ബേബി ഗേൾ- 2

പിന്നെന്തോ മാമൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.. ഓവറായി ശല്യപെടുത്തണ്ടാന്ന് വെച്ച് ഞാനും പിന്നെ അധികം മിണ്ടാൻ പോയില്ല…

അങ്ങനെ ഞങ്ങൾ നിശബ്ദമായിത്തന്നെ ഊണെല്ലാം കഴിച്ചു കഴിഞ്ഞ് ഞാൻ പാത്രങ്ങളെല്ലാം കഴുകി ഹാളിലേക്ക് നടക്കവേയാണ് മാമൻ അവിടിരുന്ന് ടീവി കാണുന്നത് ഞാൻ കണ്ടത്…

മാമാ… ഏതാ സിനിമാ..

പെട്ടന്ന് മാമന്റെ മടിയിലേക്ക് കേറിയിരുന്നുകൊണ്ട് ഞാൻ ടീവിയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

ഛെ.. അനു നീയെന്താ ഈ കാണിക്കുന്നേ… ഞാൻ പറഞ്ഞില്ലേ നിനക്കിപ്പഴും കുട്ടികളുടെ സ്വഭാവാന്ന്.!! അതാ നീ ഇങ്ങനൊക്കെ കാണിക്കുന്നേ..

പുല്ല് ഏത് നേരത്താണാവോ എനിക്കിതിനെ..

വാക്കുകൾ മുഴുവിക്കാതെ മാമനെന്നെയും തള്ളിമാറ്റി ദേഷ്യത്തിൽ പെട്ടന്നവിടുന്ന് വണ്ടിയും എടുത്തുകൊണ്ടു പോയി..

ഒരു നിമിഷം ഷോക്കായിപ്പോയ ഞാൻ പെട്ടന്ന് തന്നെ സ്വബോധത്തെ തിരിച്ചെടുത്തു കൊണ്ട് നേരെ റൂമിലോട്ട് ഓടി…

പോവുന്ന വഴിയെല്ലാം ഇരുട്ട് പടരുന്ന പോലെ തോന്നാൻ തുടങ്ങിയതും ഞാൻ മനസ്സിലാക്കുകയായിരുന്നു എന്റെ ആ പഴയ അവസ്ഥയിലേക്ക് ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്ന്…

അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട ആ സമയം ഞാൻ കുറച്ചു നാൾ ഒരു പ്രാന്തമായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.. അതേ അവസ്ഥയിലേക്കാണ് ഞാനിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്…

പെട്ടന്ന് എന്തോ ചിന്തിച്ചെന്നോണം ഞാൻ ചാടി എണീറ്റുകൊണ്ട് റൂമിന് ചുറ്റും നടന്നു…

ഇല്ല.. ഇനിയും ഞാനിവിടെ നിന്നാൽ ചിലപ്പോൾ മാമനെ എനിക്ക് എന്നന്നേക്കുമായി നഷ്ട്ടമാകും… അത് നടക്കാൻ പാടില്ല അതുകൊണ്ട് എന്റെ മുന്നിലുള്ള ആകെ വഴി എന്നത് ഞാനിവിടുന്ന് പോവുന്നതാണ്…

ടേബിളിൽ കിടന്ന ബുക്കും പേനയുമെടുത്തുകൊണ്ട് ഞാൻ പിറുപിറുത്തു…

അമ്മാവാ.!! എന്നോട് ദേഷ്യം ഉണ്ടാവുമെന്ന് അറിയാം.. എന്തോ എനിക്ക് ആരും ഇല്ലാത്തത് കൊണ്ടാവാം നിങ്ങൾ തന്ന സ്നേഹത്തെ ഞാൻ പ്രണയമായി കണ്ടത്.. അതെനിക്കിനി മാറ്റാൻ കഴിയത്തില്ല.. ഞാൻ ഒരുപാട് നിങ്ങളെ ഉപദ്രവിച്ചു എന്നെനിക്ക് അറിയാം… ഇനി ഒരു ഉപദ്രവായിട്ട് ഞാൻ വരുന്നില്ല… ഞാൻ പോവാ…

പേടിക്കണ്ടാട്ടോ.!! ഞാൻ ചാവാൻ പോവൊന്നും അല്ല.. എനിക്കിവിടെ നിൽക്കുമ്പോ ഞാനാ പഴയ പോലെ ഒരു പ്രാന്തമായ അവസ്ഥയിലോട്ട് പോവുമോ എന്നൊരു തോന്നൽ..

മാമാ ലൗ യൂ… ♥️

മനസ്സിലുണ്ടായിരുന്നത് എല്ലാം എഴുതി ആ പേജ് കീറി ടേബിളിൽ വെച്ച ശേഷം ഞാൻ വേഗം കണ്ണുകൾ തുടച്ച് ഡ്രെസ്സെല്ലാം പാക്ക് ചെയ്ത് കയ്യിലുണ്ടായിരുന്ന 1000 രൂപയും കൊണ്ട് നേരെ പുറത്തേക്കിറങ്ങി…

മനസ്സിൽ വേണ്ടാന്ന് പലതവണ പറഞ്ഞെങ്കിലും എന്റെ സമനില തെറ്റുന്നതിന് മുന്നേ എനിക്കെന്റെ വീട്ടിൽ എത്തണം എന്ന ഒറ്റ ചിന്ത കാരണം ഞാൻ ആദ്യം കണ്ട ഓട്ടോ വിളിച്ചു നേരെ ബസ് സ്റ്റാൻഡിലേക്ക് വിട്ടു..

പോകുന്ന വഴികളെല്ലാം അപരിചിതമായതുകൊണ്ട് മനസ്സിൽ എവിടേക്കയോ ആയി ഒരു പേടി ഉടലെടുത്തെങ്കിലും ഞാനത് പുറത്തു കാണിക്കാതെ തന്നെ വണ്ടിയിൽ ഇരുന്നു…

അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയ ഞാൻ വേഗം ഓട്ടോക്ക് കാശും കൊടുത്ത് നേരെ സ്റ്റാൻഡിന്റെ ഉള്ളിലോട്ടു നടന്നു…

എന്തോ എന്റെ ഭാഗ്യമെന്ന് പറയാം ഞാൻ ചെല്ലുമ്പോൾ തന്നെ അവിടെയായി ഒരു എറണാകുളം ബസ്സ് നിൽക്കുന്നുണ്ടായിരുന്നു.. അതോണ്ട് ബസ് കാത്തു നിൽക്കേണ്ടി വന്നില്ല എന്നുമാത്രമല്ല ബസ്സിലായി അധികം തിരക്കും ഉണ്ടായിരുന്നില്ല…

ഉള്ളിലേക്ക് കേറുമ്പോൾ തന്നെ കണ്ടക്ടർ വണ്ടിയെടുക്കാൻ അര മണിക്കൂർ എടുക്കുമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഉള്ളിൽ കേറിയവശം സെന്ററിലായുള്ള വിൻഡോ സീറ്റിൽ ഇരിപ്പുറപ്പിച്ചുകൊണ്ട് കുറച്ചു നേരം കണ്ണടച്ച് കിടന്നു…

കണ്ണടച്ച വഴിക്ക് ആദ്യം മനസ്സിലേക്ക് വന്ന മുഖം അച്ഛന്റെയും അമ്മയുടെയും ആയിരുന്നു.. അതുകൊണ്ട് തന്നെ എന്റെ നിയന്ത്രണത്തിനെയും താണ്ടി കണ്ണുകൾ നിറയാൻ തുടങ്ങി…

പെട്ടന്ന് ബസ്സാണെന്നുള്ള ബോധം മനസ്സിലേക്ക് വന്നതും ഞാൻ കണ്ണുകൾ തുടച്ചുകൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു…

ഭാഗ്യത്തിന് ബസ്സിൽ അപ്പോഴും അധികം ആളുകളൊന്നും വന്നിട്ടുണ്ടായിരുന്നില്ല പക്ഷെ എന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് തൊട്ടടുത്തായി ഒരാൾ ഉണ്ടായിരുന്നു അതും എല്ലാം വീക്ഷിച്ചുകൊണ്ട്…

ഹലോ… അനുമോള് എങ്ങോട്ടാ ഈ ബാഗും തൂക്കി പിടിച്ചുകൊണ്ട്… അതും ഈ എന്നോട് പറയാതെ…

ആ ആളെ കണ്ട് ഞെട്ടലോടെ നിന്ന എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് ആ ശബ്ദമായിരുന്നു…

ഹലോ.. എന്താണ് മോളെ റിലേ പോയോ…

പെട്ടന്ന് എന്റെ ബാക്കിലൂടെ കയ്യിട്ട് തോളിൽ പിടിച്ചു ചേർത്തുകൊണ്ട് അമ്മാവൻ പറഞ്ഞതും ഞാനാ കൈ തട്ടിമാറ്റി…

വേണ്ട.. എന്നെ ആരും സ്നേഹിക്കണ്ട എനിക്ക് പേടിയാ…

എന്താടാ..!! എന്താ എന്റെ മോൾക്ക് പറ്റിയേ… ഞാനങ്ങനെ പറഞ്ഞത് കൊണ്ടാണോ.. സോറി ഈ മാമനോട് മോള് ക്ഷമിക്ക്… ഞാനപ്പോഴത്തെ ദേഷ്യത്തിന് എന്തെക്കയോ പറഞ്ഞു പോയി എന്നും പറഞ്ഞു മോള് അങ്ങ് ഇറങ്ങി പോവാണോ വേണ്ടേ… വാ നമുക്ക് വീട്ടിക്ക് പോവാം…

ഇല്ല മാമാ..!! ഞാൻ വരുന്നില്ല.. ഞാനിനി ആർക്കും ഒരു ശല്യമായി ഉണ്ടാവില്ല… മാമൻ പൊക്കോ…

ശല്ല്യോ എനിക്കോ… എടാ പറ്റിപ്പോയി ഞാൻ പറഞ്ഞില്ലേ അപ്പോഴത്തെ അവസ്ഥയിൽ ഞാനറിയാതെ..!!!

മോൾക്ക് അറിയോ നിന്നോട് അങ്ങനൊക്കെ പറഞ്ഞ ശേഷം എനിക്കൊരു സമാധാനോം ഉണ്ടായിരുന്നില്ല.. പിന്നെ ആകെ ഉണ്ടായിരുന്ന സന്തോഷം നിന്നോട് വീട്ടിൽ ചെന്നതും സോറി പറയണം എന്നതായിരുന്നു.. പക്ഷെ അതും ചിന്തിച്ചു വീട്ടിലെത്തിയപ്പോ കണ്ടത് നീ എഴുതി വെച്ച ലേറ്റാറാ…

പിന്നെ അവിടുന്നങ്ങോട്ട് ഞാനനുഭവിച്ച ടെൻഷൻ എനിക്ക് മാത്രേ അറിയൂ..

മോൾക്കറിയോ ഞാനിപ്പോ നിന്നേം തപ്പി എവിടൊക്കെ പോയെന്ന്…

എനിക്കൊന്നും കേൾക്കാൻ താൽപ്പര്യം ഇല്ല പ്ലീസ്… ശല്ല്യം ചെയ്യാതെ നിങ്ങളൊന്നു പോയിത്തരോ…

കൈ കൂപ്പി ഞാനത് പറയുന്നത് കണ്ടിട്ടെന്നോണം തൊട്ടപ്പുറത്തെ സീറ്റിലുണ്ടായിരുന്ന ഒരാൾ എണീറ്റുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..

ഹലോ.. എന്നാച്ചു സിസ്റ്റർ എതാവത് പ്രോബ്ലമാ… യാരിവൻ.?

ഹലോ സാർ.. നാങ്ക കല്യാണം പണ്ണിക്ക പോറവങ്ക.. എങ്ങൾക്കുള്ളെ ആയിരം പ്രോബ്ലം ഇറുക്കും.. ഇതെല്ലാം കേക്ക നീയാര് മൂടിട്ട് പോടാ..

ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും മാമൻ ഇടക്ക് കേറി പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി..

ഹലോ സിസ്റ്റർ.. ഇന്താള് സൊള്ളുറത് ഉണ്മയാ..

മാമന്റെ ഡയലോഗ് കേട്ട് ഞെട്ടലിലിരുന്ന എന്നെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് അയാളുടെ ആ ചോദ്യമായിരുന്നു…

ആഹ്.. മം.. ആമ..

തപ്പി തടഞ്ഞു ഞാനാളോട് പറഞ്ഞത് കെട്ടിട്ടെന്നോണം പിന്നൊന്നും പറയാൻ നിൽക്കാതെ അയാൾ സീറ്റിലേക്ക് ചെന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *