ദിവ്യാനുരാഗം – 1 Like


ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക….

ഒരു പ്രണയകഥയുടെ ആദ്യഭാഗമാണ്…

ദിവ്യാനുരാഗം❤️

എടാ നീ എവിടാ ഒന്ന് വേഗം വാ.. ഞങ്ങക്ക് എന്താ ചെയ്യണ്ടേന്ന് അറീല്ല്യ…ഓപ്പറേഷൻ ഇപ്പൊ തുടങ്ങും…

“ഒറ്റ സ്വരത്തിൽ അഭിൻ അതുപറയുമ്പോൾ എന്തു മാത്രം ഭയം അവൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാനറിഞ്ഞു”

ടാ ഒരു 10 മിനിറ്റ് ഞാനിതാ എത്തി നിങ്ങള് ടെൻഷൻ അടിക്കല്ലേ… അവൻ ഒന്നും സംഭവിക്കില്ല…

“ഫോൺ കട്ടാക്കി ബൈക്കിൻ്റെ വേഗത ഒന്നുകൂടി വർദ്ധിപ്പിച്ച് ഞാൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ശരവേഗത്തിൽ കുതിച്ചു…”

“എന്നെ പരിചയപ്പെടുത്തിയില്ലല്ലോ ഞാൻ അർജ്ജുൻ പ്രഭാകർ. ഇപ്പോ പീജി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. തലശ്ശേരി ആണ് സ്വദേശം.

കോളേജിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരന് ഒരു ആക്സിഡൻറ് പറ്റിയത് പരീക്ഷഹോളിൽ നിന്നാണ് ഞാൻ അറിഞ്ഞത്. അപ്പൊ അവിടെനിന്ന് ഇറങ്ങിയപ്പോളാണ് അവനെ ഹോസ്പിറ്റലേക്ക് കൊണ്ടുപോയ കൂട്ടത്തിലൊരുത്തൻ വിളിച്ചത്…ഹോസ്പിറ്റൽ ഗേറ്റുകടന്ന് വണ്ടി പാർക്ക് ചെയ്തതും ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു..”

സിസ്റ്ററേ ഓപ്പറേഷൻ തിയേറ്റർ എവിടാ… എതിരെ വരുന്ന ഒരു നഴ്സിനോട് ഞാൻ ചോദിച്ചു

രണ്ടാമത്തെ നിലയിലാണ്.ലിഫ്റ്റ് ഇറങ്ങി നേരെ ഇടതുവശം…

“മറുപടി കേട്ടതും ഒരു നന്ദി വാക്ക് പറഞ്ഞ് നേഴ്സ് പറഞ്ഞ വഴി ഞാൻ നീങ്ങി.. ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ എത്തിയപ്പോൾ കാണുന്നത് അഭിനും ശ്രീഹരിയും നന്ദുവും കരഞ്ഞുകൊണ്ട് നിൽക്കുന്നതാണ്. ഞാൻ അവരുടെ അടുത്തേക്ക് ഓടി”

എന്താടാ എന്തു പറ്റിയതാ…

കരഞ്ഞുകൊണ്ട് നിൽക്കുന്ന അഭിനെ ഒന്ന് കുലുക്കികൊണ്ട് ഞാൻ ചോദിച്ചു

ഡാ നീ എക്സാം ഹാളിലേക്ക് പോയി കുറെ കഴിഞ്ഞതിനു ശേഷം ബാക്കിവന്ന കുപ്പിയിലെ സാധനവും അടിച്ച് ഞങ്ങൾ ഒരു ജ്യൂസ് കുടിക്കാൻ നമ്മുടെ സിദ്ധുവിൻ്റെ കടയിലേക്ക് പോയതായിരുന്നു.. ഞാനും നന്ദുവും എൻ്റെ വണ്ടിയിലും അവൻ അവൻ്റെ വണ്ടിയിലും. കഴിച്ച മദ്യത്തിൻ്റെ ആണോ എന്താണെന്നറിയില്ല മോഡൽ സ്കൂൾ കഴിഞ്ഞുള്ള വളവിൽ അവൻ വണ്ടി മറിഞ്ഞു വീഴുന്നതാ എനിക്കോറമ്മയുള്ളൂ… ഓടിവന്ന നാട്ടുകാരും ഞാനും ഇവനും കൂടി ചോരയിൽ മുങ്ങിയ അവനെ ഒരു ഓട്ടോയിൽ കേറ്റി ഇവിടെ കൊണ്ടുവന്നു… അപ്പോളാണ് ഡോക്ടർ പറഞ്ഞത് ഓപ്പറേഷൻ വേണമെന്ന് അത് കേട്ടപ്പോൾ ഞാൻ പിന്നെ മരവിച്ച ഒരുവസ്ഥയിലായിരുന്നു അങ്ങനെയാ ഞാൻ നിന്നെയും ഇവനെയും വിളിച്ചത്…

അടുത്തുനിന്ന ശ്രീഹരിയെ ചൂണ്ടിക്കാണിച്ച് ഏങ്ങലടിയോടെ അവൻ അത് പറഞ്ഞപ്പോൾ ഒന്നാശ്വസിപ്പിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു….

“സമയം എത്ര കടന്നുപോയെന്നറിയില്ല ഐസിയുവിൻ്റെ വാതിൽ തുറന്ന് അതുലിൻ്റെ ഒപ്പം വന്ന ആരെങ്കിലും ഒന്ന് ഡോക്ടറുടെ റൂമിലേക്ക് വരണം എന്നൊരു നേഴ്സ് പറഞ്ഞപ്പോളാണ് ഞാനൊന്ന് കണ്ണുതുറന്നത് ഒപ്പമുള്ളവന്മാരുടെ അവസ്ഥയും അതുതന്നെ.”

ഡാ ഞാൻ പോവാ നിങ്ങളിവിടെ നിക്ക്. ഓപ്പറേഷൻ കഴിഞ്ഞ് കാണും

അതും പറഞ്ഞ് ഡോക്ടറുടെ റൂം ലക്ഷ്യമാക്കി ഞാൻ നടന്നു.റൂമിൽ കേറിയതും അങ്ങേര് എന്നോട് ഇരിക്കാൻ കൈ കാണിച്ചു.

താൻ ശ്രീലത ഡോക്ടറുടെ മകനല്ലേ തൻ്റെ കൂട്ടുകാരനാണോ അതുൽ
“എന്റെ അമ്മ ഡോക്ടർ ശ്രീലത പ്രഭാകർ ഇതേ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റാണ്.അതുകൊണ്ട് പുള്ളിക്കാരൻ എന്നെ കണ്ടിട്ടുണ്ടാവും ഞാനോർത്തു”

അതെ സാർ എൻ്റെ കൂട്ടുകാരനാ.. അവൻ എങ്ങനുണ്ട്

എടോ മദ്യപിച്ച് ഒക്കെ ആരെങ്കിലും വണ്ടി ഓടിക്കുമോ. ഭാഗ്യത്തിന് ഇപ്പൊ വലുതായി ഒന്നും പറ്റിയില്ല നിങ്ങളെപ്പോലുള്ള എത്ര ചെറുപ്പക്കാരാ ദിവസവും ഇതുപോലെ ഇവിടെ വരുന്നെ.

സോറി സാർ ഇത്തവണത്തേക്കൊന്ന് ക്ഷമിക്കണം… അവനു വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലാല്ലോ.. പുള്ളിക്കാരനെ നോക്കി ദയനീയമായി ഞാനൊന്ന് ചോദിച്ചു

വേറെ പ്രശ്നങ്ങളൊന്നുമില്ല കാലിന് ചെറിയൊരു സർജറി മാത്രമാണ് നടന്നത് നെറ്റിയിലും ഒരു മുറിവുണ്ട് ബ്ലഡ് കുറച്ചു പോയിരുന്നു. ബാക്കിയൊക്കെ ചെറിയ ചെറിയ മുറിവുകൾ ആണ്. എന്തായാലും ഒന്നരമാസമെങ്കിലും റസ്റ്റ് എടുക്കണം. മൂന്നാഴ്ച എന്തായാലും ഇവിടെ കിടക്കേണ്ടിവരും മെഡിസിൻ ഇഞ്ചക്ട് ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *