നവവധു – 10 2

കണ്ടുനിക്കുന്നവരുടെയും കണ്ണ് നിറയ്ക്കാൻ ആ ശബ്ദവും കണ്ണീരും മതിയായിരുന്നു. ശിവേട്ടൻ ഇതുവരെ ചെയ്ത സർവ പാപങ്ങളും ആ കണ്ണീരിൽ വെണ്ണീര്‌ ആയിപ്പോകുമെന്നെനിക്ക് തോന്നി.

ടാ…. നീയിങ്ങനെ തളർന്നാലോ…. അച്ചുവിന്റെ അച്ഛനും ആശ്വസിപ്പിക്കാനെത്തി. ഈ ദുഃഖരംഗം കൂടുതൽ കണ്ടുനിക്കാൻ ആവാത്തപോലെ സ്ത്രീജനങ്ങൾ അകത്തേക്ക് വലിഞ്ഞു. ചേച്ചിയുടെ കണ്ണുകൾ തുളുമ്പിയെന്നെനിക്ക് തോന്നി. അച്ചുവും ഏറെക്കുറെ കരയുന്ന മട്ടാണ്.

അല്ലേട്ടാ….അവള് കരയരുത്…. എനിക്ക് വേണ്ടിപ്പോലും ഒരിക്കലും സ്റ്റേഷനിൽ കേറാൻ ഇടവരുത്തരുത് എന്നോർത്താ ഞാനെല്ലാം നിർത്തിയെ….ആ അവള്…. ഇപ്പൊ…..ആ വാക്കുകൾ പറയുമ്പോ ശിവേട്ടന്റെ കണ്ണുകളിൽ വന്ന ആ ഭാവം….ഹോ….എനിക്ക് എന്നൊടുതന്നെ പുച്ഛം തോന്നി. ഒരാണിന് ഇങ്ങനെയൊക്കെ ഒരു പെണ്ണിനെ സ്നേഹിക്കാനും അവൾക്കുവേണ്ടി കരയാനും പറ്റുമോ????ഒറ്റ നിമിഷം കൊണ്ട് പുതിയ ലൈനിട്ട ഞാനെവിടെ ശിവേട്ടൻ എവിടെ????ആ കാലു തൊട്ടു വണങ്ങാനുള്ള അർഹത പോലും എനിക്കില്ലായെന്നൊരു തോന്നൽ.

എന്നാലും എനിക്കൊരു സന്തോഷമുണ്ടെന്റെ സോജേട്ടാ…. തൊട്ടവനെ വെട്ടിയിട്ടല്ലേ അവള് പോയേ….ശിവേട്ടന്റെ കണ്ണിലൂടെ അഭിമാനം പരന്നൊഴുകി.

ഒന്നു പോയിക്കണണ്ടേ നമുക്ക്????

ഞാനെങ്ങനെ അവളെ കാണുമെന്റെ സോജേട്ടാ??? ആ അവസ്ഥയിൽ അവളെ കാണാൻ എനിക്ക് പറ്റൂല്ല….ശിവേട്ടന്റെ കണ്ണുകൾ വീണ്ടും സജലങ്ങളായി.

ആരെന്നോ വല്ലോം അറിയാവോ നിനക്ക്??? ആശുപത്രിയിലെ വിവരം വല്ലോം ഉണ്ടോ???

ഇല്ല. സീരിയസ് ഒന്നുമല്ലന്നാ പറയണേ… അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ശിവേട്ടന്റെ കണ്ണിലൊരു മിന്നൽ ഞാൻ കണ്ടു. ഞാൻ മാത്രമല്ല അച്ഛനും.

ടാ ഇനിയിപ്പോ എന്നാ ചെയ്യാനാ???? ജാമ്യം കിട്ടാത്ത എഴുത്താ അവന്മാര് എഴുതിയെക്കുന്നെ….പാർട്ടിക്കാരും കേറി കളിക്കുന്നുണ്ടോ എന്നൊരു തോന്നലുണ്ട് എനിക്ക്…..അച്ഛന്റെ സൗണ്ടിൽ അന്നാദ്യമായി ഒരു അമർഷം ഞാൻ കണ്ടു. സാധാരണ മറ്റുള്ളവരുടെ വിഷയങ്ങളിൽ അച്ഛൻ തികച്ചും ശാന്തസ്വഭാവക്കാരനാണ്.

ആര് കളിച്ചാൽ എനിക്കെന്നാ??? എന്റെ പെണ്ണിനെ ഇറക്കാൻ എനിക്കറിയാം. അല്ലെങ്കി കളിക്കുന്ന പാർട്ടിക്കാരേം കൊന്നിട്ട് ഞാനും പോകും അകത്തേക്ക്. അവൾക്കൊപ്പം ഞാനും കെടന്നോളം. കൊല്ലും കൊലയുമൊന്നും ശിവന് പുത്തരിയല്ലന്നു സർവ മറ്റവമാരെയും ഞാൻ പഠിപ്പിക്കാം…..ശിവേട്ടന്റെ കണ്ണുകളിൽ ഒരു തരം പ്രത്യേക ഭാവം കൈവന്നു.

ഏയ്‌….നീ വേണ്ടത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട. നേരമൊന്നു വെളുത്തോട്ടെ….നമുക്കു ഇറക്കാടാ അവളെ….

ഉം….ശിവേട്ടൻ ഒന്ന് മൂളി. എന്നിട്ട് പെട്ടന്നെന്തോ ഓർത്തപോലെ എന്നെ നോക്കി. എന്തോ ഞാനൊന്നു ഞെട്ടി.

ജോക്കുട്ടാ…. ഫോണില് പൈസ ഉണ്ടോ…ഒണ്ടെങ്കി ഈ നമ്പറൊന്നു കുത്തിത്തരുവോ???? ശിവേട്ടൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നൊരു മുഷിഞ്ഞ കടലാസ്സുകഷ്ണം എനിക്ക് നേരെ നീട്ടി.

ഇങ്ങു താടാ…. അച്ഛൻ അത് വാങ്ങി സ്വന്തം ഫോണിൽ ആ നമ്പർ കുത്തി ശിവേട്ടന് കൊടുത്തു.

ശിവേട്ടൻ പതുക്കെ ഇരുളിൽ പോയിരുന്നു ആരോടോ കുറേനേരം സംസാരിച്ചു. എന്നിട്ട് തിരിച്ചു വന്നപ്പോൾ മുഖം ആകെ വലിഞ്ഞുമുറുകിയതായി എനിക്ക് തോന്നി.

ആരാടാ??വക്കീല് വല്ലോം ആണോ???? അച്ഛന്റെ ആ ചോദ്യത്തിന് ശിവേട്ടൻ ഒഴുക്കൻ മട്ടിലൊന്നു മൂളി.

അല്ല നീയിത് എവിടെ പോയതായിരുന്നു????

ഞാനൊരു സ്ഥലം നോക്കാൻ പോയതാ സോജേട്ടാ….ഈ മുടിഞ്ഞ നാട്ടീന്ന് എങ്ങോട്ടേലും പോകാൻ. നശിച്ച നാടാ ഇത്. ഗുണ്ടയായ ശിവനെ അറിയാത്ത ഒരു നാട്ടിലേക്ക് പോണം എനിക്ക്. എന്റെ കൊച് അറിയല്ല് അവന്റെ അച്ഛയൊരു ഗുണ്ട ആയിരുന്നു എന്ന്…..ശിവേട്ടന്റെ ആ വാക്കുകൾ എനിക്കെന്തോ പോലെ തോന്നി. പക്ഷേ ഒരു കണക്കിന് അതാണ് ശെരിയെന്നെനിക്കും തോന്നി.അച്ഛനും ഒന്നും പറഞ്ഞില്ല.

അല്ല നീയെങ്ങാനാ അറിഞ്ഞേ????

അവൾടെ ഫോണിലോട്ട് വിളിച്ചപ്പോ ഓഫാ….അപ്പോ ഞാൻ ആ ഗോപിയേട്ടന്റെ വീട്ടിലോട്ട് വിളിച്ചു. അവരാ പറഞ്ഞേ….അല്ലേല്…. ഞാൻ നാളെയെ അറിയൊള്ളു അല്ലെ സോജേട്ടാ?? ശിവേട്ടൻ അച്ഛനോടായി ചോദിച്ചു. പക്ഷേ മറുപടി ഉണ്ടായില്ല
സംഭവിച്ചത് എന്നാന്നും അറിയാൻ പറ്റില്ലല്ലോടാ നമ്മക്ക്….അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *