മൃഗം – 13

“നിര്‍ത്ത്..ആ ഇരിക്കുന്ന കാട്ടാളനാണ് സക്കീര്‍”

ആ വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഡോണ വാസുവിന്റെ കാതില്‍ മന്ത്രിച്ചു. വാസു നോക്കി. കരിവീട്ടിയുടെ നിറമുള്ള, അതെ കരുത്തുള്ള ഏതാണ്ട് അമ്പതിനുമേല്‍ പ്രായമുള്ള തല മൊട്ടയടിച്ച ആജാനുബാഹുവായ, ക്രൂരമായ മുഖമുള്ള ഒരാള്‍ വരാന്തയിലെ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നത് അവന്‍ കണ്ടു. വണ്ടി വന്നുനിന്ന ശബ്ദം കേട്ടാണ് എന്ന് തോന്നുന്നു, ആറോ ഏഴോ വയസു പ്രായമുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി പുറത്തേക്ക് ഓടിവന്നു.

“ശ്ശൊ..വാപ്പച്ചി അല്ല” അങ്ങനെ ചിണുങ്ങിയിട്ട് അവള്‍ ഉള്ളിലേക്ക് പോയി.

“ഷാജിയുടെ മകളാണ്” ഡോണ പറഞ്ഞു. അവള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി സക്കീറിനെ നോക്കി പുഞ്ചിരിച്ചു.

“നീ ആ പത്രക്കാരി പെണ്ണല്ലേ..ഉം എന്താ കാര്യം?” അവളെ മുന്‍പരിചയം ഉണ്ടായിരുന്ന സക്കീര്‍ കാളയെപ്പോലെ മുരണ്ടു.
“ഷാജി ഉണ്ടോ കാക്കാ? ഒന്ന് കാണാന്‍ വന്നതാ”

“ഓനിവിടെ ഇല്ല”

വാസു വണ്ടി സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങിച്ചെന്നു. ഉള്ളില്‍ നിന്നും ഷാജിയുടെ ഭാര്യ വാതില്‍ക്കലെത്തി ആരാണ് വന്നതെന്ന് നോക്കി. പിന്നാലെ അവന്റെ ഉമ്മയും ഇറങ്ങി വന്നു.

“ഉം..ആരാ..എന്ത് വേണം?” അവര്‍ ചോദിച്ചു.

“ഒരല്‍പം സംസാരിക്കാനുണ്ട്..അങ്ങോട്ട്‌ ഇരിക്കാമോ?” വാസു സക്കീറിനോട് ചോദിച്ചു.

“ഉം..കേറി ഇരിക്ക്..”

അയാളുടെ അടുത്തുകിടന്ന രണ്ടു കസേരകളിലായി അവര്‍ ഇരുന്നു.

“അതേയ്..മുന്‍പ് ഇവളിവിടെ വന്നു നിങ്ങളോട് സംസാരിച്ച അതെ കാര്യം തന്നെ ഒന്നുകൂടി പറയാന്‍ ആണ് ഞാന്‍ വന്നത്..എന്റെ പേര് വാസു…മരിച്ചുപോയ മുംതാസിന്റെ വാപ്പ മൂസാക്ക എന്റെ ഒരു സുഹൃത്താണ്..” വാസു മെല്ലെ വിഷയത്തിലേക്ക് വന്നു.

“അയിന്?” സക്കീര്‍ മയമില്ലാതെ ചോദിച്ചു.

“മാമന്‍ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന്‍ ആലോചിക്കണം. ഒരേയൊരു മകള്‍..അവള്‍ക്ക് വേണ്ടി മാത്രമാണ് രാപകലില്ലാതെ മൂസാക്ക കഷ്ടപ്പെട്ട് ജീവിച്ചിരുന്നത്..അവളെ തട്ടിക്കൊണ്ടു പോയി നശിപ്പിച്ചത് ആരാണ് എന്ന് മാമനും അറിയാമല്ലോ..മാമന്‍ മോനോട് പറഞ്ഞ് ആ സത്യം ഞങ്ങളോടും പിന്നീട് കോടതിയിലും പറയാന്‍ പറയണം. മുംതാസിനു നീതി വാങ്ങി കൊടുക്കുക എന്ന ഏക ഉദ്ദേശമേ ഞങ്ങള്‍ക്ക് ഉള്ളു..മാമന്‍ പറഞ്ഞാല്‍ ഷാജി കേള്‍ക്കും…” അവന്‍ പ്രതീക്ഷയോടെ അയാളെ നോക്കി.

“വേറെ?” അയാള്‍ ചോദിച്ചു.

“ഇത് പറയാനാണ് ഞങ്ങള്‍ വന്നത്”

“സരി..പറഞ്ഞല്ലോ..ഇനി പൊക്കോ”

“അപ്പോള്‍..മാമന്‍ ഇത് പറയില്ലേ?”
“നീ തനിയെ പോകുന്നോ അതോ ഞാന്‍ എഴുന്നെല്‍ക്കണോ?” അയാള്‍ ചുവന്ന കണ്ണുകളോടെ വാസുവിനെ നോക്കി.

“മാമാ..നിങ്ങളുടെ മകള്‍ക്കാണ് അങ്ങനെയൊരു ഗതി വന്നതെങ്കില്‍ എന്നൊന്ന് ആലോചിച്ചു നോക്ക്..എന്നിട്ടൊരു തീരുമാനം എടുക്ക്..” വാസു ഒന്നുകൂടി ശ്രമിച്ചു.

“എഴുന്നെല്‍ക്കാടാ നായെ” സക്കീര്‍ സ്വരം കടുപ്പിച്ചു.

ഡോണ വാസുവിനെ നോക്കി പോകാം എന്ന് കണ്ണ് കാണിച്ചു. അവിടെ നടക്കുന്ന കാര്യങ്ങള്‍ അവളുടെ പെന്‍ ക്യാമറ ഒപ്പിയെടുക്കുന്നുണ്ടയിരുന്നു. അയാള്‍ സഹകരിക്കില്ലെന്ന് കണ്ടതോടേ വാസുവും ഡോണയും എഴുന്നേറ്റു. അവന്‍ പടിക്കല്‍ നിന്നിരുന്ന ഷാജിയുടെ ഭാര്യയേയും ഉമ്മയെയും നോക്കി.

“നിങ്ങള്‍ രണ്ടു സ്ത്രീകള്‍ അല്ലെ..ഒരു പാവം പെണ്ണിനെ നശിപ്പിച്ച് അവളെ ആത്മഹത്യ ചെയ്യിപ്പിച്ച കുറെ ക്രിമിനലുകളെ നിയമത്തിന്റെ മുന്‍പിലെത്തിക്കുക എന്ന കാര്യത്തിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മാമന്‍ പക്ഷെ അത് മനസിലാക്കുന്നില്ല..നിങ്ങളെങ്കിലും ഷാജിയോട് അതൊന്നു പറഞ്ഞു മനസിലാക്കുമോ?” വാസു അവരെ നോക്കി ചോദിച്ചു.

“വാസൂ..” ഡോണ ഉറക്കെ അവനെ വിളിച്ചു. അപ്പോഴേക്കും അവന്‍ വരാന്തയില്‍ നിന്നും നിലത്തേക്ക് മലര്‍ന്നടിച്ചു വീണു കഴിഞ്ഞിരുന്നു. അവന്റെ കഴുത്തിനു പിടിച്ച് ശക്തമായി തള്ളിയ സക്കീര്‍ നിലത്തേക്ക് ചാടിയിറങ്ങി.

“പന്നീടെ മോനെ..എന്റെ വീട്ടില്‍ക്കേറി ഇവിടുത്തെ പെണ്ണുങ്ങളോട് സംസാരിക്കുന്നോ..” അവനെ ചവിട്ടാന്‍ കാലുയര്‍ത്തി സക്കീര്‍ ഗര്‍ജ്ജിച്ചു. ഡോണ ഞെട്ടിത്തരിച്ച് നിലത്തു വീണുകിടന്നിരുന്ന വാസുവിനെ നോക്കി. ഒപ്പം സക്കീറിനെയും.

Leave a Reply

Your email address will not be published. Required fields are marked *