും മറു വശത്തു തടികൊണ്ട് നിർമ്മിച്ച ഒരു കോവണിയുമായിരുന്നു…
അമ്മു ആ കോവണി കേറി മുന്നോട്ടു നീങ്ങി, ഞാനും പുറകെ… മുകളിൽ ചെന്നിട്ടു താഴേക്കു നോക്കുമ്പോൾ നാലുകെട്ടിലെ വെള്ളം തടികൾ കൊണ്ടുള്ള അഴികൾക്ക് ഇടയിലൂടെ കാണാം…
നടത്തം നിർത്തി എന്നെ തിരിഞ്ഞു നോക്കിയ അമ്മുവിനോട് ഞാൻ ചോദിച്ചു…
“മോൾ ഏതു ക്ലാസ്സിലാ പഠിക്കുന്നത് എന്ന് ചോദിച്ചു…”
“അത് അറിഞ്ഞിട്ടു ഇയാൾക്ക് ഇപ്പോൾ എന്തിനാ… കാഴ്ച്ച കണ്ടു നിൽക്കാതെ ഒന്ന് വേഗം വരാമോ… ”
അവളുടെ ആ ചോദ്യത്തിൽ ഞാൻ ആകെ ചമ്മി ചമ്മന്തിയായി പോയി…
അവൾ നടന്നു ചെന്ന് ഒരു മുറിയുടെ മുന്നിൽ നിന്നു, അതിന്റെ കതകുകൾ അവൾ തുറന്നപ്പോൾ ഇടവഴിയില്ലേക്കു പകൽ വെളിച്ചം വന്ന് വീണു… ഞാൻ അതിൽ പ്രവേശിച്ചു, ഒരു ചെറിയ മുറി…
ഇത്ര വല്യ തറവാട്ടിൽ കുറച്ചു കൂടെ വലുപ്പത്തിൽ മുറി ഉണ്ടാക്കിയില്ലല്ലോ എന്ന് ഞാൻ ഓർത്തു, ഡോറിന് നേരെ എതിരുള്ള ഭിത്തിയിൽ ഒരു ഇളം നീല ജനാലയുണ്ട് അതിന്റെ പാളികൾ തുറന്നു കിടന്നു…
അതിനു താഴെയായി ഒരു കയർ കട്ടിലും അതിൽ ഒരു മെത്തയും, അതിന്റെ എതിർ വശത്തായി ഒരു തടി മേശ… ഞാൻ ആ മേശയിൽ എന്റെ പെട്ടി വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ അമ്മു വാതിൽക്കൽ തന്നെ നിൽപ്പുണ്ട്…
“അതേ കുറച്ചു വെള്ളം കിട്ടുമോ…”
ഞാൻ അവളോടു മെല്ലെ ചോദിച്ചു…
“ഞാൻ പഠിക്കാതെ ഇയാൾക്ക് വെള്ളോം എടുത്തു തന്ന് നടന്നാൽ മീര ചേച്ചി വന്ന് ചോദ്യം ചോദിക്കുമ്പോൾ ഇയാൾടെ ചെവിയല്ലല്ലോ എന്റെ ചെവിയല്ലേ തിരുമ്മി പൊന്നാകുന്നെ, തന്നെ പോയി എടുത്തു കുടിച്ചാൽ മതി…”
അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി, അടക്കാ കുരുവിന്റെ അത്രയുമേ ഉള്ളു ആൾ എന്നിട്ടാണ് പമ്പ നദിയുടെ അത്ര ഉള്ള നാക്ക് അപ്പോൾ ഇതാണ് അമ്മ പറഞ്ഞ ചിറ്റില്ലം തറവാട്ടിലെ സ്ത്രീ ഭരണം അല്ലേ എന്ന് ഞാൻ മനസ്സിൽ ഓർത്തു…
