ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 15

അദേഹത്തിന്റെ ഭാര്യയും മകളും ഒന്നും അറിയണ്ടാ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും അങ്കിള്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്തിനെയോ ഭയക്കുന്നത് പോലെ എനിക്ക് തോന്നി. അത് കൊണ്ട് തന്നെ ഞാന്‍ ഒരിക്കലും മേനോന്‍ അങ്കിളുമായോ അദ്ദേഹത്തിന്‍റെ കുടുംബവുമായോ നേരിട്ട് ഇടപഴകാതിരിക്കാന്‍ ശ്രമിച്ചു. ഞങ്ങളുടെ ബന്ധം രഹസ്യമായി വച്ചു. പുറം ലോകത്തിനു ധാര്‍ഷ്ട്യക്കാരിയായ മകള്‍ അച്ചന്‍റെ മാനേജര്‍ വയസ്സായപ്പോള്‍ ചവിട്ടി പുറത്താക്കി എന്ന കഥ പരിചിതം ആയി. “

“മേഡം. പക്ഷെ. ബാബ എന്നോട് പറഞ്ഞത്. “

“ ഹാ.. ബാബയ്ക്ക് കുറെ കാര്യങ്ങളൊക്കെ അറിയാം. അച്ഛന്‍റെ കൂട്ടുകാരന്‍ ആയിരുന്നു ബാബ. പക്ഷെ അദേഹത്തിന് അറിയാത്ത ചിലതുണ്ട്.

മേനോന്‍ അങ്കിള്‍ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ രഹസ്യമായി എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങളൊക്കെ തിരക്കും. ബിസിനസ്സില്‍ വേണ്ടുന്ന നിര്‍ദേശങ്ങള്‍ ഒക്കെ തരും. അദേഹത്തിന്റെ ഉപദേശം ഇല്ലായിരുന്നെങ്കില്‍ എന്നേ ഇതെല്ലാം നശിച്ചേനെ. അച്ഛന്‍റെ ഓര്‍മ്മയില്‍ ഉള്ള ഒന്നും കൈ വിട്ടു പോകരുതെന്ന് അദേഹത്തിന് നിര്‍ബന്ധമായിരുന്നു. അതാ ഞാന്‍ എല്ലാം അത് പോലെ സൂക്ഷിച്ചത്.

ആറു മാസങ്ങള്‍ക്ക് മുന്‍പ് വരെ എല്ലാം ശാന്തമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പക്ഷെ ഒരു ദിവസം അര്‍ദ്ധ രാത്രി മേനോന്‍ അങ്കിള്‍ എന്നെ വിളിച്ചു. അത്യാവശ്യമായി ജൂഹു ബീച്ചില്‍ എത്താന്‍ പറഞ്ഞു. അദേഹം ആകെ പരിഭ്രമിച്ചിരുന്നു. ഞാന്‍ വേഗം അദ്ദേഹം പറഞ്ഞ സ്ഥലത്തെത്തി. അദേഹം എന്നെ ബീച്ചില്‍ നിന്നും മാറി ഒരു ചെറിയ കെട്ടിടത്തിനരുകിലേക്ക് കൊണ്ട് പോയി. പരിഭ്രമിച്ചു കൊണ്ട് ചുറ്റും നോക്കി എന്‍റെ കൈകള്‍ വലിച്ചു കൊണ്ടാണ് അദേഹം നടന്നിരുന്നത്. എനിക്ക് വല്ലാത്ത ഭയം തോന്നി.

ആ കെട്ടിടത്തിനുള്ളില്‍ കയറിയതും അങ്കിള്‍ വാതില്‍ അടച്ചു. വല്ലാത്ത ഇരുട്ട്. മങ്ങിയ വെളിച്ചത്തിനുള്ളില്‍ ഒരാള്‍ ഇരിക്കുന്നു. ഒരു ഭിക്ഷക്കാരനെ പോലെ തോന്നുന്ന വേഷം.

അയാള്‍ എന്നെ കണ്ടു ചിരിച്ചു. ആ വൃത്തികെട്ട ചിരിയില്‍ എനിക്ക് അറപ്പ് തോന്നി.

“മോളെ. ഇത് അച്ഛന്‍റെ ഒരു വിശ്വസ്ഥ സഹായിയാ. മോള്‍ക്ക്‌ അറിയില്ല. അച്ഛന്‍ മോള്‍ക്ക്‌ തരാന്‍ ആയി ഒരു സാധനം ഏല്‍പ്പിച്ചിരുന്നു. ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു ഇപ്പോഴാണ് ഇദ്ദേഹത്തിനു ഇവിടെ എത്താന്‍ കഴിഞ്ഞത്. “

എനിക്കൊന്നും മനസ്സിലായില്ല. “ശത്രുക്കളോ? “

“അതെ. മോള് വിചാരിക്കും പോലെ അച്ചന്‍റേത് ഒരു ആക്സിഡന്‍റ് ഒന്നും അല്ല. കരുതി കൂട്ടിയുള്ള കൊലപാതകം. ആയിരുന്നു അത്. “

“കൊലപാതകമോ? എന്തിനു? ആര് കൊന്നു? “

“ ഇതിനു വേണ്ടി. “ അയാള്‍ ഒരു ചെറിയ കൈ സഞ്ചി നീട്ടി.

ഞാന്‍ അത് വാങ്ങി നോക്കി. ഡയമണ്ട്കള്‍. ആ മങ്ങിയ വെളിച്ചത്തിലും വെട്ടി തിളങ്ങുന്ന ഡയമണ്ട്കള്‍.

“മോളെ ഇതിനു വേണ്ടിയാണ് അവര്‍ നിന്‍റെ അച്ഛനെ കൊന്നത്. പക്ഷെ … “

പെട്ടെന്ന് പുറത്ത് ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ടു.

“മോളെ അപകടം. മോള് രക്ഷപ്പെട്ടോ. “

എന്‍റെ കയ്യില്‍ നിന്നും സഞ്ചി വാങ്ങി അയാള്‍ പുറത്തേക്ക് ഓടി. പിറകെ മേനോന്‍ ചേട്ടനും. ഞാന്‍ എങ്ങനെയോ കെട്ടിടത്തിന്‍റെ പിറകു വശത്ത് ഒളിച്ചു. ഒരു വെടിയൊച്ച കേട്ട് ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ദൂരെ കമഴ്ന്നു വീഴുന്നു. ആരൊക്കെയോ ചിലര്‍ അയാളുടെ അടുത്ത് ചെന്ന് പരിശോധിക്കുന്നു. മേനോന്‍ ചേട്ടനെ അവിടെ എങ്ങും കണ്ടില്ല.

ഞാന്‍ ആകെ പേടിച്ചു പോയി. എന്‍റെ ഉള്ളില്‍ നിന്നും ഒരു നില വിളി ഉയര്‍ന്നു. വായ പൊത്താനായി ഞാന്‍ കൈകള്‍ മുഖത്തേക്ക് കൊണ്ട് വന്നപ്പോഴാണ് അത് ശ്രദ്ധിച്ചത്. എന്‍റെ കയ്യില്‍ കുറച്ചു ഡയമണ്ട്കള്‍. നേരത്തെ ആ സഞ്ചിയില്‍ നിന്നും ഞാന്‍ എടുത്തത്‌. ആ ഇരുട്ടിലും അത് വെട്ടി തിളങ്ങിയപ്പോള്‍ ഞാന്‍ കൂടുതല്‍ ഭയന്നു. അതിന്‍റെ തിളക്കം കണ്ടു ശത്രുക്കള്‍ കണ്ടെത്തിയാലോ. അവയെ ഞാന്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. കുറെ കഴിഞ്ഞു അവിടെ നിന്നും രക്ഷപ്പെട്ടു.

ഇതിനിടയില്‍ യാദ്രിശ്ചികം ആയി മേനോന്‍ അങ്കിളിനെ പറ്റി എനിക്ക് വിവരം കിട്ടി. പുലര്‍ച്ചെ റോഡില്‍ ആക്സിടന്ടു പറ്റിക്കിടന്ന അദേഹത്തെ ആരോ ഞങ്ങളുടെ ഹോസ്പിറ്റലില്‍ തന്നെ എത്തിക്കുകയായിരുന്നു. ഞാന്‍ രഹസ്യമായി അദേഹത്തെ ബാബയുടെ അടുക്കലേക്കു മാറ്റി. ഒപ്പം കുടുംബത്തെയും.

അദേഹത്തിന്റെ ജീവന്‍ ഇപ്പോള്‍ കൂടുതല്‍ അപകടത്തില്‍ ആണെന്ന് എനിക്ക് മനസ്സിലായി. ശത്രുക്കള്‍ അദേഹത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ആരോടെങ്കിലും ഇതേ പറ്റി പറയാന്‍ പോലും എനിക്ക് ഭയം തോന്നി. അത് കൊണ്ട് കൂടിയാ ഞാന്‍ മേനോന്‍ അങ്കിളിനെയും കുടുംബത്തെയും ബാബയുടെ അടുത്തേക്ക് മാറ്റിയത്. അവിടെയാകുമ്പോള്‍ ആരും അറിയില്ല. മേനോന്‍ അങ്കിളിനു നല്ല ചികിത്സയും കിട്ടും. ഞാന്‍ ഈ കാര്യങ്ങള്‍ ഒന്നും സോനാലിയോടോ കിരണിനോടോ പറഞ്ഞില്ല. ഒരു പക്ഷെ എങ്ങനെയെങ്കിലും ശത്രുക്കള്‍ ഈ വിവരം മണത്തെടുത്താലോ എന്നെനിക്കു തോന്നി.

ഒരു സാധാരണ ഗുണ്ടാ വിളയാട്ടം ആയി അന്നത്തെ ആ കൊലപാതകം ചിത്രീകരിക്കപ്പെട്ടു.

ശില്പയുടെ അച്ഛന് ആരോഗ്യം വീണ്ടു കിട്ടിയെങ്കിലും തലയ്ക്ക് ഏറ്റ ക്ഷതം കാരണം ഓര്‍മ്മ നശിച്ചു പോയി. അദേഹത്തിന്റെ ഓര്‍മ്മകള്‍ തിരികെ കിട്ടേണ്ടത് എന്‍റെ കൂടി ആവശ്യം ആയിരുന്നു. എനിക്ക് വേണ്ടിയല്ലേ മേനോന്‍ അങ്കിളിനു ഇങ്ങനെ. “

“മേഡം. നിങ്ങള്‍ക്ക് ശരിക്കും വേണ്ടുന്നത് ആ ഡയമണ്ട്സ് അല്ലേ. അത് മേനോന്‍ അങ്കിളിന്റെ കയ്യില്‍ ആയിരുന്നു. അതെവിടെ എന്ന് അദേഹത്തിന് മാത്രം അറിയാവുന്ന കാര്യം. കാരണം അത് ശത്രുക്കളുടെ കയ്യില്‍ അകപ്പെട്ടിട്ടില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പായിരുന്നു. “ ഞാന്‍ ചോദിച്ചു.

അവര്‍ കുറച്ചു നേരം എന്‍റെ കണ്ണില്‍ നോക്കിയിരുന്നു. “ഹം.. അനീ.. ഒരു പക്ഷെ അതായിരിക്കാം ശരി. പക്ഷെ ഒരിക്കലും മേനോന്‍ അങ്കിളിന്റെ ജീവന് ഞാന്‍ വില കല്‍പ്പിക്കുന്നില്ലെന്നു മാത്രം നീ പറയരുത്. “

“ഇല്ല. മേഡം. ഞാന്‍ ചോദിച്ചെന്നെയുള്ള്. എന്നിട്ട് ബാക്കി പറ. “

“പിന്നെ ബാബയുടെ നിര്‍ദേശ പ്രകാരം ആണ് ഞാന്‍ അവരെ നാട്ടിലോട്ടു എത്തിച്ചത്. അതും രഹസ്യമായി. ശത്രുക്കള്‍ തേടി വരില്ല എന്നുറപ്പ് വരുത്തിയിട്ട്. ആരും അറിയാതെ എന്‍റെ കുറെ ആള്‍ക്കാര്‍ പല വേഷത്തില്‍ അവരെ ഫോളോ ചെയ്തു. കേരളത്തിലെ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ രഹസ്യമായി ചികിത്സിക്കാന്‍ ആയിരുന്നു ഞങ്ങളുടെ പരിപാടി.

പക്ഷേ.. അവിടെ വച്ച് മേനോന്‍ അങ്കിള്‍ വയലന്റ് ആയി. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ. അതറിഞ്ഞപ്പോള്‍ ആണ് ഞാന്‍ ഫൈറ്റില്‍ കേരളത്തില്‍ എത്തിയത്. പക്ഷെ എന്നെ കണ്ടിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല. വിദൂരതയിലേക്ക് നോക്കി ഒരേ ഇരിപ്പ്. എന്‍റെ എടുത്തു ചാട്ടം അപകടം വരുത്തി വച്ചു എന്ന് മനസ്സിലായത്‌ അന്ന് രാത്രിയാണ്. ശത്രുക്കള്‍ എങ്ങനെയോ വിവരം മണത്തറിഞ്ഞു. ഒരു ലോക്കല്‍ ഗുണ്ടാ ആക്രമണം ഉണ്ടായി. പക്ഷെ എന്‍റെ ആള്‍ക്കാര്‍ സമര്‍ത്ഥമായി അതിനെ നേരിട്ടു. ഇനിയും അവിടെ തുടരുന്നത് പന്തിയല്ല എന്ന് കണ്ടാണ്‌ ഞങ്ങള്‍ തിരിച്ചു മുംബൈയ്ക്ക് കയറാന്‍ ഒരുങ്ങിയത്. പക്ഷെ പ്ലൈനില്‍ യാത്ര ചെയ്യുന്നത് റിസ്ക്‌ ആണെന്ന് തോന്നി. അത് കൊണ്ടാണ് തിരികെ ട്രെയിനില്‍ കള്ളപ്പേരില്‍ യാത്ര ചെയ്തത്. ആ ബോഗിയില്‍ കൂടുതലും എന്‍റെ ആള്‍ക്കാര്‍ ആയിരുന്നു. ഇതിനിടയില്‍ നീ വന്നു പെട്ടു. ശില്പയുമായുള്ള നിന്‍റെ അടുപ്പം എന്നില്‍ സംശയങ്ങള്‍ ഉണര്‍ത്തി. ഒരു പക്ഷെ ശില്‍പ വഴി മേനോന്‍ അങ്കിളിലേക്ക് എത്താനുള്ള നിന്‍റെ തന്ത്രം ആണോ എന്ന് പോലും ഞാന്‍ ഊഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *