അന്ന് ഉറങ്ങാൻ കിടന്നപ്പോൾ വരെ മീനാക്ഷിയുടെ കാര്യമാണ് ഞാൻ ആലോചിച്ചത്… അവൾ പേടിക്കുന്നത്ര പ്രശ്നമൊന്നും മീരക്കും ലളിത ചേച്ചിക്കും വരില്ലാ അവളിറങ്ങി പോയാലുമെന്ന് തോന്നി… ഈ അവസ്ഥയിൽ മീരയായിരുന്നേൽ എന്തു ചെയ്യുമായിരിക്കും… മീനാക്ഷിയെക്കാളും ധൈര്യശാലിയാണ് മീര… എനിക്കും മീരക്കും ഇങ്ങനൊരു അവസ്ഥ വന്നാല്ലോ… ഏയ് വരില്ലാ…
എന്റെ പ്രശ്നം അവളൊന്നും വളയുക എന്നതാണ്, അത് മാത്രമൊന്ന് ശെരിയായാൽ ബാക്കിയെല്ലാം ഞാൻ നോക്കികോളാമായിരുന്നു… ഇന്ന് രാത്രിയും സ്വപ്നം കാണുമെന്നു വിചാരിച്ചാണ് ഞാൻ കിടന്നതെങ്കിലും ഒന്നും കണ്ടില്ലായിരുന്നു, അതൊരു ആശ്വാസമായി…. ഞാൻ നാലുകെട്ടിന്റെ പടിയിലിരുന്നു പത്രം വായിക്കുന്നതിനു ഇടയിലാണ് അമ്മു മോളെന്റെ അടുത്തേക്കു ഓടി വന്നത്…
“കൊച്ചച്ചാ….. ”
അവൾ ഓടി വന്നെന്റെ അടുത്തു ഇരുന്നു… അവളുടെ കൈയിൽ മുറുക്കി പിടിച്ചൊരു മയിൽപീലി ഉണ്ടായിരുന്നു… തൊട്ടു പുറകിലായി മീരയും ഒരു കൈ കൊണ്ടു പാവാട അല്പം ഉയർത്തി പിടിച്ചു ഓടി വന്നു..
“അമ്മു… അത് തന്നെ…”
അവൾ അമ്മുവിന്റെ കൈയിൽ നിന്നും മയിൽപീലി പിടിച്ചു വാങ്ങാൻ നോക്കി..
“ഇല്ലാ…. തരില്ല…”
അമ്മു കിണുങ്ങി കൊണ്ടത് വട്ടം പിടിച്ചു…
“അമ്മു… അത് ഒടിഞ്ഞു പോവും… നീ പിടി വിട്ടേ…”
“മീര ചേച്ചി വിട്…. ഇത് എനിക്കു വേണം…”
“എന്റെ റൂമിൽ നിന്നല്ലേ അമ്മു നീ അത് എടുത്തെ…. വിട് പെണ്ണേ…”
“അമ്മു മോളെ… അതങ്ങു കൊടുത്തേക്കു… മോൾക്കു ഞാൻ വേറെ കൊണ്ടുവന്ന് തരാം..”
ഞാൻ ഇടക്കു കേറി പറഞ്ഞു…
“കൊച്ചച്ചൻ വെറുതെ എന്നെ പറ്റിക്കാൻ പറയുന്നതാ…”
“അല്ല മോളെ ഞാൻ ഇപ്പോൾ പോയി എടുത്തുകൊണ്ടു വരാം…”
“സത്യമാണോ…”
“അതെ മോളെ…”
ഞാൻ കഴിഞ്ഞ ദിവസം നദിയുടെ അരികിലായി ഒരു മയിൽപീലി കിടക്കുന്നത് കണ്ടായിരുന്നു.. എന്റെ വാക്കു കിട്ടിയപ്പോൾ അമ്മു അത് മീരക്കു കൊടുത്തൂ…
ഞാൻ പത്രം മടക്കി വെച്ച് പുറത്തേക്കു ഇറങ്ങി… വീടിനു പുറകിലൂടെ കഴിഞ്ഞ ദിവസം നടന്ന വഴിയെ തന്നെ നീങ്ങി… നദിയുടെ അരികിലെത്തിയപ്പോൾ ഇന്നലെ പെയ്ത മഴയിൽ അതിൽ ഒരാൾക്ക് മേലെ വെള്ളമുണ്ടെന്നു കണ്ടു… ഞാൻ കഴിഞ്ഞ ദിവസം കണ്ട മയിൽ പീലി അവിടെ തന്നെ ഉണ്ടായിരുന്നു, അതൊന്നും നദിയിൽ മുക്കി ചെളി കളഞ്ഞു ഞാൻ കൈയിൽ പിടിച്ചു…
മീരക്കു മയിൽപീലി ഇത്ര ഇഷ്ടമാണേൽ കുറച്ചെണം കൂടെ തപ്പാമെന്നോർത്തു നദിയുടെ തീരത്തു കൂടെ ഞാൻ നടന്നു… കുറച്ചു ദൂരം നടന്നപ്പോൾ പുറകിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടു… ഞാൻ തിരിഞ്ഞു നോക്കി…-ട്ടോ- തലയിലെന്തോ ശക്തമായി വന്നു കൊണ്ടു… ദേഹം മൊത്തമൊന്നു വിറച്ചു… കണ്ണുകൾ മങ്ങി… ഞാൻ മുന്നിലെ നദിയിലേക്ക് മറിഞ്ഞു… ജലമെന്റെ ശരീരത്തെ ആശ്ലേഷിച്ചു… കറുത്ത ജലം, ചുറ്റിലുമൊന്നും കാണാൻ പറ്റുന്നില്ല…
ശ്വാസം കിട്ടുന്നില്ല… ഞാൻ കൈയും കാലുമിട്ടു അടിച്ചു, കരയാൻ നോക്കി…. അനക്കവും ശബ്ദവുമെല്ലാം നദി വിഴുങ്ങി…. ശരീരം മുഴുവൻ ചൂടായി… നെഞ്ചിന്റെ ഉള്ള് വെന്തു നീറി…. എന്റെ ചലനങ്ങൾ സാവധാനപെട്ടു… ശരീരം തണുക്കാൻ തുടങ്ങി… പേടിയും വെപ്രാളവും പോയി ഞാൻ ഇരുട്ടിന്റെ ശാന്തതയിലേക്കു അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു… എന്തോ ചൂടുള്ളവ എന്റെ ശരീരത്തെ ചുറ്റി പുണർന്നു… ശക്തമായി അതെന്നെ വലിച്ചു മുകളിലേക്കു ഉയർത്തി കൊണ്ടു പോയി…
ശരീരത്തിലെ തണുപ്പ് കുറഞ്ഞു… പുറം തറയിലൂടെ വലിഞ്ഞു…. എന്റെ നെഞ്ചിൽ ആരുടെയോ കരങ്ങൾ ശക്തമായി അമർന്നു… വീണ്ടും വീണ്ടുമത് തുടർന്നു… എന്റെ വായിലൂടെയും മൂക്കിലൂടെയും ചൂടു വെള്ളം പുറത്തേക്കു പോയി… മുഖത്തു ചൂടു ശ്വസനം പതിച്ചു…
നല്ല ചൂടുള്ള മൃദുലമായ എന്തോ എന്റെ ചുണ്ടിൽ അമർന്നു… അതിൽ നിന്നും ചൂട് കാറ്റെന്റെ നെഞ്ചിലേക്കു തൊണ്ട വഴി ഒഴുകിയെത്തി… നെഞ്ച് വീണ്ടും നീറാൻ തുടങ്ങി…. ശ്വാസമെടുക്കാൻ ഞാൻ വീണ്ടും വെപ്രാളപെട്ടു… കണ്ണുകൾ ബലമായി ഞാൻ തുറന്നു… കണ്ണിന്റെ മങ്ങൽ പതിയെ മാറി വന്നു…
“ആ……….”
എന്റെ മുഖത്തിന് തൊട്ടു മുന്നിൽ മറ്റാരുടെയോ മുഖം കണ്ടപ്പോൾ ഞാൻ അലറി…. എന്റെ അലർച്ച കേട്ട ആൾ എന്നിൽ നിന്നും പുറകേക്കു മാറി.. ഞാൻ നിലത്തു കിടന്നു ഉരുണ്ട് മുട്ടിൽ നിന്നു..
