മറുപുറം – 2 4

പിന്നെ കയ്യിൽ കൂടെ കരുതിയ കാസെറോൾ അവനു കാണുന്ന രീതിയിൽ കട്ടിലിനരികിലെ മേശയിൽ വച്ചു,
താടിയിറങ്ങി കരിവാളിച്ചു ക്ഷീണിച്ച അവന്റെ മുഖം നോക്കി നിന്ന ദീപന്റെ ഉള്ളു നീറുന്നുണ്ടായിരുന്നു.
ചിന്തകളെ മുറിച്ചുകൊണ്ടു വീണ്ടും അവന്റെ ഫോൺ അടിച്ചു.

ആരാണെന്നു അറിയാവുന്നത് കൊണ്ട് അവൻ നോക്കാതെ തന്നെ അറ്റൻഡ് ചെയ്തു.

“എത്തി….ഉം…അവൻ കാണുമ്പോലെ വെച്ചിട്ടുണ്ട്…
ആഹ് ഞാൻ വീഡിയോ കാൾ വരാം….”

കാൾ കട്ട് ചെയ്ത്… ദീപൻ വീഡിയോ കാൾ ഓൺ ആക്കി പാർവതിയെ വിളിച്ചു.
ശേഷം രാഹുലിന് നേരെ തിരിച്ചു.

“അവൻ വീണ്ടും ക്ഷീണിച്ചു….എനിക്ക് പേടിയാവാണു ഏട്ടാ….എന്റെ കൊച്ച്….”

തെന്നിപ്പോയ ഒരു ചെറു നിലവിളി ഉയർന്നതും ദീപൻ അവളെ നോക്കി.

“അടങ്ങിയിരിക്ക് പാർവതി….ഇല്ലേൽ ഞാൻ ഇപ്പോൾ കട്ട് ചെയ്യും….”

“എനിക്ക് സഹിക്കണില്യ ഏട്ടാ….ഞാൻ….ഞാനും കൂടി കാരണോല്ലേ…ഇവന് ഈ ഗതി വന്നേ….”

“നീ കരായതിരിക്ക് പാറു….വിധിയാണ്….
എങ്ങനേലും ഇവനെ മാറ്റിയെടുത്തെ ശെരിയാകൂ…”

ദീപൻ ഫോണിലൂടെ രാഹുലിനെ നോക്കി കരയുന്ന പാർവതിയെ ശകാരിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.

“നമ്മുക്ക് ഒന്നൂടെ അവനെ ഹോസ്പിറ്റലിൽ കൊണ്ടൊയാലോ ഏട്ടാ…ഞാൻ…ഞാൻ അവന്റെ കാലു പിടിച്ചു സമ്മതിപ്പിച്ചോളാം…”

“അവനു കൂടി പൂർണ്ണ മനസ്സ് തോന്നാതെ അവിടെ കൊണ്ടോയിട്ടൊന്നും കാര്യമില്ല….എന്തേലും അത്ഭുതം സംഭവിക്കണം അല്ലേൽ ഇനി….”

ദീപൻ പറഞ്ഞു നിർത്തി.

“ഞാൻ വെക്കുവാ….നീ കഴിച്ചോ….ഞാൻ വരാൻ കുറച്ചു വൈകും…”

“ഉം….”
കണ്ണീരോടെ പാർവതി ഫോൺ വെച്ചു.

ദീപൻ അവനരികിൽ കയറി കിടന്നു അവന്റെ തലമുടിയിലൂടെ കയ്യോടിക്കുമ്പോൾ അവൻ അനുഭവിച്ച വേദനകൾ മുള്ളുപോലെ ദീപന്റെ ഉള്ളിലും കുത്തുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു, ഒഴുകുന്ന പുഴപോലെ മാസങ്ങളും….
ദീപൻ ഏറെക്കുറെ വീട്ടിൽ തന്നെ ആയിരുന്നു പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒഴികെ ഓഫീസിലെ ചുമതലകൾ മുഴുവൻ രാഹുലിന് മേലെ ആയിരുന്നു.
പെട്ടെന്നുള്ള മാറ്റത്തിൽ രാഹുലിന് അസ്വസ്ഥതകൾ തോന്നിയിരുന്നെങ്കിലും വീട്ടിൽ ഉള്ള ഏട്ടനെ ചുറ്റി സന്തോഷത്തോടെ ചുറ്റിത്തിരിയുന്ന ഏട്ടത്തിയുടെ പ്രകാശം നിറഞ്ഞ മുഖം കാണുമ്പോൾ രാഹുലിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലാതെ ആവുകയായിരുന്നു.

ശ്വേതയുമായുള്ള ഇണക്കവും പിണക്കവുമെല്ലാം രാഹുൽ ആസ്വാദിക്കുകയായിരുന്നു, ശ്വേതയും പാർവതിയും കസിൻസ് ആയിരുന്നതുകൊണ്ടും അവർ തമ്മിൽ ഒരിക്കലും സൗന്ദര്യപിണക്കങ്ങൾ ഉണ്ടായിരുന്നില്ല, പാർവതി അതിനൊരു അവസരം കൊടുത്തിരുന്നുമില്ല.

പ്രണയത്തിൽ മുങ്ങിയ രാത്രികളും പകലുകളുമായി രാഹുൽ ഒരു സ്വപ്നത്തിൽ എന്ന പോലെ ഒഴുകിക്കൊണ്ടിരുന്നു സ്വപ്നത്തിന്റെ അവസാനം എന്നോണം ആഹ് ദിവസം എത്തും വരെ.

“ഡാ ചെക്കാ പെണ്ണിനെ ഇട്ടു വട്ട് കളിപ്പിക്കല്ലേട്ടോ….രാവിലെ നീ വിഷ് ചെയ്തില്ല ഓർത്തില്ല എന്നൊക്കെ പറഞ്ഞു എന്നോട് പതം പറയുവായിരുന്നു അവള്…”

ശ്വേത കൈകഴുകാൻ പോയപ്പോൾ രാഹുലിന്റെ കയ്യിൽ നുള്ളി പാർവതി പറഞ്ഞു.

“അവളുടെ എന്റെ കൂടെ ഉള്ള ആദ്യ ബി ഡേയ് അല്ലെ ഏട്ടത്തി…ഒരു സർപ്രൈസ് പോലും ഇല്ലാതെ എങ്ങനെയാ….”

രാഹുൽ കള്ള ചിരിയൊതുക്കി പറഞ്ഞു.

“പിന്നെ അവളുടെ കുറുമ്പ് കാണാനും നല്ല രസാ അത് വൈകിട്ട് വരെ അങ്ങനെ ഇരുന്നോട്ടെ……
ഉച്ച കഴിയുമ്പോൾ ഞാൻ കേക്കും ബാക്കി സംഭവങ്ങൾ ഒക്കെ ആയിട്ട് വരാം…”

പുട്ട് പൊടിച്ചു മുട്ടക്കറിയുമായി കുഴച്ചു വായിലേക്കിട്ടുകൊണ്ട് രാഹുൽ പറഞ്ഞു.

“നമ്മൾ മാത്രേ ഉള്ളോട…അവളുടെ അച്ഛനേം അമ്മേം ഒന്നും വിളിക്കണ്ടേ…”

“ഏയ് അവിടെ നാളെ കൂടാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…”

ശ്വേത വരുന്നത് കണ്ട രണ്ടു പേരും സംസാരം മാറ്റി.

“ഏട്ടത്തി എനിക്ക് കുറച്ചൂടെ ഗ്രേവി താ…”

പ്ലേറ്റ് നീട്ടിക്കൊണ്ട് രാഹുൽ പറഞ്ഞത് കേട്ടുകൊണ്ട് വന്ന ശ്വേത അവന്റെ തലയിൽ ഒന്ന് തട്ടി.

“ഒഴിച്ച് കൊടുക്ക് ഏട്ടത്തി വെട്ടി വിഴുങ്ങട്ടെ…”

“ഡി…”

രാഹുലിന്റെ തലയിൽ തട്ടിയത് കണ്ട പാർവതി കനത്തിൽ വിളിച്ചു.
പാർവതിയെ നോക്കി കൊഞ്ഞനം കുത്തിയ ശ്വേത മുകളിലേക്ക് കയറിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *