” പറ്റില്ല… ”
ഞാൻ തറപ്പിച്ചു പറഞ്ഞു
” നീ ചോദിച്ചാ മറ്റേ ആതിരയെ ഞാൻ ഒഴിവാക്കി തരാം… ”
അവൻ അവസാന അടവെന്നോണം എന്നെ നോക്കി പറഞ്ഞു…കാര്യം എനിക്ക് ഉപകാരം ഉള്ള ഒരു കാര്യമാണ് കോളേജിലെ ആ ശല്യം ഒഴിവാങ്ങി കിട്ടുന്നത് പക്ഷേ അവൻ ആരോടാണ് ചോദിക്കാൻ പറഞ്ഞത് എന്നോർത്തപ്പോൾ പറ്റില്ലാന്ന് പറഞ്ഞു… കറക്റ്റ് സമയത്ത് അവള് റൂമിൻ്റെ ഉള്ളീന്ന് പുറത്തിറങ്ങി നടന്നു… പെട്ടെന്ന് ഒന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കി
” ഡോ ഒന്നിങ്ങ് വന്നേ… ”
അവള് എന്നെ നോക്കി വിളിച്ചു.. അതോടെ ഞാൻ ഒന്ന് ഞെട്ടി
” നിന്ന് ഞെട്ടാണ്ട് ചെല്ലാടാ… അവള് പിടിച്ച് തിന്നുവൊന്നില്ല… കൂട്ടത്തിൽ നേരത്തെ പറഞ്ഞത് ഒന്ന് ചോദിക്ക്… ”
നന്ദു എന്നെ തട്ടിക്കൊണ്ട് പറഞ്ഞു… അതിന് ഞാൻ അവനെ ഒരു നോട്ടവും നോക്കി പിന്നെ അവളുടെ അടുത്തേക്ക് നീങ്ങി
” എന്താ… ”
അവളുടെ അടുത്തെത്തിയതും ഞാൻ ചോദിച്ചു
” എന്താ പിടിച്ചു ഭിത്തിയിൽ അടിക്കുന്നില്ലേ… ”
അവളെന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഞെട്ടി കൊണ്ട് അവളെ നോക്കി…അപ്പൊ ഇവളെല്ലാം കേട്ടു…ഇതിനെന്താ നായീടെ ചെവിടോ…
ഞാൻ മനസ്സിൽ ഓർത്തു
” എന്താ അടിക്കുന്നില്ലേ…? ”
ത്രികാല ജ്ഞാനത്തിൽ ആലോചനയിൽ മുഴുകിയിരിക്കുന്ന എന്നെ നോക്കി അവള് വീണ്ടും ചോദിച്ചു
” അത് ഞാനീ ഭിത്തിയിൽ വേറെ പെയ്യിൻ്റടിച്ചാല്ലോന്ന് പറഞ്ഞയാ… ”
ഞാൻ അവളെ നോക്കാതെ ഭിത്തി നോക്കി പറഞ്ഞു
കൂടുതൽ ഷോ ഒന്നും വേണ്ട മോനേ… ഞാൻ കേട്ടു… നേരത്തെ എൻ്റെ പ്രൊഫഷൻ ആയോണ്ട ഞാൻ സിറിഞ്ച് മെല്ലെ കേറ്റിയേ… എന്ന് വെച്ച് കൂട്ടുകാരോട് എന്നെപ്പറ്റി എന്തേലും പറഞ്ഞാ… വല്ല സർജിക്കൽ ബ്ലേഡും എടുത്ത് വയറ്റിനിട്ട് കേറ്റും ഞാൻ…
ചുറ്റുപാടും ഒന്ന് വീക്ഷിച്ച് ചിരിച്ചത് പോലെയാക്കി അവളെന്നോട് പറഞ്ഞു… അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ട് ഇച്ചിരി പേടി ഇല്ലാതില്ല… ചിലപ്പൊ ഈ വട്ടത്തി അതും ചെയ്യും…
” മോൻ പേടിച്ച് പോയോ… ഇതൊക്കെ ചേച്ചിയുടെ ഒരു നമ്പർ അല്ലേ….”
അവളെ അന്തം വിട്ട് നോക്കി നിൽക്കുന്ന എന്നെ കണ്ട് പുരികം ഉയർത്തി അവള് ഒരു ചിരിയോടെ പറഞ്ഞു..
” പിന്നേ… ഞാൻ വിറച്ചു കേട്ടോ… “
ചമ്മിയത് പുറത്തു കാണിക്കാതെ അവളുടെ മുന്നിൽ തോറ്റു കൊടുക്കരുത് മോനേന്നുള്ള ഏതോ ഉൾവിളിയുടെ ബലത്തിൽ ഞാനും വിട്ടുകൊടുത്തില്ല
” ആണോ… നല്ല വിറയൽ ഉണ്ടേൽ ചേച്ചി ഒരു പാരസെറ്റമോൾ തരാം അതു അണ്ണാക്കിൽ ഇട്ടോണ്ട് മോൻ പോയി ചാച്ചിക്കോ… ”
അവൾ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു
” നിൻ്റച്ഛൻ്റെ അണ്ണാക്കിൽ ഇട്ടു കൊടുക്ക്…. ”
ഞാൻ ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞു
” എന്താ… ??”
ഞാൻ പിറുപിറുക്കുന്നത് കേട്ടെന്നോണം അവൾ ചോദിച്ചു
” ഒന്നൂല്ല്യേ…ശവം… ”
അവളെ നോക്കി അതും പറഞ്ഞു ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി… പുറകീന്ന് അവളുടെ അടക്കിയ ചിരിയും കേൾക്കുന്നുണ്ട്….
റൂമിൽ പോയി കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ച് സമയം കടന്നുപോയി… നന്ദു ശ്രാദ്ധയെ പറ്റി ചോദിച്ചോ എന്നൊക്കെ തിരക്കി… പക്ഷെ അതിൽ നിന്നൊക്കെ ഞാൻ ഒഴിഞ്ഞുമാറി…നല്ല സാധനത്തിനോടാണല്ലോ ചോദിക്കേണ്ടത്… പിന്നെ രാത്രി ഏറെ വൈകി കളിയും ചിരിയുമായി എപ്പോഴോ ഉറങ്ങി…
രാവിലെ പതിവുപോലെ ഗിരിജാൻ്റി വന്നപ്പോ അവിടെ നിന്നിറങ്ങി നേരെ വീട്ടിലേക്ക് തിരിക്കാൻ നേരം റിസപ്ഷനിൽ അമ്മയോട് അവൾ സംസാരിച്ചു നിൽക്കുന്നത് കണ്ടൊന്ന് പതറി… ഇനി ആ സാധനം എല്ലാം വിളമ്പി കാണുമോ…?
” ഗുഡ്മോണിങ് ആൻ്റി… ”
അവരുടെ അടുത്തെത്തിയതും ശ്രീ അമ്മയെ നോക്കി പറഞ്ഞു
” ആ ഗുഡ് മോണിംഗ്… വിശേഷങ്ങൾ ഒന്നും പറയാനില്ലല്ലോ എന്നാ നിന്ന് സമയം കളയാതെ എല്ലാം വീട്ടിപോയി വേഗം കോളേജിലേക്ക് പോകാൻ നോക്ക്… ”
അമ്മ ഞങ്ങളെ നോക്കി പറഞ്ഞു
” ഇങ്ങളെന്താണ് ആൻ്റി..
കോളേജ് അവിടുന്ന് ഏടേമ് പോകുവൊന്നൂലാലോ….. ”
അമ്മയുടെ മറുപടി കേട്ട് നന്ദു ചിരിയോടെ പറഞ്ഞു
” ആണോ… അതെനിക്കൊരു പുതിയറിവാടാ…നീ പറഞ്ഞത് നന്നായി… ”
അവനെ കളിയാക്കുകയെന്നോണം അമ്മ പറഞ്ഞു
