“ഞാൻ നാളെ വരുമ്പോൾ കുറച്ചു പച്ചക്കറികൾ വാങ്ങിച്ചു കൊണ്ട് വരാം”,,, ഹർഷൻ ശാന്തമായി പറഞ്ഞു,, ഇപ്പോഴും അയാളുടെ മനസ്സിലോ,, മുഖത്തോ ലവലേശം കുറ്റബോധം ഇല്ലായിരുന്നു,,,
അതിപ്പോ,, ഹർഷേട്ടൻ വാങ്ങിച്ചാലും ഞാൻ വാങ്ങിച്ചാലും ഈ മാസത്തെ ചിലവിനുള്ള കാശിൽ നിന്ന് തന്നെയല്ലേ വാങ്ങുന്നത്?? അതിൽ മാറ്റമൊന്നും ഇല്ലല്ലോ ??
ഈ പ്രാവശ്യം ശബ്ദം ഉയർത്തിയില്ലെങ്കിലും,, മാനസിയുടെ മുഖത്തു ഒരു പുച്ഛഭാവം നിറഞ്ഞു നിന്നിരുന്നു,,
എന്നാ പിന്നെ ഇനി ഒരാഴ്ചത്തേക്ക് ഇവിടെ ആരും ഭക്ഷണം കഴിക്കണ്ട !!
ശബ്ദം അടക്കിപ്പിടിച്ചാണെങ്കിലും അങ്ങേയറ്റത്തെ അമർഷം അടക്കിപ്പിടിച്ചായിരുന്നു ഹർഷൻ അത് പറഞ്ഞത്!
നിങ്ങൾ എന്തിനാ എന്നോട് ദേഷ്യം പിടിക്കുന്നെ??,,, മാനസി ഒരു അലർച്ചയോടെ ചോദിച്ചു,,
മാനസിയുടെ അലർച്ച കേട്ട മാളൂട്ടി, ഉറക്കത്തിൽ നിന്നും ഒന്ന് ഞെരങ്ങി തിരിഞ്ഞു കിടന്നു,,
മാനസി നാക്ക് കടിച്ചു കൊണ്ട് മാളൂട്ടിയെ നോക്കി നിന്നു,, ഹർഷൻ പതിയെ മാളൂട്ടിയുടെ നെറുകയിൽ തലോടിക്കൊണ്ട് വീണ്ടും മോളെ ഉറക്കത്തിലേക്കു നയിച്ചു!!
മാളൂട്ടി ഉറക്കം ആയി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ‘മാനസി’ അടക്കിപ്പിടിച്ച സ്വരത്തിൽ ഹർഷനോടായി പറഞ്ഞു,,
” നാളെ എനിക്ക് രണ്ടായിരം രൂപ പിൻവലിക്കേണ്ടി വരും,, മോൾക്ക് കുറച്ചു സ്കൂൾ ബുക്ക്സ്, സ്റ്റേഷനെരീസ് ഒക്കെ വാങ്ങിക്കാനുണ്ട്”
ഓഹ്,, ഇത് തീരില്ലേ?? മാസാമാസം ബുക്കും, പെന്നും, പിക്നിക്കും ഇവർ സ്കൂൾ ആണോ നടത്തുന്നെ അതോ അറവു ശാലയോ?
അങ്ങേയറ്റം അസഹിഷ്ണുതയോടെ ആയിരുന്നു ഹർഷൻ അത് പറഞ്ഞത്,,
മോളെ ഇത്ര കേമമായ സ്കൂളിൽ വിട്ടു പഠിപ്പിക്കണം എന്ന് വാശി പിടിച്ചത് ഞാൻ അല്ല,, നിങ്ങളാ,, മാനസിയും വിട്ടു കൊടുത്തില്ല!
മറ്റെന്തും ഞാൻ കോമ്പ്രോമൈസ് ചെയ്യും,, ബട്ട്,, സ്കൂൾ,, പഠിത്തം,, നെവർ!! ,, അത് അവളുടെ ഭാവിയാണ്,,, ആ പിങ്ക് കളർ ഡിസൈനർ ഷൂസ് കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടായിരുന്നു ഹർഷന്റ്റെ ആ നയം വ്യക്തമാക്കൽ!!
ഹർഷന്റ്റെ കയ്യിൽ ആ ഷൂസ് കിടക്കുന്നതു കണ്ടതും മാനസി ഒന്ന് പരുങ്ങി,,
ഭയപ്പെട്ടത് പോലെ തന്നെ ഒട്ടും താമസിയാതെ ഹർഷനിൽ നിന്നും ആ ചോദ്യം ഉയർന്നു,,
എത്രയായിരുന്നു ഈ ഷൂസിനു??
അയ്യായി,,, അല്ല,, അഞ്ഞൂറ്,, മാനസി തപ്പിത്തടഞ്ഞു പറഞ്ഞു,,
അല്ലാതെ ഇപ്പോൾ മാനസിക്കു അതിന്റെ ശരിയായ വില ഇവിടെ പറയാൻ നിർവാഹമില്ല,,, പോരാത്തതിന് ഹർഷേട്ടന് കേട്ടുപരിചയം പോലും ഇല്ലാത്ത,, തനിക്കു തന്നെ വലിയ ആത്മബന്ധം ഇല്ലാത്ത മായേച്ചിയിൽ നിന്നും ഇങ്ങനെ ഒരു ഔദാര്യം കൈപറ്റി എന്ന് പറഞ്ഞാൽ,, അതും അയ്യായിരം രൂപ മൂല്യമുള്ള ഔദാര്യം !! അത് വലിയ പുല്ലാപ്പാകും എന്നത് മാനസിക്ക് 100 തരം ആയിരുന്നു !
ഇത് ഒഴിവാക്കിയാലും കുറച്ചു ദിവസത്തേക്കുള്ള പച്ചക്കറികൾ വാങ്ങിക്കാനുള്ള പണം ബാക്കിയാകുമായിരുന്നു,,, ആ ഡിസൈനർ ഷൂസ് വായുവിലേക്ക് എറിഞ്ഞു പിടിച്ചു കൊണ്ട് ഒരു തർക്കിക്കുന്ന സ്വരത്തിൽ ഹർഷൻ പറഞ്ഞു,,,
അത് കേട്ടപ്പോൾ മാനസിയുടെ മനസ്സിലൂടെ ഒരു നിമിഷത്തിനകം പലതരം വികാര വിചാരങ്ങൾ കടന്നു പോയി,,
ഇപ്പോഴും ഹർഷേട്ടൻ തൻറ്റെ തെറ്റുകൾ മനസ്സിലാകുന്നില്ല,, അല്ലെങ്കിൽ സമ്മതിച്ചു തരുന്നില്ല,, മോളുടെ എല്ലാ ആഗ്രഹങ്ങളും തീർത്തു കൊടുക്കാൻ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ ഞങ്ങൾക്ക് സാധിക്കുന്നില്ല,, ഏറെ കാലത്തിനു ശേഷമാണു അവൾക്കു ഒരു ഷൂസ് വാങ്ങിച്ചു കൊടുക്കുന്നത് എന്നിട്ടും ഹർഷേട്ടൻ പറയുന്നു അത് ഒഴിവാക്കാം ആയിരുന്നു എന്ന്,,
ഇപ്പോഴും അദ്ദേഹത്തിന്റെ കൂട്ടുകാർ ഇവിടെ വന്നു തിന്നു മുടിക്കുന്നതു ഒരു കുറ്റമല്ല,, സ്വന്തം മോൾക്ക് ഒരു ഷൂസ് വാങ്ങിതു കുറ്റം,,
മാനസി ഇങ്ങനെ പല പല ചിന്തകളിലൂടെ ഹർഷനെ മനസ്സാൽ പഴി ചാരിക്കൊണ്ടു അവിടെ ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു,, അല്ലാതെ അതിനെ ചൊല്ലി വീണ്ടും തർക്കിക്കാൻ നിന്നില്ല,,
മാനസി അങ്ങനെയാണ്,, ഒരുപാട് ദേഷ്യമോ സങ്കടമോ വന്നാൽ പിന്നെ തർക്കിക്കാനോ,, ദേഷ്യപ്പെടാനോ മുതിരില്ല,, തന്റെ വിധിയെ പഴിച്ചു കൊണ്ട് മൗനമായി ഒറ്റ ഇരിപ്പാണ്,, വേണ്ടാന്ന് എത്ര കണ്ടു ശ്രമിച്ചാലും കണ്ണിൽ നിന്നും സങ്കടങ്ങൾ ഒഴുകി ഇറങ്ങും,, ‘എൻ്റെ വിധി’ എന്ന് തൻ്റെ മനസ്സ് മന്ത്രിച്ചുകൊണ്ടു ഇരിക്കയും ചെയ്യും,,,
