ഒന്നും മനസ്സിലായില്ലെങ്കിലും ബാബ അച്ഛനെ ആശ്വസിപ്പിച്ചു.
പിന്നെ എല്ലാവരും കുറച്ചു നേരം കരഞ്ഞു. അത് കഴിഞ്ഞു ശില്പയെ പരിചയപ്പെടുത്തി. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അമ്മ അവളെ കെട്ടിപ്പിടിച്ചു. ഇവന് ഓര്‍മ്മ വന്നില്ലേലും നീ ഇനി എന്‍റെ മോളാ എന്നും പറഞ്ഞു അവള്‍ക്കു കഴുത്തില്‍ കിടന്ന മാല ഊരിയിട്ട് കൊടുത്തു. പിന്നെ അവളെയും വിളിച്ചു അവളുടെ അമ്മയെയും അച്ഛനെയും കാണാന്‍ പോയി.
അച്ഛന്‍ മാത്രം എനിക്കരികില്‍ ഇരുന്നു. ആ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ ഇറ്റു വീണു.
“അച്ഛാ.. എനിക്കറിയില്ല എന്ത് പറയണം എന്ന്. എന്‍റെ ഓര്‍മ്മകളില്‍ ഒരിടത്തും എന്‍റെ വീടോ എന്‍റെ പേരോ ഞാനെന്ന വ്യക്തിയോ ഇല്ല. ആകെയുള്ളത് ഇവിടെ മുംബൈയില്‍ വന്നപ്പോള്‍ ഉള്ള മൂന്നോ നാലോ മുഖങ്ങള്‍ ആണ്. എന്നോട് ക്ഷമിക്കൂ അച്ഛാ. “
അച്ഛന്‍ ഒന്നും പറഞ്ഞില്ല. എന്‍റെ കയ്യും പിടിച്ചു അതേയിരിപ്പ് ഇരുന്നു.
കുറെ കഴിഞ്ഞു അമ്മയും ശില്‍പയും ശില്പയുടെ അമ്മയും കൂടി വന്നു.
“അനീ.. ഞങ്ങള്‍ തീരുമാനിച്ചു, നിനക്കും ശില്പയുടെ അച്ഛനും ഭേദമായാല്‍ ഉടനെ നിങ്ങളുടെ കല്യാണം നടത്തണം. “
ഞാന്‍ ശില്പയെ നോക്കി. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്ന് അവള്‍ എന്നെ കൊഞ്ഞനം കാണിച്ചു.
“ഗോപികമാരൊക്കെ ഒത്തിരി കഷ്ടപ്പെടുമല്ലോ… “ അവള്‍ കളിയാക്കി.
“ഗോപികമാരോ? “ അമ്മ ചോദിച്ചു.
“അമ്മയ്ക്കറിയില്ലാ അമ്മേടെ മോന് ഒത്തിരി ഗോപികമാര്‍ ഇവിടുണ്ടമ്മേ. നാളെ നേരം വെളുക്കട്ടെ. അപ്പോള്‍ കാണാം ഓരോരുത്തരായി എഴുന്നള്ളുന്നത്. “
ആ നിമിഷം എന്‍റെ ഫോണ്‍ റിംഗ് ചെയ്തു.
സൊണാലി മേഡം.
“ആ അത് മിക്കവാറും ആ മുതുക്കി ഗോപികയായിരിക്കും. എടുത്തു സൊള്ള്. “ ശില്‍പ കൊഞ്ഞനം കാട്ടി.
ഞാന്‍ ഫോണെടുത്തു അമ്മയോടായി പറഞ്ഞു. “എന്‍റെ മേഡമാ.. “
മേഡത്തോട് നാളെ രാവിലെ വരാന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്തായാലും ഇന്നത്തോടെ എല്ലാം ഒരു വഴിക്കാക്കണം.
അന്ന് അമ്മ എനിക്ക് ഭക്ഷണം വാരി തന്നു. ശില്‍പ അവളുടെ അച്ഛന്‍റെ അടുക്കലേക്കു പോയി. അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ ഞാന്‍ വെറുതെ അമ്മയോട് എന്‍റെ കുട്ടിക്കാലത്തെ കുറിച്ച് ചോദിച്ചു.
എന്‍റെ മുടിയിഴകളില്‍ തഴുകി കൊണ്ട് അമ്മ എന്‍റെ കുസൃതിത്തരങ്ങള്‍ വിവരിച്ചു. അച്ഛനും കൂടെ കൂടി. ഒന്നും ഓര്‍മ്മയില്‍ വന്നില്ലെങ്കിലും അതൊക്കെ കേട്ട് ഞാന്‍ ഒത്തിരി ചിരിച്ചു.
പിറ്റേന്ന് രാവിലെ മേഡം വന്നു. മുറിയില്‍ അച്ഛനെയും അമ്മയെയും കണ്ടു അവര്‍ അമ്പരന്നു. അമ്മയും അച്ഛനും പുറത്തേക്കു പോയി. ഞാന്‍ മേഡത്തെ അവിടെ പിടിച്ചിരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ശില്പയെ വിളിച്ചു പരിചയപ്പെടുത്തി. ആരും കാണാതെ അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നത് ഞാന്‍ കണ്ടു. അവരുടെ ഹൃദയം നുറുങ്ങുന്നുണ്ടായിരിക്കാം.
പക്ഷെ പൊടുന്നനെ ശില്പയെ മാറോട് ചേര്‍ത്ത് അവര്‍ പറഞ്ഞു, “ ശില്പേ മോളെ നീ എന്‍റെ പൊന്നു മോള്‍ ആണ്. നിന്‍റെ പ്രായത്തില്‍ ഞാന്‍ കല്യാണം കഴിച്ചിരുന്നെല്‍ നിന്നെ പോലെ ഒരു മോള്‍ എനിക്കും ഉണ്ടായേനെ. ആ മോളുടെ സ്ഥാനത്താ ഞാന്‍ നിന്നെ കാണുന്നേ. ഈ വിഡ്ഢിയോടു പൊറുക്കില്ലേ. “
ശില്‍പ പെട്ടെന്ന് അവരുടെ വായ് പൊത്തിപ്പിടിച്ചു. “മേഡം അങ്ങനെ ഒന്നും പറയരുത്. മേഡം ഇല്ലായിരുന്നെങ്കില്‍ അനിയെ എനിക്ക് കിട്ടില്ലായിരുന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു റ്റ്നിര്‍ണായക ശക്തിയായി മേഡം കടന്നു വന്നു. ഇനിയും ഞങ്ങള്‍ക്കൊപ്പം മേഡം വേണം. എന്നും. അനിയോട് മേഡത്തിനുള്ള ഇഷ്ടം എനിക്കറിയാം. അത് മറക്കാന്‍ ഞാന്‍ പറയില്ല. പക്ഷെ അനിയുടെ ഭാര്യ എന്ന അവകാശം അത് ഞാന്‍ വിട്ടു തരില്ല. “
“എന്‍റെ പൊന്നു മോളെ ശില്പാ… “
“മമ്മാ….. “ ശില്‍പ മേഡത്തെ കെട്ടിപ്പിടിച്ചു വിളിച്ചു.
ഞാന്‍ ആകെ വായും പൊളിച്ചു ഇരുന്നു പോയി. ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ. ഓരോരുത്തരെയായി ഒഴിവാക്കി എങ്ങനെയെങ്കിലും അവളുടേത് മാത്രം ആകണം എന്ന് വിചാരിക്കുമ്പോള്‍ ഇവള്‍…
