മറുപുറം – 2

ഞാൻ……ഞാൻ….പോവാ….”

ദീപന്റെ മറുപടിക്ക് പോലും കാക്കാതെ രാഹുൽ വീടുവിട്ടിറങ്ങി,…..
നഗരത്തിന് നടുവിലെ ഫ്ലാറ്റിലേക്ക് ചേക്കേറുമ്പോൾ ഉള്ളിലെവിടെയോ അവളെ മറക്കണം എന്നൊരു ഉൾവിളി അവനുണ്ടായിരുന്നു.

എന്നാൽ ഫ്ലാറ്റിന്റെ ഒറ്റപ്പെടലിൽ വീണ്ടും നിരാശയിലേക്ക് കൂപ്പു കുത്താൻ തുടങ്ങിയ രാഹുലിന് ഒരിക്കൽ കൂട്ടുകിട്ടിയത് മദ്യം ആയിരുന്നു ചില്ലു കുപ്പിയിലെ തിളക്കം നിറഞ്ഞ ദ്രാവകം ആഴ്ചകൾക്ക് ശേഷം അവനു ബോധമറ്റു ലോകത്തിൽ നിന്നും പറിച്ചു മാറ്റിക്കൊണ്ടുള്ള ഉറക്കം നൽകി, ഒന്നും അലട്ടാതെയുള്ള ഉറക്കം….
പിന്നീട് ഉറക്കം എന്നാൽ അവനു അത് മാത്രമായി, എല്ലാം നഷ്ടപ്പെട്ടു എന്ന് ചിന്തിച്ചു തുടങ്ങിയവനുള്ള അവസാന ആശ്രയമായി മദ്യം മാറി…
അനുജന്റെ അവസ്ഥയിൽ നെഞ്ചുപൊട്ടി ഉരുകാൻ മാത്രമേ ദീപന് കഴിഞ്ഞുള്ളു.

കടൽത്തീരത്തെ ചാരു ബെഞ്ചിൽ കുടിച്ചു ബോധം കെടുന്ന വരെ കിടക്കുന്ന രാഹുലിനെ എന്നും രാത്രി ദീപൻ താങ്ങിയെടുത്തു ഫ്ലാറ്റിൽ കൊണ്ടുപോകും,
ഉരുകി തീരുന്ന മനസ്സുമായി അവനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് വീട്ടിൽ പാർവതിയും,
ആഹ് സംഭവത്തിനുശേഷം പാർവതി വീടിനു പുറത്തു ഇറങ്ങാതെ അനിയന്റെ ദുരവസ്ഥയ്ക്ക് സ്വയം ശിക്ഷിച്ചു കൊണ്ടിരുന്നു.

*******************************

രാഹുൽ എഴുന്നേറ്റു വരുമ്പോൾ പതിനൊന്നു കഴിഞ്ഞിരുന്നു,
തലയ്ക്ക് ആകെ ഒരു പെരുപ്പ് നിറഞ്ഞിരിക്കുന്നു ആടികുഴഞ്ഞു ബാത്‌റൂമിൽ കയറിഇറങ്ങി രാഹുലിന് ഒരു പുതിയ ദിവസം ആയിരുന്നില്ല…
ഒരേപോലുള്ള അനേകം ദിവസങ്ങളിൽ ഒന്ന് കൂടി…

ദാഹം തൊണ്ട ചുരുക്കിയപ്പോൾ, അവൻ കിച്ചണിലേക്ക് നടന്നു,
പ്യൂരിഫയറിൽ നിന്ന് തൊണ്ട നനയുവോളം ദാഹം തീരും വരെ വെള്ളം കുടിച്ചു,
സ്ലാബിൽ അവനു വേണ്ടി ഓഫീസിൽ പോകും വഴി ദീപൻ മൂടി വെച്ചിരുന്ന ഭക്ഷണം ഉണ്ടായിരുന്നു,

അതും എടുത്തു തുറന്നു അവൻ സോഫയിലേക്കിരുന്നു.
നൂലപ്പം കടല കൂട്ടി വായിലേക്ക് വയ്ക്കുന്ന ഓരോ പിടിയിലും അവന്റെ കണ്ണ് നിറഞ്ഞു വന്നു,
ഏട്ടത്തിയുടെ രുചി…
എപ്പോഴൊക്കെയോ കൈകൊണ്ടു ഊട്ടി തന്നിരുന്ന ഏട്ടത്തിയുടെ ഓർമ്മകൾ അവനിൽ നിറഞ്ഞു.
കണ്ണിൽ നിന്ന് തുളുമ്പിയ കണ്ണീരുമായി അവൻ ആഹ് ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തു.
അന്ന് കഴിഞ്ഞു ഇതുവരെ അവർ തമ്മിൽ കണ്ടിട്ടില്ല രണ്ടുപേരുടെയും ഉള്ളിൽ കുറ്റബോധം കൊണ്ടുണ്ടായ മതിൽ ശക്തമായിരുന്നു,
ദീപന്റെ വാക്കുകളിൽ നിന്നും പാർവതി രാഹുലിനെ കുറിച്ചും രാവിലെ ഏട്ടത്തി തനിക്കായി ഏട്ടന്റെ കയ്യിൽ ഭദ്രമായി പൊതിഞ്ഞു വിടുന്ന ഭക്ഷണത്തിൽ നിന്നും അവരുടെ ഉള്ളുകൾ സംസാരിച്ചു കൊണ്ടിരുന്നു.

ഭക്ഷണം കഴിഞ്ഞു കരുതി വെച്ചിരുന്ന കുപ്പിയിൽ അവൻ അഭയം തേടി…
ഗ്ലാസ്സുകൾ ഓരോന്നായി നിറഞ്ഞൊഴിഞ്ഞു.

മയക്കം ബാധിച്ചു തുടങ്ങിയ കണ്ണുകളിൽ വീണ്ടും ശ്വേതയും സ്റ്റേഷനും അവളുടെ കാമുകനും നിറയാൻ തുടങ്ങിയതോടെ,
കുപ്പി കയ്യിലെടുത്തു അവൻ പുറത്തേക്കിറങ്ങി,
ഒരു ഓട്ടോ പിടിച്ചു കടൽ തീരത്തെത്തി,
പിന്നെ അവനു ഇഷ്ടപ്പെട്ട ചാരു ബെഞ്ചിൽ ചാരി കടൽകാറ്റു ഏറ്റു അടുത്ത കടയിൽ നിന്നുയരുന്ന പാട്ടുകൾ കേട്ട് അവിടെ ഇരുന്നു.
ഉച്ച നേരത്തെ കത്തിയെരിയുന്ന സൂര്യനും പതിയെ കടലിൽ താഴാനായി യാത്ര തുടങ്ങിയിരുന്നു.
മൂവന്തിയിൽ ചെഞ്ചുവപ്പ് പടർത്തി മുങ്ങിത്താഴുന്ന സൂര്യനെ കാണാൻ തീരത്തു അത്യവശ്യം പേര് കൂടിയിരുന്നു.
കമിതാക്കൾ അവിടവിടെ കുടക്കീഴിൽ തങ്ങളുടെ സ്വർഗം തീർക്കുന്നുണ്ടായിരുന്നു.
ഇതിനെല്ലാം മൂകസാക്ഷിയായി രാഹുൽ ചിരിയോടെ അവിടെ ഇരുന്നു.
ഇരുട്ട് പരന്നു തുടങ്ങിയ നേരം വിരലുകൾക്കിടയിൽ എരിയുന്ന ലഹരിയുമായി ഒരു കൂട്ടം അവനടുത്തേക്ക് പതിയെ സമീപിച്ചു.
കണ്ണിനു കനം വെക്കുന്ന കറുപ്പിന്റെ ഗന്ധം ആയിരുന്നു അവർക്ക്.
പതിയെ അവനെ ചുറ്റിയ അവരുടെ കണ്ണുകൾ മയങ്ങി കിടന്ന അവനിലായിരുന്നു.

“ഡാ അടിച്ചു തിരിഞ്ഞിരുക്കവാണ്….പയ്യെ നമുക്കൊന്ന് വലിച്ചു നോക്കിയാലോ…”

പുകയൂതി പറത്തിക്കൊണ്ട് ഒരുത്തൻ പറഞ്ഞത് കേട്ട മറ്റൊരുവൻ ഒന്ന് ചുറ്റും നോക്കികൊണ്ട് തലയാട്ടി.
ഇരുട്ടി തുടങ്ങിയ തീരത്തിന്റെ ആഹ് ഭാഗത്ത് ആളുകളുടെ കുറവും വെളിച്ചത്തിന്റെ അഭാവവും അവരുടെ നീക്കങ്ങൾക്ക് മറയേകി,
അടുത്തിരുന്ന ഒരുവൻ രാഹുലിന്റെ കയ്യിൽ ഒഴിഞ്ഞു തീരാറായ കുപ്പിയിൽ കൈ വെച്ചു.
മിച്ചമുള്ള ബോധത്തിൽ കണ്ണ് തുറന്ന രാഹുൽ തനിക്കടുത്തു നിൽക്കുന്ന അപരിചിതരെ കണ്ട അവന്റെ കണ്ണുകൾ ഒന്ന് ചിമ്മി വിടർന്നു.

“ആരാ….നീയൊക്കെ ഏതാ…”

രാഹുലിന് ബോധം വന്നത് കണ്ട കൂട്ടത്തിൽ ഇരുന്നവൻ ഞെട്ടി,

“അത് ഒന്നുമില്ല ചേട്ടാ…”

പതർച്ചയോടെ അവൻ പറയുമ്പോഴും രാഹുലിന്റെ നോട്ടത്തിൽ തന്റെ പോക്കറ്റിലേക്ക് കയ്യിട്ടു പേഴ്സ് തപ്പുന്ന അവനെ കണ്ടതും രാഹുലിന് കാര്യം മനസ്സിലായി.

“കയ്യെടുക്കട മൈരെ….”

ഇരച്ചു കയറിയ ചോര നൽകിയ തരിപ്പിൽ രാഹുൽ അവന്റെ കൈ തട്ടി തെറിപ്പിച്ചു.

“ഹാ ചേട്ടൻ ഒച്ച വെക്കല്ലേ ചേട്ടാ…ഞങ്ങൾ ഇവിടെ കിടക്കുന്നത് കണ്ടു ബോധം ഉണ്ടോന്നു നോക്കിയതല്ലേ…”

രാഹുലിന്റെ പ്രതികരണത്തിൽ അപ്രതീക്ഷിതമായി പേടിച്ച അവൻ രാഹുലിന്റെ കൈ പിടിച്ചു വെക്കാൻ നോക്കിക്കൊണ്ടു പറഞ്ഞു,
ആരും തങ്ങളെ ശ്രെദ്ധിക്കുന്നില്ലെന്നു മൂന്നാമൻ ചുറ്റും നോക്കി ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു.

ഇതിനിടയിൽ വീണ്ടും സ്വരം ഉയരുന്നത് കണ്ട രാഹുലിന്റെ വാ മൂടിക്കൊണ്ടു ഒരുത്തൻ കൈ വെച്ചതും രാഹുൽ അവന്റെ കൈക്ക് കടിച്ചതും ഒരുമിച്ചായിരുന്നു.

“ഹ്രാ…..ഡാ….”

വേദനയെടുത്തവൻ അലറി വിളിച്ചതും അവന്റെ കൈ ഊക്കിന് മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു.

ഇടി കൊണ്ട് രാഹുലിന്റെ മൂക്കിൽ പൊട്ടലുണ്ടായി,
അവൻ വേദന കൊണ്ട് പുളഞ്ഞു എഴുന്നേറ്റു,
ബാക്കി ഉണ്ടായിരുന്ന ഊർജ്ജം മുഴുവനെടുത്തു തള്ളി മാറ്റി എഴുന്നേറ്റു ഓടിയതും ആടിയുലഞ്ഞു അധികം എത്തും മുൻപ് കാലിനടിയേറ്റു അവൻ വീണു.
പിന്നിൽ ആക്രോശം കേട്ട രാഹുൽ കൈകൊണ്ട് പരതിയപ്പോൾ കിട്ടിയ ഒരു വടിയുമായാണ് തിരിഞ്ഞത്,
അവനെ പിടിക്കാൻ മുന്നോട്ടാഞ്ഞ അവന്റെ മുഖത്ത് അടികിട്ടിയതും മറ്റൊരുവൻ വന്നു രാഹുലിന്റെ നെഞ്ചിൽ ചവിട്ടി.

മണ്ണിൽ കിടന്നു പുളഞ്ഞ രാഹുലിനെ വലിച്ചുപൊക്കിയ ഒരുത്തന്റെ മൂക്കിൽ തല വച്ച് ഇടിച്ച ശേഷം നിലത്തു കിടന്ന വടിയുമായി ഞൊണ്ടി ഞൊണ്ടി, അവൻ റോഡിലേക്ക് അലറിക്കൊണ്ട് ഓടി,

ബഹളം കേട്ട് അപ്പുറത്തെ കടയിലെയും മറ്റും ആളുകൾ ഇങ്ങോട്ടേക്ക് വരുന്നത് കണ്ട മൂന്നുപേരും വേഗം സ്ഥലം വിട്ടു,

ഇതൊന്നും അറിയാതെ റോഡിലേക്ക് ഓടിയിറങ്ങിയ രാഹുൽ അലറിക്കൊണ്ട് കയ്യിലിരുന്ന വടി തന്റെ പിറകിൽ ആള് വരുന്നുണ്ടെന്ന തോന്നലിൽ ചുഴറ്റിയതും അത് പിടി വിട്ടു പോയതും ഒരുമിച്ചായിരുന്നു,
ഒച്ചയിട്ടുകൊണ്ടു നിയന്ത്രണം തെറ്റി വന്ന ഒരു കാറിനു മുന്നിലേക്ക് അവൻ ചാടിയതും ബ്രെക്കിട്ട കാറിലേക്ക് ഒന്ന് ചാഞ്ഞ രാഹുൽ ബോണറ്റിന് മേലെ ബോധം കെട്ട് വീണു…

Leave a Reply

Your email address will not be published. Required fields are marked *