വാസു വേഗം തന്നെ മറ്റൊരു ഗ്ലാസ് എടുത്ത് അയാള്‍ക്ക് ഒരു പെഗ് ഒഴിച്ചു വെള്ളം ചേര്‍ത്ത് നല്‍കി. ഒപ്പം ഗോപാലന്‍ ഉണ്ടാക്കിയ വടകളും അവന്‍ അയാളുടെ മുന്‍പില്‍ വച്ചു.
“നീ കുടിച്ചോ?”
“ഒരു ചെറുത്” അവന്‍ തല ചൊറിഞ്ഞു.
“ഇരിക്ക്..ചിലത് സംസാരിക്കാനുണ്ട്”
പുന്നൂസ് മദ്യം എടുത്ത് അല്പം കുടിച്ച ശേഷം വട രുചിച്ചു നോക്കി.
“ഇന്ന്..നീ റോഡില്‍ എന്തോ പ്രശ്നം ഉണ്ടാക്കി അല്ലെ?” പുന്നൂസ് നേരെ വിഷയത്തിലേക്ക് വന്നു.
അയാളുടെ ടെന്‍ഷന്റെ കാരണം മനസിലായ വാസു പുഞ്ചിരിച്ചു.
“അതാണോ സാറിത്ര ടെന്‍ഷനില്‍ ഇങ്ങോട്ട് വന്നത്..അതൊരു ചെറിയ കാര്യം..”
“ചെറിയ കാര്യം..വാസു നിനക്കറിയില്ല നീ ചെയ്തതിന്റെ ഭവിഷ്യത്ത് എത്ര വലുതാണെന്ന്..ഒരു മിനിറ്റ്..നീ ആ ടിവി ഒന്ന് ഓണ്‍ ആക്ക്”
വാസു ടിവി ഓണാക്കിയ ശേഷം റിമോട്ട് അയാള്‍ക്ക് നല്‍കി. പുന്നൂസ് നേരെ ഇന്ത്യന്‍ സ്കൈ ചാനല്‍ വച്ചു.
“ദാ നോക്ക്..നീ ഇന്ന് തല്ലിയ പെണ്ണാണ് അത്..കണ്ടോ…”
ചാനലില്‍ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കുകയായിരുന്നു. ഫോണില്‍ അഞ്ജന കരഞ്ഞുകൊണ്ട് സംസാരിക്കുന്ന സീനാണ് വന്നു കൊണ്ടിരുന്നത്. വാസു താല്പര്യത്തോടെ അതിലേക്ക് നോക്കി.
“കമോണ്‍ മിസ്സ് അഞ്ജന..നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തക എന്ന കാരണം വച്ചല്ല ഈ ചോദിക്കുന്നത്..ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ മാത്രമാണ്. അജ്ഞാതനായ ആ വ്യക്തി എന്തിന്റെ പേരിലാണ് നിങ്ങളെ ഇത്ര മൃഗീയമായി നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്?” അവതാരകന്റെ ചോദ്യമായിരുന്നു അത്.
“റോബിന്‍..ദെയര്‍ വാസ് നോ റീസണ്‍ അറ്റ് ആള്‍..യാതൊരു കാരണവും ഇല്ലാതെ സിഗ്നല്‍ കാത്തുകിടന്ന എന്നെ അയാള്‍ ആക്രമിക്കുകയായിരുന്നു..ഒരു പെണ്‍കുട്ടിക്ക് പട്ടാപ്പകല്‍ ഈ സിറ്റിയില്‍ സഞ്ചരിക്കാന്‍ പറ്റില്ല എങ്കില്‍ എന്തിനാണ് പോലീസ് മെഷീനറി..നോക്ക്..എന്റെ മുഖത്തെ പാട് കണ്ടോ..റോഡില്‍ നടുവടിച്ചാണ് ഞാന്‍ വീണത്..എനിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല..നിങ്ങള്‍ വിളിച്ചത് കൊണ്ട് മാത്രം ഇതില്‍ പങ്കെടുത്തതാണ്..” അഞ്ജന കരഞ്ഞുകൊണ്ട് പറയുന്നത് നോക്കി പുന്നൂസ് ടിവി ഓഫാക്കി.
“എന്ത് തോന്നുന്നു” അയാള്‍ മദ്യഗ്ലാസ് വീണ്ടും ചുണ്ടോട് ചേര്‍ത്തുകൊണ്ട് ചോദിച്ചു.
വാസു പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
“എടാ നിനക്ക് ഇത് കണ്ടിട്ട് യാതൊന്നും തോന്നുന്നില്ലേ?” അത്ഭുതത്തോടെ പുന്നൂസ് ചോദിച്ചു.
“സംഭവിച്ച കാര്യത്തെ കുറിച്ച് തോന്നിയിട്ട് വല്ല കാര്യവും ഉണ്ടോ സാറെ..ഇനി അങ്ങോട്ടുള്ളത് നോക്കിയാല്‍ പോരെ?”
“അത് തന്നെയാണ് ഞാന്‍ ചോദിച്ചത്.. നീ തല്ലിയ പെണ്ണ് ഈ ചാനലിലെ ഒരു അവതാരക ആണ്..അത് ചെറിയ കാര്യം. അവള്‍ ആരുടെ മോളാണ് എന്ന് നിനക്ക് അറിയാമോ? അവളുടെ സഹോദരന്‍ ആരാണ് എന്നും നിനക്ക് അറിയാമോ?”
വാസു നിസംഗതയോടെ അയാളെ നോക്കി.
“ഗൌരീകാന്ത് എന്ന അധോലോക നായകന്‍റെ മകളാണ് ഇവള്‍..ഇവളുടെ ആങ്ങളയാണ് ഞാന്‍ നിന്നോട് പറഞ്ഞ അറേബ്യന്‍ ഡെവിള്‍സിലെ അര്‍ജുന്‍…രണ്ടുപേരും മനുഷ്യത്വം എന്ന സാധനം തൊട്ടു തീണ്ടിയിട്ടില്ലാത്ത, കൊച്ചി നഗരം കൈകളില്‍ ഇട്ട് അമ്മാനമാടുന്ന വ്യക്തികള്‍ ആണ്. അവരുടെ പെണ്ണിനെ പരസ്യമായി ഒരുത്തന്‍ തല്ലിയാല്‍, അവരവനെ പോലീസിനോ നിയമത്തിനോ ഒന്നും വിട്ടുകൊടുക്കില്ല..കൊന്നു തള്ളിക്കളയും…”
പുന്നൂസ് ബാക്കിയുണ്ടായിരുന്ന മദ്യം കുടിച്ച ശേഷം ഗ്ലാസ് നീക്കി വച്ച് ഒന്ന് കൂടി ഒഴിക്കാന്‍ ആംഗ്യം കാട്ടി. വാസു അടുത്ത പെഗ് കൂടി ഗ്ലാസില്‍ പകര്‍ന്നു.
“നിന്നെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നത്, അവന്മാരുടെ കൈയില്‍ നിന്നും എന്റെ മകളെ രക്ഷിക്കാനാണ്..പക്ഷെ ഇപ്പോള്‍ നിന്നെ അവരില്‍ നിന്നും പോലീസില്‍ നിന്നും രക്ഷിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് മോനെ വാസൂ..നീ ഇനി ഇവിടെ നില്‍ക്കണ്ട…എന്റെ മകള്‍ക്ക് മറ്റെന്തെങ്കിലും വിധത്തിലുള്ള സുരക്ഷ ഞാന്‍ ഒരുക്കിക്കൊളാം..നീ ഇവിടെ നില്‍ക്കുന്നത് വലിയ അപകടമാണ്..ഇപ്പോള്‍ത്തന്നെ അവന്മാര്‍ നിന്നെ കണ്ടുപിടിക്കാനായി ആളുകളെ സിറ്റി മൊത്തം അയച്ചു കഴിഞ്ഞിട്ടുണ്ടാകും..നിന്നെ കൈയില്‍ കിട്ടാതെ അവന്മാര്‍ അടങ്ങാനും പോകുന്നില്ല…”
