പെരുമഴക്ക് ശേഷം – 3

ശരിയാ മുകളിലേക്ക് പോകാം…. പക്ഷെ ഒറ്റക്കല്ല … നിങ്ങളും വാ … നമ്മുടെ ശബ്ദം അച്ഛനെ ശല്യപ്പെടുത്തണ്ട ….

ഞങ്ങൾ മുകളിലേക്ക് പോയി … കളിയും ചിരിയുമായി അത്താഴ സമയം വരെ അവിടിരുന്നു…
*****
അത്താഴത്തിന് ഇരിക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തമായിരുന്നു…. എങ്കിലും ആരും ഒന്നും ചോദിച്ചില്ല…. ചപ്പാത്തിയും കറിയും വിളമ്പി ആന്റിയും കൂടി ഇരുന്നപ്പോൾ അച്ഛൻ ചോദിച്ചു….

ദേവി നിനക്കാ വന്നയാളെ മനസ്സിലായോ…?

ഇല്ല….

അതാണ് …. ടൗണിലെ ശ്രീമംഗലം ബിസിനസ്സ് ഗ്രൂപ്പുടമ ശ്രീധര മേനോന്റെ മരുമകൾ…. പത്മിനി….

പേരൊക്കെ പറഞ്ഞു… എങ്കിലും മനസ്സിലായില്ല… ആ മംഗല്യ ജൂവലറി ഒക്കെ അവരുടെ ആണോ….

ജൂവലറി മാത്രമല്ല…. അവർക്ക് ഒട്ടനവധി ബിസിനസ്സ് ഉണ്ടായിരുന്നു…. ഷോപ്പിംഗ് കോംപ്ലക്സ്…. ടെക്‌സ്‌റ്റൈൽസ് .. പെട്രോൾ പമ്പുകൾ … ട്രാൻസ്‌പോർട്ട് …സൂപ്പർ മാർക്കറ്റ്… ഹോൾസെയിൽ വ്യാപാരം അങ്ങിനെ പലതും…. വലിയ നിലയിലുള്ളവർ…. മംഗലത്ത് ശ്രീധര മേനോൻ …അയാളുടെ ബുദ്ധിയും കഠിനാധ്വാനവുമാണ് അതെല്ലാം…. ജോലി കിട്ടുന്നതിന് മുൻപ് ഞാനവിടെ അകൗണ്ട് സെക്ഷനിൽ ജോലി ചെയ്തിട്ടുണ്ട് ആറ് മാസം….

ഇപ്പൊ അതൊക്കെ വിട്ടു എനാണല്ലോ പത്മിനി പറഞ്ഞത്….

ഉം… ശ്രീധര മേനോന് രണ്ട് മക്കളായിരുന്നു…. ജയശ്രീയും ജയദേവനും…. ഭാര്യ മാധവി…. ഒരു പെങ്ങളുണ്ടായിരുന്നു….അവർക്കൊരു പെൺകുട്ടിയും…. ഭർത്താവ് മരിച്ച അവരെയും മേനോനായിരുന്നു സംരക്ഷിച്ചിരുന്നത്…. ജയദേവൻ ആക്സിഡന്റിൽ പെട്ടതൊന്നും ഞാനറിഞ്ഞില്ല…. എന്തായാലും വിവരം അറിഞ്ഞ നിലക്ക് ഒന്ന് പോകണം….

ഉണ്ണിയോടും വരാൻ പറഞ്ഞു പത്മിനി….

നീ വരുന്നോ ഉണ്ണീ….

എനിക്കറിയില്ല അച്ഛാ …. വേണമെങ്കിൽ …വരാം…

നീയും പോരെ… എല്ലാവരെയും കണ്ടിരിക്കാമല്ലോ…. ഒരു പരിചയമാകട്ടെ…. ആട്ടെ നീ നാളെ അമ്പലത്തിലേക്കുണ്ടോ ദേവി….

പോകണം… ഇവരുടെ പേരിലുള്ള പിറന്നാൾ വഴിപാടെല്ലാം രസീതാക്കേണ്ടതല്ലേ….

ഞാനും വരാം ആന്റി…. ഒത്തിരി നാളായി അമ്പലത്തിൽ പോയിട്ട്…
നീയും പൊയ്ക്കോ…. ഇവരെയും കൊണ്ടുപോയ്ക്കോ…. എനിക്ക് രാവിലെ വല്യ അളിയനെ ഒന്ന് കാണണം…

എന്താ … ഇത്രയും കാലത്തിന് ശേഷം…. പത്മിനി വന്നതുകൊണ്ടാണോ…?
ഉം… ചില കാര്യങ്ങളുണ്ട്….. വർഷം കുറച്ചായി തറവാട്ടിൽ പോയിട്ട്…. അമ്മയുടെ മരണത്തിന് ശേഷം അങ്ങോട്ട് പോയിട്ടില്ല…. ബലിയിടാൻ ഉണ്ണിയെ അനുവദിക്കില്ല എന്ന ശ്രീനിവാസന്റെ കടുംപിടുത്തം എന്നെ വേദനിപ്പിച്ചു…….. അതുകൊണ്ടാണ് പിന്നങ്ങോട്ട് പോകാതിരുന്നത്…. പോകാൻ തോന്നിയില്ല…. എന്നാലും പത്മിനിയുടെ വരവ് …. രാമകൃഷ്ണൻ അളിയനോട് ചിലതെല്ലാം സംസാരിക്കണം…. നിങ്ങൾ അമ്പലത്തിൽ പോയിട്ട് അങ്ങോട്ട് വാ നമുക്ക് ഒന്നിച്ച് പോരാം….

അവരുമായി സാവിത്രിക്കെന്താണ് ബന്ധം…..?

സാവിത്രിക്കോ…? ആര് പറഞ്ഞു….? അച്ഛന്റെ ശബ്ദത്തിൽ ഞെട്ടലിന്റെ ആകാംഷ നിറഞ്ഞു…..

അത് പത്മിനി തന്നെ…. അവരിവിടെ വരാൻ കാരണം ആ ജയദേവൻ പത്രത്തിൽ കണ്ട സാവിത്രിയുടെ ചരമ വാർഷിക അറിയിപ്പാണത്രേ ….

ഓഹ് …. അങ്ങിനെ… അച്ഛനൊരല്പം ആശ്വാസം കൊണ്ടു …. ചിലതൊക്കെയുണ്ട്… അത് നമുക്ക് പിന്നെ സംസാരിക്കാം…. ആദ്യം ഞങ്ങൾ അവിടെ പോയി വരട്ടെ…. അച്ഛൻ കഴിച്ചെഴുന്നേറ്റു…..

അത്താഴത്തിന് ശേഷം സുധയോടും ദിവ്യയോടും സംസാരിച്ചിരുന്നു എങ്കിലും എന്റെ മനസ്സ് ചിന്താകുലമായിരുന്നു…. അധികം വൈകാതെ ഞാൻ കിടക്കാനായി പൊന്നു…. കിടക്കുമ്പോഴും പലവിധ ചിന്തകൾ എന്നെ അലട്ടി…. അമ്മയും അവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അഛനിലുണ്ടായ ഞെട്ടൽ എന്തിനായിരുന്നു…? പത്മിനി ആന്റിയുടെ സന്ദർശനവും സംസാരവും അച്ഛനെ വല്ലാതെ അലട്ടിയിരുന്നു…. ഒരു പരിചയക്കാരന്റെ അപകടം മാത്രമല്ല പ്രശ്‍നം … അമ്മയെയും തറവാടിനെയും ബന്ധിപ്പിക്കുന്ന എന്തോ ഒരു കഥ ഇതിന് പിന്നിലുണ്ട്… ചിലപ്പോൾ ആ കഥയാണോ അമ്മയുടെ മരണത്തിന് പിന്നിൽ…. ആവും…. അതാണ് കാരണം…. അച്ഛനെ അലട്ടുന്ന പ്രശ്‍നം അതാണ്…. എന്നെങ്കിലും ഈ കഥയൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുമോ…? എന്തിന് മനസ്സിലാക്കണം…. അതിലൊരു പ്രസക്തിയുമില്ല…. ‘അമ്മ മരിച്ചു… അതാണ് സത്യം …. ഇനിയതിന്റെ കാരണങ്ങൾക്ക് എന്താണ് പ്രസക്തി…. അത് വഴിയുണ്ടായ നഷ്ടങ്ങൾക്ക് എന്ത് കഥയും നൽകുന്ന ന്യായീകരണങ്ങൾ ഒരു പരിഹാരമല്ല…. അതിനാൽ തന്നെ ആ കഥകൾ അറിഞ്ഞാലും ഇല്ലെങ്കിലും ഒന്നുമില്ല…. എപ്പോഴെങ്കിലും വെളിപ്പെടുമെങ്കിൽ വെളിപ്പെടട്ടെ….. അതുവരെ തനിക്ക് ചുറ്റുമുള്ള ലോകത്തിലെ പ്രകാശത്തെ ആസ്വദിക്കുക തന്നെ…. പിന്നെ തന്റെ സ്വപ്നങ്ങൾക്കായി തയ്യാറെടുക്കുക….. മറ്റൊന്നും ഇപ്പോൾ അലട്ടേന്തതില്ല….. എന്റെ മനസ്സിലുറപ്പിച്ചു…. ചിന്തകൾ അകന്നു…. ഉറക്കം മെല്ലെ കണ്ണുകളെ തഴുകി…. വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ ചിന്തകൾ ഇല്ലാത്ത സുഖമായ ഉറക്കം……

*****

രാവിലെ ഉണർന്ന് ക്ഷേത്രത്തിലേക്ക് പോകാൻ റെഡിയായി…. വാച്ച് കെട്ടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ദിവ്യക്കുട്ടി വിളിക്കാനെത്തി…. ഞാനവളുടെ കൈ പിടിച്ച് താഴേക്ക് നടന്നു…. പട്ടുദാവണി ആണവളുടെ വേഷം അവളുടെ മെലിഞ്ഞ ശരീരത്തിന് അത് നന്നായി ചേരുന്നുണ്ട്…. താഴെ ചെല്ലുമ്പോൾ ആന്റിയും സുധയും റെഡിയായി നിൽക്കുന്നുണ്ട്….
വാ മോനെ പോകാം പോയിട്ട് വന്നിട്ട് വേണം കാപ്പി കുടിക്കാൻ…. താമസിച്ചാൽ വിശക്കും

ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു…. അധികം ദൂരമില്ല ….ക്ഷേത്രത്തിലെ പാട്ട് വീട്ടിൽ കേൾക്കാം…. ഞങ്ങൾ അമ്പലത്തിലെത്തുമ്പോൾ സാമാന്യം നല്ല പോലെ ആളുകൾ ഉണ്ടായിരുന്നു….. പരിചയമുള്ള ആരെയും പുറത്ത് കണ്ടില്ല… ആന്റി വഴിപാടുകൾ രസീത് ആക്കാൻ പോയി… ഞങ്ങളോട് പോയി തൊഴുതോളാൻ പറഞ്ഞു…. ഞങ്ങൾ പ്രദക്ഷിണ വഴിയിലൂടെ ഉപദേവതകളെ തൊഴാനായി നടന്നു… മനസ്സിൽ പാർവതീ പതിയുടെ ശ്ലോകങ്ങൾ തിരതല്ലി വന്നു… ഞാനതിൽ മുഴുകി ഏകാഗ്രമനസ്സോടെ നടന്നു…. പ്രാർത്ഥനകൾ എപ്പോഴും എനിക്കങ്ങിനെയാണ്… ചുറ്റുമുള്ളതെല്ലാം മറക്കും…. ഞാൻ ചുറ്റും തൊഴുത് കൊടിമരച്ചുവട്ടിൽ എത്തുമ്പോളാണ് കൂടെയുണ്ടായിരുന്നവരെ നോക്കിയത്… സുധയും ഒപ്പം സമപ്രായക്കാരിയായ ഒരാളും കൂടി സംസാരിച്ച് നടന്ന് വരുന്നുണ്ട്…. അത് പ്രിയയാണ്…. വല്യമ്മായിയുടെ ഷേപ്പ് ആയതിനാൽ തന്നെ തിരിച്ചറിയാൻ പാടില്ല…. പുറത്തിറങ്ങിയിട്ട് സംസാരിക്കാം എന്ന് കരുതി ഞാൻ അകത്ത് കയറിക്കോട്ടെ എന്ന് സുധയോട് ആംഗ്യത്തിലൂടെ ചോദിച്ചു…. അവൾ തലയാട്ടി… ഞാൻ ഷർട്ടഴിച്ച് നാലമ്പലത്തിലേക്ക് കയറി…. കൂവളത്തില ചൂടിയ ഭഗവാന്റെ രുപം വളരെ സുന്ദരമായിരുന്നു… പതിയെ മനസ്സിലേക്ക് ഭഗവത് ചിന്ത കടന്ന് വന്നു…. കണ്ണുകൾ അടഞ്ഞു… മനസ്സിലൂടെ ശ്രീനാരായണ ഗുരു രചിച്ച സദാശിവ ദർശനം ഒഴുകി വന്നു… അതിന്റെ ഈണത്തിൽ മുഴുകി ഞാൻ ലയിച്ച് നിന്നു …. കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ ഒരായിരം കണ്ണുകൾ എന്നിൽ തറഞ്ഞിരിക്കുന്നത് കണ്ടപ്പോളാണ് ഞാനുറക്കെയാണ് അത് ആലപിച്ചത് എന്ന് മനസ്സിലായത്… .സുധയും ദിവ്യയും പ്രിയയുമെല്ലാം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു…. ഞാൻ പെട്ടെന്നൊരു നേരിയ ചിരിയോടെ പ്രദക്ഷിണത്തിനായി നടന്നു….. തൊഴുത് വഴിപാടും വാങ്ങി പുറത്തിറങ്ങി …. മറ്റുള്ളവർക്കായി വെളിയിലെ ആല്മരച്ചോട്ടിലിരിക്കവേ ആണത് കണ്ടത്…

Leave a Reply

Your email address will not be published. Required fields are marked *