മൃഗം – 6 4

പുന്നൂസ് പറഞ്ഞുനിര്‍ത്തി അവന്റെ കണ്ണിലേക്ക് നോക്കി.

“സാറേ..സാറിനിത്ര ഭയം ഉണ്ടായിരുന്നെങ്കില്‍, എന്തിനാണ് എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്? എന്നായാലും ഈ പറയുന്ന ആളുകളോട് ഞാന്‍ അങ്ങയുടെ മകള്‍ക്ക് വേണ്ടി മുട്ടേണ്ടവനാണ്…

അതല്ലാതെ സുവിശേഷം പ്രസംഗിച്ച് അവന്മാരുടെ മനസ് മാറ്റാന്‍ വന്നവനല്ലല്ലോ ഞാന്‍? ആണോ? അതിനായിരുന്നു എങ്കില്‍ ഗീവര്‍ഗീസ് അച്ചനെ കൊണ്ടുവന്നാല്‍ പോരായിരുന്നോ? ഇപ്പോഴാണ് ഇന്ന് നടന്നത് നന്നായി എന്ന് ഞാന്‍ അറിയുന്നത്..കാരണം ഏതൊരു ഇരയെ ഞാന്‍ തേടാന്‍ ഇരുന്നോ..ആ ഇരയ്ക്ക് കൊത്താന്‍ ഒരു ചൂണ്ട അറിയാതെ ആണെങ്കിലും ഞാന്‍ ഇട്ടു കൊടുത്തിരിക്കുന്നു…ഈ ചൂണ്ടയില്‍ കൊത്തി അവന്മാര്‍ എന്റെ അടുത്തേക്ക് എത്തും..പിന്നെ..സാറിനു പേടിയുണ്ടെങ്കില്‍ ഞാന്‍ പൊക്കോളാം.പക്ഷെ അതുകൊണ്ട് സാറിന്റെ മകളുടെ മേലുള്ള അവരുടെ ഭീഷണി മാറും എന്ന് സാറ് കരുതുന്നുണ്ടോ?”

വാസു ചോദിച്ചു. പുന്നൂസ് ചിന്തിച്ചുകൊണ്ട് സോഫയില്‍ ചാരി. അയാളുടെ മനസ്സില്‍ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു. അവന്‍ പറഞ്ഞത് ശരിയാണ്; അവരെ എതിര്‍ത്ത് അവരില്‍ നിന്നും തന്റെ മകളെ രക്ഷിക്കാനാണ് അവനെ താന്‍ കൊണ്ടുവന്നത്. അവന്റെ ആക്രമണം നടന്നിരിക്കുന്നതും അവന്മാര്‍ക്ക് എതിരെ തന്നെയാണ്. ഇത് ഇന്നല്ലെങ്കില്‍ നാളെ നടക്കേണ്ടത്‌ തന്നെയല്ലേ? അപ്പോള്‍?

“വാസു..ഞാന്‍ വല്ലാത്ത ഒരു വിഷമ ഘട്ടത്തിലാണ്.. ചാനലുകാരുടെ ബഹളം കാരണം മിക്കവാറും പോലീസ് നിന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടും..വേഗം ഊരിപ്പോരാന്‍ സാധിക്കാത്ത വകുപ്പായിരിക്കും അവര്‍ നിനക്കെതിരെ ചുമത്തുക. നീ ഒരു കാര്യം ചെയ്യ്‌..രണ്ടു മൂന്നു ദിവസത്തേക്ക് പുറത്ത് ഇറങ്ങണ്ട…ഞാന്‍ ഒരു വക്കീലിനെ കണ്ടു നിനക്കൊരു മുന്‍‌കൂര്‍ ജാമ്യം ശരിയാക്കാം..ബാക്കി പിന്നെ നോക്കാം”

അയാള്‍ ആലോചനയ്ക്ക് ശേഷം പറഞ്ഞു.

“അതൊക്കെ സാറിന്റെ ഇഷ്ടം..പോലീസ് എന്നെ പിടിച്ചാല്‍ എനിക്കും ചിലത് പറയാനുണ്ട്..എന്തുകൊണ്ട് ഞാനത് ചെയ്തു എന്ന് കണ്ടു നിന്നവര്‍ ഒരുപാട് പേരുണ്ട്..അവരില്‍ ഒരാള്‍ എങ്കിലും എനിക്ക് അനുകൂലമായി സംസാരിക്കാതിരിക്കില്ല…”

“ഹ..കുറെ സംസാരിക്കും. എന്റെ വാസു ഒരുത്തനും ആരെയും സഹായിക്കാന്‍ പോകുന്നില്ല..നീ തല്ക്കാലം ജാമ്യം എടുക്കുന്നത് വരെ എങ്ങും പോകണ്ട. ഇപ്പോള്‍ അറേബ്യന്‍ ഡെവിള്‍സ് നിന്നെ മാത്രം തേടാന്‍ സാധ്യത ഉള്ളതുകൊണ്ട് മോള്‍ക്ക് കുറച്ചു ദിവസത്തേക്ക് ഭീഷണി ഒന്നും ഉണ്ടാകില്ല. നീ ഇവിടെത്തന്നെ കഴിയുക..”

പുന്നൂസ് പോകാനായി എഴുന്നേറ്റ് പറഞ്ഞു. വാസുവിന് അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല.

പുന്നൂസ് തിരികെ വീട്ടില്‍ എത്തുമ്പോള്‍ റോസ്ലിനും ഡോണയും ടിവി കാണുകയായിരുന്നു.

“സ്റ്റുപ്പിഡ്സ്..എല്ലാവനും അവളെ സപ്പോര്‍ട്ട് ചെയ്യുകയാണ്..നോ..ഐ വില്‍ നോട്ട് ലെറ്റ്‌ ഇറ്റ്‌ ഗോ ദിസ് വെ..” അയാള്‍ ചെല്ലുമ്പോള്‍ ഡോണ രോഷത്തോടെ പറയുന്നത് കേട്ടു.

“നീ എന്ത് ചെയ്യാനാണ് മോളെ? അവള്‍ക്ക് അനുകൂലമാണ് വീഡിയോ ദൃശ്യങ്ങള്‍..പിന്നെ എന്ത് ചെയ്യാന്‍?” അയാള്‍ അവളുടെ അരികില്‍ ഇരുന്നുകൊണ്ട് ചോദിച്ചു.

“പപ്പാ..എനിക്ക് ആ മനുഷ്യനെ ഉടനെ തന്നെ കണ്ടെത്തണം..എന്തുകൊണ്ട് അയാളത് ചെയ്തു എന്ന് ഞാന്‍ എന്റെ ചാനലില്‍ പറഞ്ഞോളാം..മുന്‍പ് അവളുടെ ആക്രമണത്തിന് ഇരയായവരെ എനിക്കറിയാം..ഐ വില്‍ മീറ്റ്‌ ദം റൈറ്റ് എവേ.. എനിക്ക് അയാളെ കൂടെ കാണാന്‍ സാധിച്ചാല്‍ മൈ സ്റ്റോറി വില്‍ ബി പെര്‍ഫക്റ്റ്” അവള്‍ ആവേശത്തോടെ പറഞ്ഞു.

“മോളെ വേണ്ട..അത് ചെയ്യരുത്.. ഇപ്പോള്‍ ഈ സംഭവം മൂലം അറേബ്യന്‍ ഡെവിള്‍സ് അവന്റെ പിന്നാലെ ആയിരിക്കും..അതുകൊണ്ട് നിന്നെ തല്ക്കാലം അവര്‍ ഉപദ്രവിക്കാന്‍ വഴിയില്ല..ആ ഒരു അഡ്വാന്‍റെജ് നീ കളഞ്ഞു കുളിക്കരുത്..മീഡിയ എന്തോ പറഞ്ഞോട്ടെ”

“പപ്പയ്ക്ക് ഇങ്ങനെ സംസാരിക്കാന്‍ എങ്ങനെ സാധിക്കുന്നു? ഒരുത്തനും വായ തുറക്കാത്തിടത്ത് ശക്തമായി പ്രതികരിച്ച ആ മനുഷ്യനെപ്പോലെ ഉള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം..ഐ വില്‍ പ്രൂവ് ദാറ്റ് ഹി ഈസ് ഇന്നസന്‍റ്..ആന്‍ഡ് അയാം ഗോയിംഗ് നൌ… അറ്റ്‌ ലീസ്റ്റ് മുന്‍പ് ഇവളുടെ ആക്രമണത്തിനു ഇരയായവരുടെ ഇന്റര്‍വ്യൂ എങ്കിലും എനിക്ക് എടുത്തെ പറ്റൂ..എങ്കിലേ അത് നാളെ എയര്‍ ചെയ്യാന്‍ പറ്റൂ..” ഡോണ വേഗം തന്നെ തന്റെ മുറിയിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *