ധർമ്മം – 1 1

തങ്ങളുടെ സംസാരം കണ്ടു അർജുൻ ആസ്വദിച്ചു ഇരിക്കുന്നത് കണ്ട ഷൈജു പെട്ടന്ന് അർജുനോട് ചോദിച്ചു..

” ടാ നിനക്ക് ധൈര്യമുണ്ടോ ഇവളുടെ സംശയം തീർത്തു കൊടുക്കാൻ …”

” എന്ത് സംശയം ആ ഷൈജു ..? അറിഞ്ഞു കൂടാത്ത കാര്യം പറഞ്ഞു കൊടുക്കുന്നതിന് എന്തിനാ പേടിക്കുന്നെ ..” അവളുടെ മുന്നിൽ തന്നെ കൊച്ചാക്കേണ്ട എന്ന മട്ടിൽ അർജുൻ അവനോട് പറഞ്ഞു …

” എന്നാൽ നീ ഇവൾക്ക് കന്ത്‌ എന്താണെന്നു ഒന്ന് പറഞ്ഞു കൊടുത്തേ …” കന്ത് എന്നത് മിയ കേൾക്കാതെ ഷൈജു അർജുന്റെ ചെവിയിലേക്ക് പറഞ്ഞു ..

” കന്ത് എന്താന്ന് ഇവൾക്ക് ഞാൻ എങ്ങനെയാ പറഞ്ഞു കൊടുക്കുന്നത് …” അർജുന്റെ ശബ്ദം അൽപ്പം ഉച്ചത്തിൽ ആയിപ്പോയി …

” കന്തോ .., അതെന്നാടാ ..” വളരെ നിഷ്കളങ്കമായി തന്നെ മിയ അവനോട് ചോദിച്ചു … ഇത് കേട്ട അവളുടെ അടുത്തിരുന്ന രണ്ടു കുട്ടികളും അവന്റെ മറുപടിക്ക് ആയി ചെവി കൂർത്തു …
അർജുൻ നിന്നൊന്ന് വിക്കി ..

” പറഞ്ഞു കൊടുത്തേക്കെടാ..” വളരെ കൂളായി ഷൈജു അവനോടു പറഞ്ഞു …

” അത് …അത് .., കുനിച്ചു നിറുത്തി അടിക്കുക … അതാണ് കന്ത്‌ ..” എന്തോ അപ്പോൾ അങ്ങനെ പറയാനാണ് അർജുന് തോന്നിയത് …

” ഇവൻ ചുമ്മാ പറയുകയാ മിയ …അതൊന്നുമല്ല വേറെന്നതോ ആണ് ..” ഷൈജു മിയയോട് പറഞ്ഞു …

” എനിക്ക് അറിയില്ല മിയ അതെന്താ എന്ന് ..” അർജുൻ ഇത് പറഞ്ഞിട്ട് തിരിഞ്ഞിരുന്നു …

ആ സമയം അവരുടെ ക്ലാസ്സ്‌ ടീച്ചർ ജേക്കബ് ക്ലാസ്സിലേക്ക് കയറുന്നത് കണ്ട് മിയ അവനോട് ചോദിച്ചു …

” ഞാൻ സാറിനോട് ചോദിക്കട്ടെ …”

അർജുൻ അവളെ നോക്കി പക്ഷേ അവൻ ഒന്നും മിണ്ടിയില്ല …

എന്തോ അത്യാവശ്യ കാര്യം പറയാൻ വന്ന ജേക്കബ് സാറിനെ അടുത്തേക്ക് വിളിച്ചു കൊണ്ട് മിയ പതിയെ ചോദിച്ചു ..

” സാർ .., കന്തിന്റെ മീനിങ്ങ് എന്നതാ..”

” ആരാ നിന്നോട് ഈ വാക്ക് പറഞ്ഞു തന്നെ …” ചിരിച്ച മുഖം മാറി ഉണ്ടക്കണ്ണ് പുറത്തേക്കു തള്ളി മിയയെ തുറിച്ചു നോക്കിയിട്ട് അയാൾ അലറി …

ഷൈജുവിന്റെ നേർക്ക് കൈ ചൂണ്ടാൻ പോയ മിയയെ തടഞ്ഞു കൊണ്ട് ഷൈജു വിളിച്ചു കൂവി …

” ആര് അർജുനോ …”

അത് കേട്ട പാടെ മിയയെ നോക്കാതെ ജേക്കബ് അർജുനോട് ചീറി ..
“അർജുൻ സ്റ്റാൻഡ് അപ്പ്‌ ..”

ആ ഒരു നിമിഷം അർജുൻ നിർജീവമാവുകയായിരുന്നു… ഒരു കൊലയാളിയെ പോലെ തന്നെ ഉറ്റു നോക്കുന്ന കുറേ മുഖങ്ങളെ അർജുൻ കണ്ടു..

അതിനിടയിൽ എന്ത്‌ വാക്ക് എന്ന് ചോദിച്ച അനീഷിന്റെ മുഖത്തേക്ക് നോക്കി
” കന്ത്‌ ..”
എന്ന് ചുണ്ട് അനക്കി കൊണ്ട് അർജുൻ പകുതി എഴുന്നേറ്റു …

” ടാ നിന്നോട് ആ പറഞ്ഞത് എഴുന്നേൽക്കാൻ ..” ജേക്കബ് വീണ്ടും അലറി..

നിറകണ്ണുകളുമായി അനീഷിനെ നോക്കി അർജുൻ എഴുന്നേറ്റു നിന്നു..

” ഇങ്ങോട്ട് ഇറങ്ങെടാ നായേ …” ജേക്കബ് ഷർട്ടിന്റെ കൈ മടക്കിക്കൊണ്ട് പറഞ്ഞു ..

” സർ ഒരു മിനിറ്റ്.., അവനല്ല ഞാൻ ആണ് മിയയോട് ആ വാക്ക് ചോദിച്ചത് ..” എഴുന്നേറ്റു നിന്ന് കൊണ്ട് അനീഷ് പറഞ്ഞു ..

ഇത് കേട്ട അർജുനും ,ഷൈജുവും ,മിയയും ഒരുപോലെ ഞെട്ടി..
അയാൾ മിയയെ നോക്കി…
” ഇവരിൽ ആരാ ഇത് ചോദിച്ചത് …”

” സർ ഞാൻ ആണ് സർ ..” അനീഷ് വീണ്ടും പറഞ്ഞു ..

“ആണോ ..” ജേക്കബ് മിയയോട് വീണ്ടും ചോദിച്ചു … അവൾ ഒന്നും മിണ്ടിയില്ല പകരം തല കുലുക്കി …

” ഇത് പോലുള്ള വാക്കുകൾ ഒന്നും പെൺകുട്ടികളോട് പറയാൻ പറ്റുന്നത് അല്ല.. വലിയൊരു തെറിയാണ് ഇവൻ മിയയോട് സംസാരിച്ചത്.. ഇവനെ ഇനി ഇവിടെ പഠിപ്പിക്കണോ വേണ്ടയോ എന്ന് മാനേജർ അച്ഛൻ തീരുമാനിക്കും ..അത് വരെ ഇവൻ ഇനി ക്ലാസ്സിൽ കയറേണ്ട .. ഇറങ്ങെടാ പട്ടീ പുറത്ത് …” ഇത്രയും പറഞ്ഞു ജേക്കബ് അനീഷിനെ ക്ലാസ്സിൽ നിന്നും ഇറക്കി വിട്ടു ..

സമയം 2.15 ആയതേ ഉള്ളൂ … ക്ലാസ്സിന്റെ പുറത്തെ വരാന്ദയിലേക്ക് ഇറങ്ങി നിന്ന അവനെ വിളിച്ചിട്ട് ജേക്കബ് പറഞ്ഞു..

” പോയി ആ വെയിലത്തേക്ക് നിൽക്ക് നായെ .. ” അങ്ങനെ അനീഷ് വെയിലത്ത് ഇറങ്ങി നിന്നു…

ജേക്കബ് ഓടിക്കിതച്ച് മാനേജർ അച്ഛനെ കാണാൻ പോയി.. പക്ഷേ അച്ഛൻ മീറ്റിംഗിൽ ആയിരുന്നത് കൊണ്ട് 4.30 കഴിഞ്ഞേ എത്തുള്ളൂ എന്ന് പറഞ്ഞു .. അങ്ങനെ അനീഷിനോട് പറഞ്ഞു നാലര വരെ അവിടെ നിൽക്കാൻ… മൂന്ന് മണി കഴിഞ്ഞപ്പോൾ കോരി ചൊരിയുന്ന മഴ പെയ്യാൻ തുടങ്ങി …അതും നനഞ്ഞു അനീഷ് ആ മഴയിൽ നിന്നു.. ആ സമയം അത്രയും അവന് ഒന്നും വരരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ച് കൊണ്ട് അർജുൻ ക്ലാസ്സിൽ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *