പാവക്കൂത്ത് 17

 

എന്തോ ആ അവസാന വാക്കുകൾ പറയുമ്പോൾ അവരുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ടായിരുന്നു,,, ജീവിതത്തിൽ എന്തൊക്കെയോ നേടി എടുത്തു എന്ന ഒരു അഹങ്കാരമോ,, അഭിമാനമോ അവരുടെ കണ്ണുകളിൽ മിന്നിമറയുന്നുണ്ടായിരുന്നു !!

പെട്ടെന്നാണ് മായേച്ചിയുടെ മൊബൈൽ ഫോൺ ശബ്‌ദിച്ചത്‌,,,

മായ തൻ്റെ മൊബൈൽ സ്ക്രീനിലേക്ക് നോക്കിയതിനു ശേഷം മാനസിയെ ഒന്ന് കണ്ണിറുക്കി കാണിച്ചു,, ‘ഒരു നിമിഷം’ എന്ന് പറയുന്ന കണക്കെ,, ശേഷം അവർ അല്പം അകലേക്ക് മാറി നിന്ന് ആ കോൾ അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി,,

കുറച്ചു നിമിഷങ്ങൾക്ക് മാത്രമുള്ള സംവാദത്തിനു ശേഷം മായ മാനസിയുടെ അടുത്തേക്ക് തിരിച്ചു വന്നു

സോറി മാനസി,,, ഇട്സ് ആൻ അർജന്റ്റ് കോൾ,, എനിക്ക് പെട്ടെന്ന് ഓഫീസിൽ എത്തണം,,, എന്തായാലും നീ നിൻറ്റെ മൊബൈൽ നമ്പർ തരൂ,, നമുക്ക് വീണ്ടും കാണാം (തൻ്റെ മൊബൈൽ കയ്യിൽ എടുത്തു മാന്സിയുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യാൻ ഒരുങ്ങിക്കൊണ്ടായിരുന്നു മായ അത് ചോദിച്ചത്)

മാനസി അവളുടെ നമ്പർ മായേച്ചിക്കു കൈമാറി,,, ഒപ്പം പറഞ്ഞു തുടങ്ങി,, ഞാനും ചേച്ചിയുടെ നമ്പർ ചോദിക്കാൻ നിക്കായിരുന്നു,, നാളെയോ മറ്റന്നാളോ ആവുമ്പോയേക്കും മാളു ഈ ഷൂസിൻ്റെ കാര്യം അങ്ങ് മറക്കും,,, അപ്പൊ ഞാൻ മെല്ലെ ഇവിടേയ്ക്ക് വന്നു ആ ഷൂസ് റീഫണ്ട് ചെയ്തതിനു ശേഷം ആ പണം ചേച്ചിയെ തിരിച്ചേലിപ്പിക്കാം !!

താൻ പറയുന്ന കാര്യം മായേച്ചിക്കു ഇഷ്ടപ്പെടില്ല എന്ന ബോധ്യമുണ്ടെങ്കിലും,, അത് പറയാതിരിക്കാൻ മാനസിയുടെ അഭിമാനം സമ്മതിക്കുന്നില്ലായിരുന്നു,,,

ഓഹ്,, എൻ്റെ മാനസീ,,, അത് ഞാൻ നിൻറ്റെ മകൾക്കു വാങ്ങിച്ചു കൊടുത്ത ഒരു സമ്മാനമാണ്,,, ദയവായി അത് നീ തിരിച്ചു തന്നു നമ്മുടെ ഇടയിൽ ഇപ്പോഴുള്ള നല്ല ബന്ധം ഇല്ലാതാക്കല്ലേ,,, പിന്നെ എൻ്റെ ഇന്നത്തെ സാഹചര്യത്തിൽ ഞാൻ ഇപ്പോൾ കൊടുത്ത തുക എനിക്ക് തീരെ കാര്യമുള്ള വിഷയമല്ല !! (ഒരു നെടുവീർപ്പോടെ ആയിരുന്നു മായ ആ കാര്യങ്ങൾ പറഞ്ഞു തീർത്തത്)

മായ മാനസിയുടെ മൊബൈലിലേക്ക് മിസ്കാള് ചെയ്തു,,, അവർ പരസ്പരം നമ്പറുകൾ സേവ് ചെയ്തു,,,

എന്നാ പിന്നെ കാണാം എന്ന് പറഞ്ഞു ദ്രിതിയിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയ മായ ഒരു നിമിഷത്തേക്ക് ഒരിക്കൽ കൂടെ മാനസിയുടെ നേർക്ക് തിരിഞ്ഞു,, വിലപിടിപ്പുള്ള അവരുടെ ഹാൻഡ്ബാഗിൽ നിന്നും ഒരു വിസിറ്റിങ് കാർഡ് മാനസിക്ക് കൈമാറി,,, ഫ്രീ ആണെങ്കിൽ ഈ തിങ്കളാഴ്ച തൻ്റെ ഓഫീസിൽ വന്നു കാണാൻ മാനസിയോട് ആവശ്യപ്പെട്ടതിന് ശേഷം മാളൂട്ടിക്ക് ഒരു മുത്തവും സമ്മാനിച്ച ശേഷം മായ ദ്രിതിയിൽ അവരുടെ ഓഫീസ് ലക്ഷ്യമാക്കി നടന്നകന്നു!!

യാത്ര പറഞ്ഞു പോയ മായയെ മാളുവും, മാനസിയും ഒരുപോലെ നോക്കിനിന്നു,,, മാളു നന്ദിയോടെയും മാനസി ആരാധനയോടെയും!!

ബസ്സിൽ മകളുമായി തൻ്റെ ഫ്ലാറ്റിലേക്ക് തിരിച്ചു പോകുന്ന മാനസിയുടെ മനസ്സിൽ മുഴുവൻ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു,, മായ ആയിരുന്നു!!

തനിക്ക് അറിയാവുന്ന ആ പഴയ മായേച്ചി സാധാരണക്കാരിൽ സാധാരണക്കാരി ആയിരുന്നു,, അവർക്ക് ഇത്ര സൗന്ദര്യമോ ആഡംബരങ്ങളോ ഇല്ലായിരുന്നു,,,

പക്ഷെ ഇന്ന് കണ്ട മായേച്ചി,, പണക്കൊഴുപ്പ് അവരുടെ ശരീരത്തിലും, വസ്ത്രധാരണത്തിലും, സ്വഭാവത്തിലും സ്പഷ്ടമാണ്,, വലിയ ബന്ധം ഇല്ലാത്ത തനിക്കു വേണ്ടി അയ്യായിരം രൂപ പുല്ലുപോലെ ചിലവാക്കിയിരിക്കുന്നു!! എത്രയാവും അവരുടെ മാസ വരുമാനം??എന്താവും അവർക്കു ഇപ്പോഴുള്ള ആസ്തി??

 

ഇതിനോടകം താൻ പലതവണ പരിശോധിച്ച മായേച്ചിയുടെ ആ വിസിറ്റിങ് കാർഡിലേക്കു മാനസി ഒരിക്കൽ കൂടെ കണ്ണോടിച്ചു

കൊച്ചിയുടെ ഹൃദയ ഭാഗത്തായി നിലകൊള്ളുന്ന ഒരു പഞ്ച നക്ഷത്ര ഹോട്ടെലിൻറ്റെ കാർഡ് ആണ് അത്,, അതിൽ ‘മായ സുരേഷ്’ അസിസ്റ്റന്റ് മാനേജർ എന്ന് നല്ല കട്ടിയുള്ള അക്ഷരങ്ങളിൽ എഴുതി ചേർത്തിട്ടുണ്ട് !!

*******

മാനസിയും മോളും ഫ്ലാറ്റിൽ എത്തുമ്പോൾ അവിടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു,, ഒപ്പം കാതടയ്ക്കുന്ന ശബ്ദത്തിൽ ഹർഷനും കൂട്ടുകാരും തമ്മിൽ തർക്കിക്കുന്ന ബഹളവും കേൾക്കാം,,,

ഫ്ലാറ്റിനു അകത്തേക്ക് പ്രവേശിച്ചതും ‘മാളു’ അച്ഛാ,,, എന്നും വിളിച്ചു കൊണ്ട് ഓടിച്ചെന്നു ഹർഷനെ കെട്ടിപ്പിടിച്ചു

‘അമ്മ എനിക്കിന്ന് രണ്ടു ഷൂസ് വാങ്ങിച്ചു തന്നല്ലോ,,, മാളു അത്യധികം ആഹ്ളാദത്തോടെ ഹർഷനോട് പറഞ്ഞു,,

അതെയോ മോളെ ? എന്ന് ഒരു പുന്നാരത്തോടെ മോളോട് പറഞ്ഞ ശേഷം ഹർഷൻ അർത്ഥവത്തായി മാനസിയുടെ മുഖത്തേക്ക് നോക്കി,,

മാനസി അതിനു കാര്യമായ പ്രതികരണം ഒന്നും കൊടുക്കാതെ എല്ലാവരോടും ഒന്ന് ചിരിച്ചെന്നു വരുത്തി ഒന്ന് ഫ്രഷ് ആകാൻ ബാത്റൂമിലേക്കു പോയി,,, (‘നാശങ്ങൾ’ (ഹർഷന്റ്റെ കൂട്ടുകാർ) ഇന്നും സഭ കൂടിയിട്ടുണ്ടല്ലോ എന്ന് അനിഷ്ടത്തോടെ മനസ്സിൽ പിറുപിറുക്കുവകയും ചെയ്തു,,,)

മാനസി ബാത്‌റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോയേക്കും ഹർഷൻ തന്നെയും കാത്തു അവിടെ നില്പുണ്ടായിരുന്നു,,

ഉദ്ദേശം അറിയാമെങ്കിലും മാനസി ഒരു ചോദ്യചിഹ്നത്തോടെ ഹർഷന്റ്റെ മുഖത്തേക്കു നോക്കി ,,

പ്രതീക്ഷിച്ചപോലെ തന്നെ ഹർഷൻ ആവശ്യപ്പെട്ടു

എടീ ഭാര്യേ,,, കുറെ നേരമായി അവരെല്ലാം നിന്റെ വരവും കാത്തു നില്കുന്നു,, പതിവ് പോലെ നിൻറ്റെ കിടുക്കാച്ചി ചായയും പക്കുവടയും,,

പക്ഷെ ഹർഷൻ,,,

മാനസി പറഞ്ഞു തുടങ്ങും മുന്നേ ഹർഷൻ ഇടയിൽ കയറി പറഞ്ഞു,,

അറിയാം,, നീ പറയാൻ പോകുന്നത് ഉള്ളിയുടെ വിലയെ പറ്റി അല്ലെ?? പക്ഷെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല മോളെ,, അവർ വന്നത് തൊട്ടു ചോദിക്കുന്നത് നിന്നെയും മോളെയും പറ്റി ആയിരുന്നില്ല പകരം ഉള്ളി വടയെ പറ്റി ആയിരുന്നു,, നിന്നോടാരാ ഇത്ര രുചിയുള്ള പക്കുവട ഉണ്ടാക്കി അവരെ അഡിക്ട് ആകാൻ പറഞ്ഞത്,,

ഇതും പറഞ്ഞു താൻ എന്തോ വലിയ തമാശ പറഞ്ഞ കണക്കെ ഹർഷൻ വീണ്ടും തൻ്റെ സുഹൃത്തുക്കളുടെ ഇടയിലേക്ക് ചർച്ച തുടരുവാനായി പോയി,, എന്നാൽ മാനസി ഇതിനു ആരെ പഴിക്കണം എന്നറിയാതെ കിച്ചണിലേക്കും നീങ്ങി,,,

പക്കുവട പാകം ചെയ്യുന്നതിനിടയിൽ മാനസി പിറുപിറുത്തു: എത്ര കാലമായി ഈ നാശങ്ങൾ ചർച്ച തുടങ്ങിയിട്ട് ?? മുമ്പൊക്കെ ലോകമഹായുദ്ധം ആയിരുന്നു ചർച്ച പക്ഷെ ഇപ്പോൾ പലസ്തീൻ ഇസ്രായേൽ പ്രശ്നം ആയി എന്ന് മാത്രം,, അല്ലാതെ വേറൊരു മാറ്റവും ഹർഷനോ അയാളുടെ കൂട്ടുകാർക്കോ ഉണ്ടായിട്ടില്ല,,

ഹർഷൻ ഒന്നും പറയുന്നില്ല എന്ന് കരുതി,, കയറി വരുന്ന ഈ സുഹൃത്തുക്കൾക്ക് ഒന്ന് സ്വയം ചിന്തിച്ചു കൂടെ,, അല്ലെങ്കിൽ ഓരോ സുഹൃത്തുക്കളുടെ വീട്ടിലായി മാറി മാറി ചർച്ചയ്ക്കു വേദി ഒരുക്കുക,, ആരോട് പറയാൻ? ആര് കേൾക്കാൻ?

നാശങ്ങൾ ഈ പക്കുവടയും ചായയും കഴിച്ചു സഭ പിരിഞ്ഞു പോയാൽ മതിയായിരുന്നു,, അതായിരുന്നു മാന്സിയുടെ ഇന്നത്തെ അവസാന പ്രാർത്ഥന!

Leave a Reply

Your email address will not be published. Required fields are marked *