അദേഹത്തിന്റെ ഭാര്യയും മകളും ഒന്നും അറിയണ്ടാ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും അങ്കിള്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്തിനെയോ ഭയക്കുന്നത് പോലെ എനിക്ക് തോന്നി. അത് കൊണ്ട് തന്നെ ഞാന്‍ ഒരിക്കലും മേനോന്‍ അങ്കിളുമായോ അദ്ദേഹത്തിന്‍റെ കുടുംബവുമായോ നേരിട്ട് ഇടപഴകാതിരിക്കാന്‍ ശ്രമിച്ചു. ഞങ്ങളുടെ ബന്ധം രഹസ്യമായി വച്ചു. പുറം ലോകത്തിനു ധാര്‍ഷ്ട്യക്കാരിയായ മകള്‍ അച്ചന്‍റെ മാനേജര്‍ വയസ്സായപ്പോള്‍ ചവിട്ടി പുറത്താക്കി എന്ന കഥ പരിചിതം ആയി. “
“മേഡം. പക്ഷെ. ബാബ എന്നോട് പറഞ്ഞത്. “
“ ഹാ.. ബാബയ്ക്ക് കുറെ കാര്യങ്ങളൊക്കെ അറിയാം. അച്ഛന്‍റെ കൂട്ടുകാരന്‍ ആയിരുന്നു ബാബ. പക്ഷെ അദേഹത്തിന് അറിയാത്ത ചിലതുണ്ട്.
മേനോന്‍ അങ്കിള്‍ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ രഹസ്യമായി എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങളൊക്കെ തിരക്കും. ബിസിനസ്സില്‍ വേണ്ടുന്ന നിര്‍ദേശങ്ങള്‍ ഒക്കെ തരും. അദേഹത്തിന്റെ ഉപദേശം ഇല്ലായിരുന്നെങ്കില്‍ എന്നേ ഇതെല്ലാം നശിച്ചേനെ. അച്ഛന്‍റെ ഓര്‍മ്മയില്‍ ഉള്ള ഒന്നും കൈ വിട്ടു പോകരുതെന്ന് അദേഹത്തിന് നിര്‍ബന്ധമായിരുന്നു. അതാ ഞാന്‍ എല്ലാം അത് പോലെ സൂക്ഷിച്ചത്.
ആറു മാസങ്ങള്‍ക്ക് മുന്‍പ് വരെ എല്ലാം ശാന്തമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പക്ഷെ ഒരു ദിവസം അര്‍ദ്ധ രാത്രി മേനോന്‍ അങ്കിള്‍ എന്നെ വിളിച്ചു. അത്യാവശ്യമായി ജൂഹു ബീച്ചില്‍ എത്താന്‍ പറഞ്ഞു. അദേഹം ആകെ പരിഭ്രമിച്ചിരുന്നു. ഞാന്‍ വേഗം അദ്ദേഹം പറഞ്ഞ സ്ഥലത്തെത്തി. അദേഹം എന്നെ ബീച്ചില്‍ നിന്നും മാറി ഒരു ചെറിയ കെട്ടിടത്തിനരുകിലേക്ക് കൊണ്ട് പോയി. പരിഭ്രമിച്ചു കൊണ്ട് ചുറ്റും നോക്കി എന്‍റെ കൈകള്‍ വലിച്ചു കൊണ്ടാണ് അദേഹം നടന്നിരുന്നത്. എനിക്ക് വല്ലാത്ത ഭയം തോന്നി.
ആ കെട്ടിടത്തിനുള്ളില്‍ കയറിയതും അങ്കിള്‍ വാതില്‍ അടച്ചു. വല്ലാത്ത ഇരുട്ട്. മങ്ങിയ വെളിച്ചത്തിനുള്ളില്‍ ഒരാള്‍ ഇരിക്കുന്നു. ഒരു ഭിക്ഷക്കാരനെ പോലെ തോന്നുന്ന വേഷം.
അയാള്‍ എന്നെ കണ്ടു ചിരിച്ചു. ആ വൃത്തികെട്ട ചിരിയില്‍ എനിക്ക് അറപ്പ് തോന്നി.
“മോളെ. ഇത് അച്ഛന്‍റെ ഒരു വിശ്വസ്ഥ സഹായിയാ. മോള്‍ക്ക് അറിയില്ല. അച്ഛന്‍ മോള്‍ക്ക് തരാന്‍ ആയി ഒരു സാധനം ഏല്‍പ്പിച്ചിരുന്നു. ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു ഇപ്പോഴാണ് ഇദ്ദേഹത്തിനു ഇവിടെ എത്താന്‍ കഴിഞ്ഞത്. “
എനിക്കൊന്നും മനസ്സിലായില്ല. “ശത്രുക്കളോ? “
“അതെ. മോള് വിചാരിക്കും പോലെ അച്ചന്‍റേത് ഒരു ആക്സിഡന്‍റ് ഒന്നും അല്ല. കരുതി കൂട്ടിയുള്ള കൊലപാതകം. ആയിരുന്നു അത്. “
“കൊലപാതകമോ? എന്തിനു? ആര് കൊന്നു? “
“ ഇതിനു വേണ്ടി. “ അയാള്‍ ഒരു ചെറിയ കൈ സഞ്ചി നീട്ടി.
ഞാന്‍ അത് വാങ്ങി നോക്കി. ഡയമണ്ട്കള്‍. ആ മങ്ങിയ വെളിച്ചത്തിലും വെട്ടി തിളങ്ങുന്ന ഡയമണ്ട്കള്‍.
“മോളെ ഇതിനു വേണ്ടിയാണ് അവര്‍ നിന്‍റെ അച്ഛനെ കൊന്നത്. പക്ഷെ … “
പെട്ടെന്ന് പുറത്ത് ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ടു.
“മോളെ അപകടം. മോള് രക്ഷപ്പെട്ടോ. “
എന്‍റെ കയ്യില്‍ നിന്നും സഞ്ചി വാങ്ങി അയാള്‍ പുറത്തേക്ക് ഓടി. പിറകെ മേനോന്‍ ചേട്ടനും. ഞാന്‍ എങ്ങനെയോ കെട്ടിടത്തിന്‍റെ പിറകു വശത്ത് ഒളിച്ചു. ഒരു വെടിയൊച്ച കേട്ട് ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ദൂരെ കമഴ്ന്നു വീഴുന്നു. ആരൊക്കെയോ ചിലര്‍ അയാളുടെ അടുത്ത് ചെന്ന് പരിശോധിക്കുന്നു. മേനോന്‍ ചേട്ടനെ അവിടെ എങ്ങും കണ്ടില്ല.
ഞാന്‍ ആകെ പേടിച്ചു പോയി. എന്‍റെ ഉള്ളില്‍ നിന്നും ഒരു നില വിളി ഉയര്‍ന്നു. വായ പൊത്താനായി ഞാന്‍ കൈകള്‍ മുഖത്തേക്ക് കൊണ്ട് വന്നപ്പോഴാണ് അത് ശ്രദ്ധിച്ചത്. എന്‍റെ കയ്യില്‍ കുറച്ചു ഡയമണ്ട്കള്‍. നേരത്തെ ആ സഞ്ചിയില്‍ നിന്നും ഞാന്‍ എടുത്തത്. ആ ഇരുട്ടിലും അത് വെട്ടി തിളങ്ങിയപ്പോള്‍ ഞാന്‍ കൂടുതല്‍ ഭയന്നു. അതിന്‍റെ തിളക്കം കണ്ടു ശത്രുക്കള്‍ കണ്ടെത്തിയാലോ. അവയെ ഞാന്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. കുറെ കഴിഞ്ഞു അവിടെ നിന്നും രക്ഷപ്പെട്ടു.
