പാവക്കൂത്ത് 17

എനിക്ക് ഈ പിങ്ക് ഷൂസ് മതിയമ്മേ,,, (ഇല്ലെങ്കിൽ ഞാൻ കരഞ്ഞു ഒച്ച വെക്കും എന്ന ഭാവത്തിൽ ആയിരുന്നു മാളുവിന്റ്റെ മറുപടി)

ശരി!! ആദ്യം മോള് ഈ സ്കൂൾ ഷൂസ് ഒന്ന് ഇട്ടു നോക്ക്, എന്നിട്ടു രണ്ടും വാങ്ങുന്നതിനെ പറ്റി നമുക്ക് ആലോചിക്കാം,,

അമ്മയുടെ ആ വാഗ്ദാനത്തിൽ വലിയ പ്രതീക്ഷ ഇല്ലെങ്കിലും, തല്ല് പേടിച്ചു മാളു പാതി മനസ്സോടെ ആ സെയിൽസ്മാൻറെ അടുത്തേക്ക് നടന്നടുത്തു,,,

അയാൾ മാളൂട്ടിയെ ബെഞ്ചിൽ ഇരുത്തി ആ പിങ്ക് കളർ ഷൂസ് ഊരിയതിനു ശേഷം സ്കൂൾ ഷൂസ് അണിയിച്ചു അതിൻ്റെ സൈസ് ഉറപ്പു വരുത്തുന്ന വേളയിൽ മാനസി ആ സെയിൽസ് ഗെർളിന്റെ അടുത്തു ചെന്ന് ആ പിങ്ക് ഷൂസിന്റെ വില അന്വേഷിക്കാൻ ആരംഭിച്ചു !

വില തിരക്കിയെങ്കിലും ആ സെയിൽസ് ഗേൾ ആരുമായോ ഒരു ഫോൺ സംവാദത്തിൽ ആയിരുന്നതിനാൽ മാനസിക്ക് അവളുടെ ചോദ്യത്തിനുള്ള പ്രതികരണം ലഭിക്കുന്നുണ്ടായിരുന്നില്ല,,

കുറച്ചു നേരം കാത്തു,,, പക്ഷെ ആ പെൺകൊച്ചു “ഓക്കേ സർ, നോക്കാം സർ,, കുഴപ്പമില്ല സർ” എന്നിങ്ങനെയുള്ള മറുപടികൾ കൊടുത്തു ആ ഫോൺ വിളിയുടെ ദൈർഗ്യം കൂട്ടുന്നതല്ലാതെ അത് ഇപ്പോയൊന്നും അവസാനിക്കും എന്ന ഒരു സൂചന പോലും കാട്ടുന്നുണ്ടായിരുന്നില്ല!

ക്ഷമ നശിച്ച ‘മാനസി’ ആംഗ്യഭാഷ ഉപയോഗിച്ച് ആ പിങ്ക് ഷൂസിനുള്ള വില എത്രയാണെന്ന് വീണ്ടും ചോദിച്ചു,,,

താൻ ഒരു കോളിൽ ആയിരിക്കുമ്പോൾ, തീരെ മര്യാദ ഇല്ലാതെ ഇടയ്ക്കു കയറി ശല്യപ്പെടുത്തുന്ന മാനസിയെ ഒന്ന് നീരസത്തോടെ നോക്കിയതിനു ശേഷം ആ സെയിൽസ് ഗേൾ തൻ്റെ കൈ ഉയർത്തിപ്പിടിച്ചു അഞ്ചു വിരലുകളും ചേർത്ത് വെച്ച് 5 എന്ന് ആംഗ്യഭാഷയിൽ തന്നെ മാനസിക്ക് ഉത്തരവും നൽകി,,,

ഓഹ്,, ‘500’,,, മാനസി മനസ്സിൽ മന്ത്രിച്ചു,,, അല്ല അങ്ങനെ അനുമാനിച്ചു !!

 

ആ ഷൂസിൻ്റെ ഭംഗിയും , ക്വാളിറ്റിയും കണ്ടപ്പോൾ ഇതിൽ കൂടുതൽ വില മാനസി പ്രതീക്ഷിച്ചിരുന്നു,, ഇതിപ്പോൾ ലാഭമാണ്,,, എന്നാലും ആ അഞ്ഞൂറ് രൂപയ്ക്കു എന്തോരം വീട്ടു സാധനങ്ങൾ വാങ്ങിക്കാം എന്നും മാനസി അതേ സമയം ചിന്തിച്ചു പോയി,,,

ചെറിയ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന ‘മാനസി’ മാളുവിന്‌ നേർക്ക് നോക്കി,, മാളു ആ പുതിയ സ്കൂൾ ഷൂസ് ധരിച്ചു നിൽക്കുകയാണ്,, ഒപ്പം ആ പിങ്ക് കളർ ഷൂസും അവൾ നെഞ്ചോരം ചേർത്ത് പിടിച്ചിട്ടുണ്ട്,,,

എന്തോ,,, മാനസിക്ക് മോളോട് പാവം തോന്നി,, മാളുവിന്‌ വാശി കൂടുതലാണ്, ശരി തന്നെ എന്നാലും അവൾ ആഗ്രഹിച്ച ഒട്ടുമിക്ക കാര്യങ്ങളും നിറവേറ്റിക്കൊടുക്കാൻ പലപ്പോഴും തനിക്ക് സാധിച്ചിരുന്നില്ല!

 

അവർ ആ രണ്ടു ഷൂസുമായി ക്യാഷ് കൗണ്ടറിലേക്ക് പോയി,,

മാനസീ,,,, മാനസീ,,,

പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം തൻ്റെ പേര് വിളിക്കുന്നത് കേട്ട് മാനസി തിരിഞ്ഞു നോക്കി,,,

മാനസി,,, നീ മാനസി അല്ലെ ??

നാല്പത്തിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ,, ഒരു കറുത്ത കണ്ണട നെറ്റിക്ക് മുകളിൽ ഉയർത്തിവച്ചിട്ടുണ്ട്, ഓഫീസ് ഡ്രസ്സ് ആണ് വേഷം,,

നല്ല മുഖപരിചയം തോന്നുന്നുണ്ട്,, പക്ഷെ കൃത്യമായി ആരാണെന്നു ഓർത്തെടുക്കാൻ മാനസിക്ക് സാധിക്കുന്നില്ല,,,

നീ,, നീ മാനസി അല്ലെ ?

തൻ്റെ മുഖത്തേക്കു പകപ്പോടെ നോക്കി നിൽക്കുന്ന മാനസിയോട് ആ സ്ത്രീ ചോദ്യം ആവർത്തിച്ചു,,

അതേ,, പക്ഷെ നിങ്ങൾ?,,, മാനസി മറുചോദ്യം എറിഞ്ഞു,,,

എടി മാനസി അപ്പൊ നീ എന്നെ മറന്നു അല്ലെ ??

അത് ചോദിക്കുമ്പോൾ ആ സ്ത്രീയുടെ മുഖത്തു ചെറിയ നിരാശ പ്രകടമായിരുന്നു,,,

അല്ല,,, എനിക്ക് നല്ല മുഖപരിചയം തോന്നുന്നുണ്ട്,, പക്ഷെ പെട്ടെന്ന് അങ്ങോട്ട് ഓർമ്മ വരുന്നില്ല,,,

മാനസി ഉള്ള കാര്യം അല്പം ജാള്യതയോടെ തുറന്നു പറഞ്ഞു,,,

എടി ഞാൻ മായയാ,,, കേർണൽ സാറിൻറെ വൈഫ്,,, മുമ്പ് തിരുവന്തപുരത്തു ആയിരുന്നപ്പോ നിങ്ങടെ വീടിൻ്റെ അടുത്ത കോട്ടേജിൽ താമസിച്ച,,,

ആഹ്,, മായേച്ചി ,,, ഇപ്പൊ ഓർമ്മ വന്നു,, ആ സ്ത്രീ പറഞ്ഞു തീരുന്നതിനു മുന്നേ ‘മാനസി’ ഇടയ്ക്കു കയറി അല്പം ആവേശത്തോടെ പറഞ്ഞു,,,

ഹ്മ്മ്,, എന്നാലും നീ എന്നെ അങ്ങ് തീരെ മറന്നു കളഞ്ഞു അല്ലെ,,, ആ സ്ത്രീ വീണ്ടും പരാതി ആവർത്തിച്ചു,, എന്നാൽ ഇപ്രാവശ്യം മുഖത്തു തെളിഞ്ഞു വന്ന നിരാശ തീർത്തും കൃത്രിമം ആണെന്ന് വ്യക്തം,,

അത് പിന്നെ ചേച്ചി കുറെ കാലമായില്ലേ കണ്ടിട്ട്,, സോറി,,

മാനസി അല്പം ചമ്മലോടെ പറഞ്ഞൂ,,,

ഹ്മ്മ്,, അത്ര വർഷങ്ങളൊന്നും ആയില്ല,, കൂടിപ്പോയാൽ പത്തോ പന്ത്രണ്ടോ വർഷം,,, ആ സ്ത്രീ ഒരു തമാശ കണക്കെ ഒരു പ്രത്യേക മുഖഭാവത്തോടെ പറഞ്ഞു ,,,

മായേച്ചിയുടെ ആ സംസാരം കേട്ട മാനസി ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു,,, മായയും അവളുടെ ചിരിയിൽ പങ്കു ചേർന്ന് അവരുടെ പരിചയം പുതുക്കൽ കൂടുതൽ ആനന്ദകരമാക്കി,,,

വർഷം എത്ര കഴിഞ്ഞാലും എന്താ,, ഞാൻ നിന്നെ തിരിച്ചറിഞ്ഞില്ലേ?? അന്ന് ഞങ്ങൾ അവിടുന്ന് ട്രാൻസ്ഫർ ആയി പോകുമ്പോൾ നിനക്ക് പതിനാറു വയസ്സായിരുന്നു,,,, ഇന്നിപ്പോ നോക്കിയേ,, എൻ്റെ മാനസിക്കൊച്ചു ഒത്ത ഒരു പെണ്ണായി,, പോരാത്തതിന് ഒരു അമ്മയും ,,, അത് പറയുമ്പോൾ ‘മായ’ മാളുവിൻറ്റെ നെറുകയിൽ സ്നേഹത്തോടെ തലോടുന്നുണ്ടായിരുന്നു,,,

സത്യം പറഞ്ഞാൽ,, ഇപ്പൊ ഇവിടെ വെച്ച് മായയെ കണ്ടതും അതിനേക്കാൾ ഉപരി ‘മായ’ അവളെ തിരിച്ചറിഞ്ഞതിലും മാനസിക്ക് അദ്ബുധം തോന്നി,,, കാരണം അവർ കുറച്ചു വർഷങ്ങൾ മാത്രമേ അവരുടെ അയൽക്കാരായി താമസിച്ചിരുന്നുള്ളൂ,,, പിന്നീട് അവരുടെ പട്ടാളക്കാരൻ ഭർത്താവിന് പുതിയ സ്ഥലത്തേക്കു പോസ്റ്റിങ്ങ് കിട്ടിയപ്പോൾ അവർ അങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയി പോവുകയും ചെയ്തു.

രണ്ടു മൂന്നു വർഷം അയൽക്കാർ ആയിരുന്നെങ്കിലും അവർ തമ്മിൽ വലിയ മാനസിക അടുപ്പമൊന്നും ഉണ്ടായിരുന്നില്ല കാരണം ഈ മായേച്ചിയും അവരുടെ ഭർത്താവും ഒരു ഉൾവലിഞ്ഞ സ്വഭാവക്കാർ ആയിരുന്നു,, അയൽവക്കത്തു എന്തേലും വിശേഷങ്ങൾക്ക് ക്ഷണിച്ചാൽ പോലും ഇവർ അപൂർവമായേ പങ്കെടുക്കാറുള്ളൂ,,,

നെക്സ്റ്റ്!!

ക്യാഷ് കൗണ്ടറിൽ നിന്നും മാനസിയുടെ നേർക്ക് നോക്കി അല്പം ഉറക്കെ ആ ജീവനക്കാരൻ ഒച്ച ഇട്ടപ്പോഴാണ് ‘മാനസി’ ആ ഓർമകളിൽ നിന്നും ഉണർന്നതും, താൻ വാങ്ങിച്ച ഷൂസിൻ്റെ പണമടക്കാനുള്ള തൻ്റെ ഊയം ആയി എന്ന് തിരിച്ചറിയുന്നതും!

എത്ര ആയി?? ആ കാഷ്യർ ഇരു ഷൂസുകളും അടങ്ങുന്ന ഷോപ്പിംഗ് ബാഗ് മാനസിക്ക് കൈമാറിയതിന് പുറകെ മാനസി ചോദിച്ചു,,

ട്ടാക്സ് അടക്കം 5,630 മാം,, ആ കാഷ്യർ ചെറു പുഞ്ചിരിയോടെ പറഞ്ഞു,,,

എന്ത്!! അയ്യായിരത്തി അറുന്നൂറ്റി മുപ്പതോ ??? ആ പിങ്ക് ഷൂസിനു എത്രയാ?? ,, മൊത്തം ബില്ല് എമൗണ്ട് കേട്ട് ആകെ പിടുത്തം വിട്ട മാനസി തൻ്റെ കണ്ണും തള്ളിപ്പിടിച്ചു അല്പം ഉറക്കെ ആയിരുന്നു അത് ചോദിച്ചത്,,,

Leave a Reply

Your email address will not be published. Required fields are marked *