നവവധു – 5

കുറച്ചു കഴിഞ്ഞു ബാക്കി എല്ലാരും കേറി വന്നു. അവർ എന്തോ കണ്ണു കാണിച്ചു. അതോടെ അച്ചന്മാർ അച്ചുവിനെയും കൂട്ടി പുറത്തേക്കിറങ്ങി. പോകുന്ന പോക്കിൽ അച്ഛൻ എന്നെ നോക്കി ഒന്നുമില്ല എന്ന അർഥത്തിൽ ഒന്നു കണ്ണിറുക്കി കാണിച്ചു.

തല അൽപ്പം ഉയർത്തി 2 തലയിണയുടെ മുകളിലാണ് വെച്ചിരിക്കുന്നത്. ഒരു വശത്തായി ചെവിക്ക് മുകളിലാണ് അടി കിട്ടിയത്. അൽപ്പം പിന്നിലേക്ക് മാറിയിരുന്നു എങ്കിൽ കാറ്റു പോകുമായിരുന്നു. ഇതൊക്കെ ശ്രീജ പറഞ്ഞ അറിവാണ്. തലക്ക് ആ ഭാഗത്ത് നല്ല വേദനയാണ്. അതുകൊണ്ട് ആ വശത്തേക്ക് തല തിരിക്കാനാവില്ല. അതുകൊണ്ട് എല്ലാരും എനിക്ക് അഭിമുഖമായി വന്നു നിന്നു. ആരും ഒന്നും മിണ്ടുന്നില്ല.വീണ്ടും ശോകം.

ഹാ….നിങ്ങളെന്നാ ഒരുമാതിരി മരണവീട്ടിൽ വന്നപ്പോലെ…. ഞാൻ ചത്തില്ലടോ…… ഞാൻ ഒന്ന് തമാശിക്കാൻ ശ്രമിച്ചു.

പോ മൈ….. വീശാൽ പറയാൻ വന്ന തെറി പെണ്പിള്ളേര് ഉള്ളതിനാൽ അങ്ങു അടക്കി.

ഞാൻ ശ്രീയെ നോക്കി. അവൾ എന്നെ ഒരു നിർവികാര ഭാവത്തിൽ നോക്കി നിൽക്കുവാണ്. കണ്ണിൽ ഏതോ ഒരു ഫീലിംഗ്…. പ്രണയമാണോ???? സഹതാപം ആണോ അറിയില്ല. പ്രണയമാവണം. സിനിമയിൽ ആണെങ്കിൽ ഒരു ലൈൻ തുടങ്ങാനുള്ള കറക്റ്റ് ടൈം. എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

ടാ….ഇവര് വന്നത്……വിശാൽ എന്തോ പറയാൻ വന്നത് ഒന്നു നിർത്തി. എല്ലാരും പരസ്പരം ഒന്നു നോക്കി.

എന്താ?????

ടാ അതു….

കാര്യം പറയടാ……

അവനില്ലേ????? ആ ആൽബി.

ആര്?????

നിന്റെ തന്ത……ടാ നറീ…. നിന്നെ തല്ലിയവൻ. അവനെതിരെ ആരും സാക്ഷി പറയത്തകൊണ്ട്…..

എന്തുവാ….????
നിന്നെ തല്ലിയത്…..തെളിവില്ലാന്ന്. അവൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ന്റെ മോൻ ആയ കൊണ്ടാവും. പാർട്ടി സെക്രട്ടറി ആണല്ലോ….അതുകൊണ്ട് അവനെ ഒന്നും ചെയ്യില്ലാന്ന്. അതിനെതിരെ ഇവരുടെ പാർട്ടി ഒരു സമരം നടത്താൻ പോകുവാ….അതൊന്ന് പറഞ്ഞിട്ട് പോകാൻ……അവൻ പൂരിപ്പിക്കാതെ നിർത്തി.

എനിക്ക് സ്വയം പുച്ഛം തോന്നി. അത്രയും പിള്ളേരുടെ മുന്നിൽ വെച്ച് തല്ലിയിട്ട് സാക്ഷിയില്ല. തെളിവില്ല……എന്റെ വെല അതാണ് ആ കോളേജിൽ. കാശും പവറും ഉള്ളവൻ കാര്യം നേടുന്നു. കോളേജ് മാനേജ്‌മെന്റ് പോലും ആ കൂട്ടത്തിൽ….. തല്ലുകൊണ്ടത് എനിക്ക്. മാനം പോയതും കാശു പോയതും എനിക്ക്. തല്ലിയവൻ മാന്യൻ.

വേണ്ട. എന്റെ ഉത്തരം ഉറച്ചതായിരുന്നു.

അതുപിന്നെ….ജോ…..ഞങ്ങൾ വന്നത്…..കൂട്ടത്തിൽ വന്ന ഒരാൾ പറഞ്ഞു തുടങ്ങി.

താൻ എന്നെ കണ്ടിട്ടുണ്ടാവില്ല. ഞാൻ ലാസ്റ്റ് പിജി സ്റ്റുഡന്റാ. പേര് പ്രജീഷ്. പാർട്ടിയുടെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു. അവൻ ആ ഇപ്പൊ ചെയർമാൻ. ഗുണ്ടായിസം കൊണ്ട് കയറിയതാ. സെക്കൻഡ് ഇയറിൽ വെച്ചു ഒന്ന് ജയിച്ചു. ഇപ്പോ തേർഡ് ഇയറാ. കഴിഞ്ഞ ഇലക്ഷന് ഞങ്ങടെ പാർട്ടി സ്ഥാനാർഥിയെ നിർബന്ധിച്ചു ഭീഷണിപ്പെടുത്തി എന്നൊക്കെ പറയാം അവൻ നോമിനേഷൻ പിന്വലിപ്പിച്ചു. ഇപ്പൊ അവൻ പറയുന്നതാ കോളേജിലെ നിയമം. പ്രിൻസി പോലും അനങ്ങില്ല. അവന്റെ ഗുണ്ടായിസം അവസാനിപ്പിക്കാൻ കിട്ടിയ അവസരമാ. സഹകരിക്കണം.

ഇല്ല. എനിക്ക് പരാതിയില്ല. എന്തോ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്. സിനിമയിലെ പോലെ ഒറ്റക്ക് പോയി തല്ലാനുള്ള ആഗ്രഹം കൊണ്ടോന്നുമല്ല. നടക്കില്ല എന്നത് ഉറപ്പാണല്ലോ. ഇവര് പറയുന്നത് വെച്ചു നോക്കിയാൽ അവനെ എല്ലാർക്കും പേടിയാണ് ടീച്ചർമാർ ഉൾപ്പെടെ. ഏതായാലും സമരം പൊട്ടും. അവനൊരു ചുക്കും പറ്റുകയുമില്ല..

അവനെ ചാടിച്ചു വിടുകയുമില്ല. അതുകൂടി പൊട്ടിയാൽ ഞാൻ പിന്നെ പോയി ചത്താൽ മതി എന്ന ബോധ്യം. അത്രയ്ക്ക് നാറും. പിന്നെ അടി കിട്ടിയാലും ശ്രീ വളഞ്ഞു എന്നൊരു തോന്നൽ. ഇനിയും തടി കേടാക്കാൻ വയ്യ.

ഒന്നൂടെ ആലോചിച്ചിട്ട്?????

ഇല്ലാന്ന് പറഞ്ഞില്ലേ….അച്ചു എവിടുന്നോ ചാടി വീണു.
അവർ എല്ലാരും പിരിഞ്ഞു. എന്നെ കളിയാക്കുകയോ പ്രാകുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. മൂവർ സംഘം മാത്രം പോയില്ല. ഞാൻ അവരെ പരിചയപ്പെടിത്തിയെങ്കിലും അവർ നേരത്തെ പരിചയപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചത് അവരാണല്ലോ…. ശ്രീയെ പിന്നെ പറഞ്ഞാൽ തന്നെ അറിയുമല്ലോ

നീയെന്നാ അങ്ങനെ പറഞ്ഞേ…????വിശാൽ

നിനക്കോറപ്പൊണ്ടോ അവനെ ചാടിച്ചു വിടുമെന്ന്????

ആരും ഒന്നും പറഞ്ഞില്ല.

കുറച്ചു കഴിഞ്ഞു എല്ലാരും പോകാൻ തുടങ്ങി. ക്ലാസ് കട്ട് ചെയ്തു ഇറങ്ങിയതാണ്. ശ്രീ മാത്രം ഒന്നും മിണ്ടിയില്ല. ബാക്കി രണ്ടുപേരും എന്തൊക്കെയോ പറഞ്ഞു. അച്ചു ശ്രീയെ നോക്കി എന്നിട്ട് എന്നോട് എന്തോ കണ്ണു കാണിച്ചു. അവൾ എന്താ മിണ്ടാത്തത് എന്നാവണം.

യാത്രപറഞ്ഞ് എല്ലാരും റൂമിൽ നിന്നിറങ്ങി. ശ്രീ മാത്രം ഒതുങ്ങി നിന്നു. എന്നോട് എന്തോ പറയാൻ ആശിക്കുമ്പോലെ. എന്റെ മനസ്സിൽ പെരുമ്പറ കൊട്ടി. അവൾ ഇഷ്ടം തുറന്നു പറയാൻ പോകുന്നു. ആദ്യത്തെ പ്രണയം. അതിവിടെ പൂവണിയാൻ പോകുന്നു.

ജോ….. ഏതോ സ്വപ്നലോകത്തു നിന്നുള്ള വിളി.

മ്…. ഞാൻ വിളികേട്ടു. ഞാനപ്പോൾ ഭൂമിയിൽ ആയിരുന്നില്ല. സ്വർഗ്ഗത്തിൽ…. അല്ല അതിലും ഉയരത്തിൽ…..

ഇതാ ഞാൻ പേടിച്ചത്….. എനിക്കറിയാം നിനക്കെന്നെ ഇഷ്ടാന്നു. പക്ഷേ…. എനിക്കത് ഇഷ്ടല്ല…. ആരേം…ആരും എന്നെ പ്രേമിക്കണ്ട. ഞാൻ ആരെയും പ്രേമിക്കില്ല. എന്നോടൊന്നും തോന്നരുത്. ഇനി എന്നോടൊന്നും ചോദിക്കരുത്.

ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് അവൾ ഇറങ്ങിപ്പോയി. ഒന്നും മനസിലായില്ല. ഒറ്റ നിമിഷം കൊണ്ട് ഞാൻ ഭൂമിയിലെത്തി. അല്ല പാതാളത്തിലേക്ക് വീണു. തലയേക്കാൾ വേദന നെഞ്ചിൽ. കണ്ണുനിറഞ്ഞു.

ടാ എന്നാ അവള് പറഞ്ഞേ….അച്ചു ഇരച്ചു കയറി വന്നു. അവള് വിചാരിച്ചു കാണും പുതിയ നാത്തൂനെ കിട്ടിയെന്ന്.

ഒന്നുല്ല….. പറഞ്ഞെങ്കിലും എന്റെ കണ്ണു നിറഞ്ഞുപോയി.

എന്നാടാ എന്നാ പറ്റി????

ഞാൻ എല്ലാം പറഞ്ഞു. എന്തോ ഒന്ന് നഷ്ടപ്പെട്ട പോലെ. അച്ചുവും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് എണീറ്റ് പോയി. ചിലപ്പോ എന്റെ വിഷമം കാണാൻ പറ്റാത്തത് കൊണ്ടാവും.

എന്തായലും ഒരാഴ്ചത്തെ ആശുപത്രി വസത്തിനു ശേഷം ഞാൻ വീട്ടിലെത്തി. വീണ്ടും രണ്ടാഴ്ച റെസ്റ്റ്. വിശാലും റോസും ഇടക്ക് വന്നുപോയി. ശ്രീ വന്നില്ല. എന്തിനാ എന്നു കരുതിക്കാണും. റോസ് എന്റെ ബുക്കുകൾ കൊണ്ടുപോയി നോട്‌സ് എഴുതിക്കൊണ്ടു വന്നു. ഇപ്പൊ അവൾക്ക് എന്നോട് ഒരു ചെറിയ ഇഷ്ടം ഉണ്ടോ എന്നൊരു ഡൗട്ട്. എന്നും വിളിക്കുന്നു…. മെസേജ് അയക്കുന്നു.
നോട്ട് എഴുതുന്നു….കൊഞ്ചുന്നു….കുഴയുന്നു…..അച്ചുവും ചേച്ചിയും വിശാലും ഇടക്ക് ഒന്ന് സൂചിപ്പിച്ചു. അപ്പൊ അവർക്കും തോന്നിക്കാണും.

എന്തായാലും ഏകദേശം ഒരു മാസത്തിന് ശേഷം ഞാൻ കോളേജിലെത്തി. വലിയ മുറിവൊന്നും പുറത്തില്ലായിരുന്നു. ഹോക്കി സ്റ്റിക്കുകൊണ്ടുള്ള ആ അടി തലയോട് ഒന്നു പൊട്ടിച്ചു അത്ര മാത്രം. സിംപിൾ.

Leave a Reply

Your email address will not be published. Required fields are marked *