“തലയൊന്നു മരത്തിൽ തട്ടി… അതാ കുറച്ചു നേരം ഇരുന്നിട്ട് വന്നത്…”
തല മുറിഞ്ഞ പാട് അവളെ കാട്ടി ഞാൻ പറഞ്ഞു…
“കാണിച്ചേ….”
അവളെന്റെ അരികിലേക്കു വന്ന് തല പിടിച്ചു കുനിച്ചു നോക്കി….
“ചെറുതായിട്ടേ ഉള്ളു….”
എന്റെ തൊട്ടു മുന്നിലായി നിൽക്കുന്നവളുടെ മാറിടത്തിലോട്ടു നോക്കി ഞാൻ പറഞ്ഞു…
“മുറിഞ്ഞിട്ടുണ്ട്…. ചെല്ല് തറവാട്ടിലേക്കു പോ…”
എന്നെ പറഞ്ഞു വിട്ടിട്ടവൾ എറിഞ്ഞു കളഞ്ഞ മയിൽപീലികൾ നിലത്തു നിന്നും പെറുക്കി കൂട്ടി പുറകെ വന്നു… അകത്തു ചെന്നപ്പോൾ എല്ലാവരും മാറി മാറി വഴക്കു പറഞ്ഞു… എങ്കിലും എനിക്കു വിഷമമില്ലായിരുന്നു… കാരണമവസാനം തലയിൽ മരുന്നു തൂത്തു തരാൻ മീര പിറുപിറുത്തു കൊണ്ടു വന്നു..
“എവിടെ പോയി തല തട്ടിയതാ…”
ഞാനിരുന്ന കസേരയുടെ പുറകിലായി വന്നു നിന്ന് മീര ചോദിച്ചു..
“ഞാൻ നിലത്തു കിടന്ന മയിൽ പീലി എടുത്തു തല ഉയർത്തിയപ്പോൾ…”
“മയിൽപീലി പെറുക്കാൻ പോയേകുന്നു…. അമ്മുവിനാ ആദ്യം രണ്ടടി ഇട്ടു കൊടുക്കേണ്ടത്…. അല്ല ചെറിയ കൊച്ചിനെ പറഞ്ഞിട്ട് എന്തു കാര്യമാ… ഇവിടെ പോത്തു പോലെ വളർന്നവരെ പറഞ്ഞാൽ മതിയല്ലോ..”
എന്റെ തലയിൽ മരുന്നു തൂകുന്നതിന് ഇടയിൽ പുറത്തൊരു കുത്ത് തന്നിട്ടവൾ പറഞ്ഞു…. കാര്യമൊരു കുത്തും കുറച്ചു തെറിയും കേട്ടെങ്കിലും മീരക്കു എന്നോടുള്ള കരുതൽ ഞാൻ ശെരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു….
“അമ്മു മോൾക്കു വേണ്ടി ഒരെണ്ണമേ എടുത്തോളു…. ബാക്കി നിന്റെ ആക്രാന്തം ഓർത്ത് നടന്ന് പെറുക്കിയതാ…”
അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ പറഞ്ഞു…
“പിന്നെ ഞാൻ പറഞ്ഞൊ ഇയാളോട്…. എനിക്കു മയിൽപീലി വേണമെന്ന്…”
അവൾ തിരിഞ്ഞു നടക്കുമ്പോൾ പറഞ്ഞു… അന്ന് ഞാൻ ഷീണം കൊണ്ട് ബാക്കി സമയം മുഴുവൻ മുറിയിലായിരുന്നു ചിലവഴിച്ചത്… ഇടക്കു ഉഷാമ്മ വന്ന് നോക്കി പോയെങ്കിലും ഒന്നും പറഞ്ഞില്ല… രണ്ടു ദിവസം ഞാൻ മില്ലിലും ഒന്നും പോയില്ലാ… മീരയോട് സംസാരിക്കാനും അവസരങ്ങളൊന്നും കിട്ടിയില്ല… പണ്ട് ദിവസം മൂന്നു നേരം പത്തായ പുരയുടെ അവിടേക്കു നടന്നിരുന്ന മീനാക്ഷിയെ ഇപ്പോൾ പുറത്തേക്കേ കാണാനില്ലായിരുന്നു… സുധി പിന്നെ ഒരിക്കലും തറവാട്ടിലേക്കു വന്നില്ലാ… കുറച്ചു ദിവസം കഴിഞ്ഞു ഒരു തിങ്കളാഴ്ച്ച വാസു ചേട്ടൻ അപ്രതീക്ഷിതമായി വീട്ടിലേക്കു വടി കുത്തി വന്നു… പുള്ളിയെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ ഞാൻ ഉമ്മറത്തു പോയി നിന്നു കാര്യം അറിയാൻ…
വാസുവിനെ കണ്ടപ്പോൾ വായിൽ കിടന്ന മുറുക്കാനൊരു കൊളാമ്പിയിൽ തുപ്പിയിട്ടു അച്ഛമ്മ തിരക്കി,
“എന്താ വാസു…. ഇപ്പോൾ നിന്റെ മോനെ കാണുന്നില്ല… വല്ല ദീനവുമാണോ…”
“അല്ല… അവനൊരു കല്യാണം ഞാനങ്ങു ഉറപ്പിച്ചു… ആദ്യത്തെ പത്രം ഇവിടെ തന്നെ തരണമെന്ന് തോന്നി… ഇവിടുത്തെ കഞ്ഞി കുറേ കുടിച്ചത് അല്ലേ ഞാൻ…”
അത് പറയുമ്പോൾ വാസു ചേട്ടന്റെ ശബ്ദത്തിലെ അമർഷമെത്ര ഒളിപ്പിച്ചു വെച്ചെങ്കിലും ഒരൽപ്പം പുറത്തു വന്നു…. പക്ഷെ അച്ഛമ്മക്ക് അത് മനസ്സിലായില്ല എന്ന് തോന്നി… ഇത് കേട്ട ഞാൻ ശെരിക്കും ഞെട്ടി… സുധിക്കു വേറെ കല്യാണമോ… അപ്പോൾ മീനാക്ഷി… ഇതിനു സുധി സമ്മതിച്ചോ…
“എവിടെയൊള്ള പെണ്ണാ…..”
അച്ഛമ്മ തിരക്കി….
“കുറച്ചു തെക്കു നിന്നാ…. വകയിലൊരു ബന്ധുവാ… പെട്ടന്നു അങ്ങ് ഉറപ്പിച്ചു…”
“നന്നായി…. പിള്ളേരെ അധികം നിർത്തി വഷളാക്കാതെ പിടിച്ചു കെട്ടിച്ചു വിടണം…. ആട്ടെ എന്നാ കല്യാണം…”
“വൃശ്ചികം നാലിനു രാവിലെ പത്തു മണിക്കാണ് മുഹൂർത്തം…”
“ഇതിപ്പോൾ തുലാം തീരാറായില്ലേ…”
“ഉവ്വാ…. അവർക്കു എടുപിടീന് കാര്യങ്ങൾ നടത്തണമെന്നാ… ഇത് കഴിഞ്ഞാൽ പിന്നെ നല്ല മുഹൂർത്തം ഉടനെയില്ല….”
“എല്ലാം നല്ലപടിയെ നടക്കട്ടെ…. ഇവിടുന്നു സമയമുള്ള ആരെയെങ്കിലും പറഞ്ഞു വിടാം…”
“ആട്ടെ…. ഇറങ്ങുവാ…”
“നിന്നാൽ ഒരു കട്ടൻ ഇടാൻ പറയാം…”
“വേണ്ട….”
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വാസു പറഞ്ഞു… ഇതറിയുമ്പോൾ മീനാക്ഷി എന്ത് ചെയ്യുമെന്ന പേടിയാരുന്നു എനിക്ക്… ഞാൻ വീടിന് അകത്തു കയറിയപ്പോൾ കോണിപടിയുടെ ചോട്ടിൽ നിന്നും മീര എന്നെ എന്താ എന്ന് കൈ കാട്ടി ചോദിച്ചു… വാസു ചേട്ടൻ പറഞ്ഞ കാര്യം എങ്ങനെ മീരയോട് പറയുമെന്ന് ആലോചിച്ചു ഞാനവളുടെ അടുത്തേക്കു നടന്നു…
