സാറയുടെ അടുത്ത് പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ അമിത് സാറയെ ചവിട്ടി മാറ്റി ഒരു വിധം പാസ്സേജിലൂടെ ഓടി മുറിയിൽ കയറി. ഒരു ചീറ്റപ്പുലിയെപോലെ തന്റെ പുറകെ വരുന്ന സാറയെ കണ്ട് അവൻ അകത്തു കയറി വാതിൽ അടച്ചു. ഓടി വന്ന സാറ സമയം കളയാതെ ആ വാതിൽ പുറത്തുനിന്നും കുറ്റിയിട്ടു.
വിറച്ചുകൊണ്ട് കൊണ്ട് സാറ ഭിത്തിയിലേക്ക് ചാരി ശ്വാസം വലിച്ചുവിട്ടു നിന്നു. നടന്നതൊന്നും വിശ്വസിക്കാനാവാതെ അവൾ മരവിച്ചുപോയിരുന്നു. ജീവിതത്തിൽ ആദ്യമായി അനുഭവിക്കേണ്ടിവന്ന വന്ന ശാരീരിക ആക്രമണം അവളെ മാനസികമായി വല്ലാണ്ട് പിടിച്ചുലച്ചു.
അവൾ തന്റെ നീറുന്ന കൈകളിലേക്ക് നോക്കി. അവന്റെ പിടിവലിയിൽ നഖങ്ങൾ കൊണ്ട് പോറിയ കൈകൾ വല്ലാണ്ട് നീറുന്നുണ്ടായിരുന്നു. തന്റെ സമ്മതം ഇല്ലാതെ തന്നെ കീഴ്പ്പെടുത്തുവാൻ ഏതോ ഒരുവൻ ശ്രമിച്ചതിന്റെ മനസ്സിലെ നീറ്റലായിരുന്നു അതിലുമേറെ. ആ ഷോക്കിൽ നിന്ന് ഒന്ന് മുക്തയായപ്പോൾ സാറ ബെഡ്റൂമിലേക്ക് ഓടി.
ബാഗിൽ നിന്ന് ഫ്രണ്ട് റൂമിന്റെ കീ എടുത്ത് അവൾ പെട്ടന്ന് വന്ന് വാതിൽ തുറന്നു വെളിയിൽ ഇറങ്ങി. വാതിൽ വലിച്ചടച്ചു ലോക്ക് ആക്കി, എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവൾ നിസ്സഹായായി അവിടെത്തന്നെ നിന്നു.
അടുക്കളയിൽ നിന്ന ജ്യോത്സ്ന ആരോ ഡോർ വലിച്ചടക്കുന്ന ശബ്ദംകേട്ടാണ് വന്ന് വാതിൽ തുറന്ന് വെളിയിലേക്ക് നോക്കിയത്. അവിടെ ഒരു ഭ്രാന്തിയെപോലെ മുടി പാറിപറന്നു നിൽക്കുന്ന സാറയെ ആണ് ജ്യോത്സ്ന കണ്ടത്.
“സാറേ എന്ത് പറ്റി മോളെ?”. ജ്യോത്സ്ന ആധിയോടെ വാതിൽ തുറന്നിറങ്ങി ചെന്നു. അപ്പോളാണ് ചുവന്നുതുടുത്തു കിതച്ചു നിൽക്കുന്ന അവളുടെ മുഖം ജ്യോത്സ്ന കണ്ടത്.
“അയ്യോ.. ഇതെന്തു പറ്റി സാറ.. എന്താടി വല്ലാണ്ടിരിക്കുന്നത്?”. ജ്യോത്സ്ന ഓടി ചെന്നു സാറയുടെ തോളിൽ പിടിച്ച് തനിക്കു അഭിമുഖമായി നിർത്തി.
ഒരു കരച്ചിലോടെ ജ്യോത്സ്നയെ അവൾ കെട്ടിപിടിച്ചപ്പോൾ, എന്തോ സീരിയസ് സംഭവം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ തിടുക്കത്തിൽ സാറയുമായി അകത്തു കയറി വാതിൽ അടച്ചു. കിതച്ചുകൊണ്ടിരുന്ന സാറക്ക് അടുക്കളയിൽ പോയി ഒരുഗ്ലാസ് വെള്ളം കൊണ്ടുവന്നു അവൾ കൊടുത്തു. ഒറ്റവലിക്കു സാറ അത് കുടിച്ചുതീർക്കുന്നത് ഒരു ഞെട്ടലോടെ ജ്യോത്സ്ന നോക്കി നിന്നു.
“എന്താ എന്റെ മോളെ നിനക്ക് പറ്റിയെ, എന്നോട് പറ”. ജ്യോത്സ്ന അവളുടെ കവിളിലൂടെ ഒഴുകിയ കണ്ണീർ തൂത്ത് അവളെ തന്നോട് ചേർത്തു പിടിച്ചു.
“അവൻ… ആ അമിത്…. എന്നെ…” കരച്ചിലിനിടയിൽ സാറ വിക്കി വിക്കി പറഞ്ഞു.
“അയ്യോ എന്റെ ദൈവമേ… എന്ത് ചെയ്തു അവൻ എന്റെ കൊച്ചിനെ..?. ജ്യോത്സ്ന അവളെ വിട്ട് ഞെട്ടി മാറി. അവളുടെ കൈകൾ തണുത്ത് ചുവന്നു കിടക്കുന്നത് അപ്പോളാണ് ജ്യോത്സ്ന കണ്ടത്.
അകത്തുനിന്നും ഓടിവന്ന കാർത്തിക് മോനേ പോയിരുന്നു പഠിക്കാനൊന്നും പറഞ്ഞ് ജ്യോത്സ്ന തിരിച്ച് ഒടിച്ചു വിട്ടു. സാറയുടെ അടുത്ത് വന്നിരുന്നു അവൾ ആ ചുവന്നുതുടുത്ത കൈകൾ തന്റെ കയ്യിലെക്കെടുത്തു
സാറ അവിടെ നടന്നത് ഒരു നെടുവീർപ്പോടെ ജ്യോത്സ്നയോടെ പറഞ്ഞു തീർത്തു. സംഭവിച്ചതിന്റെ ഞെട്ടലിലും, ആ ഭ്രാന്തന്റെ കയ്യിൽ നിന്നും സാറ രക്ഷപെട്ടതിന്റെ ആശ്വാസത്തിലും ജ്യോത്സ്ന എന്തുചെയ്യണമെന്നറിയാതെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.
“നമുക്ക് പോലീസിനെ അറിയിച്ചാലോ സാറ?. നല്ല നാലെണ്ണം കിട്ടി അകത്തു കിടക്കട്ടെ ആ തെണ്ടി”. ജ്യോത്സ്ന അരിശത്തോടെ സാറയോട് ചോദിച്ചു.
“വേണ്ട ചേച്ചി. അത് പിന്നെ ഒരുപാടു കംപ്ലിക്കേറ്റഡ് ആവും. ഇനി എങ്ങനെയെങ്കിലും ഇതുങ്ങളെ ഇവിടുന്നു പറഞ്ഞു വിടണം”. സാറ ഉറച്ച തീരുമാനത്തോടെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു. അപ്പോളേക്കും ആരോ കോളിങ് ബെൽ അടിച്ചു. ജ്യോത്സ്ന ചെന്ന് പതിയെ വാതിൽ തുറന്നു.
വാതിൽ തുറന്ന ജ്യോത്സ്നയുടെ മുഖം ആസ്വാസംകൊണ്ട് വിടരുന്നത് സാറ ശ്രദ്ധിച്ചു. വാതിലിനപ്പുറം ബാഗും തൂക്കി ജിത്ത്. എന്ത് ചെയ്യണം എന്നറിയാതെനിന്ന ജ്യോത്സ്നയ്ക്കു കലുഷിതമായ ആ നിമിഷത്തിൽ ഒരു ആൺതുണ തെല്ലല്ല ആശ്വാസം കൊടുത്തത്. സാറയെ അവിടെ കണ്ട് തെളിഞ്ഞ ജിത്തിന്റെ കണ്ണുകൾ പക്ഷേ അവളുടെ മുഖഭാവത്തിൽ എന്തോ അപകടം മണത്തു. ജിത്ത് ചേച്ചിയെ നോക്കിയപ്പോൾ അവരുടെ മുഖത്തും അതേ ഭാവം.
