അനുമോൾ നിന്നെ കണ്ട് തിരിച്ചറിഞ്ഞോ….
അനുമോളോ…..? ഞാൻ അമ്പരന്നു….
ഉം…. അനുമോൾ നീയവളെ കണ്ടില്ലേ…..
ഇല്ല…. എത്ര വർഷമായി….
എടാ നീ കയറിയ ബേക്കറിയിൽ നിന്ന് അവളിറങ്ങി പോകുന്നത് കണ്ടപ്പോൾ ഞാൻ കരുതി നീയവളെ കണ്ട് കാണുമെന്ന്….
ഞാൻ ഞെട്ടിപ്പോയി…… അപ്പോൾ അത് അനുമോളായിരുന്നോ…… അവൾ….. അവളിത്രയും വലുതായോ….. ഉണ്ണിയേട്ടാ എന്ന് വിളിച്ച് വാലിൽ തൂങ്ങി നടന്ന കാന്താരി…. അവളാണോ….
അവളാണോ… എന്റെ സ്വപ്നങ്ങളിൽ എന്നെ ഉണ്ണിയേട്ടാ എന്ന് വിളിക്കുന്നത്…. എന്റെ അനുമോൾ….
എന്റെ വായിലിരുന്ന ചോറ് വിക്കി….. ഞാൻ പെട്ടെന്ന് വെള്ളമെടുത്ത് കുടിച്ചു…. എന്റെ സ്വപ്നങ്ങൾ എനിക്ക് നഷ്ടമാകുമെന്ന ഒരു തോന്നൽ എന്നിലേക്ക് കടന്ന് വന്നു…. അത് അനുമോളാണെങ്കിൽ ….. ഛേ ഞാനുദ്ദേശിച്ച ആളാവില്ല… അവളുടെ കൂടെ ഉണ്ടായിരുന്ന ആരെങ്കിലും ആകും…. അതെങ്ങനാ അവളെ കണ്ടപ്പോൾ പിന്നെ ഞാൻ ചുറ്റുമുള്ളവരെ ഒന്നും കണ്ടില്ലല്ലോ….. എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. പക്ഷെ അതിന് അത്ര സൗന്ദര്യം പോരായിരുന്നു എന്ന് മറ്റുള്ളവരുടെ മുഖം പറഞ്ഞു…..
നിനക്കവളെ മനസ്സിലായില്ല അല്ലെ… അച്ഛൻ മെല്ലെ ചോദിച്ചു….
ഇല്ല … എന്റെ സ്വരം ചിലമ്പിച്ചിരുന്നു…..
സാരമില്ല…. ചിലതൊക്കെ മറന്ന് പോകേണ്ടത് കാലത്തിന്റെ ആവശ്യമാണ്…. അത്തരം മറവികളിലാണ് ലോകത്തിന്റെ നിലനിൽപ്…. അവരുടെ രീതികൾ ഇപ്പോൾ ആർക്കും അത്ര ഉൾക്കൊള്ളാൻ കഴിയുന്നതല്ല….. ശ്രീനിവാസനും (കുഞ്ഞമ്മാവൻ) ജലജയും (കുഞ്ഞമ്മായി) ഇപ്പോൾ വലിയ ലോകത്താണ്…. ഗൾഫിലെ ജോലി കൂടാതെ ഇവിടെ ചില ഇടപാടുകളും…. ജങ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സും എല്ലാമായി…. വലിയ നിലയിലായി…. അല്ലെങ്കിലും അവനെന്നും ഒരു മാടമ്പി സ്വഭാവമായിരുന്നു….. ചില കാര്യങ്ങളിൽ ഒരിക്കലും വിട്ട് വീഴ്ചയില്ലാത്ത സ്വഭാവം…. ഇക്കാലത്തും ജാതിയും മതവുമെല്ലാം നോക്കുന്ന ഒരു പ്രത്യേക ജന്മം…. നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ജലജയുടെ സ്വഭാവമാണ് എനിക്ക് പിടികിട്ടാത്തത്…. അതിനിടയിൽ അനുമോൾ എങ്ങിനെ കഴിയുന്നു ആവോ…. വല്യളിയനുമായി ഇപ്പോൾ വഴക്കാണെന്ന് തോന്നുന്നു…. അല്ലെങ്കിലും അതങ്ങിനെയെ വരൂ…. ഒരു ജീവിതം മുഴുവൻ പെങ്ങന്മാർക്കും അനിയനും അമ്മയ്ക്കും വേണ്ടി ജീവിച്ചു….. ഇപ്പോൾ ആർക്കും അയാളെ വേണ്ട….
പെറ്റ തള്ള പോലും അളിയനെ വേണ്ടവിധം സഹായിച്ചില്ല…. വസ്തു വീതം വച്ചപ്പോൾ ആ പഴയ വീട് അളിയന് നൽകിയതിന് പകരം കൂടിയ പങ്ക് ശ്രീനിക്ക് നൽകി… പാവം ഇപ്പോൾ കിടപ്പിലാണ്…. ശിവൻ ടൗണിൽ എന്തോ ചെറിയ കച്ചവടം തുടങ്ങിയിട്ടുണ്ട്…. അവൻ നല്ല അധ്വാനിയാണ്…. ങ്ഹാ നന്നായി വരട്ടെ…. അച്ഛൻ ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി…. ഊണ് കഴിച്ചെഴുന്നേറ്റു…..
എല്ലാവരും കഴിച്ചെഴുന്നേറ്റു…. പെണ്ണുങ്ങൾ പാത്രമെല്ലാമെടുത്ത് അടുക്കളയിലേക്ക് പോയി.. ഞാനും ദിവ്യക്കുട്ടിയും പോയി ഹാളിലിരുന്നു…. അച്ഛൻ ഉച്ച ഊണിന് ശേഷമുള്ള മയക്കത്തിന് കയറി…. ആന്റിയും സുധയും ജോലി കഴിഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നു…..
എടാ നിന്റെ പരിപാടി എന്താ…? സുധ ചോദിച്ചു….
ഏതെങ്കിലും ഡിഗ്രിക്ക് ചേരണം….. ഒപ്പം സിവിൽ സർവ്വീസീനും തയ്യാറെടുക്കാം…. അതാണ് പ്ലാൻ …നീയോടി സുധേ ….
ഞാനും ഡിഗ്രിക്കാണ് ….
മോന് ഉറപ്പായും സിവിൽ സർവ്വീസ് കിട്ടും…. നന്നായി ശ്രമിക്കണം കേട്ടോ… ഇവൾക്ക് പിന്നെ ഞങ്ങളുടെ വഴിയാണ് താത്പര്യം… ആന്റി പറഞ്ഞു…
ആണോടീ… നീ ടീച്ചറാവാൻ പോവാണോ ….?
അതാവുമ്പോൾ സുഖമല്ലേ….. അതാണെനിക്കിഷ്ടം…..
നല്ലതാ സുധേ … ഞാനും സമ്മതിച്ചൂ…. പക്ഷെ സ്‌കൂളൊന്നും വേണ്ട… കോളേജ് മതി….നീ ശ്രമിച്ചാൽ മതി നിനക്ക് കിട്ടും….
നമുക്ക് നോക്കാം….പിന്നെയും ഞങ്ങൾ ഒന്നും രണ്ടും പാഞ്ഞിരുന്നു…. ഇതിനിടെ ദിവ്യ എന്റെ മടിയിൽ കിടന്ന് ഉറങ്ങിയിരുന്നു…. ആന്റി അവൾ കിടക്കുന്നത് നോക്കിയപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്…..
പാവം ക്ഷീണം കാണും…. ഉറങ്ങട്ടെ….
മോനെ അവളെ റൂമിൽ കിടത്താം ….
