മൃഗം – 13

“അതെ..ബാക്കി തെളിവുകള്‍ ഒക്കെ ഞാന്‍ സമാഹരിച്ചു കഴിഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം അല്ല, കൊലപാതകത്തിന് തുല്യമായ മാനസിക ആഘാതം അവള്‍ക്ക് ഈ മൂവരും നല്‍കി എന്നാണ് കോടതിയില്‍ എനിക്ക് തെളിയിക്കേണ്ടത്. നല്ല മനക്കരുത്ത് ഉണ്ടായിരുന്ന മുംതാസ് വെറുമൊരു പഴന്തുണിയായി മാറിയത് അവരുടെ ക്രൂരത കൊണ്ടാണ്. കബീര്‍ എന്ന കോടീശ്വരന്‍ നല്‍കിയ ലക്ഷങ്ങള്‍ക്ക് വേണ്ടി അവര്‍ അവളെ നശിപ്പിച്ചു. കൊല്ലാതെ വിട്ടത് അവരുടെ തന്ത്രമായിരുന്നു. കബീറിന്റെ കുട്ടി അവളുടെ വയറ്റില്‍ നിന്നും ജനിക്കാന്‍ പാടില്ല എന്നെ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ..അത് അവര്‍ നിസ്സാരമായി സാധിച്ചു. പക്ഷെ അതോടെ ജീവിതം തകര്‍ന്ന മുംതാസ് ആര്‍ക്കും ഭാരമാകാതെ, ഒരാളുടെയും വിഴുപ്പാകാന്‍ നില്‍ക്കാതെ ഈ ലോകം വിട്ടു പോകുകയായിരുന്നു..എന്റെ എല്ലാമായിരുന്നു അവള്‍..” ഡോണ വിതുമ്പി.

“ശരി..നീ പറ..ഇവരില്‍ ആരുടെ തെളിവാണ് ആദ്യം വേണ്ടത്?” വാസു ചോദിച്ചു.

“ആദ്യം ഷാജി എന്ന അവരുടെ ഡ്രൈവറെ നമുക്ക് കിട്ടണം. അവന്‍ അവരുടെ ഗുണ്ടാ നേതാവ് കൂടിയാണ്. എന്ത് ചെയ്യാനും മടിയില്ലാത്ത അധമനാണ് അവന്‍. അവന്‍ നമുക്ക് മുംതാസിനെ തട്ടിക്കൊണ്ട് പോയവര്‍ അവരാണ് എന്ന് മൊഴി തന്നാല്‍, പിന്നെ ബക്കര്‍ ഇക്കയും ട്രീസാമ്മയും നമുക്ക് ഈസിയാണ്” ഡോണ ആലോചനയോടെ പറഞ്ഞു.

“ഈ ഷാജിയുടെ വീട് എവിടെയാണ്?”

“മട്ടാഞ്ചേരിയിലെ ഒരു കോളനിയില്‍ ആണ് അവന്‍. വീട് എനിക്കറിയാം”

“ആരൊക്കെ ഉണ്ട് അവന്റെ വീട്ടില്‍?”
“അവനും അവന്റെ വാപ്പയും ഉമ്മയും പിന്നെ ഭാര്യ, ഒരു മകള്‍..”

“അവരൊക്കെ എങ്ങനെ? നല്ല ആളുകള്‍ ആണോ?”

“ഏയ്‌..അയാള്‍ ഒരു ക്രിമിനല്‍ ആണ്. മുന്പ് ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക ഗുണ്ട ആയിരുന്നു അയാള്‍. പേര് സക്കീര്‍..മട്ടാഞ്ചേരി സക്കീര്‍ പഴയ ഒരു സിംഹമാണ്..ഇപ്പോഴും ആള് ഭയങ്കരന്‍ തന്നെ..അപ്പന്റെ വഴിയെ മകനും പോയി..അവര്‍ക്ക് അത് ശീലമാണ്…”

വാസു അല്‍പനേരം ആലോചിച്ചു.

“ഞാന്‍ ഒരു കാര്യം ചെയ്യാം. ഈ പറഞ്ഞ ഷാജിയെ പോയി ഒന്ന് കാണാം. അല്ലെങ്കില്‍ വേണ്ട..അവന്റെ വീട്ടുകാരെ കണ്ടു സംസാരിക്കാം. മരിച്ചുപോയ പെണ്‍കുട്ടിയുടെ അവസ്ഥയും ഒക്കെ പറഞ്ഞു നോക്കാം. അവര്‍ക്ക് മനസ്സലിവു തോന്നി അനുകൂലമായി മറുപടി തന്നാല്‍ നമ്മള്‍ ജയിച്ചു..എന്ത് പറയുന്നു?”

അവന്‍ ടോനയെ നോക്കി ചോദിച്ചു. അവള്‍ ഒരു തമാശ കേട്ടതുപോലെ ചിരിച്ചു.

“വാസൂ..ഞാന്‍ അവരെ രണ്ടുതവണ കണ്ടതാണ് ഇതേ കാര്യം പറഞ്ഞ്. പക്ഷെ അവര്‍ എന്നെ തെറി വിളിക്കാതെ വിട്ടത് ഞാനൊരു പെണ്ണായത് കൊണ്ട് മാത്രമാണ്. ഷാജി എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാന്‍ അവര്‍ക്കെതിരെ തെളിവുണ്ടാക്കാന്‍ നടക്കുന്നു എന്ന് അറേബ്യന്‍ ഡെവിള്‍സ് അറിഞ്ഞത് തന്നെ അങ്ങനെയാണ്. അതുകൊണ്ടാണ് നിന്നെ എന്റെ സെക്യൂരിറ്റി ആയി പപ്പ വച്ചത്..മനസ്സിലായോ..നേരായ മാര്‍ഗ്ഗത്തിലൂടെ നമ്മുടെ കാര്യം നടക്കില്ല” അവള്‍ പറഞ്ഞു.

“ആയിക്കോട്ടെ.എങ്കിലും എന്റെ ഒരു മനസമാധാനത്തിനു വേണ്ടി ഒരു റൌണ്ട് ഞാന്‍ അവരോട് സംസാരിക്കും. കേട്ടില്ല എങ്കിലേ ബാക്കി ചെയ്യാനുള്ള ഒരു ഇത് കിട്ടൂ..നീ അവരുടെ അഡ്രസ്‌ ഇങ്ങെടുക്ക്..ഞാനുടന്‍ തന്നെ പോകാം…” അവന്‍ എഴുന്നേറ്റ് പോകാന്‍ തയാറായി പറഞ്ഞു.
“ഞാന്‍ കൂടി വരാം…”

“വേണോ? നീ ഒരിക്കല്‍ അവിടെ പോയതല്ലേ…”

“അതെ..അവരുടെ മറുപടി എനിക്ക് അവരറിയാതെ റിക്കോഡ്‌ ചെയ്യണം..”

“ശരി..എങ്കില്‍ പോയിക്കളയാം..ഞാന്‍ വേഷമോന്നു മാറിക്കോട്ടെ..”

വാസു ഉള്ളിലേക്ക് പോയപ്പോള്‍ ഡോണ ലാപ്ടോപ് ഓഫ് ചെയ്തു. പിന്നെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ക്യാമറ ഫിറ്റ്‌ ചെയ്ത പേന ഘടിപ്പിച്ച ശേഷം മൊബൈല്‍ എടുത്ത് പോക്കറ്റില്‍ വച്ചു. ജീന്‍സും ഷര്‍ട്ടും ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. വേഷം മാറി വന്ന വാസു വീട് പൂട്ടി ഡോണയെയും കൂട്ടി പുറത്തിറങ്ങി. അല്‍പ സമയത്തിനകം ബുള്ളറ്റ് ഒരു മുഴക്കത്തോടെ അവരെയും വഹിച്ചുകൊണ്ട് റോഡിലേക്ക് ഇറങ്ങി.

———————-

കുറെ സമയമെടുത്തു പൌലോസിന് സാധാരണ നിലയിലേക്ക് എത്താന്‍. എങ്കിലും അയാളുടെ കോപം പൂര്‍ണ്ണമായി അടങ്ങിയിരുന്നില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരനെ വിളിച്ച് മുസ്തഫയെ ലോക്കപ്പില്‍ നിന്നും ഇറക്കാന്‍ അയാള്‍ നിര്‍ദ്ദേശം നല്‍കി. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ പുറത്ത് ഏതോ വാഹനങ്ങള്‍ വന്നു നിന്ന ശബ്ദം പൌലോസ് കേട്ടു. ജനലിലൂടെ ഒരു കറുത്ത മേഴ്സിഡസ്സ് ബെന്‍സ് സ്റ്റേഷന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് പൌലോസ് കണ്ടു. ഒപ്പം രണ്ടു പഴയ ജിപ്സികളും.

“സര്‍..ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു..ചോദിച്ചിട്ട് പേര് പറഞ്ഞില്ല. സാറിനോട് പറഞ്ഞോളാം എന്നാണ് പറഞ്ഞത്”
ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് വന്നു പറഞ്ഞു.

“വരാന്‍ പറ” പൌലോസ് കസേരയിലേക്ക് ചാരിക്കിടന്നുകൊണ്ട് പറഞ്ഞു.

“മെ ഐ കമിന്‍” പുറത്ത് നിന്നും ഒരു ശബ്ദം പൌലോസിന്റെ കാതിലെത്തി.

“കമിന്‍”

കറുത്ത ഷര്‍ട്ടും, നീല ജീന്‍സും ഇളം നീല ഗ്ലാസുകള്‍ ഉള്ള കൂളിംഗ് ഗ്ലാസും ധരിച്ച കരുത്തനായ ഒരു യുവാവ് ചെറിയ മന്ദസ്മിതത്തോടെ ഉള്ളിലേക്ക് കയറി. പറ്റെ വെട്ടിയ മുടിയും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമുള്ള അവന്റെ മസിലുകളുടെ വലുപ്പം ഷര്‍ട്ടിന്റെ ഉള്ളിലും സ്പഷ്ടമായി കാണാമായിരുന്നു. പൌലോസ് അപരിചിതനായ അവനെ ചോദ്യഭാവത്തില്‍ നോക്കി.

“മിസ്റ്റര്‍ പൌലോസ്..അയാം മാലിക്ക്..മുഹമ്മദ്‌ മാലിക്ക്”

കൈ നീട്ടിക്കൊണ്ട് പതിഞ്ഞ സ്വരത്തില്‍ മാലിക്ക് പറഞ്ഞു. പൌലോസിന്റെ കണ്ണില്‍ ഞെട്ടലോ പുതുമയോ ഒന്നും ഉണ്ടായില്ല. അയാള്‍ അവനു കൈ നല്‍കിയതുമില്ല.

“ഉം ഇരിക്ക്..” അലസമായി അയാള്‍ പറഞ്ഞു.

“ഹസ്തദാനം ചെയ്യാനുള്ള മര്യാദ പോലും താങ്കള്‍ക്ക് ഇല്ല” ചെറു ചിരിയോടെ മാലിക്ക് ചോദിച്ചു.
“വന്ന കാര്യം പറയടാ സമയം മെനക്കെടുത്താതെ..” പൌലോസിന്റെ ശബ്ദം ഉയര്‍ന്നു.

മാലിക്ക് കണ്ണട ഊരി പോക്കറ്റില്‍ വച്ച ശേഷം പൌലോസിന് അഭിമുഖമായി ഇരുന്നു.

“മിസ്റ്റര്‍ പൌലോസ്..എന്നെ കുറെ പോലീസുകാര്‍ ഇങ്ങോട്ട് കൊണ്ടുവരുന്നതും കാത്തിരിക്കുകയായിരുന്നു നിങ്ങള്‍ അല്ലെ? അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ഞാന്‍ തന്നെ ഇങ്ങു പോന്നത്..എന്താ നിങ്ങളുടെ പ്രശ്നം?”

പിന്നിലേക്ക് ചാരിക്കിടന്നു മാലിക്ക് ചോദിച്ചു.

“എഴുന്നേല്‍ക്കടാ” നിമിഷം കൊണ്ട് മുഖത്തേക്ക് കോപം ഇരച്ചുകയറിയ പൌലോസ് ഗര്‍ജ്ജിച്ചു. മാലിക്ക് അവനെ ഒന്ന് നോക്കിയ ശേഷം കാലിന്മേല്‍ കാല്‍ കയറ്റി വച്ചു.

“എടൊ പൌലോസേ..നീ ഈ ഇട്ടാവട്ടത്തില്‍ കിടന്നു പാവം ഗ്രാമക്കാരോട് കാണിക്കുന്ന ഊച്ചാളി പോലീസിംഗ് ഇങ്ങോട്ട് എടുക്കല്ലേ..നിന്റെ മോളിലുള്ള ഏമ്മാന്മാര്‍ പോലും ശബ്ദം ഉയര്‍ത്തി സംസാരിക്കില്ല എന്നോട്..അറിയാമോടാ നിനക്ക്?” മാലിക്കിന്റെ ശബ്ദം സ്റ്റേഷനില്‍ ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *