മൃഗം – 13 1

ഡോണ ലാപ്ടോപ് തുറന്ന് വച്ച് അതിലെ ചിത്രം കാണിച്ച് പറഞ്ഞു.

“നമുക്ക് കബീറും മുംതാസും തമ്മിലുള്ള പ്രേമബന്ധം നിസ്സാരമായി തെളിയിക്കാം. പക്ഷെ അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടല്‍ നമുക്ക് ഒരു കീറാമുട്ടി ആണ്. ഒരുത്തനും അവര്‍ക്കെതിരെ സംസാരിക്കില്ല. ഈ പറഞ്ഞ അബുബക്കറിനും ട്രീസയ്ക്കും നേരില്‍ത്തന്നെ അവര്‍ ഭീഷണി നല്‍കിയിട്ടുണ്ട്. അവരുടെ ആളുകള്‍ മിക്ക ഇടത്തും ഉള്ളത് കൊണ്ട് സ്വന്തം സുരക്ഷയാണ് അവര്‍ക്ക് പ്രധാനം. അസീസ്‌ എന്നവന്‍ ജയിലില്‍ ഉണ്ടെങ്കിലും ഇടയ്ക്കിടെ അവന്‍ പരോളില്‍ ഇറങ്ങും. അവന്‍ നമുക്ക് അനുകൂലമായി സംസാരിച്ചാല്‍ അത് അവര്‍ക്കെതിരെ ഉള്ള ശക്തമായ തെളിവായിരിക്കും. അവരുടെ പല കാര്യങ്ങളും അവനു നേരില്‍ അറിയാം. പക്ഷെ അവന്‍ അത് ചെയ്യില്ല. അതേപോലെ തന്നെ അന്ന് അവരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍…ഷാജി എന്നോ മറ്റോ ആണ് അവന്റെ പേര്. അവനും അവരുടെ വിശ്വസ്തനാണ്..അതുകൊണ്ട് പ്രതീക്ഷയ്ക്ക് തീരെ വകയില്ല.. നമുക്ക് എങ്ങനെ തുടങ്ങണം എന്നാണ് നിന്റെ അഭിപ്രായം?” ഡോണ ലാപ്ടോപില്‍ നിന്നും നോട്ടം മാറ്റി അവനോടു ചോദിച്ചു.
“അപ്പോള്‍ ഈ നാലുപേര്‍ വിചാരിച്ചാല്‍ അവരെ ജയിലിലാക്കാന്‍ പറ്റുമെന്നാണ് നീ കരുതുന്നത് അല്ലെ?” വാസു ചോദിച്ചു.

“അതെ..ബാക്കി തെളിവുകള്‍ ഒക്കെ ഞാന്‍ സമാഹരിച്ചു കഴിഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം അല്ല, കൊലപാതകത്തിന് തുല്യമായ മാനസിക ആഘാതം അവള്‍ക്ക് ഈ മൂവരും നല്‍കി എന്നാണ് കോടതിയില്‍ എനിക്ക് തെളിയിക്കേണ്ടത്. നല്ല മനക്കരുത്ത് ഉണ്ടായിരുന്ന മുംതാസ് വെറുമൊരു പഴന്തുണിയായി മാറിയത് അവരുടെ ക്രൂരത കൊണ്ടാണ്. കബീര്‍ എന്ന കോടീശ്വരന്‍ നല്‍കിയ ലക്ഷങ്ങള്‍ക്ക് വേണ്ടി അവര്‍ അവളെ നശിപ്പിച്ചു. കൊല്ലാതെ വിട്ടത് അവരുടെ തന്ത്രമായിരുന്നു. കബീറിന്റെ കുട്ടി അവളുടെ വയറ്റില്‍ നിന്നും ജനിക്കാന്‍ പാടില്ല എന്നെ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ..അത് അവര്‍ നിസ്സാരമായി സാധിച്ചു. പക്ഷെ അതോടെ ജീവിതം തകര്‍ന്ന മുംതാസ് ആര്‍ക്കും ഭാരമാകാതെ, ഒരാളുടെയും വിഴുപ്പാകാന്‍ നില്‍ക്കാതെ ഈ ലോകം വിട്ടു പോകുകയായിരുന്നു..എന്റെ എല്ലാമായിരുന്നു അവള്‍..” ഡോണ വിതുമ്പി.

“ശരി..നീ പറ..ഇവരില്‍ ആരുടെ തെളിവാണ് ആദ്യം വേണ്ടത്?” വാസു ചോദിച്ചു.

“ആദ്യം ഷാജി എന്ന അവരുടെ ഡ്രൈവറെ നമുക്ക് കിട്ടണം. അവന്‍ അവരുടെ ഗുണ്ടാ നേതാവ് കൂടിയാണ്. എന്ത് ചെയ്യാനും മടിയില്ലാത്ത അധമനാണ് അവന്‍. അവന്‍ നമുക്ക് മുംതാസിനെ തട്ടിക്കൊണ്ട് പോയവര്‍ അവരാണ് എന്ന് മൊഴി തന്നാല്‍, പിന്നെ ബക്കര്‍ ഇക്കയും ട്രീസാമ്മയും നമുക്ക് ഈസിയാണ്” ഡോണ ആലോചനയോടെ പറഞ്ഞു.

“ഈ ഷാജിയുടെ വീട് എവിടെയാണ്?”

“മട്ടാഞ്ചേരിയിലെ ഒരു കോളനിയില്‍ ആണ് അവന്‍. വീട് എനിക്കറിയാം”

“ആരൊക്കെ ഉണ്ട് അവന്റെ വീട്ടില്‍?”
“അവനും അവന്റെ വാപ്പയും ഉമ്മയും പിന്നെ ഭാര്യ, ഒരു മകള്‍..”

“അവരൊക്കെ എങ്ങനെ? നല്ല ആളുകള്‍ ആണോ?”

“ഏയ്‌..അയാള്‍ ഒരു ക്രിമിനല്‍ ആണ്. മുന്പ് ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക ഗുണ്ട ആയിരുന്നു അയാള്‍. പേര് സക്കീര്‍..മട്ടാഞ്ചേരി സക്കീര്‍ പഴയ ഒരു സിംഹമാണ്..ഇപ്പോഴും ആള് ഭയങ്കരന്‍ തന്നെ..അപ്പന്റെ വഴിയെ മകനും പോയി..അവര്‍ക്ക് അത് ശീലമാണ്…”

വാസു അല്‍പനേരം ആലോചിച്ചു.

“ഞാന്‍ ഒരു കാര്യം ചെയ്യാം. ഈ പറഞ്ഞ ഷാജിയെ പോയി ഒന്ന് കാണാം. അല്ലെങ്കില്‍ വേണ്ട..അവന്റെ വീട്ടുകാരെ കണ്ടു സംസാരിക്കാം. മരിച്ചുപോയ പെണ്‍കുട്ടിയുടെ അവസ്ഥയും ഒക്കെ പറഞ്ഞു നോക്കാം. അവര്‍ക്ക് മനസ്സലിവു തോന്നി അനുകൂലമായി മറുപടി തന്നാല്‍ നമ്മള്‍ ജയിച്ചു..എന്ത് പറയുന്നു?”

അവന്‍ ടോനയെ നോക്കി ചോദിച്ചു. അവള്‍ ഒരു തമാശ കേട്ടതുപോലെ ചിരിച്ചു.

“വാസൂ..ഞാന്‍ അവരെ രണ്ടുതവണ കണ്ടതാണ് ഇതേ കാര്യം പറഞ്ഞ്. പക്ഷെ അവര്‍ എന്നെ തെറി വിളിക്കാതെ വിട്ടത് ഞാനൊരു പെണ്ണായത് കൊണ്ട് മാത്രമാണ്. ഷാജി എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാന്‍ അവര്‍ക്കെതിരെ തെളിവുണ്ടാക്കാന്‍ നടക്കുന്നു എന്ന് അറേബ്യന്‍ ഡെവിള്‍സ് അറിഞ്ഞത് തന്നെ അങ്ങനെയാണ്. അതുകൊണ്ടാണ് നിന്നെ എന്റെ സെക്യൂരിറ്റി ആയി പപ്പ വച്ചത്..മനസ്സിലായോ..നേരായ മാര്‍ഗ്ഗത്തിലൂടെ നമ്മുടെ കാര്യം നടക്കില്ല” അവള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *