“എടൊ സോറി…..ഞാൻ….എനിക്ക്….മീറ്റിംഗ് കഴിഞ്ഞു സത്യമായിട്ടും ഞാൻ ഇറങ്ങിയതാ…സൈറ്റിൽ ഒരാക്‌സിഡന്റ് ഉണ്ടായി വരും വഴി അതിൽ കുടുങ്ങി പോയി….മനഃപൂർവ്വം അല്ലടോ…സോറി….നാളെ ഞാൻ ലീവ് എടുക്കാം തന്നെ എവിടെ വേണേലും കൊണ്ട് പോവാം….”
ഷർട്ട് ഊറി ഹാങ്കറിൽ ഇട്ടുകൊണ്ട് അവൻ പറഞ്ഞു. ഒന്നിലും ശ്വേത കനിഞ്ഞില്ല.
“ഡോ പ്ലീസ്….ഇങ്ങനെ കിടക്കല്ലേ വാ എന്തേലും കഴിക്കാം…എനിക്ക് വിശക്കുന്നുണ്ട്….വാ…”
ശ്വേതയുടെ കൈ പിടിച്ചവൻ കെഞ്ചി.
അവന്റെ കൈ തട്ടി തെറിപ്പിച്ചവൾ ഒന്ന് മുരണ്ടു.
“എന്റെ ശ്വേതയല്ലേ പ്ലീസ്….എന്നെ എന്ത് വേണേൽ ചെയ്തോ….ഒന്നും കഴിക്കാതെ കിടക്കല്ലേ…വാ….”
അവളുടെ കൈ നെഞ്ചിൽ ചേർത്ത് പിടിച്ചുകൊണ്ടവൻ അവൾക്കരികിൽ കിടന്നു വിളിച്ചു.
“ഒന്ന് പൊയ്‌തരുവോ….വാക്കിനു വിലയില്ലാത്തവൻ….വൈകീട്ട് മുഴുവൻ ഇവിടെ ഉടുത്തൊരുങ്ങി കാത്തിരിക്കുന്ന എന്നെ പൊട്ടിയാക്കിയിട്ട് ഇപ്പോൾ കൊഞ്ചാൻ വന്നിരിക്കുന്നോ…”
അവനിൽ നിന്നും കൈ വലിച്ചെടുത്തു അവൾ അലറി.
അവളുടെ കണ്ണിലാകെ തീ പിടിച്ചിരുന്നു.
അവനൊന്നു ഞെട്ടി. അവളുടെ ഈ ഭാവം അവൻ ആദ്യമായി കാണുകയായിരുന്നു.
“ഒച്ച വെക്കല്ലേ ശ്വേത ഞാനും നീയും ഈ മുറിയിൽ ഇല്ലേ നമ്മുക്ക് മാത്രം കേട്ടാൽ പോരെ…”
“എനിക്കിഷ്ടമുള്ള പോലെ പറയും വെറുതെ എന്നോട് കൽപ്പിക്കാൻ വരരുത്….
തന്തേം തള്ളേം പഠിപ്പിച്ചിട്ടില്ലയിരിക്കും പറയുന്ന വാക്ക് പാലിക്കണം എന്ന്…”
“ശ്വേത നീ പറയുന്നത് സൂക്ഷിച്ചു പറയണം…ജയിക്കാൻ വേണ്ടി പറയുന്ന പലതും പിന്നെ തിരിച്ചെടുക്കാൻ പറ്റിയെന്നു വരില്ല…”
“ഹും….അല്ലേലും പഠിപ്പിക്കാൻ പ്രായം ആവും മുന്നേ രണ്ടു പേരും അങ്ങ് പോയില്ലേ…രണ്ടു നിര്ഗുണന്മാരെ ഇവിടെ ഇട്ടേച്ചു….”
പറഞ്ഞു തീരും മുന്നേ രാഹുലിന്റെ കൈ ശ്വേതയുടെ കവിളിൽ വീണിരുന്നു.
ദേഷ്യം ഇരച്ചു വന്നെങ്കിലും അവന്റെ ഉപബോധമനസ്സിൽ അവളെ വേദനിപ്പിക്കരുത് എന്ന് കരുതിയതിനാലാവണം അത്ര ഊക്കോടെ ആയിരുന്നില്ല കൈ വീണത്.
എങ്കിലും ശ്വേതയുടെ ദേഷ്യം പതിന്മടങ്ങു ഇരട്ടിച്ചു കലിപൂണ്ട അവൾ വീണ്ടും ഒച്ചയിടാൻ തുടങ്ങിയതോടെ രാഹുൽ ഇടിഞ്ഞ മനസ്സുമായി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
ഹാളിലെ സോഫയിൽ കിടക്കുമ്പോഴും അവന്റെ മനസ്സിലെ തിരയൊഴിയുന്നില്ലയിരുന്നു.
ഏട്ടനും ഏട്ടത്തിയും ഇതുവരെ തമ്മിൽ കയർത്തു സംസാരിക്കുന്നത് കണ്ടിട്ടില്ല എന്തേലും പരിഭവം ഉണ്ടായാലും രാവിലെ ചിരിച്ചു കൊഞ്ചുന്ന അവരെ കണ്ടാണ് അവൻ കൊതിച്ചിട്ടുള്ളത്….
എന്നാൽ ശ്വേത അവന്റെ മനസ്സിനും അപ്പുറമാണ് എന്ന് തിരിച്ചറിയുകയായിരുന്നു രാഹുൽ.
ഒരു നിമിഷം തന്റെ മനസ്സ് കൈ വിട്ടു പോയത് മുകളിൽ തിരിയുന്ന ഫാനിനെ നോക്കി തിരിയുമ്പോൾ അവൻ ചിന്തിച്ചു.
തല്ലേണ്ടിയിരുന്നില്ല….
അവന്റെ മനസ്സ് ആർദ്രമായി.
ചിന്തകളും നെഞ്ചിൽ നിറഞ്ഞിരുന്ന ഭാരവുമായി അവൻ എപ്പോഴോ ഉറങ്ങി.
രാവിലെ എഴുന്നേൽക്കുമ്പോൾ അല്പം വൈകിയിരുന്നു,
അടുക്കളയിൽ ഒന്നും അനങ്ങിയിട്ടില്ല എന്ന് കണ്ട ശ്വേതയുടെ പിണക്കം മാറിയിട്ടില്ല എന്ന് രാഹുലിന് മനസ്സിലായി.
കോഫി തിളപ്പിച് കപ്പിലാക്കി രാഹുൽ റൂമിലേക്ക് നടന്നു,
ഡോർ തുറന്നു നോക്കുമ്പോൾ ശ്വേതയേ റൂമിൽ കാണാതെ അവൻ ഒന്നമ്പരന്നു, ബാത്റൂമിലും നോക്കിയിട്ട് കാണാതെ വന്നപ്പോൾ ഒന്ന് പേടിച്ചു,
ഫോൺ എടുത്തു അവളുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു,
റിങ് കേൾക്കുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്യുന്നില്ലയിരുന്നു,
എവിടേക്ക് പോയി എന്നറിയാതെ ഉലഞ്ഞ രാഹുലിനെ അശ്വസിപ്പിച്ചുകൊണ്ടൊരു ടെക്സ്റ്റ് മെസ്സേജ് വന്നു.
“Im @work do not disturb”
അത് വായിച്ച രാഹുലിന് ആശ്വാസമായി.
“പ്രാന്തി…മനുഷ്യനെ പേടിപ്പിക്കാൻ….
എന്നാലും നിന്റെ പിണക്കം മാറിയിട്ടില്ലാല്ലേ….”
രാഹുൽ ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു.
അന്ന് വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയ ശ്വേതയെ കാത്ത് വഴിയരികിൽ രാഹുൽ ഉണ്ടായിരുന്നു.
കൂട്ടുകാരനോടൊപ്പം ഇറങ്ങി വന്ന ശ്വേത തന്നെ കാത്ത് ചിരിയോടെ നിൽക്കുന്ന രാഹുലിനെ കണ്ടപ്പോൾ ആദ്യം ഒന്ന് പരുങ്ങി.
പിന്നെ മുഖം അല്പം കയറ്റിപ്പിടിച്ചു ഗൗരവത്തോടെ അവനെ കടന്നു പോകാൻ ഒരുങ്ങി.
