മൃഗം – 6 4

പുന്നൂസും ഭാര്യയും അവളറിയാതെ പരസ്പരം നോക്കി.

“മോളെ നീ ഇങ്ങനെ വികാരം കൊള്ളരുത്..” പുന്നൂസ് മകളുടെ ആവേശം കണ്ടു ഭയത്തോടെ പറഞ്ഞു.

“ഡോണ വികാരം കൊള്ളാറില്ല പപ്പാ..പപ്പയ്ക്ക് അത് അറിയാവുന്നതല്ലേ..ഈ മനുഷ്യന്‍ ചെയ്തത് എത്ര വലിയ കാര്യമാണ് എന്നറിയാവുന്നതുകൊണ്ടാണ് ഞാന്‍ ഇത്ര സന്തോഷിക്കുന്നത്”

“ഹും..അവന്‍ കാണിച്ച അബദ്ധം എത്ര വലുതാണ് എന്നവന്‍ അറിയാന്‍ പോകുന്നതെ ഉള്ളു..ഗൌരീകാന്തിന്റെ മകള്‍..ഒപ്പം അര്‍ജുന്റെ സഹോദരി..രണ്ടു കൊടും ക്രിമിനലുകളുടെ മകളും സഹോദരിയുമായ അവളെ പോലീസ് പോലും തെറ്റ് ചെയ്താല്‍ കണ്ടില്ലെന്നാണ് നടിക്കുക..അവളെയാണ് ആ വിഡ്ഢി നടുറോഡില്‍ ഇത്ര ജനത്തെ സാക്ഷി നിര്‍ത്തി മര്‍ദ്ദിച്ചിരിക്കുന്നത്..അവനെ അവര്‍ കൊന്നു കടലില്‍ തള്ളും….” പുന്നൂസ് മകളുടെ മുഖഭാവം നോക്കി പറഞ്ഞു.

“നോ..അങ്ങനെ സംഭവിക്കരുത്..പപ്പാ..അയാളെ കണ്ടുപിടിക്കണം…അയാളെ നമ്മള്‍ പ്രൊട്ടക്റ്റ് ചെയ്യണം.. കാരണം അയാള്‍ ചെയ്തത് ലോകത്ത് ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ്..പോലീസ് പോലും അവളുടെ മുന്‍പില്‍ പഞ്ചപുച്ഛം അടക്കിയാണ് നില്‍ക്കുന്നത്..എന്റെ മുംതാസിനെ മൃഗീയമായി ബലാല്‍സംഗം ചെയ്ത അവളുടെ ചേട്ടനും കൂട്ടുകാര്‍ക്കുമുള്ള ഫസ്റ്റ് ഡോസ് ആണ് ഇത്..ഐ വാണ്ട് ടു സീ ഹിം..ആന്‍ഡ് ഐ മസ്റ്റ്‌ സീ ഹിം..”

പുന്നൂസ് ആലോചനയോടെ എഴുന്നേറ്റു. അയാള്‍ ആകെ അങ്കലാപ്പില്‍ ആയിരുന്നു. മകളെ സംരക്ഷിക്കാനാണ് അവനെ കൊണ്ടുവന്നത്. ഇപ്പോള്‍ അവനെ സംരക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒപ്പം മകള്‍ക്ക് അവനോട് അന്ധമായ ആരാധനയും ഉടലെടുത്തിരിക്കുന്നു. ഇന്നേ നാള്‍ വരെ ഒരു പുരുഷനെയും ഗൌനിക്കാതെ അത്തരമൊരു ചിന്തപോലും ഇല്ലാതെ നടന്ന ഡോണ ഇപ്പോള്‍ വാസുവിന്റെ ആരാധിക ആയി മാറിയിരിക്കുകയാണ്.

അവള്‍ അറിയാതെയാണ് അവനെ കൊണ്ടുവന്നത്; പക്ഷെ ഇപ്പോള്‍ അവനെ അവളെന്നല്ല എല്ലാവരും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. പക്ഷെ എന്തിനാണ് അവന്‍ ആ പെണ്ണിനോട് പ്രശ്നം ഉണ്ടാക്കിയത് എന്ന് മാത്രം മനസിലാകുന്നില്ല. ഒരു പക്ഷെ ഡോണയ്ക്ക് അറിയാമായിരിക്കും.

“എന്തിനാണ് അവനിത് ചെയ്തത് എന്ന് നീ അറിഞ്ഞോ?” അയാള്‍ അവളോട്‌ ചോദിച്ചു.

“യെസ് പപ്പാ..എല്ലാം ഞാന്‍ അറിഞ്ഞു. അഞ്ജന വളരെ റെക്ക് ലെസ്സ് ആയാണ് വണ്ടി ഓടിക്കുന്നത്. മിക്ക വണ്ടികളെയും മുട്ടിമുട്ടിയില്ല എന്ന മട്ടിലാണ്‌ അവളുടെ ഓവര്‍ടെക്കിംഗ്..പല തവണ ബൈക്കുകള്‍ അവള്‍ മൂലം വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..അതേപോലെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയാല്‍ അവള്‍ക്ക് തോന്നുന്ന സമയത്തെ അവള്‍ അതെടുക്കൂ..മുന്‍പൊരിക്കല്‍ ചോദിക്കാന്‍ ചെന്ന പ്രായമായ ഒരാളെ അവള്‍ അടിച്ചത് പപ്പയ്ക്ക് ഓര്‍മ്മ ഇല്ലേ? കോളജില്‍ പഠിക്കുന്ന മൂന്നു ചെറുപ്പക്കാര്‍ അവളുമായി ഒരിക്കല്‍ ഉടക്കിയതിന് അവളുടെ ചേട്ടന്‍ ഗുണ്ടകളെ അയച്ച് അവന്മാരെ അടിച്ച് ആശുപത്രിയില്‍ ആക്കിയതും എല്ലാവരും അറിഞ്ഞതാണ്..ഇന്ന് രാവിലെ അവള്‍ വണ്ടി സിഗ്നലില്‍ നിന്നും എടുത്തില്ല..തൊട്ടു പിന്നിലായിരുന്നു അയാള്‍..അയാള്‍ക്ക് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഇറങ്ങി ചെന്ന് അവളോട്‌ വണ്ടി എടുക്കാന്‍ ആവശ്യപ്പെട്ടു..അവള്‍ എന്തോ തെറി പറഞ്ഞത്രേ..അയാള്‍ ഒറ്റയടിക്ക് ആ കാറിന്റെ മുന്‍പിലെ ഗ്ലാസ് ഉടച്ചുകളഞ്ഞു…ഗോഡ് അതും ഓഡി എ ത്രീ വണ്ടിയുടെ ഗ്ലാസ്!.പക്ഷെ അത് ആര്‍ക്കും വീഡിയോയില്‍ കിട്ടിയില്ല…മിന്നല്‍ പോലെയാണത്രെ അയാളുടെ കൈ ഗ്ലാസില്‍ പതിഞ്ഞത്…അതേത്തുടര്‍ന്ന് അവള്‍ കാറില്‍ നിന്നും ഇറങ്ങി അയാളെ ആക്രമിക്കാന്‍ ചെന്നത് മുതലുള്ളതാണ് എല്ലാ വീഡിയോകളിലും ഉള്ളത്… കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്‌ ആണ് എന്ന അഹങ്കാരത്തോടെ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് അവള്‍..പക്ഷെ…” ഡോണ തലയറഞ്ഞു ചിരിച്ചു.

വാസു! പുന്നൂസ് ആലോചിക്കുകയായിരുന്നു. മുകളില്‍ ആകാശം താഴെ ഭൂമി എന്നതാണ് അവന്റെ നയം. അവന്‍ ചെയ്തത് ന്യായയുക്തമായ കാര്യമാണ്. പൊതുജനത്തിന് ബുദ്ധിമുട്ട് മനപൂര്‍വ്വം ഉണ്ടാക്കുന്ന ഇത്തരം കാപാലികരെ പോലീസിനു പലപ്പോഴും ഒന്നും ചെയ്യാന്‍ പറ്റാറില്ല; പ്രതികരിക്കുന്ന ഒരു സമൂഹം ഉണ്ടായാല്‍ മാത്രമേ ഇതിനൊക്കെ ഒരു അന്ത്യം ഉണ്ടാകൂ. അവനത് ചെയ്തു. എന്ത് ഭവിഷ്യത്തും നേരിടാന്‍ അവന്‍ തയാറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *