ദിവ്യാനുരാഗം – 1 Like

ഡാ അമ്മയെ വിളിച്ച് പറഞ്ഞിട്ടുണ്ട് റൂമിപ്പൊ സെറ്റ് ആകും. ശ്രീഹരി നീ പോയി നിനക്കും ഇവർക്കും ഇടാനുള്ള ഡ്രസ്സ് നിൻ്റെ വീട്ടിന്ന് എടുത്ത് വാ അതുപോലെ ഞാൻ വീട്ടിൽ പോയി കാർ എടുത്ത് അവൻ്റെ അമ്മയേയും പെങ്ങളെയും കൂട്ടി വരാം… നിങ്ങൾ രണ്ടാളും ഇവിടെ ടെൻഷനടിക്കാണ്ടരിക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ എല്ലാം ശരിയാവും..

“മൂന്നാളും എൻ്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു…അതും പറഞ്ഞ് ഐസിയുവിൽ കിടക്കുന്ന അതുലിനെ മിററിലൂടെ ഒന്ന് നോക്കിയശേഷം ഞാനും ശ്രീഹരിയും ലിഫ്റ്റിടുത്തേക്ക് എത്തിയപ്പോഴായിരുന്നു അത് നടന്നത്..

ലിഫ്റ്റ് തുറന്ന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച ഞാനും ഒരു നേഴ്സും കൂട്ടിമുട്ടി.. സാമാന്യം നല്ലൊരു കൂട്ടിമുട്ടൽ ആയതുകൊണ്ട് എനിക്ക് തല നല്ലോണം നൊന്തു തിരിച്ച് അവൾക്കും നൊന്ത് കാണണം അതായിരിക്കും എന്നെ നോക്കി പല്ലിറുമ്മി അവള് കാറാൻ തുടങ്ങിയത്”
നോക്കി നടന്നൂടഡോ പൊട്ടക്കണാ…

“എന്റെ മുഖത്തുനോക്കി അവളത് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്നാണ് ഞാൻ ആലോചിച്ചത്… ഇങ്ങോട്ട് ഇടിച്ചിട്ട് ഇവളെന്നെതെന്നെ കുറ്റം പറയുന്നൊ ഇവളെ അങ്ങനങ്ങ് വിടാൻ പറ്റ്വോ നിങ്ങൾ പറ… ഞാനും വിട്ടു കൊടുത്തില്ല”

മര്യാദയ്ക്ക് നടന്നു പോകുന്ന എന്നെ ഇടിച്ച് കൊല്ലാന്നോക്കിയതും പോരാ.. എന്നിട്ട് വെട്ടത്തിലെ സിനിമ ഡയലോഗും അടിച്ച് ആളെ കളിയാക്കുന്നോ… കൊടുത്തു അവക്കിട്ടൊരു മറുപടി…

ടാ പൊട്ടക്കണ്ണാ ഞാൻ ഇടിക്കാൻ വന്നെന്നോ…ഇങ്ങോട്ട് വന്ന് ഇടിച്ചതുംപോരാ…

പൊട്ടക്കണ്ണൻ നിൻ്റെ മാറ്റവൻ അല്ല പിന്നെ കുറെ നേരായി അവള്… ആകാശം നോക്കി നടക്കുകയും ചെയ്യും എന്നിട്ട് ബാക്കിയുള്ളവർക്ക് കുറ്റവും…ഇതിനൊയൊക്കെ ആണോ ഭൂമിയിലെ മാലാഖ എന്ന് വിളിക്കുന്നത്… മാലാഖ അല്ലിത് ശൂർപ്പണഖയാ…

താനെന്താടോ വിളിച്ചേന്നും പറഞ്ഞ് അവള് എൻ്റടുത്തേക്ക് ചീറി വരുന്നത് കണ്ടപ്പോളാണ് ഞാൻ പറഞ്ഞത് ഇത്തിരി ഉറക്കെയാണെന്ന് എനിക്ക് മനസ്സിലായത് ചുറ്റുമുള്ള ആൾക്കാരൊക്കെ ഞങ്ങളെ ശ്രദ്ധിച്ച് തുടങ്ങി..”

എൻ്റെ ദിവ്യേ നീ ഇങ്ങ് വന്നെ അൾക്കാരൊക്കെ ശ്രദ്ധിക്കുന്നു…

“അതും പറഞ്ഞ് ഒപ്പമുണ്ടായിരുന്ന നേഴ്സ് അവളുടെ കൈയുംവലിച്ച് കൊണ്ടുപോകുമ്പോളും എന്നെ ദഹിപ്പിക്കുന്ന നോട്ടവും കൂട്ടത്തിൽ ടാ പൊട്ട കണ്ണാ നിന്നെ ഞാൻ കാണിച്ചു തരാം എന്നൊരു വെല്ലുവിളിയും അവളുയർത്തിയിരുന്നു…
പിന്നേ നീ കുറേ എന്നെയങ്ങ് ഒലത്തും ശൂർപ്പണഖേ എന്നുള്ള രീതിയിൽ അതിനൊരു പുച്ഛിച്ച മുഖഭാവത്തോടെ ഞാൻ മറുപടി നൽകി… അല്ലപിന്നെ ഇവളാര് ഉണ്ണിയാർച്ചയൊ അതോ ഝാൻസി റാണിയോ…

പക്ഷേ അതും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാനും അവളും അറിഞ്ഞിരുന്നില്ല ജീവിതകാലം മുഴുവനും അവൾക്കെന്നെ പൊട്ടക്കണ്ണാന്നും എനിക്കവളെ ശൂർപ്പണഖേന്നും വിളിക്കാൻ കാലം ഞങ്ങളെ ഒരുമിപ്പിക്കുമെന്ന്…”
” എടി ദിവ്യേ നിനക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ വഴിപോണ ആൾക്കാരോടൊക്കെ തല്ല്കൂടാൻ… ”

” നീ പോടി ആ പൊട്ടകണ്ണൻ അല്ലേ എന്നെ വന്നിടിച്ചേ… ”

കൂട്ടുകാരി ശ്രദ്ധയുടെ ചോദ്യത്തിന് സ്വരം കടുപ്പിച്ച് കൊണ്ടാണ് ദിവ്യ മറുപടി നൽകിയത്

“ഒലക്കേടെ മൂട്… നീയാണ് അവനെ ഇടിച്ചത് ഞാനെൻ്റെ കണ്ണുകൊണ്ട് കണ്ടതാ… ആ ശിവദാസൻ ഡോക്ടറോടുള്ള കലിപ്പ് നീ അവൻ്റെ നെഞ്ചത് തീർത്തു…അതാണ് സത്യം.. ”

” എടി ആ ശിവദാസൻ എന്നെ ആവശ്യമില്ലാതെ വഴക്ക് പറഞ്ഞ കലിപ്പ് ഉണ്ട് പക്ഷേ എന്നെ ദേഷ്യം പിടിപ്പിച്ചത് അവൻ എന്നെ ശൂർപ്പണഖാന്നൊക്കെ വിളിച്ചതുകൊണ്ടല്ലേ… ”

” അങ്ങനാണേൽ ഒരാവശ്യവുമില്ലാത്തെ അവനെ കേറി തട്ടിയിട്ട് നിയവനെ പൊട്ടക്കണ്ണാന്ന് വിളിച്ചതോ…? ”

” അത് ഞാൻ അവൻ മാത്രം കേൾക്കുന്ന രീതിയിലാണ് വിളിച്ചത് അല്ലാതെ നാട്ടുകാർ കേൾകത്തക്ക രീതിയിലല്ല… ”

അത് പറയുമ്പോൾ ദിവ്യയ്ക്ക് ഇച്ചിരി കലിപ്പ് വന്നു…

” എന്തു പറഞ്ഞിട്ട് എന്താ നീയല്ലേ ആദ്യം വിളിച്ചെ… ”
” ഒരു സംശയം ചോദിച്ചോട്ടെ നീ എൻ്റെ കൂട്ടുകാരിയാണോ അതൊ അവൻ്റെയോ… നമ്മൾ ഇപ്പൊ എവിടെ വന്നത് നിൻ്റെ ഏതോ കസ്സിന് ആക്സിഡന്റ് പറ്റിയത് നോക്കാൻ വേണ്ടിയാണ്… ആ പൊട്ടകണ്ണൻ്റെ കാര്യം വിട്.. ”

Leave a Reply

Your email address will not be published. Required fields are marked *