.ബീച്ചില്‍ നിന്നെഴുന്നേറ്റു ലൈറ്റു ഹൗസിന്റെ സൈഡിലൂടെയുള്ള റോഡിലേക്കിറങ്ങി . അമ്പതു മീറ്റര്‍ നടക്കുമ്പോഴേ മീന്‍ വില്‍പനക്കാര്‍ ഇരിപ്പുണ്ടാവും ….” സാര്‍ ..സാര്‍ ‘ എന്ന വിളികള്‍ അവഗണിച്ചു മുന്നോട്ടു നടന്നു … സ്ട്രീറ്റ് ലൈറ്റിന്റെ അപ്പുറത്ത് അവരിരിപ്പുണ്ട് ..കൂടെ ആ കറുത്ത പൂച്ചയും .. ജീന്‍സും ബനിയനും ഇട്ട ഒരുവന്‍റെ വില പേശല്‍ നോക്കി വെറുതെ നിന്നു. വജ്രം ആണവന് വേണ്ടത് .. രണ്ടു ഇടത്തരം വജ്രം എടുത്തു വെച്ച് വില പെശുകയാണ് .. അവന്‍ നാനൂറും അവര്‍ അറുനൂറും … നമ്മുടെ നാട്ടിലെ നെയ്മീന്‍ തന്നെയാണീ വജ്രം .. രണ്ടും കൂടി ഒന്ന് ഒന്നര കിലോ കാണും .. നമുക്ക് അഞ്ഞൂറിന് താഴെ നെയ്മീന്‍ കിലോക്ക് കിട്ടില്ലല്ലോ .. അവസാനം അഞ്ഞൂറ് രൂപക്ക് അവന്‍ മേടിച്ചു കൊണ്ട് പോയി .. പൈസ കീറിയ കക്ഷം ഉള്ള ബ്ലൌസിനുള്ളിലേക്ക് തിരുകി അവര്‍ എന്നെ നോക്കി … എന്നിട്ട് കവറില്‍ അവനു കൊടുത്ത അത്രയും തന്നെ വലിപ്പമുള്ള രണ്ടു വജ്രം എടുത്തു വെച്ചു …
ഞാന്‍ നീട്ടിയ അഞ്ഞൂറിന്റെ ബാക്കിയായി അവര്‍ നൂറു രൂപയും , പിന്നെ രണ്ടു പിടി ഇരയും കവറിലെക്കിട്ടു …എര (നമ്മുടെ ചെമ്മീന്‍ ) തേങ്ങ കൊത്തിട്ടു വറ്റിച്ചു വെക്കുന്നത് എനിക്കിഷ്ടമാണ് … വന്ന കാലത്ത് സ്വന്തം പാചകം തുടങ്ങിയപ്പോള്‍ മുതലേ ഇവരുടെ അടുത്ത് നിന്നാണ് മീന്‍ മേടിക്കാ റ്… അവര്‍ക്കെന്നെ പറ്റി നന്നായി അറിയാമെന്ന് ഞാനറിഞ്ഞത് കുറച്ചു നാള്‍ മുന്നാണ് …. അമ്മ വിളയാട്ട് പിടിച്ചിട്ട് അക്കയുടെ വീട്ടില്‍ കുറച്ചു നാള്‍ കിടന്നപ്പോള്‍ . മുകളിലെ മുറിയില്‍ പോകാന്‍ അക്ക സമ്മതിച്ചില്ല … മാര്‍ക്കറ്റില്‍ വെച്ച് അക്കയെ കണ്ടു , അവര്‍ വൈകിട്ട് കച്ചവടം കഴിഞ്ഞു കുറച്ചു ആര്യവേപ്പിലയും ഒക്കെയായി വന്നു … ( അമ്മ വിളയാട്ട് ( നമ്മുടെ ചിക്കന്‍ പോക്സ് ) അവര്‍ അമ്മ വന്നു അനുഗ്രഹിക്കുന്നതാണ് എന്ന് പറയും … തമിള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടോയെന്നറിയില്ല .. ഞാന്‍ താമസിക്കുന്ന പോലെയുള്ള കോളനികളില്‍ ഒക്കെ …. അന്നാണ് അവര്‍ക്ക് ഞാന്‍ അക്കയുടെ ഒപ്പമാണ് താമസം എന്നൊക്കെ അറിയാം എന്നത് മനസിലായത് . അവരുടെ മകളുടെ കുട്ടി ചിലപ്പോള്‍ കൂടെ കാണും … പോക്കറ്റില്‍ എപ്പോഴും കാണുന്ന ചോക്കലേറ്റ് അവള്‍ക്ക് കൊടുത്തിട്ട് പോരുമ്പോള്‍ അവരെന്‍റെ മുഖത്തേക്ക് നോക്കാറില്ല … ഇതേവരെ എന്നെ നോക്കി ഒരു ചിരി പോലും ചിരിച്ചിട്ടുമില്ല …
ലൈറ്റ് ഹൌസിനു മുന്നിലൂടെയുള്ള നടപ്പാതയിലൂടെ നീട്ടി വലിച്ചു നടന്നു , താമസിക്കുന്ന സ്ഥലത്തേക്കുള്ള റോഡെത്തിയപ്പോള്‍ ക്രോസ് ചെയ്തു ഇടവഴിയിലേക്ക് കേറും മുന്‍പേ ബാബുവേട്ടന്റെ കടയില്‍ നിന്ന് മനോരമയും വാങ്ങി നടപ്പ് തുടര്‍ന്നു . ഒരാള്‍ക്ക് കഷ്ടിച്ച് പോകാവുന്ന ഇടനാഴിയിലൂടെ മുകളിലേക്ക് കയറാനുള്ള സ്റെപ്പിനു സൈഡിലായാണ് അക്കയുടെ വീട്ടിലേക്കുള്ള വാതില്‍ . അത് തുറന്നു അകത്തു കയറി കുളിമുറിയിലെക്കുള്ള വാതിലിനു മേലെ മീനിന്റെ കവര്‍ തൂക്കിയിട്ടു റൂമിലേക്ക് കയറി . ഇരുമ്പ് കട്ടിലില്‍ കനം കുറഞ്ഞ കിടക്ക ഒന്ന് കൂടി കൊട്ടിനിവര്‍ത്തിയിട്ടു തലയിണ ഉയര്‍ത്തി വെച്ച് ചാരി കിടന്നു … എഴുതാനുള്ള മൂഡില്ല … പോക്കറ്റില്‍ ഇനി ആകെയുള്ളത് വെറും ആയിരത്തി അഞ്ഞൂറ് രൂപയോളം … ഇന്ന് ഞായറാഴ്ചയാണ് …
ഇന്നാണ് ഒരു കട്ടിങ്ങ്സ് വാങ്ങി അടിക്കാറ് പതിവ് .. 120 രൂപയുടെ ഒരു കട്ടിങ്ങ്സ് ( നമ്മുടെ 90ml) .. മാസാദ്യം ആണേല്‍ അത് ക്വാര്‍ട്ടര്‍ ആകും …ഒരു ഇടുങ്ങിയ മുറി , അതില്‍ ഒരു കട്ടില്‍ ചെറിയ മേശ ഒരു പ്ലാസ്റിക് കസേര , ഭിത്തിയില്‍ ഉള്ള അലമാരി .. പിന്നെ മുറിയില്‍ തന്നെയുള്ള ബാത്രൂം ..ഇതാണെന്‍റെ ലോകം … അക്ക തന്നെയാണ് ബാത്രൂം ഉള്ള മുറി തന്നത് .. മറ്റു റൂമുകളില്‍ ബാത്രൂം ഇല്ല …താഴെ പോണം .. പിന്നെയുള്ള ആശ്വാസം എന്നത് മുറിയിലെ ജനാല തുറന്നാല്‍ മുന്നില്‍ റോഡാണ് .. ചില നേരത്തത് ആശ്വാസവും രാവിലെ ഒക്കെ ശല്യവും … റോഡിനപ്പുറത്തുള്ള പൈപ്പിന്‍ ചുവട്ടില്‍ വെള്ളം എടുക്കാന്‍ കലഹിക്കുന്ന പെണ്ണുങ്ങള്‍ … ഇരുമ്പിന്റെ കളറുള്ള നാടന്‍ തമിഴ് പെണ്ണുങ്ങള്‍ … അക്കയുടെ കുളിമുറിയില്‍ പൈപ്പുണ്ട് … രാവിലെ മൂന്നരക്ക് പാവം വെള്ളം അടിക്കാന്‍ തുടങ്ങും … ഇതേ വരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല… എനിക്ക് കുളിക്കാനുള്ള വെള്ളം ബാത്‌റൂമില്‍ ഉണ്ട് .. ഉപ്പു വെള്ളം … തല കഴുകാനുള്ള ഒരു കുടം വെള്ളം സ്റെയറിന്റെ അരികില്‍ കാണും … എട്ടേമുക്കാലിന് ഇറങ്ങിയാല്‍ ഒന്‍പതിന് കമ്പനിയേത്താം..
