മൃഗം – 13 1

പൌലോസ് ഗോള്‍ അയാളുടെ കോര്‍ട്ടിലേക്ക് വിട്ടുകൊണ്ട് പറഞ്ഞു. രവീന്ദ്രന്‍ കരുതലോടെയാണ് പൌലോസിന്റെ മുന്‍പില്‍ ഇരുന്നിരുന്നത്. തനിക്കെതിരെ അയാള്‍ എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കിക്കാണന്‍ സാധ്യതയുണ്ട് എന്നയാള്‍ക്ക് അറിയാമായിരുന്നു. എങ്കിലും ഉന്നതങ്ങളില്‍ പിടിപാടുള്ള മുസ്തഫയിലൂടെ തനിക്ക് സസ്പെന്‍ഷന്‍ ഭീഷണി ഒഴിവായിക്കിട്ടും എന്ന് അയാള്‍ കണക്കുകൂട്ടി. പക്ഷെ ഇപ്പോള്‍ മുസ്തഫ ലോക്കപ്പില്‍ ആണ്. അവനെതിരെ എന്തോ തെളിവ് ഇയാള്‍ക്ക് കിട്ടിയിട്ടുണ്ട്. താനും കൂടി ചേര്‍ന്നാണ് അറേബ്യന്‍ ഡെവിള്‍സിന് ശങ്കരന്റെ വീട്ടില്‍ കയറാന്‍ സാഹചര്യം ഒരുക്കിയത്. പൌലോസിന് അത് അറിയാം; പക്ഷെ തെളിവൊന്നും അയാളുടെ പക്കലില്ല. ഇപ്പോള്‍ തന്നോട് കാണിക്കുന്ന ഈ മര്യാദയുടെ ഭാഷയും ഒരു ചൂണ്ടയാകാം. സത്യം തന്റെ നാവില്‍ നിന്നും പിടിച്ചെടുക്കാനുള്ള തന്ത്രം. മുസ്തഫ എന്താണ് പറഞ്ഞത് എന്ന് തനിക്ക് അറിവില്ലാത്തിടത്തോളം എന്താണ് പറയേണ്ടത് എന്നും അറിയില്ല. ആ മൊയ്തീന്‍ ചെറുക്കന്‍ മുസ്തഫയെ പൌലോസ് അറസ്റ്റ് ചെയ്തു എന്ന് ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ത്തന്നെ താന്‍ അപകടം മണത്തതാണ്. ഏറെ വൈകാതെ തന്നെ പോലീസ് വീട്ടിലെത്തുകയും ചെയ്തു. ഇവനോട് അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നതാണ് ബുദ്ധി എന്നയാള്‍ അവസാനം തീരുമാനിച്ചു.
“സാറ് പറയുന്നത് എനിക്ക് മനസിലാകുന്നില്ല” രവീന്ദ്രന്‍ പൊട്ടന്‍ കളിച്ചുകൊണ്ട് പറഞ്ഞു.

“രവീന്ദ്രാ…ഇത് തന്റെ ലാസ്റ്റ് ചാന്‍സാണ്. താനും വാടക ഗുണ്ടയായ മുസ്തഫയും തമ്മിലുള്ള ബന്ധം ഈ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. അവനു താന്‍ ചെയ്തുകൊടുത്ത സേവനങ്ങള്‍ മര്യാദയ്ക്ക് ഏറ്റു പറഞ്ഞാല്‍, തനിക്കെതിരെ നടപടി ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം..അതല്ല തരികിട കളിക്കാനാണ് പരിപാടി എങ്കില്‍, താന്‍ പശ്ചാത്തപിക്കും..പറ..അന്ന് അറേബ്യന്‍ ഡെവിള്‍സ് ഇവിടെ എത്തുന്ന വിവരം താന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലേ?” പൌലോസ് ചോദിച്ചു.

രവീന്ദ്രന്‍ ആശയക്കുഴപ്പത്തിലായി. മുസ്തഫയെ ഇടിച്ച് ഇയാള്‍ സത്യം പറയിച്ച് കഴിഞ്ഞിട്ടുണ്ട് എങ്കില്‍, ഈ ചോദ്യം ഒരു പരീക്ഷണം ആയിരിക്കും. കള്ളം പറഞ്ഞാല്‍ നായിന്റെ മോന്‍ യാതൊരു ദയുമില്ലാതെ പെരുമാറിക്കളയും. എന്നാല്‍ സത്യം പറഞ്ഞാല്‍, മുസ്തഫ ഒന്നും വിട്ടു പറഞ്ഞിട്ടില്ല എങ്കില്‍ താനും അവനും ഒരേപോലെ കുടുങ്ങും. എന്തായാലും സത്യം പറഞ്ഞാല്‍ കുടുങ്ങും; പറഞ്ഞില്ലെങ്കില്‍ താന്‍ കള്ളം പറഞ്ഞു എന്നിവന്‍ കരുതും; അത്രയേ ഉള്ളു. അതുകൊണ്ട് ഉരുളുക തന്നെ; അയാള്‍ മനസില്‍ തീരുമാനിച്ചു.

“അറേബ്യന്‍ ഡെവിള്‍സൊ..അതെന്താണ് സാറെ..” അയാള്‍ ഒന്നും അറിയാത്തവനെപ്പോലെ ചോദിച്ചു.

“തനിക്ക് അറിയില്ല?”

“ഞാന്‍ എന്തിനു കള്ളം പറയണം സാറേ.. അന്ന് രാത്രി ശങ്കരന്റെ വീട്ടീന്ന് വിളിച്ചപ്പോള്‍ ഞങ്ങള് പോകഞ്ഞത് വണ്ടി സ്റ്റാര്‍ട്ട് ആകാഞ്ഞത് കൊണ്ടാണ്..പക്ഷെ സാറ് കാര്യം കേള്‍ക്കാന്‍ പോലും മെനക്കെടാതെയാണ് എന്നെ തല്ലിയത്….”

പൌലോസ് കുലുങ്ങിക്കൊണ്ട് സ്വയം തലയാട്ടി. രവീന്ദ്രന്‍ സത്യം പറയില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കിയതാണ്. ശങ്കരന്റെ വീട്ടിലേക്ക് പോലീസിനെ അയയ്ക്കാതിരുന്നതിന്റെ കാരണം വണ്ടി സ്റ്റാര്‍ട്ട് ആകാഞ്ഞതാണ് എന്ന അയാളുടെ ന്യായം കള്ളമാണ് എന്നറിയാം. അന്ന് കൂടെ ഉണ്ടായിരുന്നവന്മാരെയും അയാള്‍ വിലയ്ക്ക് എടുത്തു കാണും. താന്‍ ചോദിച്ചാല്‍ അവരും ഇത് തന്നെയേ പറയൂ. മാലിക്കിനെ കിട്ടുന്നത് വരെ മൂന്നാം മുറ എടുക്കേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നു പൌലോസ്.
“രവീന്ദ്രാ..നിങ്ങള്‍ നിങ്ങളുടെ വിധി ഇരന്നു വാങ്ങും. അത്രയേ എനിക്ക് പറയാനുള്ളൂ..മുസ്തഫ കിടക്കുന്നത് കണ്ടല്ലോ..മുഹമ്മദ്‌ മാലിക്ക് എന്ന അവന്റെ അനന്തിരവന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്..അധികം വൈകാതെ തനിക്ക് ഇവന്മാരുടെ കൂടെ ജയിലില്‍ കഴിയാന്‍ പറ്റും..ഉം പോയി പുറത്തിരിക്ക്”

Leave a Reply

Your email address will not be published. Required fields are marked *