മറുപുറം – 2

രാഹുലിന്റെ സ്വരം ഉയർന്ന് വന്നതുകൊണ്ടാവണം ചുറ്റും നിന്നവർ അങ്ങോട്ട് നോക്കി.
അവന്റെ ഭാവം കണ്ട പെൺകുട്ടിയുടെയും മുഖം വിളറുന്നത് കണ്ടതോടെ അവനും വല്ലാതെ ആയി.

“ഐം സോറി….
………ഞാൻ….ഞാൻ…
അവളിനി ഇവിടെ വരുവാണേൽ ഒന്ന് എന്നെ അറിയിക്കണം പ്ലീസ്….”

രാഹുൽ അതിവേഗം തിരികെ നടന്നു, അവന്റെ ഹൃദയം നിലവിട്ടു മിടിക്കുന്നത് അവന്റെ കർണപടത്തിൽ കേൾക്കുന്നുണ്ടായിരുന്നു,
മനസ്സിലാകെ സമ്മർദ്ദം
നിറഞ്ഞ രാഹുൽ കാറിനടുത്തേക്ക് എത്തി.
ഓഫിസിനു ചുറ്റും അവന്റെ കണ്ണുകൾ ലക്ഷ്യമില്ലാതെ അലഞ്ഞു.

ഫോൺ റിങ് ചെയ്യുന്ന കേട്ട രാഹുലിന് അതെടുക്കാൻ നിമിഷങ്ങൾ പോലും വേണ്ടിയിരുന്നില്ല.

“ഏട്ടാ….”

“എന്താടാ….എന്ത് പറ്റി നിന്റെ സ്വരം എന്താ വല്ലാതെ….”

“ഏട്ടാ അവൾ രാവിലെ ഇവിടെ കയറിയിട്ടില്ല…ലീവും പറഞ്ഞിട്ടില്ല…ഞാൻ രാവിലെ ഡ്രോപ്പ് ചെയ്തതാ…”

“ഡാ നീ ടെൻഷൻ അടിക്കാതെ….”

“ഇനി എന്തേലും പറ്റിയിട്ടുണ്ടാവുവോ ഏട്ടാ….”

“നീ ഇതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്….
….അവൾ ചിലപ്പോൾ പിണങ്ങി വീട്ടിലേക്ക് വല്ലതും പോയിട്ടുണ്ടാവും….നീ അവിടെ വിളിച്ചിരുന്നോ….”

“ഇല്ലേട്ടാ….ഞാൻ……. ഞാൻ ഒന്ന് വിളിക്കട്ടെ….”

കട്ട് ചെയ്ത ഉടനെ അവൻ ശ്വേതയുടെ വീട്ടിലേക്ക് വിളിച്ചു.

“മോനെ…എന്തായി…പരിപാടി ഒക്കെ തുടങ്ങിയോ….”

ഫോണെടുത്ത ഉടനെ ശ്വേതയുടെ അമ്മ ചോദിച്ചു.

“ആഹ് അമ്മ…തുടങ്ങാൻ പോവുവാ….”

“പിന്നെ ആഹ് പെണ്ണിനോട് ഫോൺ ഒന്ന് ഓൺ ആക്കി വെക്കാൻ പറ വിളിച്ചാലും കിട്ടത്തില്ല….അവളടുത്തുണ്ടോ…”

അവിടെ നിന്നുള്ള മറുപടി കേട്ട രാഹുലിന്റെ കാൽചുവട്ടിലെ മണ്ണൊലിച്ചു പോവുന്ന പോലെ തോന്നി.

“ഞാൻ….അവള്….ഞാൻ പുറത്താ അമ്മ….ഞാൻ എത്തിയിട്ട് വിളിക്കാം…”

മറുപടി പോലും കേൾക്കാൻ നിക്കാതെ അവൻ ഫോൺ വെച്ചു.

“ഏട്ടാ….അവൾ അവിടെ ഇല്ല….എനിക്കെന്തോ പേടി ആവുന്നു….”

“നീ ഒന്ന് നേരെ നിക്കടാ….അവളുടെ കൂട്ടുകാരുടെ നമ്പർ ഏതേലും ഉണ്ടേൽ വിളിച്ചു നോക്ക്….ഞാൻ ദേ ഇറങ്ങുവാ നീ ഓഫിസിനു മുൻപിൽ അല്ലെ….”
“ആഹ്…”

“നീ അവിടെ നിക്ക് ഞാൻ ഇപ്പോൾ വരാം…”

ദീപന്റെ വാക്കുകേട്ടു പിടയുന്ന ഹൃദയവുമായി അവൻ അവളുടെ പരിചയമുള്ള കൂട്ടുകാരെയൊക്കെ വിളിച്ചു കൊണ്ടിരുന്നു,..എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് അവന്റെ താളം തെറ്റിക്കാനുള്ള മറുപടികൾ മാത്രമായിരുന്നു.

————————————-

“ഹേയ്….നിങ്ങളിങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല…
ആള് പിണങ്ങി എന്തേലും കുരുത്തക്കേട് ഒപ്പിച്ചതാവും…
ഏതേലും കൂട്ടുകാരികളുടെ വീട്ടിൽ ഉണ്ടാവും…
ഹോസ്പിറ്റലിൽ ഒന്നും ശ്വേതയുടെ ഏജ് ഗ്രൂപ്പിൽ ഉള്ള ആക്‌സിഡന്റസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല….
കുറച്ചു സമയമേ വേണ്ടു…നമുക്ക് ആളെ കണ്ടുപിടിക്കാം…
നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് ചെല്ല്… ”

രാത്രി ഇരുട്ടി സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ സി ഐ രാഹുലിന്റെ തോളിൽ തട്ടി പറഞ്ഞു.

നിറഞ്ഞു ചുവന്ന കണ്ണുകളും ചുരുങ്ങി ക്ഷീണിച്ച മുഖവുമായി ദീപന്റെ തോളിൽ ചാരി അവൻ കാറിൽ കയറി.
കാറോടിക്കുമ്പോഴെല്ലാം അവൻ മൗനമായി പുറത്തേക്ക് നോക്കിയിരുന്നതെ ഉള്ളൂ.
കണ്ണിൽ നിന്നുരുണ്ടിറങ്ങുന്ന മിഴിനീർ പക്ഷെ അവന്റെ ഹൃദയം പോലെ വാചാലമായിരുന്നു.

“എന്തായി…ഏട്ടാ….”

വാതിൽ തുറന്നതെ കരഞ്ഞു വീർത്ത മുഖവുമായി പാർവതി അവരോടു ആരാഞ്ഞു,

“പറയാം…”

രാഹുൽ മുകളിലേക്ക് തളർന്നു പോവുന്നത് കണ്ട പാർവതി അവനു നേരെ നടക്കാൻ ഒരുങ്ങുന്നത് കണ്ട ദീപൻ അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു.

“അവൻ കുറച്ചു കിടന്നോട്ടെ…”

അത് മനസ്സിലാക്കിയെന്നോണം പാർവതി ദീപനോട് ചേർന്ന് നിന്നു.

“അവളെ കുറിച്ച് എന്തേലും വിവരം കിട്ടിയോ ഏട്ടാ…”

“ഇല്ല….ആക്സിഡന്റ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല…
പിന്നെ സി ഐ സംശയം പറഞ്ഞത് കിഡ്നാപ്പ് ആണോ എന്നുള്ളതാ….ഫോണും ഓഫ് ആണല്ലോ….
എനിക്കറിയില്ല….”

ദീപൻ സോഫയിലേക്കിരുന്നു,
അവന്റെ നെഞ്ചിൽ തലചായ്ചു മൗനമായി പാർവതിയും വിങ്ങിയപ്പോൾ ആഘോഷിക്കാനായി കെട്ടിയിരുന്ന തോരണങ്ങളും ബലൂണും വർണങ്ങളും ഇതിനെല്ലാം മൂകസാക്ഷികളായി.
റൂമിലെത്തിയ രാഹുൽ അവൾ രാവിലെ അഴിച്ചിട്ട ഷർട്ട് നെഞ്ചോടു ചേർത്ത് കരഞ്ഞു.
സി ഐ ഏട്ടനോട് ഒതുങ്ങി നിന്ന് പറഞ്ഞതാണെങ്കിലും അവളെ തട്ടിക്കൊണ്ടു പോവാനുള്ള സാധ്യത പറഞ്ഞത് അവനും കേട്ടിരുന്നു.

അവളുടെ മണം നിറഞ്ഞ ഉടുപ്പ് നെഞ്ചോടു ചേർത്ത് വിതുമ്പുമ്പോൾ അവന്റെ ഉള്ളു പൊളിയുകയായിരുന്നു.

********************************

“ഡാ മോനെ എണീക്ക്…”

ശ്വേതയുടെ ഉടുപ്പും കെട്ടിപ്പിടിച്ചു രാത്രി മുഴുവൻ ഉറക്കമില്ലാതെ കരഞ്ഞു എപ്പോളോ ഉറങ്ങിപ്പോയ രാഹുലിനെ ദീപൻ വിളിച്ചതും.

രാഹുൽ ഞെട്ടി എഴുന്നേറ്റു.
അവന്റെ കണ്ണുകൾ വീർത്തിരുന്നു,
ചുവന്നു തിളങ്ങിയ അവന്റെ കണ്ണുകളിൽ പ്രതീക്ഷ കണ്ട ദീപൻ തല താഴ്ത്തി.

“നീ പെട്ടെന്ന് ഒന്ന് റെഡിയാക് നമുക്കൊന്ന് പുറത്തു പോണം….”

ദീപൻ പറഞ്ഞതുകേട്ട രാഹുലിന്റെ നെഞ്ചിൽ തുടിയുണർന്നു.

“ഏട്ടാ…എങ്ങോട്ടേക്കാ….ശ്വേത അവളെ കിട്ടിയോ പറ….”

എഴുന്നേറ്റു തന്റെ നേരെ നോക്കാത്ത ദീപന്റെ കയ്യിൽ കുലുക്കിക്കൊണ്ട് രാഹുൽ ചോദിച്ചു.

“ഉം….അവൾ സ്റ്റേഷനിൽ ഉണ്ട്….”

അത്ര മാത്രം പറഞ്ഞു ദീപൻ താഴേക്ക് പോയി.

കേട്ടതോടെ പുതുജീവൻ കയ്യിൽ കിട്ടിയ പ്രതീതി ആയിരുന്നു രാഹുലിന് തിടുക്കത്തിൽ ഡ്രസ്സ് മാറി താഴേക്ക് വരുമ്പോൾ അവനെ കാത്തു ദീപൻ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഇറങ്ങാൻ നേരം ഏട്ടത്തിയെ നോക്കിയെങ്കിലും കണ്ടില്ല…
ശ്വേതയെ കാണാനുള്ള വ്യഗ്രതയിൽ അവൻ ഓടി കാറിൽ കയറി, ദീപൻ കാറെടുത്തു.

“അവൾ ശെരിക്കും മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു….
നമ്മൾ ഒരു സർപ്രൈസ് കൊടുക്കാൻ പ്ലാൻ ചെയ്തതിനു ഇങ്ങനെയാണോ ചെയ്യേണ്ട….”

ദീപൻ എന്തോ പറയാൻ ആഞ്ഞതും രാഹുൽ ഉള്ളിലുള്ള സന്തോഷം കൊണ്ട് പറഞ്ഞു തുടങ്ങി.
അത് കേട്ടതോടെ ദീപൻ പറയാൻ വന്നത് ഉള്ളിലൊതുക്കി.
അവന്റെ കണ്ണ് തുളുമ്പിയത് ശ്വേതയെക്കുറിച്ചുള്ള പരിഭവങ്ങൾ പറഞ്ഞു കൊണ്ടിരുന്ന രാഹുൽ കണ്ടില്ല.

സ്റ്റേഷനിൽ ഇറങ്ങി അകത്തേക്ക് നടക്കുന്ന നേരം അവരെ കടന്ന് കരഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയെ മറ്റൊരുവൾ താങ്ങിക്കൊണ്ട് പോവുന്നത് അവരുടെ കണ്ണിൽ പെട്ടു.

സ്‌റ്റേഷനിലേക്ക് കടന്ന രാഹുലിന്റെ കണ്ണുകൾ ശ്വേതയെ തേടി ചുറ്റും നടന്നു,
സി ഐ യുടെ റൂമിലേക്ക് കടക്കുമ്പോൾ രാഹുൽ അക്ഷമനായിരുന്നു,
അതെ സമയം ദീപനോട് പുറത്തു നിന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം സി ഐ അകത്തേക്ക് വരുന്നത് നെഞ്ചിടിപ്പോട് കൂടിയാണ് അവൻ കണ്ടത്.
അവന്റെ മുന്നിൽ തൊപ്പി ഊരി വെച്ച സി ഐ, യുടെ മുഖം അസ്വസ്ഥമായിരുന്നു.
അവന്റെ പേടി അത് കണ്ടതോടെ കൂടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *