മൃഗം – 6 4

പുന്നൂസ് ഭാര്യയെ ആശങ്കയോടെ നോക്കി. ഇവള്‍ അഞ്ജനയ്ക്ക് എതിരെ ന്യൂസ് കൊടുത്താല്‍ അവര്‍ക്ക് ഇപ്പോള്‍ ഇവളോടുള്ള പകയില്‍ എണ്ണ പകരുന്നതിനു തുല്യമായിരിക്കും അത്. പക്ഷെ അവള്‍ തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്നും പിന്മാറില്ല. അപകടത്തിലേക്കാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ അതിലേക്ക് എടുത്തു ചാടുന്ന അവളുടെ ഈ പ്രകൃതമാണ് തങ്ങളെ തീ തീറ്റിക്കുന്നത്.

“എന്ത് ചെയ്യണമെടീ? വാസുവിനെ ഇവള്‍ക്ക് കാണിച്ചു കൊടുക്കാനോ? അവനെ കണ്ടാലും ഇല്ലെങ്കിലും അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവള്‍ ശ്രമിക്കാന്‍ പോകുകയാണ്..അത് ഗൌരീകാന്തിനെയും മകനെയും പ്രകോപിപ്പിക്കും..പിന്നെ എന്തൊക്കെ നടക്കും എന്ന് പറയാന്‍ പറ്റില്ല. ഇതുവരെ അവള്‍ അവര്‍ക്കെതിരെ പരസ്യമായി രംഗത്ത് ഇറങ്ങിയിട്ടില്ല..ഇപ്പോള്‍ അവള്‍ അതാണ്‌ ചെയ്യാന്‍ പോകുന്നത്.. എന്ത് ചെയ്യണം എന്നെനിക്ക് ഒരു പിടിയുമില്ല” പുന്നൂസ് അസ്വസ്ഥനായി ഭാര്യയെ നോക്കി.

“ഇച്ചായാ..അവളുടെ പ്രകൃതം അറിയാമല്ലോ..അവള്‍ക്ക് ശരി എന്ന് തോന്നുന്നതിന് വേണ്ടി ഏത് അപകടവും നേരിടാന്‍ അവള്‍ക്ക് മടിയില്ല..അവള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്..സ്വന്തം സുഖത്തിനു വേണ്ടിയല്ല..അപ്പോള്‍ നമ്മള്‍ അവള്‍ക്ക് പിന്തുണ നല്‍കുകയല്ലേ വേണ്ടത്? തിന്മ ചെയ്യുന്ന അഞ്ജനയ്ക്ക് അവളുടെ വീട്ടുകാരും മൊത്തം ലോകവും പിന്തുണ നല്‍കുമ്പോള്‍ നന്മയുടെ ഭാഗത്ത് നില്‍ക്കുന്ന നമ്മുടെ മകള്‍ക്ക് നമ്മളെങ്കിലും ഒപ്പം ഉണ്ടാകണ്ടേ? എന്റെ അഭിപ്രായത്തില്‍ ഉടന്‍ തന്നെ അവളെ വാസുവിന്റെ കാര്യം അറിയിക്കുന്നതാണ് നല്ലതെന്നാണ്. അവന്‍ അവളുടെ ഒപ്പമുണ്ട് എങ്കില്‍ അവള്‍ സുരക്ഷിതയായിരിക്കും…”

റോസ്‌ലിന്‍ പറഞ്ഞു. അത് ശരിയാണ് എന്ന് പുന്നൂസിനും തോന്നി.

“പക്ഷെ വാസുവിനെ മിക്കവാറും പോലീസ് അറസ്റ്റ് ചെയ്യും. ഞാന്‍ നാളെത്തന്നെ അവനൊരു മുന്‍‌കൂര്‍ ജാമ്യം നേടാനുള്ള വഴി നോക്കാന്‍ പോകുകയാണ്..അതുവരെ അവനോടു പുറത്തിറങ്ങരുത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്…”

“അത് നന്നായി..ഡോണ പോകുന്നതിനു മുന്‍പ് അവളോട്‌ ഇച്ചായന്‍ കാര്യം പറ.”

പുന്നൂസ് അല്‍പനേരം ആലോചിച്ചു; പിന്നെ തലയാട്ടി.

——————-

“അമ്മെ.അമ്മെ.ഒന്നിങ്ങു വന്നെ..വേഗം….”

സന്ധ്യക്കുള്ള ചാനല്‍ ചര്‍ച്ചകളില്‍ ഒന്ന് ടിവിയില്‍ കണ്ടുകൊണ്ടിരുന്ന ദിവ്യ ഉറക്കെ രുക്മിണിയെ വിളിച്ചു. അവളുടെ മുഖത്ത് പരിഭ്രമത്തോടൊപ്പം പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരവും ഉണ്ടായിരുന്നു. മകളുടെ വിളി കേട്ട് രുക്മിണി വേഗമെത്തി. പുറത്ത് വരാന്തയില്‍ പത്രം വായിച്ചു കൊണ്ടിരുന്ന ശങ്കരന്‍ അവള്‍ അമ്മയെ വിളിക്കുന്നത് കേട്ടെങ്കിലും ഉള്ളിലേക്ക് ചെവിയോര്‍ത്ത് ഇരുന്നതല്ലാതെ എഴുന്നേറ്റ് ചെന്നില്ല.

“എന്ത് പറ്റി മോളെ?”

രുക്മിണി മകളോട് ചോദിച്ചു.

ദിവ്യയുടെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നതും അവളുടെ മാറിടം ശക്തമായി ഉയര്‍ന്നു താഴുന്നതും കണ്ടപ്പോള്‍ എന്തോ പ്രശ്നമുണ്ട് എന്ന് രുക്മിണിക്ക് മനസിലായി. ദിവ്യ കിതച്ചുകൊണ്ട് ടിവിയിലേക്ക് വിരല്‍ ചൂണ്ടി.

കൊച്ചി നഗരത്തിലെ ഒരു സിഗ്നലില്‍ വാസു അഞ്ജനയെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൂടെക്കൂടെ കാണിച്ചുകൊണ്ടായിരുന്നു ചര്‍ച്ച. രുക്മിണി അത് കണ്ടു ഞെട്ടി.

“ദേ..ഒന്നിങ്ങു വന്നെ…” അവള്‍ ആധിയോടെ ശങ്കരനെ വിളിച്ചു. ശങ്കരന്‍ വേഗം ഉള്ളിലെത്തി.

“എന്താ..എന്താടീ?” അയാള്‍ ചോദിച്ചു. അയാള്‍ അവിടെ എത്തിയപ്പോള്‍ ദിവ്യ വേഗം ഉള്ളിലേക്ക് പോയി. അവള്‍ തന്റെ കണ്‍വെട്ടത്ത് വന്നുപോകരുത് എന്നാണ് ശങ്കരന്റെ കല്‍പ്പന.

“ചേട്ടാ..നോക്ക്..നമ്മുടെ വാസു..”

രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ശങ്കരന്‍ ഞെട്ടലോടെ നോക്കി. ഏതോ വലിയ വീട്ടിലെ പെണ്‍കുട്ടിയെ അടിച്ചു വീഴ്ത്തുന്ന വാസു. ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ആക്രമങ്ങങ്ങളെ കുറിച്ച് ഘോരഘോരം സംസാരിക്കുകയാണ്. ഒപ്പം വാസു എന്ന കാപാലികനെ പിടികൂടി ശക്തമായ ശിക്ഷ നല്‍കണം എന്നും ചില സ്ത്രീകള്‍ പറയുന്നത് അയാള്‍ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *