ദിവ്യാനുരാഗം – 1 Like

അതും പറഞ്ഞ് പേഴ്സിന്ന് പൈസയും കൊടുത്ത് അവനേയും പറഞ്ഞ് വിട്ട് ഞാൻ അവരുടെ അടുത്തേക്ക് തിരിച്ച് വന്ന് അവൻ്റെ അമ്മയോട് സംസാരിക്കാൻ തുടങ്ങി… അപ്പോഴേക്കും സമയം ഏതാണ്ട് വൈകുന്നേരം ആവാറായിരുന്നു…

” ഗിരിജാൻ്റി എന്തായാലും മൂന്നാഴ്ച്ച ഇവിടെ കിടക്കേണ്ടിവരും… അത് ഞങ്ങൾ നിന്നോളും.. ”

ഞാൻ പിള്ളേരെ ചൂണ്ടിക്കാണിച്ച് പറഞ്ഞു

” വേണ്ട മോനേ…അതെങ്ങനെ ശരിയാവും ഞങ്ങള് നിക്കാം…”

” ആൻ്റി നീതുവിന് കോളേജ് പോകേണ്ടതല്ലേ… ഇവിടെ നിന്നെങ്ങനാ…ഫൈനൽ ഇയർ അല്ലെ… എക്സാം അടുത്തുണ്ട് അതുകൊണ്ട് ഞാൻ പറയുന്നത് കേൾക്ക് രാവിലെ കോളേജിൽ പോകുമ്പോൾ നീതു ആൻ്റിയെ ഇവിടെ ഇറക്കട്ടെ എന്നിട്ട് കോളേജ് വിട്ട് വൈകിട്ട് ഇവിടെ വന്ന് രണ്ടാളും വീട്ടിലേക്ക് തിരിച്ചോ… രാത്രി എന്തായാലും ഞങ്ങൾ ഇവിടെ നിൽക്കാം…”

ഞാൻ രണ്ടുപേരോടുമായി വീണ്ടും വ്യക്തമാക്കി പറഞ്ഞു

” വേണ്ട മക്കളെ നിങ്ങൾക്കത് ബുദ്ധിമുട്ടാണ്… നിങ്ങൾ എങ്ങനാ ഇവിടെ… ”

കാര്യങ്ങൾ ഏതാണ്ടൊക്കെ പറഞ്ഞു കൊടുത്തിട്ടും ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതിയാണ് പുള്ളിക്കാരി അങ്ങനെ വീണ്ടും പറഞ്ഞത്… അപ്പോഴാണ് ശ്രദ്ധ
തനിക്ക് നാളെ മുതൽ നൈറ്റ് ഡ്യൂട്ടി ആണെന്ന് കൂടി പറഞ്ഞത്… അതു കേട്ടപ്പോൾ ഞാൻ ആൻ്റിയോട് വീണ്ടും തുടർന്നു..

” അപ്പോൾ പിന്നെ പ്രശ്നമില്ലല്ലോ സഹായത്തിന് ശ്രദ്ധയുണ്ടല്ലോ ആൻ്റി… പിന്നെ ഞങ്ങൾക്കാണോ ബുദ്ധിമുട്ട്.. അവൻ ഞങ്ങടെ കൂടപിറപ്പല്ലേ… കോളേജിൽ രാത്രി സ്റ്റേ ചെയ്യുമ്പോ വരാന്തയിലും മറ്റും കിടന്നുറങ്ങുന്ന ഞങ്ങക്ക് ഇതൊക്കെയാണോ പ്രശ്നം… ആൻ്റി ധൈര്യായിട്ട് വീട്ടിൽ ചെല്ല് എന്നിട്ട് നാളെ വാ അപ്പോഴേക്കും അവനെ റൂമിലേക്ക് മാറ്റും… ”

“മോനേ എന്നാലും…”

“ഒരു എന്നാലും ഇല്ല…”

ആൻ്റി പറഞ്ഞു മുഴുവൻ ആകുന്നതിനു മുന്നേ ഞാൻ അതും പറഞ്ഞ് ശ്രീഹരിയെ വിളിച്ചു

” ശ്രീഹരി നീ ആൻ്റിയേയും നീതുവേയും വീട്ടിൽ കൊണ്ടാക്ക്…”

അതും പറഞ്ഞ് ഞാനവന് കാറിൻ്റെ ചാവികൊടുത്തു പിന്നെ ഒരുവിധത്തിൽ അവരെ പറഞ്ഞയച്ചു… അവര് പോകുന്നതിനൊപ്പം ശ്രദ്ധയും നാളെ കാണാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞു…

” എന്നാ പിന്നെ നമ്മുക്ക് റൂമിൽ പോയാലോ.. റൂം നമ്പർ എത്രയാ… ”

അവര് പോയതും ഞാൻ അഭിന്നോട് ചോദിച്ചു.

” 214.. ഡാ പക്ഷേ ഇവിടെ ആരെങ്കിലും വേണ്ടേ… ”

” അവനെ മിക്കവാറും ഇന്ന് രാത്രി റൂമിൽ കൊണ്ടാകും എന്ന് പറഞ്ഞില്ലേ… മറ്റ് അത്യാവശ്യമെന്തെങ്കിലും ഉണ്ടെങ്കിൽ അവർ റൂമിൽ വിളിക്കും അങ്ങനാ ഇവിടെ…അതുകൊണ്ട് മോൻ വാ…”

അതും പറഞ്ഞ് ഞാനവനേയും പിടിച്ചെഴുന്നേൽപ്പിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങി…

” ആ നീ വന്നോ… ” നഴ്സിംഗ് റൂമിലെത്തിയ ശ്രദ്ധയെ കണ്ട് ദിവ്യ ചോദിച്ചു…
” ആൻ്റിയും മോളും ഇപ്പോഴാണ് പോയത്… ഇവിടെ ആ പിള്ളേരാണ് നിൽക്കുന്നത്…പിന്നെ നാളെ നൈറ്റ് ഷിഫ്റ്റ് കയറേണ്ടതല്ലേ അതുകൊണ്ട് അതികസമയം നിന്നില്ല… ”

എന്നാ പിന്നെ നമ്മുക്ക് വിട്ടാലോന്നുള്ള ദിവ്യയുടെ ചോദ്യത്തിന് ശ്രദ്ധ ബാഗും എടുത്ത് പോകാം എന്ന് പറഞ്ഞു.എന്നിട്ട് രണ്ടാളും പാർക്കിംഗ് ഏരിയയിലേക്ക് നടന്നു…

” ഡി പിന്നെയില്ലേ അവിടെ വെച്ച് നിനക്ക് വേണ്ടപെട്ട ഒരാളെ ഞാൻ കണ്ടു ”

” ആരെ…? ”

ശ്രദ്ധയുടെ ചോദ്യം കേട്ടതും ദിവ്യ ആരാണെന്നുള്ള ആകാംക്ഷയിൽ അവളുടെ മറുപടിയും നോക്കി നിന്നു…

” വേറെ ആരാ നീ നേരത്തെ തല്ലുകൂടിയ കക്ഷി…അവൻ അവരുടെ കൂട്ടത്തിൽ ഉള്ളതാ…പേര് അർജ്ജുൻ ”

” ആ പൊട്ടകണ്ണനാണോടി എനിക്ക് വേണ്ടപ്പെട്ടവൻ… ”

പ്രതീക്ഷിക്കാത്തതും അത്ര ഇഷ്ടപ്പെടാത്തതുമായ മറുപടിയായത് കൊണ്ട് സ്വരം കടുപ്പിച്ച് ദിവ്യയത് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് ശ്രദ്ധ തുടർന്നു…

” എടി നീ കരുതും പോലെ അല്ല.. ആള് പൊളിയാണ്.. ഞങ്ങൾ സംസാരിച്ചാർന്നു. നിന്നെപ്പറ്റി തന്നയാ അവൻ ആദ്യം ചോദിച്ചതും… ”

” എന്നെപ്പറ്റി അവനെന്തിനാ ചോദിക്കുന്നേ.. ”

” നിന്നെ പ്രേമിക്കാൻ അല്ലപിന്നെ… എടി പോത്തേ ആവശ്യമില്ലാത്ത അവനോട് വഴക്കടിച്ചാൽ നിൻ്റൊപ്പമുണ്ടായിരുന്ന എന്നോട് അവൻ നിന്നെ പറ്റി ചോദിക്കില്ലേ… നിനക്ക് വട്ടുണ്ടോന്നാ അവൻ ചോദിച്ചത്… ”

Leave a Reply

Your email address will not be published. Required fields are marked *